ADVERTISEMENT

മോഹൻലാൽ അഭിനയിച്ച ഭൂരിഭാഗം സിനിമയിലും ഗാനങ്ങൾക്കു പിന്നണിയിൽ സ്വരമായത് എം.ജി.ശ്രീകുമാർ ആയിരുന്നു. മലയാളചലച്ചിത്ര ഗാനശാഖയിലെ ഒരു കാലഘട്ടം തന്നെ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്. ഇരുവരുടെയും ശബ്ദങ്ങൾ തമ്മിലുള്ള സാമ്യം പ്രേക്ഷകരെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്. എം.ജി.ശ്രീകുമാറിന്റെ നാല്‍പതു വർഷം നീണ്ട സംഗീത സപര്യയിൽ തൊണ്ണൂറു ശതമാനം പാട്ടുകളും പാടിയിരിക്കുന്നത് മോഹൻലാലിനു വേണ്ടിയാണ്. എന്നാൽ ഇരുവരുടെയും സൗഹൃദം സിനിമയിൽ നിന്നു തുടങ്ങിയതല്ല. അതിനു വർഷങ്ങളുടെ പഴക്കമുണ്ട്. 

 

മനസിൽ സിനിമാ മോഹം കയറിക്കൂടിയ കാലം മുതൽ ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. കലാലയ ജീവിതത്തിനിടയിലും ഇന്ത്യൻ കോഫി ഹൗസിലെ ചൂടു കാപ്പിയുടെ മധുരം നുകർന്ന് മേശയ്ക്കു ചുറ്റുമിരുന്ന് സിനിമാ സ്വപ്നങ്ങൾ നെയ്തപ്പോൾ ഇരുവർക്കുമിടയിൽ പ്രിയദർശനുമുണ്ടായിരുന്നു. മൂവരുടെയും ദൃഢമായ സൗഹൃദത്തിനൊപ്പം സിനിമയും സംഗീതവും കൂടി ചേർന്നപ്പോൾ തലമുറയുടെയാകെ കയ്യടി ഏറ്റുവാങ്ങിയ ഹിറ്റ് ചിത്രങ്ങളും പാട്ടുകളും പിറന്നു. 

 

തിരക്കുകൾ കാരണം പലപ്പോഴും നേരിട്ടു കാണാൻ സാധിക്കാറില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദത്തിന്റെ ശോഭ മോഹന്‍ലാലും എം.ജി.ശ്രീകുമാറും നിലനിർത്തുന്നു. ഇരുവരുടെയും ദൃഢമായ കൂട്ടുകെട്ട് മലയാളികൾക്കറിയാമെങ്കിലും അവർ സുഹൃത്തുക്കളായത് എങ്ങനെ എന്ന് വളരെ വിരളമായവർക്കേ അറിയൂ. അത് ഒരു കഥയാണ്. കൗമാര കാലഘട്ടത്തിലെ രണ്ടു പയ്യന്മാരുടെ കഥ. മോഹൻലാലിനൊപ്പമുള്ള സൗഹൃദത്തെക്കുറിച്ച് എം.ജി.ശ്രീകുമാർ മനോരമ ഓൺലൈനിനോടു മനസു തുറക്കുന്നു. 

 

 

ആദ്യ കാഴ്ചയിലെ വഴക്ക്

 

വളരെ വർഷങ്ങൾക്കു മുൻപേ മുതൽ എനിക്കും ലാലിനും തമ്മിൽ അറിയാം. പ്രീഡിഗ്രി കാലത്തും അറിയാമെങ്കിലും കോളജ് കാലഘട്ടം തുടങ്ങിയപ്പോഴാണ് ഞങ്ങൾ സുഹൃത്തുക്കളായത്. എനിക്കും ലാലിനുമൊപ്പം പ്രിയദർശനുമുണ്ടായിരുന്നു. ഞങ്ങളൊരു ടീം ആയിരുന്നു. പക്ഷേ മോഹൻലാലുമായി സൗഹൃദത്തിലാകുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. ലാൽ എംജി കോളജിലും പ്രിയൻ യൂണിവേഴ്സിറ്റി കോളജിലും ഞാൻ ആർട്സ് കോളജിലുമാണ് പഠിച്ചത്. കലാലയ ജീവിതം തുടങ്ങിയകാലത്ത് തിരുവനന്തപുരത്ത് ഒരു ഫല–പുഷ്പ പ്രദർശന മേളയുണ്ടായിരുന്നു. പ്രദർശനം മാത്രമായിരുന്നില്ല ഗാനമേളയും ഡാൻസും ഫാഷൻ ഷോയും ഒക്കെ ഉണ്ടായിരുന്നു. എല്ലാ കോളജിലെയും വിദ്യാർഥികൾ അവിടെ വരുമായിരുന്നു. അതു പക്ഷേ പ്രദർശനം കാണാൻ വേണ്ടിയൊന്നും ആയിരുന്നില‌്ല. മറ്റു കോളജിൽ നിന്നും വരുന്ന പെണ്‍കുട്ടികളെ കാണാനായിരുന്നു. ഞാനും പ്രിയനും മോഹൻലാലും ഒക്കെ ആ ഉദ്ദേശത്തിലാണ് പോയത്. പക്ഷേ ഏതെങ്കിലും പെൺകുട്ടിയോട് മറ്റു കോളജിലെ വിദ്യാർഥികൾ മോശമായി പെരുമാറുകയോ കമന്റടിക്കുകയോ ചെയ്താൽ ആ കോളജിലെ ആൺകുട്ടികൾ പ്രശ്നമുണ്ടാക്കും. 

 

 

മേള നടക്കുന്നതിനിടയിൽ എംജി കോളജിലെ ഒരു പെൺകുട്ടിയെ ഞങ്ങളുടെ കോളജിൽ നിന്നും വന്ന ഏതോ പയ്യൻ കമന്റടിച്ചു. ഇതു ചോദിക്കാൻ വരുന്നത് മോഹൻലാൽ ആണ്. അന്ന് എംജി കോളജിന്റെ  ക്യാപ്റ്റൻ മോഹൻലാൽ ആയിരുന്നു. അദ്ദേഹം അവിടുത്തെ വലിയ ഗുസ്തിക്കാരനും ആയിരുന്നു. കമന്റടിച്ച കാര്യം ചോദിക്കാൻ വന്നപ്പോൾ കണ്ടത് എന്നെയാണ് ഞാനാണ് അത് ചെയ്തതെന്നു തെറ്റിദ്ധരിച്ച് ലാൽ വന്ന് ദേഷ്യത്തോടെ എന്റെ ഷർട്ടിൽ കയറി പിടിച്ചിട്ട് പറഞ്ഞു‘ നീ ആർട്സ് കോളജിലെ വലിയ പാട്ടുകാരനൊക്കെ ആയിരിക്കും. പക്ഷേ എന്റെ കോളജിലെ പെൺപിള്ളേരെ കമന്റടിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്താൽ നിന്നെ ഞാൻ ഏഴായിട്ട് ഒടിക്കും. ഇനിയും ഇവിടെ കിടന്ന് കറങ്ങിയാൽ പറഞ്ഞതു പോലെ ചെയ്യും’. അന്ന് ഞാൻ വളരെ മെലി‍ഞ്ഞിട്ടായിരുന്നു. മോഹൻലാൽ ഗുസ്തിക്കാരനല്ലേ പറഞ്ഞതു പോലെ ചെയ്താൽ ഞാൻ ഒടിഞ്ഞു പോകുമെന്ന് എനിക്കുറപ്പായിരുന്നു. ലാലിന്റെ അന്നത്തെ വാക്കു കേട്ടപ്പേൾ ഞങ്ങൾ എല്ലാവരും ചേർന്ന് അവിടെ നിന്നും തിരിച്ചു പോന്നു. ഞാൻ പാവമാണെന്നും കമന്റടിച്ചത് മറ്റാരോ ആണെന്നും പ്രിയൻ അന്ന് ലാലിനോടു പറഞ്ഞു.

 

 

കോഫിഹൗസിലെ സിനിമാ ചർച്ചകൾ

 

അങ്ങനെ കുറച്ചു കാലം കഴിഞ്ഞു പോയി. ഇന്ത്യൻ കോഫി ഹൗസിലാണ് ഞങ്ങൾ സുഹൃത്തുക്കളെല്ലാവരും ഒത്തുകൂടിയിരുന്നത്. അവിടെ ഞങ്ങൾക്ക് ഒരു പ്രത്യേക സ്ഥലമുണ്ടായിരുന്നു. സിനിമയെക്കുറിച്ചു മാത്രമായിരുന്നു അന്നത്തെ ചർച്ചകൾ മറ്റൊരു വിഷയവും അതിനിടയിൽ ഇല്ലായിരുന്നു. ഒരു കാപ്പി വാങ്ങിയാൽ അതും കുടിച്ച്  നാലു മണിക്കൂർ ഞങ്ങൾ അവിടെ ഇരിക്കുമായിരുന്നു. ആരുടെയും കയ്യിൽ അന്ന് നയാപൈസ പോലുമില്ലായിരുന്നുവെങ്കിലും അത്യാവശ്യം കാശുള്ള പയ്യൻമാരെ കൂടെ കൂട്ടുമായിരുന്നു. അങ്ങനെ ഇന്ത്യൻ കോഫി ഹൗസിൽ കാപ്പിയും കുടിച്ച് സിനിമാ ചർച്ചകൾക്കായി ഞങ്ങൾ പതിവായി ഒത്തുകൂടിയിരുന്നു. 

 

 

അന്ന് കെട്ടിപ്പിടിച്ചു തുടങ്ങിയ കൂട്ട്

 

കോഫിഹൗസിൽ മോഹൻലാൽ വരുമ്പോൾ എനിക്കു പേടിയായിരുന്നു. കാരണം മുൻപത്തെ അനുഭവം വച്ചു നോക്കുമ്പോൾ മോഹൻലാൽ എന്നെ ഇടിക്കും എന്നായിരുന്നു എന്റെ ധാരണ. ഞാനും പ്രിയനും തമ്മിൽ ചെറിയൊരു ബന്ധമുണ്ട്. പ്രിയന്റെ കുടുംബവുമായും അടുപ്പമുള്ളതിനാൽ ഞങ്ങൾ തമ്മിൽ വലിയ ആത്മബന്ധമാണ്. ഒരു ദിവസം ഞാൻ പ്രിയനോടു ചോദിച്ചു പ്രിയാ, മോഹൻലാൽ എന്നെ ഇടിക്കുമോ എന്ന്. അപ്പോൾ പ്രിയൻ പറഞ്ഞു എടാ നീ എന്തിനാ പേടിക്കുന്നത്. അവൻ പാവമാണ്. ഇങ്ങനെയൊക്കെ പറയുമെങ്കിലും അവൻ ഒന്നും ചെയ്യില്ല എന്ന്. വൈകുന്നേരം ഇന്ത്യൻ കോഫി ഹൗസിൽ വരണമെന്നും പ്രിയൻ പറഞ്ഞു. 

 

ഞാൻ പോകണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു. ഉപദ്രവിക്കില്ല എന്ന വിശ്വാസത്തിൽ ഞാൻ പോയെങ്കിലും ഉള്ളിൽ പേടിയായിരുന്നു. അവിടെയെത്തിക്കഴിഞ്ഞപ്പോൾ ഞാൻ എല്ലാവരിൽ നിന്നും കുറച്ച് അകന്നു മാറി ഒരു കസേരയിൽ മിണ്ടാതെയിരുന്നു. അപ്പോൾ ലാൽ എന്നോടു ചോദിച്ചു ‘ശ്രീക്കുട്ടാ എന്താ മിണ്ടാതിരിക്കുന്നത്' എന്ന്. എന്നെ ഇടിക്കു'മോ എന്നു പേടിച്ചിട്ടാണെന്നു ഞാൻ പറഞ്ഞു. ‘അയ്യേ അത് ഞാൻ വെറുതെ പറഞ്ഞതെല്ലെ എന്നായിരുന്നു ലാലിന്റെ മറുപടി. ‘നമ്മളെല്ലാവരും മേളയ്ക്കു പോകുന്നത് കുട്ടികളെ കാണാനല്ലെ. അവരെ കാണുന്നതുകൊണ്ടെന്താ കുഴപ്പം. നല്ല മനോഹരമായ മുഖലാവണ്യമുള്ള കുട്ടികളെ കണ്ടാൽ നല്ലതല്ലെ. ഞാനും അതിനു തന്നെയാണ് വന്നത്’ എന്ന് ലാൽ പറഞ്ഞു. അങ്ങനെ അന്ന് ഞങ്ങൾ കെട്ടിപ്പിടിച്ച് സുഹൃത്തുക്കളായതാണ്. ഇപ്പോൾ ഈ നിമിഷം വരെ ആ സൗഹൃദം അങ്ങനെ തന്നെ തുടരുന്നു. 

 

 

ലാലിനു വേണ്ടി സ്വരമായപ്പോൾ

 

ലാൽ അഭിനയിച്ച ചിത്രങ്ങൾക്കു വേണ്ടിയാണ് ഞാൻ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത്. ഞാൻ പാടിത്തുടങ്ങിയിട്ട് നാൽപതു വർഷമായി. അതിൽ തൊണ്ണൂറു ശതമാനം പാട്ടുകളും പാടിയത് ലാലിന്റെ സിനിമകൾക്കു വേണ്ടിയാണ്. കൂലി എന്ന ചിത്രത്തില്‍ രവീന്ദ്രൻ മാസ്റ്ററിന്റെ സംഗീതത്തിലാണ് ഞാൻ ആദ്യമായി പാടിയത്. എന്നാല്‍ ലാലിനു വേണ്ടി ആദ്യമായി പാടിയ ചിത്രം ഏതാണെന്ന് എനിക്ക് ചെറിയ കൺഫ്യൂഷൻ ഉണ്ട്. ‘പൂച്ചയ്ക്കൊരു മൂക്കുത്തി’ എന്ന ചിത്രത്തിൽ ഞാൻ പാടി. ചിത്രത്തിൽ മോഹൻലാൽ ഉണ്ടായിരുന്നുവെങ്കിലും ഞാൻ പാടിയത് ശങ്കറിനു വേണ്ടിയായിരുന്നു. ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’, , ‘താളവട്ടം’, ‘ചിത്രം’, ‘വന്ദനം’ തുടങ്ങിയവയായിരുന്നു ലാലിന്റെ അന്നത്തെ പ്രധാന സിനിമകൾ. ചെനനൈയിൽ വച്ചായിരുന്നു ആ പാട്ടുകളുടെയൊക്കെ റെക്കോർഡിങ്. എന്റെ ഓർമ ശരിയാണെങ്കിൽ താളവട്ടത്തിലെ ‘പൊൻവീണേ....’ എന്ന ഗാനമാണ് ഞാൻ ആദ്യമായി ലാലിനു വേണ്ടി പാടിയത്. 

 

 

സ്റ്റുഡിയോയിലേക്കും വള‍ർന്ന സൗഹൃദം

 

ആദ്യകാലത്തൊക്കെ പാട്ട് റെക്കോർഡിങ്ങിന്റെ സമയത്ത് ലാലും സ്റ്റുഡിയോയിൽ വരുമായിരുന്നു. ലാൽ മാത്രമല്ല ഞങ്ങളുടെ ഒരു ടീം ഉണ്ടായിരുന്നു അന്ന്. കമ്പോസിങ് മുതൽ ഷൂട്ടിങ് വരെ ‍ഞങ്ങൾ ഒരുമിച്ചായിരുന്നു. എല്ലാവരും ഒരുമിച്ചൊരു മുറിയിലായിരുന്നു കിടക്കുന്നതു പോലും. അത്രയ്ക്കും അടുപ്പമായിരുന്നു ഞങ്ങൾ തമ്മിൽ. പക്ഷേ ഇപ്പോൾ കാലം മാറി. പരസ്പരം കാണുന്നതു പോലും വല്ലപ്പോഴും മാത്രമാണ്. ഇപ്പോഴത്തെ കാലഘട്ടം അങ്ങനെയാണ്. ഇപ്പോൾ പാട്ടു പാടി കഴിയുമ്പോൾ സർപ്രൈസ് ആയി ലാലിന്റെ ഒരു ഫോൺ കോൾ വരും. അണ്ണാ പാട്ട് സൂപ്പർ ആയിട്ടുണ്ട് എന്ന് എന്നോടു പറയും. എന്നിട്ട് ഞാൻ പാടിയ പാട്ട് എന്നെ പാടി കേൾപ്പിക്കും. 

 

 

ജന്മനാളിലെ തിരുമധുരം

 

രേവതിയാണ് ഞങ്ങളുടെ രണ്ടു പേരുടെയും ജന്മനക്ഷത്രം. കഴിഞ്ഞ ദിവസം ജന്മനാളിൽ ലാൽ വിളിച്ചു ഞങ്ങൾ അരമണിക്കൂറോളം സംസാരിച്ചു. അതിഗംഭീരമായ പിറന്നാൾ സദ്യ ആണ് ലാൽ എനിക്കു സമ്മാനമായി നൽകിയത്. അതെനിക്ക് വലിയ സർപ്രൈസ് ആയി. ഇത്രയും കാലത്തെ എന്റെ പിറന്നാളുകളിലും വച്ച് എനിക്കേറ്റവും സ്പെഷൽ ആയിരുന്നു ഈ വർഷത്തെ പിറന്നാൾ. എന്റെ ലാൽ എനിക്കു സമ്മാനമായി നൽകിയ അന്നമാണ് ഞാൻ പിറന്നാളിനു കഴിച്ചത്. ഒരുപാട് തവണ ‍ഞങ്ങൾ ഒരുമിച്ച് പിറന്നാൾ ആഘോഷിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഞങ്ങൾ ബഹറൈനിൽ ആയിരുന്നു. അന്ന് കേക്ക് മുറിച്ച് പരസ്പരം നൽകി സന്തോഷം പങ്കിട്ടു. അന്ന് എനിക്കും ലാലിനുമൊപ്പം പ്രിയനും ഉണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com