ADVERTISEMENT

സംഗീതസംവിധാനം ചെയ്യുന്ന എല്ലാ പാട്ടുകളും എല്ലാവരിലേക്കും എത്തണമെന്നും എല്ലാവരും ഇഷ്ടപ്പെടുന്ന ഹിറ്റുകൾ ആയി അവ മാറണം എന്നും തന്നെയാണ് എല്ലാ സംഗീതസംവിധായകരും ആഗ്രഹിക്കുന്നത്. സംഗീതസംവിധായകൻ ആയിത്തീരാനുള്ള വഴികളിലൂടെ കടന്നുവന്ന മിഥുൻ ഈശ്വറും ചിന്തിച്ചത് മറ്റൊന്നുമല്ല. പാട്ടുകളും പശ്ചാത്തലസംഗീതവും ഉൾപ്പടെ ആദ്യമായി ഒരു സിനിമയുടെ സംഗീതം മൊത്തത്തിൽ ചിട്ടപ്പെടുത്തിയ ചിത്രമായിരുന്നു  ഡോൺ മാക്സ് സംവിധാനം ചെയ്ത ‘പത്തു കല്പനകൾ’. പക്ഷേ  ശ്രദ്ധിക്കപ്പെടുമെന്ന് ചിത്രത്തിന്റെ സംവിധായകൻ പോലും വിലയിരുത്തിയ ഗാനം ഹിറ്റായത് മൂന്നു വർഷങ്ങൾക്ക് ഇപ്പുറമാണ്. ആ അനുഭവത്തെക്കുറിച്ച് മിഥുൻ മനോരമ ഓൺലൈനിനോടു മനസു തുറക്കുന്നു. 

 

അപ്രതീക്ഷിതമായി വന്ന പാട്ട്

 

mithun-janaki

ഒരു സിനിമയുടെ സംഗീതം മൊത്തത്തിൽ ചെയ്യാൻ കിട്ടിയ സന്തോഷത്തിലും ആകാംക്ഷയിലുമാണ് അന്ന് പത്തു കൽപ്പനകൾ എന്ന സിനിമ ചെയ്തത്. ജാനകിയമ്മ, യേശുദാസ് സർ, ശ്രേയ ഘോഷാൽ, വിജയ് യേശുദാസ് തുടങ്ങിയ പ്രമുഖരുടെ ഒരു നിരയെ കൊണ്ട് തന്നെ പാട്ടുകൾ പാടിക്കാൻ സാധിച്ചു. ‘മുൾമുനകൊണ്ടിങ്ങകലെ...’ എന്ന ഈ ഗാനം അന്ന് ആരും ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ, ഇതൊരു സിറ്റുവേഷൻ ഗാനമായിരുന്നു. ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ പൂർത്തിയായതിനു ശേഷമായിരുന്നു സിനിമയിലെ പ്രത്യേക സന്ദർഭത്തിന്റെ തീവ്രതയും അതിന്റെ വികാരവുമൊക്കെ പുറത്തു കാണിക്കുന്ന ഒരു പാട്ട് വേണമെന്ന് സംവിധായകൻ പറഞ്ഞത്. അതനുസരിച്ച് ഞാൻ തന്നെ വരികളെഴുതി ചിട്ടപ്പെടുത്തി ഒരു പാട്ട് അയച്ചു. വരികൾ പിന്നീട് മാറ്റി എഴുതാം എന്നു തന്നെയാണ് ചിന്തിച്ചത്. പക്ഷേ അവർക്കെല്ലാവർക്കും ആദ്യം കേട്ടപ്പോൾ തന്നെ ഈ പാട്ടും അതിലെ വരികളും ഇഷ്ടമായി. അങ്ങനെ ആ പാട്ട് ഞാൻ ഒന്നുകൂടി നന്നായി പാടി സിനിമയിൽ ഉൾപ്പെടുത്തുകയായിരുന്നു. പാട്ട് ഞാൻ ആണ് എഴുതിയതെങ്കിലും മറ്റു ഗാനങ്ങളെഴുതിയ റോയ്‌യുടെ പേരാണ് യൂട്യൂബിലും മറ്റുമുള്ള ക്രെഡിറ്റ്സിൽ ചേർത്തിരിക്കുന്നത്. 

 

അന്ന് എല്ലാവരും പറഞ്ഞു ഈ പാട്ട് ഉറപ്പായും ശ്രദ്ധിക്കപ്പെടും ഒരു വ്യത്യസ്തമായ മൂഡ് ആണ്. ഈ ഗാനത്തിന്റെ വരികളും ഈണവുമൊക്കെ അങ്ങനെയുള്ളതാണ് എന്ന്. പക്ഷേ, വിചാരിച്ചതുപോലെ തന്നെ മറ്റു ഗാനങ്ങൾക്കിടയിൽ അതു മുങ്ങിപ്പോയി. പക്ഷെ എനിക്കു വിഷമം തോന്നിയില്ല. കാരണം പത്തുകല്പനകൾ എനിക്ക് എന്റെ ജീവിതത്തിലെ വലിയ അനുഭവങ്ങളിൽ ഒന്നായിരുന്നു. മൂന്നു വർഷത്തിനിപ്പുറം ടിക്ടോക്കിലും അതുപോലെ മറ്റ് വിഡിയോകളിലും ഈ പാട്ട് ഉപയോഗിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നി. ടിക് ടോക്കിൽ വൈറലായി നിൽക്കുന്ന ഗാനങ്ങളിൽ ഒന്നും ഇതുതന്നെയാണ്. 

 

അച്ഛനിൽ നിന്നു തുടക്കം

 

mithun-shreya

സംഗീതം തന്നെയായിരുന്നു എപ്പോഴും കൂടെയുണ്ടായിരുന്നത്. അച്ഛൻ മധുവാണ് ഗുരു. നിരവധി സിനിമകളിൽ പ്രോഗ്രാമർ ആയും അറേഞ്ചറായും  കീബോഡ് വായിച്ചും വയലിൻ വായിച്ചും പങ്കാളിയായി. അതു കഴിഞ്ഞിട്ടാണ് സ്വന്തമായി ബാൻഡും അതുപോലെ സ്വതന്ത്ര സംഗീത സംവിധാനവുമൊക്കെ ആരംഭിച്ചത്. ഒരുപാട് സന്തോഷവും പ്രതീക്ഷകളും ആത്മസംതൃപ്തിയും തരുന്ന ഒരുപാട് പ്രോജക്ടുകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്.

 

മടങ്ങണം മലയാളത്തിലേക്ക്

 

പത്തുകൽപ്പനകൾക്കു ശേഷം മലയാളത്തിൽ സിനിമകളൊന്നും ചെയ്തിട്ടില്ല. ഇപ്പോൾ തമിഴിലും തെലുങ്കിലും ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിജയ് സേതുപതി നായകനാകുന്നതുൾപ്പെടെ അഞ്ചോളം സിനിമകളിൽ ഇപ്പോൾ സംഗീതം ഒരുക്കുന്നുണ്ട്. എങ്കിലും മലയാളമാണ് എന്റെ ഭാഷ. അവിടേക്കു തിരിച്ചു വരണം എന്ന് തന്നെയാണ് ആഗ്രഹം. സംഗീതത്തിൽ എന്നെ കൊണ്ട് ആവുന്നത് എല്ലാം ചെയ്ത് മുന്നോട്ടു പോകണം. അതുകൊണ്ടാണ് സംഗീതത്തിലെ ഒരു മേഖലയിൽ ഒതുങ്ങാതെ ബാൻഡും വയലിനും കീബോർഡും ഒക്കെയായി ആവേശത്തോടെ മുൻവിധികളൊന്നുമില്ലാതെ പ്രതീക്ഷകളോടെ ഓരോ പ്രോജക്ടും ഏറ്റെടുക്കുന്നത്. 

 

ഇഷ്ടവും ആഗ്രഹവും ആ മെലഡികളോട്

 

ഏറ്റവും നല്ലൊരു സംഗീതസംവിധായകനാകണം എന്നുള്ളതു തന്നെയാണ് എല്ലാവരെയും പോലെ എന്റെയും ലക്ഷ്യം. എത്ര വ്യത്യസ്തമായ ഗാനങ്ങൾ ചെയ്താലും മനസ്സിലുള്ളത് എന്നും ആളുകൾ ഓർത്തിരിക്കുന്ന തരത്തിലുള്ള ഗാനങ്ങൾ, മെലഡി ഗാനങ്ങൾ സിനിമയിൽ ചെയ്യുക എന്നുള്ളതാണ്. ഇപ്പോഴും നമ്മൾ പഠിക്കാൻ ആയാലും മനസ്സിനു സന്തോഷം നൽകാൻ ആയാലും കേൾക്കുന്ന ഗാനങ്ങളൊക്കെ തമിഴിലും മലയാളത്തിലുമുള്ള മെലഡികൾ ആണ്. ജോൺസൻ മാഷും രവീന്ദ്രൻ മാഷും അതുപോലെ തമിഴിൽ ഇളയരാജ സാറു ഒക്കെ ചെയ്തതു പോലെയുള്ള മനോഹരമായ ഗാനങ്ങൾ മലയാളത്തിൽ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. പുതുമയുണ്ടെന്ന് പറഞ്ഞാലും വ്യത്യസ്തത ഉണ്ടെന്നു പറഞ്ഞാലും ആളുകൾ എന്നും ഓർത്തിരിക്കുന്നത് അത്തരം ഗാനങ്ങൾ ആണ്.

 

സംഗീതയാത്രയിൽ ഇതുവരെ

 

മ്യൂസിക് ബാൻഡും കീബോർഡ് വായനയും വയലിന്‍ പരീക്ഷണങ്ങളും സ്റ്റേജ് ഷോകളുമൊക്കെയായി സംഗീതരംഗത്ത് തന്റേതായ ഇടം കണ്ടെത്താൻ ശ്രമിക്കുകയാണ് മിഥുൻ. ബാൻഡുകളും പശ്ചാത്തലസംഗീതവും ആൽബം ഗാനങ്ങളും ഒക്കെ അതിന്റെ ഭാഗമാണ്. അതിലൊന്ന് സോണി മ്യൂസിക് പ്രൊഡക്ഷൻ ബാനറിൽ ചെയ്യാൻ സാധിച്ച ഐ  ആം നോട് ലോൺലി എന്നൊരു ആൽബം ആയിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇന്ത്യൻ വയലിൻ ട്രാൻസ് ട്രാക്ക് ആയിരുന്നു അത്. AIM മ്യൂസിക് അവാർഡിലേക്കു  നോമിനേഷൻ നേടിയ പാട്ടായിരുന്നു അത്. അതുപോലെ 60 ഓളം സിനിമകളിൽ കീബോർഡ് വായിക്കുകയുണ്ടായി. വൈരമുത്തു സാറിനൊപ്പം കൊളംബസ്സിൽ നിന്നുള്ള ഒരു മ്യൂസിക് പ്രൊഡക്ഷൻ കമ്പനിക്കു വേണ്ടിയും മിഥുൻ പ്രവർത്തിച്ചു. 

 

ബാൻഡുകളിൽ ആദ്യത്തേത് ‘അൺഎംപ്ലോയിഡ്’ എന്നു പേരിട്ട ഒരു റോക്ക് ബാൻഡ് ആയിരുന്നു. അന്ന് അതിൽ നിന്നു പുറത്തുവന്ന പാട്ടുകളൊക്കെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പിന്നീട് മിഥുൻ ഈശ്വർ പ്രോജക്ട് എന്നു പേരുമാറ്റി  ബെംഗലുരു ആസ്ഥാനമാക്കി മറ്റൊരു ബാൻഡ് തുടങ്ങി. ഇപ്പോഴുള്ള സംഗീതയാത്ര അങ്ങനെയാണ്. ജാസ് റോക്ക് ഫ്യൂഷൻ ബാൻഡ് ആണിത്. പുറത്തുവരാനിരിക്കുന്ന ആൽബവും പാശ്ചാത്യ സംഗീത മേഖലയിൽ നിന്നുള്ളതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com