'വേറെ ആരും അങ്ങനെ ചെയ്യില്ല'; എസ്പിബിയുമൊത്തുള്ള സ്വപ്ന നിമിഷം പങ്കിട്ട് ഗായകൻ പാർത്ഥൻ

parthan-spb
SHARE

വേദിയിൽ കൂടെ പാടാനെത്തുന്ന ഗായകരെ പ്രോത്സാഹിപ്പിക്കുന്നതിൽ മാതൃകയാണ് എസ്.പി ബാലസുബ്രഹ്മണ്യം എന്ന മഹാഗായകൻ. വേദിയിൽ അടുത്തു നിന്നു പാടുന്നവരെ മാത്രമല്ല, കോറസ് പാടാനെത്തിയവരോടു പോലുമുണ്ട് എസ്പിബിയുടെ പരിഗണനയും കരുതലും. അതു നേരിട്ട് അനുഭവിച്ച ഒരു ഗായകനുണ്ട് തൃശൂരിൽ... പാർത്ഥൻ. കഴിഞ്ഞ നവംബറിൽ തൃശൂരിൽ പാടാനെത്തിയ എസ്പിബിക്ക് കോറസ് പാടാനായി തിരഞ്ഞെടുത്ത ഗായകരിൽ പാർത്ഥനുമുണ്ടായിരുന്നു. മുപ്പതു വർഷങ്ങളായി ഗാനമേള വേദികളിൽ സജീവ ശബ്ദമായ ഈ ഗായകന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ചാണ് ആ പരിപാടി കടന്നു പോയത്. വേദിയുടെ പിറകിൽ കോറസ് പാടാൻ തയ്യാറെടുത്തു നിന്ന പാർത്ഥനെ സാക്ഷാൽ എസ്പിബി വേദിയിൽ അരികിലേക്ക് ക്ഷണിച്ചു. ഒപ്പം നിറുത്തി പാടിച്ചു. 'എന്തൊരു നിമിഷമായിരുന്നു അത്', ആ സംഭവങ്ങളെ പാർത്ഥൻ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. ആരാധ്യ ഗായകന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനൊപ്പം സംഭവിച്ച അമൂല്യനിമിഷങ്ങൾ മനോരമഓൺലൈനുമായി പാർത്ഥൻ പങ്കുവയ്ക്കുന്നു. 

കൈ പിടിച്ചു ചേർത്തു നിർത്തിയ സ്നേഹം

എസ്പിബിയുമായി മൂന്നാമത്തെ സ്റ്റേജായിരുന്നു തൃശൂരിലേത്. ഇതിനു മുൻപ് രണ്ടു തവണ എസ്പിബിയുടെ പരിപാടിക്ക് കോറസ് പാടാൻ പോയിട്ടുണ്ട്. മലരേ മൗനമാ എന്ന ഗാനം അന്ന് പാടുമെന്ന് ഉറപ്പില്ലായിരുന്നു. അതിന്റെ ഹമ്മിങ് എസ്പിബി സർ തന്നെ ചിലപ്പോൾ പാടാറുമുണ്ട്. അന്നു പക്ഷേ, അദ്ദേഹം വേദിയിൽ കയറുന്നതിനു മുൻപ് ആരാണ് കോറസ് എന്നു ചോദിച്ചു. ഞാനപ്പോൾ വേദിയുടെ പിറകിൽ നിൽക്കുകയായിരുന്നു. കീബോർഡിസ്റ്റ് പോളേട്ടൻ എന്നെ ചൂണ്ടിക്കാട്ടി. ഞാൻ കയ്യുയർത്തി കാണിച്ചു. അദ്ദേഹം എന്നോട് വേദിയിലേക്ക് കയറി വരാൻ ആവശ്യപ്പെട്ടു. അദ്ദേഹം വിളിച്ചെങ്കിലും ഞാൻ മടിച്ചു നിന്നു. അടുത്തു വന്നു നിൽക്കാൻ അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് ഞാൻ വേദിയിലേക്ക് കയറിച്ചെന്നത്. 

'വേറെ ആരും അങ്ങനെ ചെയ്യില്ല'

വേദിയിൽ അദ്ദേഹത്തിന് കുറച്ചു പിറകിൽ ആയാണ് ഞാൻ നിന്നത്. സർ എന്റെ കൈ പിടിച്ച് അടുത്തു നിറുത്തി. പാട്ട് തുടങ്ങി ഹമ്മിങ്ങിന്റെ ഭാഗം എത്തിയപ്പോൾ എനിക്ക് പാടാനായി തന്ന മൈക്കിന് ശബ്ദം കുറവ്. കാര്യം നിമിഷനേരം കൊണ്ടു മനസിലാക്കിയ എസ്പിബി സ്വന്തം മൈക്ക് എനിക്കു നേരെ നീട്ടിപ്പിടിച്ചു. അദ്ദേഹം പിടിച്ചു തന്ന മൈക്കിലാണ് ഞാൻ ആ ഹമ്മിങ് പാടിതീർത്തത്. എസ്പിബി സാറിനെപ്പോലെ ഒരു വലിയ ഗായകൻ ഒരു സാധാരണ ഗാനമേളയിൽ പാടുന്ന എനിക്ക് മൈക്ക് പിടിച്ചു തരിക എന്നു പറയുന്നത് അദ്ദേഹത്തിന്റെ മനസിന്റെ വലിപ്പത്തെയാണ് കാണിക്കുന്നത്. വേറെ ആരും അങ്ങനെ ചെയ്യില്ല. ഹമ്മിങ് പാടിക്കഴിഞ്ഞപ്പോൾ അദ്ദേഹം കയ്യിൽ തട്ടി അഭിനന്ദിച്ചു. അപ്പോൾ തന്നെ ഞാൻ കാൽക്കൽ വീണു. എന്റെ മൊട്ടത്തലയിൽ അദ്ദേഹം തഴുകി. പാട്ട് തീർന്നതും ഞങ്ങളെക്കുറിച്ച് നല്ല വാക്കുകൾ പറയാനും അദ്ദേഹം മറന്നില്ല. സിനിമയിൽ പാടുന്നതിൽ വലിയ കാര്യമില്ല. കഴിവിനെക്കാളുപരി അതൊരു ഭാഗ്യമാണ്. ലൈവായി പാടിക്കൊണ്ടിരിക്കുക എന്നതാണ് വലിയ കാര്യമെന്ന് അദ്ദേഹം പറഞ്ഞു. 

ലഭിച്ചത് സ്വപ്നനിമിഷം

ആ വേദി എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. ഇനി മരിച്ചാലും വേണ്ടില്ല എന്ന തോന്നലായിരുന്നു മനസിൽ. എനിക്ക് ഏറെ പ്രിയപ്പെട്ട ഗായകനൊപ്പം അങ്ങനെയൊരു വേദിയിൽ ഒരുമിച്ചു നിൽക്കാൻ പറ്റിയല്ലോ! വേറെ എന്താണ് എനിക്കു വേണ്ടത്. ഇത്രയും വേദികളിൽ ഞാൻ പാടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പമുള്ള ആ പരിപാടിയുടെ പേരിലായിരിക്കും ഞാൻ ഓർക്കപ്പെടുക എന്നു പോലും തോന്നിപ്പോയി. അന്നത്തെ ആ വിഡിയോ കണ്ടാലറിയാം... എന്റെ കണ്ണുകളൊക്കെ നിറഞ്ഞ് വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ആ പരിപാടി കഴിഞ്ഞ് തിരിച്ചുള്ള യാത്രയിലും അദ്ദേഹം ഞങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നെന്ന് കൂടെ പോയവർ പറഞ്ഞു. ഇതെല്ലാം വളരെ അഭിമാനം തോന്നുന്ന ഓർമകളാണ്. കേരളത്തിലെ പല ഗാനമേള ട്രൂപ്പുകളിലും ഞാൻ പാടിയിട്ടുണ്ട്. കുറച്ചു വർഷങ്ങളായി ഞാനിപ്പോൾ തൃശൂരാണ്. ജാനകിയമ്മ, ഹരിജി (ഹരിഹരൻ), ജയേട്ടൻ (പി.ജയചന്ദ്രൻ) മുതൽ പുതുമുഖ ഗായകരായ വിധു പ്രതാപ്, മധു ബാലകൃഷണൻ എന്നിവർക്കൊപ്പം വരെ വേദികൾ പങ്കിട്ടിട്ടുണ്ട്. ഗായകൻ കൃഷ്ണചന്ദ്രനൊപ്പം നിരവധി വേദികളിൽ പാടി. കോറസ് ഗായകനായിട്ടല്ല, ഒരു സഹഗായകൻ എന്ന പരിഗണനായാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. പക്ഷേ, എസ്പിബിയ്ക്കൊപ്പം ലഭിച്ചത് സ്വപ്നനിമിഷമായിരുന്നു.

അതിശയിപ്പിക്കുന്ന മനുഷ്യൻ

നല്ലൊരു പാട്ടുകാരനേക്കാൾ നല്ലൊരു മനുഷ്യനാണ് എസ്പിബി സർ. ഒരു സാധാരണ പാട്ടുകാരനെ വിളിച്ചു കയറ്റി ഒപ്പം നിറുത്തി പാടിക്കേണ്ട കാര്യം അദ്ദേഹത്തിനില്ല. ആ വലിയ ശരീരം മുഴുവൻ സ്നേഹമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കൂടെ പാടുന്നവരെ ഇത്രമേൽ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു ഗായകനില്ല. അദ്ദേഹത്തിനറിയാം, എന്തു ചെയ്താലാണ് കൂടെ പാടുന്ന വ്യക്തിയുടെ ഏറ്റവും ബെസ്റ്റ് പുറത്തു വരിക എന്ന്. കഴിവുള്ളവരെ അകമഴിഞ്ഞ് അഭിനന്ദിക്കും. അവരെ കുനിഞ്ഞ് നമസ്കരിക്കാൻ പോലും അദ്ദേഹത്തിന് മടിയില്ല. റിയാലിറ്റി ഷോയിൽ പാടുന്ന ചെറുപ്പക്കാരെ പോലും അംഗീകരിക്കുന്ന, പരസ്യമായി തന്നെ അഭിനന്ദിക്കുന്ന ഒരു ഗായകൻ. വലിയൊരു മനസിന്റെ ഉടമയാണ്. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഞാനെന്താണ് ആശംസിക്കുക. ആയുരാരോഗ്യങ്ങളോടെ ഇനിയും ഒരുപാടു വർഷം ആ ശബ്ദം നമ്മോടൊപ്പം ഉണ്ടാകട്ടെ എന്നു മാത്രമാണെന്റെ പ്രാർത്ഥന! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA