ADVERTISEMENT

മഞ്ഞ ഉടുപ്പിട്ട്, കയ്യിൽ ഒരു മൈക്ക് പിടിച്ച്, ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയോടെ എസ്.ജാനകി പാടിയ ‘മലർകൊടി പോലെ വർണത്തൊടി പോലെ’ എന്ന ഗാനം അനായാസമായി പാടുന്ന കൊച്ചുമിടുക്കിയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. തിരുവില്വാമല സ്വദേശിയായ സനിഗ സന്തോഷാണ് ആ കൊച്ചു ഗായിക. വയസ് പതിനൊന്നേ ആയിട്ടുള്ളൂവെങ്കിലും ഇരുത്തം വന്ന ഗായകരെപ്പോലെയാണ് കൊച്ചു സനിഗയുടെ ആലാപനം. ഇങ്ങനെ അഭിപ്രായപ്പെട്ടത് മലയാളത്തിന്റെ ഭാവഗായകനായ ജി. വേണുഗോപാലായിരുന്നു. 'ദൈവത്തിന്റെ അദ്ഭുത സൃഷ്ടിയാണ് ആ കൊച്ചുപെൺകുട്ടി' എന്നായിരുന്നു ഗായകൻ എം.ജി.ശ്രീകുമാർ സനിഗയെ വിശേഷിപ്പിച്ചത്. 

 

സമൂഹമാധ്യമങ്ങളിൽ വൈറലായതിനുശേഷം സനിഗയുടെ അച്ഛൻ സന്തോഷിന്റെ ഫോണിലേക്ക് നിറയെ വിളികളെത്തി. അഭിനന്ദനങ്ങളും പ്രോത്സാഹനവും പങ്കുവയ്ക്കാൻ നിരവധി പേർ. അപരിചിതരായ പലരും സ്വന്തം മകളോടെന്നപോലെയാണ് സനിഗയോടു സംസാരിക്കുന്നത്. കഴിഞ്ഞ 30 വർഷങ്ങളായി ഗാനമേളയിൽ പാടി കിട്ടുന്ന വരുമാനം കൊണ്ടു ജീവിക്കുന്ന സന്തോഷിന് ഇതെല്ലാം അപ്രതീക്ഷിതമായി കിട്ടിയ സന്തോഷങ്ങളാണ്. ആറു വയസു മുതൽ സനിഗയും അച്ഛനൊപ്പം ഗാനമേള വേദികളിൽ പാടുന്നുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികൾ എല്ലാം റദ്ദാക്കപ്പെട്ടു. കുടുംബം സാമ്പത്തിക ഞെരുക്കത്തിലായി. ആ സങ്കടങ്ങൾക്കിടയിലാണ് മകളുടെ പാട്ടു ശ്രദ്ധിക്കപ്പെടുന്നതും നിരവധി പേർ അഭിനന്ദനങ്ങളുമായി എത്തിയതും. 'എന്താ പറയാ... സന്തോഷവും അഭിമാനവും തോന്നുന്നൂ,' സനിഗയെക്കുറിച്ചുള്ള വിശേഷങ്ങളറിയാൻ മനോരമ ഓൺലൈൻ വിളിച്ചപ്പോൾ സന്തോഷിന്റെ പ്രതികരണം ഇതായിരുന്നു. 

 

ജീവിതത്തിൽ എപ്പോഴും കൈത്താങ്ങായ സംഗീതത്തെക്കുറിച്ചും തന്റെ പ്രിയപ്പെട്ട മകളെക്കുറിച്ചും സന്തോഷ്  മനോരമ ഓൺലൈനോട് മനസു തുറക്കുന്നു

 

ഈ പ്രശസ്തി അപ്രതീക്ഷിതമായി

 

മകൾ പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു. പാട്ടു കണ്ടിട്ട് പലയിടങ്ങളിൽ നിന്നും നിരവധിപേർ അഭിനന്ദനമറിയിക്കാൻ വിളിച്ചിരുന്നു. അവരിൽ പലരും സ്വന്തം മക്കളോടും പറയുന്നതുപോലെയാണ് മോൾക്ക് ആശംസകൾ നേരുന്നത്. എല്ലാവരും വിളിച്ച് അഭിനന്ദിക്കുന്നുണ്ടെങ്കിലും സനിഗയ്ക്ക് അതിനോടൊന്നും പ്രതികരിക്കാനുള്ള ഒരു പ്രായമായിട്ടില്ല. അവൾക്ക് പതിനൊന്നു വയസു മാത്രമേയുള്ളു. ഇതിനു മുൻപും മോളുടെ പാട്ടുകൾ ഞാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എനിക്ക് സുരേഷ് ബാബു എന്ന ഒരു സുഹൃത്ത് ഉണ്ട്. അദ്ദേഹം എന്റെ സഹോദരതുല്യനാണ്. അദ്ദേഹവും ഒരിക്കൽ മകളുടെ പാട്ടിന്റെ വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. അതിനും മികച്ച പ്രതികരണങ്ങളാണു ലഭിച്ചത്. 

 

ആ തുക കണ്ണു നനയിച്ചു

 

സംഗീതമാണ് ഞങ്ങളുടെ ജീവിതമാർഗം. ഞാൻ ഏകദേശം മുപ്പതു വർഷത്തോളമായി ഗാനമേളകളിൽ സജീവമാണ്. ഇപ്പോൾ ലോക്ഡൗൺ തുടരുന്നതിനാൽ പരിപാടികളൊക്കെ ക്യാൻസൽ ആയി. വളരെയധികം സാമ്പത്തിക പ്രയാസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഏതാനും ദിവസങ്ങൾക്കു മുന്‍പ് മോളുടെ പാട്ട് ഫെയ്സ്ബുക്കിൽ കണ്ട ഒരു വ്യക്തി അവ‍ൾക്ക് ആയിരം രൂപ സമ്മാനമായി നൽകി. എന്റെ ഒരു സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് തുക അയച്ചത്. സുഹൃത്ത് ആ തുക എന്റെ കയ്യിലേക്കു നൽകിയപ്പോൾ ഞാനനുഭവിച്ച മാനസികാവസ്ഥ വാക്കുകൾ കൊണ്ടു വിവരിക്കാനാവില്ല. കാരണം എന്റെ മോൾ അവളുെട ഈ കൊച്ചു പ്രായത്തിൽ സമ്പാദിച്ച പണമാണത്. ആ തുകയുടെ മൂല്യം എനിക്ക് പറഞ്ഞറിയിക്കാനാവില്ല. ആ ആയിരം രൂപ വാങ്ങുമ്പോൾ ഞാൻ മനസിൽ കരയുകയായിരുന്നു. ആ തുക കൊണ്ടാണ് വീട്ടിലേക്ക് ആഹാരസാധനങ്ങൾ വാങ്ങിയത്. അത് എന്റെ മോളുടെ വലിയ സമ്പാദ്യമാണ്. 

 

പഠനം വേഗത്തിൽ

 

സനിഗ ആറു വയസു മുതൽ പാട്ടു പഠിക്കുന്നുണ്ട്. ഇപ്പോൾ ലോക്ഡൗൺ ആയതിനാൽ പഠനം മുടങ്ങി. പരമാവധി എല്ലാ ദിവസങ്ങളിലും ഞങ്ങൾ പാട്ടു പരിശീലനം നടത്താറുണ്ട്. ഈ പാട്ടു സെലക്ട് ചെയ്തതും മോളെ കൊണ്ടു പാടിച്ചതും ഞാൻ തന്നെയാണ്. അവളെക്കൊണ്ടു സാധിക്കും എന്ന ഒരു വിശ്വാസം എനിക്കുണ്ടായിരുന്നു. ഞാൻ പാടിക്കൊടുക്കും. അവൾ അതു കേട്ടു പാടും. വളരെ എളുപ്പത്തിൽ മോൾ പാട്ടു പഠിക്കും. അതൊരു ദൈവാനുഗ്രഹമായി കാണുന്നു. 

 

സംഗീതമേ ജീവിതം

 

ആറാമത്തെ വയസിൽ ആണ് മോൾ ആദ്യമായി ഗാനമേള വേദിയിൽ പാടിയത്. ഞാൻ കേരളത്തിനു പുറത്ത് നിരവധിയിടങ്ങളിൽ പാടാൻ പായിട്ടുണ്ട്. പക്ഷേ മോളെ കേരളത്തിനു പുറത്തേക്കു കൊണ്ടു പോയിട്ടില്ല. വലിയ വേദികളിൽ മാത്രമേ മോളെ കൊണ്ടുപോയി പാടിപ്പിക്കാറുള്ളു. അവിടെയൊക്കെ അവൾ പാടിക്കഴിയുമ്പോൾ ഒരുപാട് പേർ പ്രശംസിക്കുകയും സ്നേഹോപഹാരങ്ങള്‍ നൽകുകയും ചെയ്യാറുണ്ട്. 

 

അവൾ പിന്നണി പാടണം

 

സനിഗയെ ഒരു പിന്നണി ഗായികയാക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. അതൊരു തെറ്റായ മോഹമല്ലല്ലോ. എല്ലാവർക്കും ജീവിതത്തിൽ സ്വപ്നങ്ങളുണ്ടാകുമല്ലോ. എന്റെ സ്വപ്നം ഇതാണ്. ജീവിക്കാൻ വേണ്ടി എന്നെപ്പോലെ ഗാനമേളകളിൽ പാടി അവൾ പ്രയാസപ്പെടരുത് എന്നാണ് ആഗ്രഹം. അവൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിതസൗകര്യങ്ങളും നൽകി അറിയപ്പെടുന്ന ഒരു ഗായികയാക്കി മാറ്റണം. എന്റെ കുട്ടിക്കാലത്ത് എനിക്ക് പാട്ടു പഠിക്കാനുള്ള സാഹചര്യമൊന്നും ഇല്ലായിരുന്നു. അടുത്ത വീട്ടിൽ നിന്നും പാട്ട് കേട്ട് അത് മനപാഠമാക്കി ഗാനമേളയ്ക്കു പോയി പാടിയിട്ടുണ്ട്. ഇന്നത്തെപ്പോലുള്ള സൗകര്യങ്ങൾ അന്ന് ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഞാനും ജീവിതത്തിൽ എവിടെയങ്കിലുമൊക്കെ എത്തുമായിരുന്നു. ഭാര്യ മിനി എല്ലാ കാര്യത്തിലും പരിപൂർണ പിന്തുണയുമായി കൂടെയുണ്ട്. എന്റെ രണ്ടു മക്കളിൽ മൂത്തയാളാണു സനിഗ. ആറു വയസുള്ള മകൻ കൂടിയുണ്ട്. തിരുവില്വാമലയിൽ  വാടക വീട്ടിലാണ്  ഞങ്ങൾ താമസിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com