ആ കാലമാണ് നിലച്ചുപോയത്, ഞാൻ ഇപ്പോഴും ജീവിക്കുന്നത് ആ ഓർമകളിൽ; ബാലഭാസ്കറിനെക്കുറിച്ച് ഇഷാൻ‍ ദേവ്

ishaan-dev
SHARE

ചുരുങ്ങിയ കാലം കൊണ്ടു തന്നെ സംഗീതലോകത്ത് ചിരപ്രതിഷ്ഠ നേടിയ സംഗീതസംവിധായകനാണ് ഇഷാൻ ദേവ്. ചലച്ചിത്ര ഗാനങ്ങൾക്കു പുറമേ കവർ ഗാനങ്ങളിലൂടെയും മ്യൂസിക് വിഡിയോകളിലൂടെയും ഇഷാൻ ദേവിന്റെ സംഗീതജീവിതം ഉയരങ്ങളിലേക്കാണ്. മൂന്നു വയസ്സു മുതൽ സംഗീതം പഠിച്ചു തുടങ്ങിയ ഇഷാൻ സംഗീതസംവിധായകനായി ജോലി ചെയ്യുകയാണെങ്കിലും സംഗീതപഠനം തുടരുന്നു. ജീവിതത്തിൽ എത്ര ഉയരങ്ങളിലെത്തിയാലും ഇഷാന്റെ മനസ്സിൽ വിങ്ങലായി അവശേഷിക്കുന്ന ഒരു സ്വകാര്യ ദുഃഖമുണ്ട്: സംഗീതലോകത്തെയാകെ കണ്ണീരിലാഴ്ത്തി അകാലത്തിൽ പൊലിഞ്ഞു പോയ വയലിനിസ്റ്റ് ബാലഭാസ്കർ. അദ്ദേഹം ഇഷാൻ ദേവിന് വെറുമൊരു സുഹൃത്ത് മാത്രമായിരുന്നില്ല. ജീവിതത്തിലെ ഏറ്റവും മികച്ച നാളുകൾ ബാലഭാസ്കറിനൊപ്പമുള്ള കോളജ് കാലഘട്ടമായിരുന്നുവെന്ന് ഇഷാൻ പറയുന്നു. അദ്ദേഹത്തിന്റെ മരണം ഏൽപ്പിച്ച ആഘാതങ്ങളെ അതിജീവിച്ചത് എങ്ങനെയെന്നു ചോദിച്ചാൽ ഇഷാൻ ദേവിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. എപ്പോഴും ബാലഭാസ്കർ അരികിൽ തന്നെയുണ്ടെന്ന വിശ്വാസത്തില്‍ അദ്ദേഹത്തിന്റെ ഓർമകളെ തലോടി ഇഷാൻ ദേവ് ജീവിക്കുന്നു. സംഗീതജീവിതത്തെക്കുറിച്ചും ബാലഭാസ്കറിന്റെ ഓർമകളെക്കുറിച്ചും ഇഷാൻ ദേവ് മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു. 

ബാലുചേട്ടന്‍ എന്ന സത്യം

ബാലു ചേട്ടൻ കടന്നു പോയ സാഹചര്യത്തെ എങ്ങനെയാണു ഞാന്‍ അതിജീവിച്ചത് എന്നു ചോദിച്ചാല്‍ ഉത്തരമില്ല. കാരണം എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം ബാലു ചേട്ടനൊപ്പമുള്ള യൂണിവേഴ്‌സിറ്റി കോളജ് കാലമായിരുന്നു. പിന്നീട് സംഗീത ജീവിതത്തിലെ ഓരോ നാഴികക്കല്ലും ഞാന്‍ പിന്നിട്ടത് ബാലു ചേട്ടന്റെ കൈ പിടിച്ചായിരുന്നു. ഞാന്‍ ഒരു പാട്ട്് ചെയ്താല്‍ അത് ആദ്യം കേള്‍ക്കുന്നയാള്‍ ബാലു ചേട്ടന്‍ ആയിരുന്നു. ഒരുപാട് നല്ല ഭക്ഷണം കഴിച്ചത്, മനസ്സറിഞ്ഞ് ചിരിച്ചത്, കുസൃതികള്‍ കാട്ടിയത് ഒക്കെ ചേട്ടന്റെ കൂടെ ആയിരുന്നു. ലക്ഷ്മി ചേച്ചി ഞങ്ങളെ വിളിച്ചിരുന്നത് അലമ്പന്‍മാര്‍ എന്നായിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള, ഏറ്റവും മനോഹരമായ കാലമൊക്കെ ബാലു ചേട്ടന് ഒപ്പമാണ്. ആ കാലമാണ് നിലച്ചുപോയത്. അതൊന്നും എന്റെ ജീവിതത്തില്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല. ഞാന്‍ ഇപ്പോഴും ആ ഓര്‍മകളിലാണ് ജീവിക്കുന്നത്. എനിക്കിപ്പോഴും തോന്നുന്നത് ബാലു ചേട്ടൻ കൂടെത്തന്നെയുണ്ട് എന്നാണ്, മരിച്ചുപോയി എന്ന് വിശ്വസിക്കുന്നില്ല. പക്ഷേ എനിക്ക് ഒരു കാര്യം ചെയ്യുമ്പോള്‍ വിശ്വാസത്തോടെ വിളിച്ചു സംസാരിക്കാന്‍ ഒരാളില്ല, ഏറ്റവും നല്ല തമാശകള്‍ പറഞ്ഞു മനസ്സ് തുറന്നു ചിരിക്കാന്‍ ഒരാളില്ല, ജീവിതത്തില്‍ ഒരു പ്രതിസന്ധിഘട്ടം വന്നാല്‍ സംശയം ചോദിക്കാന്‍ ഒരാളില്ല. ആകെയൊരു ശൂന്യതയാണ് അദ്ദേഹം നമ്മുടെ പലരുടെയും ജീവിതത്തില്‍ തീര്‍ത്തത്. പത്രങ്ങളിലൊക്കെ ഇങ്ങനെ ഒരു അപകടത്തെക്കുറിച്ച് വായിക്കുമ്പോള്‍ അതിത്രയും ഭീകരമാണെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ നമ്മുടെ ജീവിതത്തില്‍ അങ്ങനെ ഒരു അവസ്ഥ വരുമ്പോഴാണ് അതെത്രമാത്രം ഭീകരമാണെന്ന് ദാരുണമാണെന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. ആ ഓര്‍മകളും ദുഃഖവും ഒരിക്കലും എന്റെ മനസ്സു വിട്ടുപോകില്ല. മരിക്കുമ്പോഴും ആ മരണം തീര്‍ത്ത വിങ്ങല്‍ എനിക്കൊപ്പമുണ്ടാകും.  നമ്മള്‍ വിഷമിച്ചിരിക്കുന്നത് ഇഷ്ടമല്ലാത്തയാളാണ് ബാലു ചേട്ടന്‍. ഇടയ്ക്ക് തലയ്ക്കിട്ടൊരു തട്ടു തരുന്നതായിട്ടൊക്കെ തോന്നും. എന്റെ തോന്നലാകും. ഞാന്‍ അങ്ങനെയൊക്കെ ആ സാമീപ്യം അറിയുന്നു. പക്ഷേ ജീവിതം മുന്നോട്ടുകൊണ്ടുപോയേ പറ്റൂ. എനിക്കൊപ്പം എന്നെ വിശ്വസിച്ചു പോന്നൊരാളുണ്ട്, ഞങ്ങള്‍ക്കൊരു മകളുണ്ട്, മനുഷ്യന്‍ എന്ന നിലയില്‍ നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങളുണ്ട്... അതുകൊണ്ട്...

മനസ്സറിഞ്ഞു ചെയ്യുന്നത്

ഒരു സംഗീത സംവിധായകനായതിനു പിന്നില്‍ 30 വര്‍ഷത്തെ കഠിനാധ്വാനം ഉണ്ട്. ഇപ്പോഴും ഞാന്‍ വിദ്യാർഥിയാണ്. ജോലി എന്താണ് എന്ന് എടുത്തു ചോദിക്കുമ്പോള്‍ മാത്രമാണ് സംഗീത സംവിധായകന്‍ എന്നു പറയുന്നത്. മൂന്നാം വയസ്സുമുതല്‍ സംഗീതം പഠിക്കാന്‍ തുടങ്ങിയതാണ്. അന്നുതൊട്ട് ഇന്നുവരെ സ്വപ്നം കണ്ടത് സംഗീത സംവിധാനം തന്നെയാണ്. പാട്ടുകളും കവര്‍ വിഡിയോകളും ഹിറ്റ് ആകുമ്പോള്‍, സംഗീത സംവിധാനം സ്വപ്‌നം കാണുന്ന ചെറിയ പയ്യന്‍മാരും സംഗീത പ്രേമികളും വന്നു ചോദിക്കും, ഒരു പ്രത്യേക ഭംഗിയാണ് കവര്‍ ഗാനങ്ങള്‍ക്ക് എന്താണ് രഹസ്യം എന്ന്. അതിനുള്ള ഉത്തരം ഒന്നേയുള്ളു– ഇപ്പോഴും ഞാന്‍ പഠിക്കുകയാണ്. ചേര്‍ത്തല രംഗനാഥ ശര്‍മ, ചന്ദ്രബാബു സര്‍ എന്നിവര്‍ക്കു കീഴില്‍ കര്‍ണാടിക് സംഗീതവും ചെന്നൈയിലുള്ള അഗസ്റ്റിന്‍ പോള്‍ സാറിനു കീഴില്‍ പാശ്ചാത്യ സംഗീതവും അഭ്യസിക്കുന്നുണ്ട്. സംഗീത സംവിധായകനായി ജോലി ചെയ്യുമ്പോഴും സംഗീത പഠനം അവസാനിക്കുന്നില്ല. അത് ജീവിതം തന്നെയാണ്. നിരന്തരം പഠിക്കുക അത്രയേയുള്ളൂ.

ഇന്നും എത്ര തിരക്കുണ്ടെങ്കിലും കുറഞ്ഞത് രണ്ടു മൂന്നു മണിക്കൂര്‍ സംഗീതം അഭ്യസിക്കാറുണ്ട്. ലോക്ഡൗണ്‍ കാലമായപ്പോള്‍ ഞാന്‍ മാത്രമേയുള്ളൂ സ്റ്റുഡിയോയില്‍. ഇഷ്ടം പോലെ സമയമുണ്ട്. ഞാന്‍ തന്നെയാണ് എനിക്കു വേണ്ട പാട്ടുകള്‍ സിലക്ട് ചെയ്യുന്നതും പാടുന്നതും വിഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അതിന്റെ ടാഗിങും എല്ലാം. എന്നോട് പലരും ചോദിച്ചിട്ടുണ്ട് നിങ്ങള്‍ ഒരു സംഗീത സംവിധായകന്‍ അല്ലേ, നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ചെറിയ പിള്ളേര് ചെയ്യേണ്ട കാര്യങ്ങളായ കവര്‍ വേര്‍ഷനുകള്‍ ചെയ്യുന്നതെന്ന്. ഞാന്‍ ചിന്തിക്കുന്നത് മറ്റൊന്നാണ്. നമ്മള്‍ മുന്‍പുള്ള തലമുറയിലെ സംഗീത സംവിധായകരുടെ പാട്ട് കേട്ടാണ് പഠിച്ചത്. അവര്‍ അവര്‍ക്കു മുന്‍പുള്ളവരുടെയും. ഇതൊരു തുടര്‍ച്ചയാണ്. ചിലര്‍ പാട്ടുകള്‍ കേട്ട് പഠിക്കും വീട്ടിലിരുന്നോ സ്റ്റുഡിയോയിലിരുന്നോ പാടും. ഞാന്‍ ഒരു പടി കൂടി കടന്ന് അത് വിഡിയോ ആക്കി പുറത്തിറക്കുന്നു. മറ്റു സംഗീത സംവിധായകരുടെ മികച്ച ഗാനങ്ങള്‍ പാടുന്നതില്‍ എനിക്കൊരു കുറച്ചിലുമില്ല. അവര്‍ നമ്മളേക്കാള്‍ മുന്‍പേ സഞ്ചരിച്ചവരും ഞാന്‍ ആ പാട്ട് കേട്ടു വളര്‍ന്ന ആളുമാണ്. നിങ്ങള്‍ക്കു ശ്രദ്ധിച്ചാലറിയാം ഞാന്‍ എല്ലാ ഗാനങ്ങളും പാടുന്നില്ല എന്ന്. നമ്മള്‍ മലയാളികള്‍ നെഞ്ചേറ്റിയ തമിഴ്-മലയാളം ഗാനങ്ങള്‍ ആണ് അത്.

അതൊരു കുറച്ചിലായിട്ടോ തെറ്റായിട്ടോ എനിക്ക് തോന്നിയിട്ടില്ല. സംഗീതം കൊണ്ടു ജീവിക്കുന്നൊരാള്‍ പാടും തോറും പഠിക്കും. ആ പാട്ട് മറ്റുള്ളവര്‍ കേള്‍ക്കും തോറും അതിന്റെ പ്രശസ്തി ഏറും. ഒരു ഗാനത്തില്‍ എന്നെ ഏറ്റവും സ്പര്‍ശിച്ച ഭാഗമാണ് ഞാന്‍ പാടുന്നത്. അത് വിഡിയോ ചെയ്ത് എഡിറ്റിങും കഴിഞ്ഞ് പുറത്തിറക്കുമ്പോള്‍ എന്റെ ആറോ ഏഴോ മണിക്കൂര്‍ ആണ് ഞാന്‍ ചെലവിടുന്നത്. യുട്യൂബില്‍ പാട്ട് റിലീസ് ചെയ്ത് ഹിറ്റ് ആയാല്‍ ആളുകള്‍ കരുതും വലിയ തുക കിട്ടില്ലേയെന്ന്. എന്റെ അനുഭവത്തില്‍ വളരെ തുച്ഛമായ തുകയേയുള്ളു അത്. ആ പൈസയ്ക്കു സംഗീത സംവിധായകരില്‍ ആരും ഇത്രയും സമയമോ സ്റ്റുഡിയോയോ വിനിയോഗിക്കില്ല. പക്ഷേ പൈസയ്ക്കും അപ്പുറം ഒരു കലാകാരനെ സ്വാധീനിക്കുന്ന പല കാര്യങ്ങളുമുണ്ട്. അതില്‍ ഏറ്റവും വലുത് കേള്‍വിക്കാരുടെ പ്രതികരണമാണ്. ചേട്ടാ പാട്ട് സൂപ്പര്‍ ആയിട്ടുണ്ട്., പൊളിയാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതെനിക്ക് നല്‍കുന്ന സന്തോഷവും ആവേശവും ചെറുതല്ല. അത് തരുന്ന ശക്തിയിലാണ് ഓരോ ദിവസവും ഞാന്‍ കഴിച്ചുകൂട്ടുന്നതും സംഗീത രംഗത്തു ചേര്‍ന്നുനില്‍ക്കാന്‍ പ്രചോദനമാകുന്നതും. ഞാന്‍ തിരഞ്ഞെടുക്കുന്ന ഓരോ പാട്ടും എന്റെ ആത്മാവിഷ്‌കാരമാണ്. അത് സന്തോഷമാകാം, സങ്കടമാകാം, വാല്‍സല്യമാകാം... മനസ്സറിഞ്ഞാണ് പാടുന്നത്. അതുകൊണ്ടാകാം പണ്ട് നാട്ടിലെ ടിവി ചാനലുകള്‍ക്കു വേണ്ടി ചെയ്ത ആലാപാനം, താരാപഥം തുടങ്ങിയ പാട്ടുകളുടെ കവര്‍ വേര്‍ഷനുകള്‍ പോലും ഇന്നും അവര്‍ ഓര്‍ത്തിരിക്കുന്നത്.

ലോക്ഡൗണ്‍ കാലം

എനിക്ക് തോന്നിയിട്ടുത്, ഞാന്‍ ഒരു കലാകാരനായി ഏറെ കാലത്തിനു ശേഷം ജീവിച്ചത് കഴിഞ്ഞ ഒരു മാസമാണ്. കഴിഞ്ഞ കുറേ കാലമായി ചെയ്യുന്നത് പ്രഫഷനല്‍ ജീവിതമാണ്. ആവശ്യക്കാര്‍ക്കു വേണ്ടി പാട്ടുകള്‍ ചെയ്യുക, അവര്‍ക്ക് കൊടുക്കുക, പൈസ വാങ്ങുക, ഷോകള്‍ നടത്തുക അങ്ങനെ... കലാകാരന്‍ എന്നു പറയുമ്പോള്‍ അയാള്‍ക്ക് കാലത്തോടും ജനങ്ങളോടും ഒരു പ്രതിബദ്ധതയുണ്ട്. കാലവും ജനങ്ങളും ആവശ്യപ്പെടുന്നത് ചെയ്യുക എന്നുള്ളതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. കഴിഞ്ഞ ഒരു മാസമായി, ലോക്ഡൗണ്‍ കാലയളവില്‍ സോഷ്യല്‍ മീഡിയ വഴിയും യുട്യൂബ് വഴിയും പാട്ട് പാടി നല്‍കിയത് അത് മനസ്സില്‍ കണ്ടാണ്. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പരിചയപ്പെട്ട മനുഷ്യര്‍ പറഞ്ഞ പാട്ടുകളാണ് പാടി പോസ്റ്റ് ചെയ്തത്. സംഗീതം ഒരു മരുന്നാണ്. നമ്മളേറെ ആശങ്കപ്പെട്ട് കഴിയുന്ന ഒരു സമയത്ത് ചില നല്ല സുഹൃത്തുക്കള്‍ വന്ന് ആശ്വസിപ്പിക്കാറില്ലേ. അത് ആശ്വാസമാണെങ്കിലും മിക്കപ്പോഴും ആ സുഹൃത്തുക്കള്‍ പോയി കഴിയുമ്പോള്‍ നമ്മള്‍ പഴയ മൂഡിലേക്ക് പോകും. പക്ഷേ സംഗീതം ആ സമയത്തിലേക്കുള്ള നിത്യമായ ആശ്വാസമാണ്. എപ്പോൾ കേട്ടാലും ആശ്വാസം പകരുന്ന സംഗതി. മനുഷ്യ സാമീപ്യമില്ലാതെതന്നെ സമാധാനവും സന്തോഷവും ആവേശവും ശാന്തിയും പകരാന്‍ സംഗീതത്തോളം ശക്തി മറ്റെന്തിനുണ്ട്. ലോക്ഡൗണില്‍ എനിക്കേറ്റവും സന്തോഷം നല്‍കിയ കാര്യം ഞാന്‍ ആ സമയത്ത് ചെയ്ത പാട്ടുകള്‍ കേട്ടിട്ട് വന്നൊരു കോള്‍ ആയിരുന്നു. ആ മനുഷ്യന്‍ കൊറോണ വാര്‍ഡില്‍ ഐസലേഷനില്‍ ആയിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവുമധികം മാനസ്സിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മനുഷ്യര്‍ അവരാണ്. അവര്‍ക്ക് അത് ആശ്വാസമായെങ്കില്‍ അതിലും വലിയ ചാരിതാര്‍ഥ്യമെന്താണ്.

ലോക്ഡൗൺ ആശങ്കകള്‍

ഒരിക്കലും ഒരു വ്യക്തിയെയോ എനിക്ക് അറിയാവുന്ന മറ്റു സംഗീതജ്ഞരെയോ എന്റെ കൂട്ടുകാരെയോ മാത്രം ബാധിക്കുന്ന ഒന്നായി ഈ കാലത്തെ കാണുന്നില്ല. കലാകരാന്‍മാരെ എങ്ങനെ ബാധിക്കും എന്നു ചിന്തിച്ച് ആശങ്കപ്പെട്ടിട്ടില്ല. ലോകത്തെ മുഴുവന്‍ ബാധിച്ച കാര്യമാണ്. അതൊരു വിഭാഗത്തെ മാത്രമല്ല മൊത്തം മനുഷ്യരെ, പ്രത്യേകിച്ച് സാധാരണക്കാരെ എങ്ങനെ ബാധിച്ചു, അവര്‍ എങ്ങനെ അതിജീവിക്കും എന്നാണ് എന്റെ ചിന്ത. പക്ഷേ ലോകം തോറ്റുപോകില്ല. അതിജീവിക്കും. എല്ലാവരും അതിജീവനത്തിന്റെ പാതയിലാണ്.

എങ്കിലും ക്രിയാത്മകമായ രംഗത്ത് ജീവിക്കുന്ന ഒരാള്‍ എന്ന നിലയില്‍ കുറച്ചൊക്കെ അനിശ്ചിതാവസ്ഥ അനുഭവിക്കുന്നുണ്ട്. അത് തീര്‍ക്കുന്ന ആശങ്കയെ മറികടക്കാന്‍ സഹായിക്കുന്നത് എന്റെ സുഹൃത്തുക്കളും എന്റെ കുടുംബവും തന്നെയാണ്. അവര്‍ പങ്കുവയ്ക്കുന്ന സ്‌നേഹത്തിലും പിന്തുണയിലുമാണ് മുന്നോട്ടുപോകുന്നത്. കൊറോണയെ നേരിടാന്‍ ലോകം സ്വീകരിച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ആത്മാർഥമായി പങ്കാളിയാകും. അത് വിവിധ ക്യാംപെയ്നുകളിലൂടെയായാലും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടായാലും മുന്‍പോട്ടു പോകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA