ADVERTISEMENT

പാടിയും പറഞ്ഞും എത്ര പഴകിയതാണെങ്കിലും മഴയ്ക്ക് മാത്രം ഉണർത്താനാകുന്ന എന്തൊക്കെയോ ചിലതുണ്ട് ഓരോ മനുഷ്യന്റെയും ഉള്ളിൽ.  'മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസിൽ', എന്ന് കവി റഫീക്ക് അഹമ്മദ് എഴുതിയപ്പോൾ ഓരോ കേൾവിക്കാരനും അവന്റെ ഉള്ളിലേക്ക് യാത്ര പോയത് അതുകൊണ്ടാകാം. മലയാളിയുടെ മനസു കവര്‍ന്ന ഒത്തിരി മഴപ്പാട്ടുകള്‍ എഴുതിയിട്ടുണ്ട് റഫീക്ക് അഹമ്മദ്. തന്റെ രചനാലോകത്തെ സ്വാധീനിച്ചിട്ടുള്ള മഴക്കാലത്തെക്കുറിച്ചും എഴുതിയവയില്‍ പ്രിയപ്പെട്ട മഴപ്പാട്ടുകളെക്കുിച്ചും റഫീക്ക് അഹമ്മദ് മനോരമ ഓണ്‍ലൈനില്‍. 

 

ആദ്യ മഴപ്പാട്ട് പെരുമഴക്കാലത്തില്‍

 

"പെരുമഴക്കാലം എന്ന സിനിമയിലാണ് മഴ വിഷയമായി ഒരു പാട്ട് ആദ്യമായി എഴുതുന്നത്. ഗാനരചയിതാവായി രണ്ടാമത്തെ ചിത്രമായിരുന്നു അത്. സംവിധായകൻ കമൽ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ ഞാനൊരു ഗാനം എഴുതി. പാട്ടെഴുതി വലിയ പരിചയമില്ല. കവിത എഴുതിയാണ് ശീലം. അതുകൊണ്ട് തന്നെ സിനിമാപാട്ടിന് പറ്റിയ രചനാവിദ്യയൊന്നും അറിയില്ല. എന്റെ വരികൾ വായിച്ച് കമൽ ചിരിച്ചു. ''അല്ല റഫീക്കേ, നമുക്ക് സിനിമയിൽ ഉപയോഗിക്കാൻ ഇത്ര വലിയ വരികളുടെ ആവശ്യമില്ല. ചെറിയ സിംപിളായ വരികളാണ് വേണ്ടത്. ഒന്നൂടെ മാറ്റിയെഴുതൂ''. സ്നേഹത്തോടെ അദ്ദേഹം. പറഞ്ഞു. അങ്ങനെ രണ്ടാമത് തിരുത്തിയപ്പോൾ ഉണ്ടായതാണ് രാക്കിളിതൻ വഴി മറയും നോവിൻ പെരുമഴക്കാലം..."

 

കവിയുടെ ആ ലളിതമായ വരികൾ കേൾവിക്കാരായ നമ്മളെ എത്രയെത്ര ആഴങ്ങളിലേക്കാണ് എത്തിച്ചത്. ഉടൽ മുറുകെ എത്രയോർമകളുടെ ലോലകരങ്ങൾ പുണർന്നു. പാതിവഴിയിൽ പിരിഞ്ഞ വിരലുകളെക്കുറിച്ച് എത്ര കരഞ്ഞു. ഓരോ പെയ്ത്തിനുമൊപ്പം കാതിൽ സ്നേഹാർദ്രമൊരു സ്വകാര്യം കേൾക്കാൻ എത്ര കൊതിച്ചു. സിനിമയിലെത്തി ആദ്യകാലത്ത് എഴുതിയ പാട്ടായതുകൊണ്ടുതന്നെ ആരും രചയിതാവിനെ തിരിച്ചറിഞ്ഞിരുന്നില്ല. പാട്ടിറങ്ങിയ കാലത്തേക്കാൾ ഇപ്പോഴാണ് ഈ പാട്ടിനെക്കുറിച്ച് ആളുകൾ വിളിച്ച് സംസാരിക്കുന്നതെന്ന് കവി പറയുന്നു. 

 

ഗർഷോമിലെ പറയാൻ മറന്ന പരിഭവങ്ങളെക്കുറിച്ചും ഏറെക്കാലത്തിന് ശേഷമാണ് കവിയെ വിളിച്ച് അഭിനന്ദനം അറിയിക്കുന്നത്. ഇറങ്ങിയ കാലത്ത് അങ്ങനെ ആരും സംസാരിച്ചിരുന്നില്ല. പ്രണയകാലത്തിലെ വേനൽപ്പുഴയിൽ എന്ന പാട്ടിനും ഖൽബിലെത്തീ എന്ന ഗാനത്തിനുമാണ് ഏറ്റവും കൂടുതൽ അഭിനന്ദനം കവിക്ക് കിട്ടിയത്.

 

''പല പാട്ടിലും മഴ പരാമർശിച്ചിട്ടുള്ളത് പക്ഷെ ബോധപൂർവമല്ല. കേൾവിക്കാർ സൂചിപ്പിച്ചപ്പോഴാണ് അതിനെക്കുറിച്ച് ചിന്തിച്ചിട്ടുള്ളത്. വൈകാരികമായ അടുപ്പം മഴയോടുള്ളതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്. കേൾവിക്കാർ ആസ്വദിക്കുംപോലെയാകില്ല സ്വന്തം പാട്ടുകൾ കേൾക്കുമ്പോൾ എഴുതിയയാൾ ആസ്വദിക്കുക. പെരുമഴക്കാലം കേൾക്കുമ്പോൾ അത് ചിട്ടപ്പെടുത്തിയ കാലത്തെക്കുറിച്ചേ ഓർക്കാറുള്ളൂ.   

 

എന്റെ വാപ്പ മരിച്ചത് ഒരു മഴക്കാലത്ത്

 

മഴയുടെ കാൽപ്പനികതയെക്കുറിച്ച് പറയുമ്പോഴും മഴയത്തെ ചില ദുരിതങ്ങളും ഉണ്ട്. "ഓടിട്ട വീടായിരുന്നു പണ്ട്. ഓരോ ഓടിന്റെയും വിടവിൽ നിന്ന് മഴ വെള്ളം വീട്ടിനുള്ളിലേക്ക് വീഴും. അങ്ങനെ മഴക്കാലം തീരാത്ത ചോർച്ചയുടെ കാലം കൂടിയാണ്. പാളക്കഷണങ്ങൾ ഒക്കെ വെച്ചാണ് ചോർച്ച അടയ്ക്കുക. കോൺക്രീറ്റ് വീടുകളിൽ താമസിക്കുന്നവർക്ക് അത്തരം ബുദ്ധിമുട്ടുകൾ മനസിലാകില്ല. എന്റെ എന്റെ വാപ്പ മരിച്ചതും ഒരു മഴക്കാലത്താണ്."

    

"സ്കൂളിൽ പഠിക്കുന്ന കാലത്ത് പാലക്കാട് ബന്ധുവിന്റെ വീട്ടിൽ പോകും. അവധിക്കാലത്ത്. അവരുടെ വീടിന് മുന്നിൽ വലിയ പാടം. പാടം കഴിഞ്ഞാൽ മലകൾ. മഴക്കാലത്ത് വൈകിട്ട് ചെറിയ വെയിൽ ഉണ്ടാകും. അതിനിടെ മേഘങ്ങൾ മലയുടെ ഒരു ഭാഗത്ത് ഉരുണ്ട്കൂടും. മഴ അവിടെ നിന്ന് തുടങ്ങി അടുത്തേക്ക് വരുന്നത് കാണാം. അത് മനോഹരദൃശ്യമാണ്. ഞങ്ങളുടെ വീട്ടിലെ പറമ്പിൽ നിറയെ കവുങ്ങുകളായിരുന്നു. കവുങ്ങുകളുടെ മുകളിൽ മഴ പെയ്യുന്നതിന് ഒരു പ്രത്യേക ശേലാണ്. മഴക്കാലത്ത് പല പ്രാണികൾക്കും ജീവൻ വെക്കുന്നത് കാണാം. അവയുടെ ശബ്ദം കേൾക്കാം."

"ചൂട് കാലത്ത് മനസിൽ വല്ലാത്ത സംഘർഷാവസ്ഥയാണ്. മഴക്കാലം തിരിച്ചറിവ് കൂടിയാണ്. നാം പ്രകൃതിയുടെ ഭാഗമാണ്. കൊടുംചൂടിനൊടുവിൽ ഉള്ളിലേക്ക് കടക്കുന്ന തണുപ്പ് തരുന്ന സ്വാസ്ഥ്യം. അതിൻരെ ആശ്വാസം. പക്ഷെ അതുകൊണ്ട് മഴ പെയ്ത ഉടനെ കവിത എഴുതിക്കൊള്ളണമെന്നില്ല. ഓരോ സ്ഥലത്തെയും മഴയ്ക്ക് ഓരോ സംഗീതമുണ്ട്." തനിക്ക് ഏറ്റവും ഇഷ്ടമുള്ള മഴ പാലക്കാട്ടെ മഴയെന്ന് പറയുന്നു കവി.  

 

മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന കവിതകള്‍

 

പ്രണയത്തിന്റെ നിഗൂഢതയുടെ ആത്മദുഃഖത്തിന്റെ ഒക്കെ സമ്മിശ്രവികാരമാണ് ഓരോ മഴയും എന്ന് പറയുന്നു കവി.  ''നമുക്ക് രണ്ട് ഋതുക്കളല്ലേ ഉള്ളൂ. വേനലും മഴയും. വസന്തകാലമോ ഗ്രീഷ്മമോ ശരത്കാലമോ ഒന്നും അങ്ങനെ നമ്മൾ അറിയാറില്ല. നമ്മുടെ കാർഷിക ജീവിതം ഈ ഋതുക്കളെ അടിസ്ഥാനപ്പെടുത്തിയാണ്. ചൂടിൽ കരിഞ്ഞുപോയ മണ്ണിലേക്ക് തുള്ളി വീഴുമ്പോൾ വിത്തുമുളയ്ക്കുന്നു. ഇതൊക്കെ മഴയുടെ ശാസ്ത്രീയ വശം. എന്നാൽ എനിക്ക് മഴ എന്നത് എന്നും ഒരു കാത്തിരിപ്പാണ്. വേനലിന്റെ കൊടുമയും നീറ്റലും കഴിഞ്ഞ് മഴയെത്തും. ചൂട് ഏറ്റവും ഉച്ചിയിലെത്തുമ്പോൾ മനുഷ്യനെ തണുപ്പിക്കാൻ പ്രകൃതിയുടെ കനിവ്.സ്നേഹം. കരുണ. അതാണ് മഴ. എന്തൊരു അത്ഭുതമാണ് അത്',' റഫീക്ക് അഹമ്മദ് പറയുന്നു.

 

മരണമെത്തുന്ന നേരത്ത് എന്ന പാട്ടിന് ഇപ്പോഴും ലഭിക്കുന്ന സ്നേഹം കവിയെ വിസ്മയിപ്പിക്കുന്നുണ്ട്. പ്രവാസികളായ പലരും വിളിക്കും. ആ പാട്ടിനെക്കുറിച്ച് പറയും. കപ്പലിൽ ജോലി ചെയ്യുന്ന ഒരു യുവാവ് ഇടയ്ക്കിടെ എന്നെ വിളിക്കും. രാത്രികളിൽ ഒറ്റയ്ക്കുള്ള സമയങ്ങളിൽ. അങ്ങനെ പലരും. എന്നിട്ട് അതിനെക്കുറിച്ച് വാതോരാതെ പറയും. കരയും''. എന്റെ പ്രണയത്തിലേക്ക് നടന്ന വഴികൾ ഓർത്ത് പാദം തണുക്കണം. അത് മാത്രം മതി മണ്ണിനടിയിൽ നിന്ന് ഒരു പുൽക്കൊടിയായി ഉയിർക്കുവാൻ. എത്രപേരുടെ ഏകാന്തവിഷാദങ്ങളിൽ കൂട്ടാണ് മരണമെത്തുന്ന നേരത്ത് എന്ന പാട്ട്. പറഞ്ഞുവന്നത് മഴയെക്കുറിച്ചും മഴപ്പാട്ടുകളെക്കുറിച്ചുമാണ്. മരണമെത്തിയപ്പോൾ അവിടെത്തട്ടിപ്പോയി.  

 

സിനിമയില്‍ ആ മഴപ്പാട്ട് മാത്രം വന്നില്ല

 

''മഴ ഞാനറിഞ്ഞിരുന്നില്ല നിന്റെ കണ്ണുനീരെന്നുള്ളിൽ ഉതിരും വരെ എന്ന ഗാനം എനിക്ക് ഏറെ ഇഷ്ടമാണ്.ഡോക്ടർ പേഷ്യന്റ് എന്ന ചിത്രത്തിലേതാണ് പാട്ട്. ആ സന്ദർഭത്തിൽ ഏത് പാട്ട് വേണമെങ്കിലും ആകാം. പക്ഷെ ഈ ഗാനം ഒരു കവിത പോലെ എന്റെ മനസിൽ കിടക്കുന്നുണ്ടായിരുന്നു. ഇതെഴുതിയപ്പോൾ മനോഹരമായ സംഗീതം ലഭിച്ചു. ഹരിഹരൻ അഴകോടെ പാടി.. കേട്ടപ്പോൾ എനിക്ക് കിട്ടിയ അനുഭൂതി പറഞ്ഞറിയിക്കാനാകില്ല''. റഫീഖ് അഹമ്മദ് പ്രിയപ്പെട്ട പാട്ടിനെക്കുറിച്ച് പറഞ്ഞു. ബെനറ്റും വീത്‌രാഗും ചേർന്നാണ് ഈ പാട്ടിന് സംഗീതം നൽകിയത്.

 

മഴ വിഷയമായി വന്ന മറ്റൊരു ഗാനം എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലെ ഈ മഴ തൻ ആണ്. ഒരു പാട്ടെഴുത്തുകാരനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി സിനിമയുടെ പ്രമേയത്തോട് ചേർന്നുനിൽക്കുന്ന വരികൾ എഴുതുക എന്നതാണ്.  കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിതത്തിലെ നിത്യസാന്നിധ്യമാണ് പുഴ. അജ്ഞാതലിപിയിലുള്ള കത്തിടപാടുകൾ അവർ നടത്തിയിരുന്നു. ഇതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് പരമാവധി പ്രമേയത്തോട് ചേർന്ന് എഴുതിയ പാട്ടാണ്

 

ഈ മഴതൻ വിരലീ പുഴയിൽ 

 

എഴുതിയ ലിപിയുടെ പൊരുളറിയേ...

 

സിനിമയിൽ യഥാർഥത്തിൽ വളരെ പ്രാധാന്യത്തോടെ വരേണ്ട പാട്ടായിരുന്നു. പക്ഷെ അത് ചിത്രത്തിൽ ഉൾക്കൊള്ളിച്ചില്ല. സിനിമയിൽ ആ പാട്ട് വരാത്തതുകൊണ്ട് തന്നെ അത് വളരെ ചുരുക്കം പേരെ കേട്ടിട്ടുള്ളൂ. എനിക്ക് വളരെ പ്രിയപ്പെട്ട പാട്ടാണ് അത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com