ADVERTISEMENT

‘സൂഫിയും സുജാതയും’ എന്ന സംഗീതാത്മക പ്രണയ ചിത്രത്തിലേയ്ക്ക് പ്രേക്ഷകരെ അടുപ്പിച്ച ഒന്നാണ് ചിത്രത്തിൽ എം.ജയചന്ദ്രൻ സംഗീതം നൽകിയ 'വാതിക്കല് വെള്ളരി പ്രാവ്' എന്ന ഗാനം. ലക്ഷക്കണക്കിനു പ്രേക്ഷകരിലാണ് പ്രണയം പറയുന്ന വെള്ളരിപ്രാവ് ചിറകടിച്ചത്. പാട്ടിനു താഴെ വന്ന കമന്റുകൾ ഏറെയും പെൺസ്വരത്തിനുള്ള അഭിനന്ദനങ്ങളായിരുന്നു. ജയചന്ദ്രന്റെ മധുവൂറും സംഗീതത്തിനൊപ്പം നിത്യ മാമ്മൻ എന്ന യുവഗായികയുടെ ആത്മാവിൽ തൊട്ടുള്ള ആലാപനം പാട്ടിന്റെ മുഴുവൻ ഭംഗിയെയും വർധിപ്പിച്ചു എന്ന് ശ്രോതാക്കൾ ആവർത്തിച്ചു പറഞ്ഞു. കഴിഞ്ഞ ദിവസം മലയാളത്തിന്റെ ഭാവഗായകൻ പി.ജയചന്ദ്രൻ സമൂഹമാധ്യമത്തിലൂടെ നിത്യയുടെ ആലാപനത്തെ പ്രശംസിച്ചു. 

 

‘എടക്കാട് ബെറ്റാലിയൻ 06’ എന്ന ചിത്രത്തിലെ ‘നീ ഹിമ മഴയായ് വരൂ’ എന്ന ഗാനത്തിലൂടെ സംഗീതസംവിധായകൻ കൈലാസ് മേനോൻ ആണ് ഗായികയെ ചലച്ചിത്ര ഗാനശാഖയ്ക്കു പരിചയപ്പെടുത്തിയത്. ട്രാക്ക് പാടാനായി നിത്യയെ വിളിച്ച കൈലാസ് ഒടുവിൽ ശ്രേയ ഘോഷാലിനു വേണ്ടി കരുതി വച്ച ഗാനം നിത്യയ്ക്കു നൽകുകയായിരുന്നു. ഗായികയുടെ പാട്ടു കേട്ട പലരും ‘മലയാളത്തിലെ ശ്രേയ ഘോഷാൽ’ എന്ന വിളിപ്പേരു പോലും നൽകി. ആദ്യ ഗാനത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ചുരുക്കം ചില ഗായകരിൽ ഒരാളാണ് നിത്യ. പിന്നീട് ‘കുങ്ഫു മാസ്റ്റർ’ എന്ന ചിത്രത്തിന്റെ പിന്നണിയിലും ഗായിക സ്വരമായി. ഇപ്പോൾ വാതിക്കല് കുറുകുന്ന വെള്ളരിപ്രാവിന്റെ പാട്ടു വിശേഷങ്ങളുമായി നിത്യ മാമ്മന്‍ മനോരമ ഓൺലൈനിനൊപ്പം. 

 

എന്നെ തേടിയെത്തിയ വെള്ളരിപ്രാവ്

 

പിന്നണി ഗായകൻ രവിശങ്കർ ആണ് എന്റെ ശബ്ദം എം. ജയചന്ദ്രൻ സാറിനെ കേൾപ്പിച്ചത്. അതു കേട്ട് ഇഷ്ടപ്പെട്ട അദ്ദേഹം എന്നെ വിളിച്ചു. ട്രാക്ക് പാടാനാണ് ഞാൻ പോയത്. അതു കഴിഞ്ഞ് രണ്ടു മൂന്ന് ആഴ്ചകൾ കഴിഞ്ഞപ്പോൾ ജയചന്ദ്രൻ സർ വിളിച്ചിട്ട് പാട്ട് എല്ലാവർക്കും ഇഷ്ടമായി എന്നും ഒറിജിനൽ ഗാനവും ഞാൻ തന്നെ പാടിയാൽ മതിയെന്നു പറഞ്ഞു. അതു കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അങ്ങനെയാണ് ഞാൻ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ ഭാഗമായത്. ഇപ്പോൾ പാട്ട് ഹിറ്റായി ഒരുപാട് പേർ അഭിപ്രായങ്ങൾ പറഞ്ഞു. അതെല്ലാം കേൾക്കുമ്പോൾ സന്തോഷം ഇരട്ടിയാകുന്നു. 

 

ആസ്വാദകയിൽ നിന്നും ഗായികയിലേക്ക്

 

എം.ജയചന്ദ്രൻ സാറിനെ കാണണം എന്നും പരിചയപ്പെടണം എന്നും ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. തിരുവനന്തപുരത്തു വച്ചു തന്നെ നിരവധി തവണ  അദ്ദേഹത്തിന്റെ ലൈവ് പ്രോഗ്രാമുകൾ ഞാൻ കണ്ടിട്ടുണ്ട്. അന്ന് പിൻസീറ്റിൽ ഇരുന്ന് പാട്ട് കേട്ട് ആസ്വദിക്കുമായിരുന്നു. അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് ഒരിക്കലെങ്കിലും പാടണമെന്ന് അപ്പോൾ മുതൽ ആഗ്രഹിച്ചു. ഇപ്പോൾ അപ്രതീക്ഷിതമായി സറിന്റെ സംഗീതത്തിൽ പാടാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. പിന്നെ ഒപ്പം പാടിയ അർജുൻ കൃഷ്ണയെയും സിയ ഉൾ ഹഖിനെയും നേരത്തെ അറിയാമായിരുന്നു. അവർക്കൊപ്പമുള്ള സംഗീതാനുഭവവും വളരെ മറക്കാൻ സാധിക്കില്ല. ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തെക്കുറിച്ച് എടുത്തു പറയേണ്ടിയിരിക്കുന്നു. പിന്നെ സുദീപ് പലനാടും അമൃത സുരേഷും ചേർന്നാലപിച്ച ‘അൽഹംദുലില്ല’ ഗാനവും അതിമനോഹരമാണ്. കാവ്യാത്മകമായ സിനിമയായതിനാൽ തന്നെ പാട്ടുകളും പശ്ചാത്തല സംഗീതവുമെല്ലാം ചിത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ജയസൂര്യയും ദേവ് മോഹനും ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ പ്രകടനങ്ങളും ചിത്രത്തെ ഏറെ മികച്ചതാക്കി.  

 

അമൂല്യം ഈ അംഗീകാരം

 

ഇന്നലെ പി.ജയചന്ദ്രൻ സർ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന ഗാനത്തെ പ്രശംസിച്ചതു കേട്ടപ്പോൾ ഒരുപാടൊരുപാട് സന്തോഷം തോന്നി. എന്റെ ആലാപനത്തെക്കുറിച്ച് പ്രത്യേകമായി പരാമർശിക്കുക കൂടി ചെയ്തപ്പോൾ അതിലേറെ സന്തോഷം. അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തെ പോലുള്ള മുതിർന്ന ഗായകന് എന്റെ പാട്ട് ഇഷ്ടപ്പെടുക എന്നതു തന്നെ വലിയ കാര്യമാണ്. ആ വാക്കുകൾ എനിക്കു ലഭിച്ച അംഗീകാരമായി ഞാൻ കാണുന്നു. പി.ജയചന്ദ്രൻ സാറിന്റെ സമൂഹമാധ്യമ പോസ്റ്റ് ഞാൻ ഷെയർ ചെയ്തിട്ടുമുണ്ട്. യഥാർഥത്തിൽ എല്ലാ ക്രെഡിറ്റും സൂഫിയും സുജാതയും ചിത്രത്തിന്റെ മ്യൂസിക് ടീമിനുള്ളതാണ്. 

 

ശ്രേയാജിയെപ്പോലെ അവർ മാത്രം

 

പാട്ടിന്റെ താഴെ പലരും ‘മലയാളത്തിലെ ശ്രേയ ഘോഷാൽ’ എന്ന കമന്റുകൾ ഇടുന്നുണ്ടെങ്കിലും ശ്രേയജിയെയും എന്നെയും തമ്മിൽ ഒരിക്കലും താരതമ്യം ചെയ്യരുത്. കാരണം അവർ ഒരു ഇതിഹാസ ഗായികയാണ്. അതുപോലെ പാടാൻ എനിക്കൊരിക്കലും സാധിക്കില്ല. ഈ ചിത്രത്തിൽ എനിക്കു പാടാൻ അവസരം ലഭിച്ചതു പോലും എം.ജയചന്ദ്രൻ സർ വഴിയാണ്. അപ്പോൾ അദ്ദേഹത്തോടാണ് ഏറ്റവുമധികം നന്ദി പറയുന്നത്. 

 

എന്നും നന്ദി കൈലാസ് സറിനോട്

 

ഞാൻ പിന്നണി ഗാന രംഗത്തേക്ക് ചുവടു വച്ചത് കൈലാസ് സർ സംഗീതം നൽകിയ ‘നീ ഹിമ മഴയായ് വരൂ’ എന്ന ഗാനത്തിലൂടെയാണ്. പാട്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതിന് കൈലാസ് സാറിനോടും അദ്ദേഹത്തിന്റെ അമ്മയോടുമാണ് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നത്. എന്റെ പാട്ട് അവിചാരിതമായി കണ്ട  അമ്മയാണ് എന്നെക്കുറിച്ച് കൈലാസ് സാറിനോടു പറഞ്ഞതും അദ്ദേഹം എന്നെ പാടാൻ വിളിച്ചതും. കൈലാസ് സാറുമായി എപ്പോഴും കോണ്ടാക്റ്റ് ഉണ്ട്. വാതിക്കല് വെള്ളരിപ്രാവ്‌ എന്ന ഗാനം കേട്ടിട്ട് അദ്ദേഹം എന്നെ വിളിച്ചിരുന്നു. പാട്ട് ഇഷ്ടമായി എന്നു പറഞ്ഞ് സന്തോഷവും സ്നേഹവും പ്രകടിപ്പിച്ചപ്പോൾ ഞാനും ഹാപ്പിയായി. ഞാൻ പാടിയ രണ്ടു പാട്ടുകളും ശ്രദ്ധിക്കപ്പെട്ടതിൽ ഒരുപാട് സന്തോഷം. ഭാഗ്യം കൊണ്ടും എല്ലാവരുടെയും സ്നേഹവും പിന്തുണയും കൊണ്ടുമാണ് പാട്ട് വിജയിക്കുന്നത്. ഇനിയും പാട്ട് പഠിക്കണമെന്നും പാടണമെന്നും ആഗ്രഹിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com