ADVERTISEMENT

കഴിഞ്ഞ ഒരു മാസത്തോളമായി മലയാളികളെല്ലാം ഒരു ജിന്നിന്റെ ആരാധകരാണ്. സൂഫിയും സുജാതയും സിനിമയുടെ ജീവനായ സൂഫി കൊടുക്കുന്ന ബാങ്കിന്റെ! ടൈറ്റിൽ കാർഡിൽ പേരു വായിക്കുമ്പോൾ ഏതോ ബോളിവുഡ് ഗായകനാണെന്ന് തോന്നിപ്പിക്കുമെങ്കിലും സത്യത്തിൽ മലയാളികൾ ഏറ്റെടുത്ത ആ ബാങ്ക് കൊടുത്തത് ഒരു കൊച്ചിക്കാരനാണ്– സിയ ഉൽ ഹഖ്. കേൾക്കുന്ന ആരെയും ആരാധകരാക്കുന്ന ഒരു മാജിക്കുണ്ട് ഈ കൊച്ചിക്കാരന്റെ ശബ്ദത്തിന്. അതുകൊണ്ടാവണം, ജാതിമതഭേദമന്യേ ആരാധകർ സിയ കൊടുത്ത ബാങ്ക് കേൾക്കാൻ വീണ്ടും ആഗ്രഹിച്ചത്. ഇത്രയേറെ ആസ്വാദകരെ സൃഷ്ടിച്ച ആ പാട്ടനുഭവത്തിന്റെ വിശേഷങ്ങളുമായി സിയ ഉൽ ഹഖ് മനോരമ ഓൺലൈനിൽ.

 

റിസ്ക് എടുത്തു ലഭിച്ച പാട്ട്

 

സൂര്യ ഫെസ്റ്റിന്റെ ദുബായ്–ബഹ്റിൻ ഷോയ്ക്കു വേണ്ടി പോയ സമയത്താണ് സംഗീതസംവിധായകൻ ദീപക് സർ (ദീപക് ദേവ്) എന്നെ റെക്കോർഡിങ്ങിന് വിളിച്ച് മെസേജ് ചെയ്യുന്നത്. ഗാനഗന്ധർവൻ സിനിമയ്ക്കു വേണ്ടി ട്രാക്ക് പാടിയിട്ടായിരുന്നു ഞാൻ ഷോയ്ക്കു വേണ്ടി പോന്നത്. ഞാനാണെങ്കിൽ മൊബൈലിൽ റോമിങ് ആക്ടിവേറ്റ് ചെയ്തിരുന്നില്ല. 'ഗാനഗന്ധർവനിൽ ട്രാക്ക് പാടിയ ഉന്തു പാട്ട് സംവിധായകന് ഇഷ്ടായി, സ്ട്രൈയ്റ്റ് പാടാൻ നാളെ തന്നെ എത്തണം' എന്നു പറ​ഞ്ഞായിരുന്നു ദീപക് സാറിന്റെ മെസേജ്. എനിക്ക് ടെൻഷനായി. കാരണം തൊട്ടടുത്ത ദിവസം എനിക്ക് ഷോയുണ്ട്. ഞാൻ ഇക്കാര്യം സംഘാടകരെ അറിയിച്ചു. പോയി വന്നോളാം എന്നൊരു കണ്ടീഷനിൽ ഒരു റിസ്ക് എടുത്ത് ഞാൻ അടുത്ത ഫ്ലൈറ്റ് പിടിച്ചു കൊച്ചിയിലെത്തി. 

 

നാട്ടിലെത്തി മൊബൈൽ നെറ്റ്‍വർക്ക് ശരിയായപ്പോൾ എം.ജയചന്ദ്രൻ സാറിന്റെ ഒരു മെസേജ്. 'സിയ, പ്ലീസ് കോൾ' എന്നായിരുന്നു സന്ദേശം. പെട്ടെന്നു തിരിച്ചു വിളിച്ചു. സർ രാവിലെ മുതൽ എന്നെ വിളിക്കാൻ ശ്രമിക്കുകയായിരുന്നു. കിട്ടുന്നുണ്ടായിരുന്നില്ല. ഞാൻ തിരിച്ചു വിളിക്കാൻ അൽപം കൂടി വൈകിയിരുന്നെങ്കിൽ അദ്ദേഹം വേറെ ഗായകനെ അന്വേഷിക്കാമെന്നു കരുതി ഇരിക്കുകയായിരുന്നു. എന്തായാലും ഞാൻ ഉടനെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലെത്തി. വാതിക്കൽ വെള്ളരിപ്രാവ് എന്ന പാട്ടിലെ ഭാഗങ്ങൾ റെക്കോർഡ് ചെയ്തു. അദ്ദേഹത്തിന് വലിയ ഇഷ്ടമായി. അന്നു തന്നെ ഗാനഗന്ധർവനിലെ പാട്ടും റെക്കോർഡ് ചെയ്തു. നാട്ടിലേക്ക് വന്നു പോകാമെന്ന റിസ്ക് ഞാൻ എടുത്തില്ലായിരുന്നെങ്കിൽ ഈ രണ്ടു പാട്ടുകളും എനിക്ക് നഷ്ടപ്പെട്ടേനെ.

 

സിയ ബാങ്ക് കൊടുക്കുമോ?

 

വാതിക്കൽ വെള്ളരിപ്രാവ് എന്ന പാട്ടിലെ ഞാൻ പാടിയ ഭാഗം എടുത്തതിനു ശേഷം ജയചന്ദ്രൻ സർ എന്നോടു ചോദിച്ചു, 'സിയ ബാങ്കു കൊടുക്കുമോ?' ഞാനിതു വരെ ബാങ്ക് കൊടുത്തിട്ടൊന്നുമില്ല. എന്നാലും ശ്രമിക്കാമെന്നു പറഞ്ഞു. പിന്നെ, അറബി ഗാനങ്ങൾ ഞാൻ കൈകാര്യം ചെയ്യാറുള്ളതുകൊണ്ട് ഒരു ധൈര്യമുണ്ടായിരുന്നു. ഏറ്റവും സുന്ദരമായ ബാങ്കുകളുടെ റഫറൻസ് സംവിധായകൻ ഷാനവാസ് ഇക്ക തന്നു. മസ്ജിദ് അൽ അക്സ ജറുസലേമിൽ ഇപ്പോഴും കൊടുക്കുന്ന ഇമ്പമേറിയ ബാങ്കിന്റെ കുറെ റഫറൻസ്! അങ്ങനെ ചെയ്തു. എല്ലാവർക്കും ഇഷ്ടമായി. ജാതിമതഭേദമന്യേ എല്ലാവരും ആ ബാങ്ക് ഏറ്റെടുത്തു. അതിൽപ്പരം സന്തോഷം ഒരു കലാകാരന് ഉണ്ടാകുമോ! സംഗീതസംവിധായകൻ എം.ജയചന്ദ്രൻ സാറിനോടും സംവിധായകൻ ഷാനവാസ് ഇക്കയോടും ഒരുപാട് നന്ദിയുണ്ട്.

 

മലയാളത്തിലെ ആദ്യ ഹിറ്റ് ഗോദയിൽ

 

തമിഴിൽ മദ്രാസിപട്ടണം എന്ന ചിത്രത്തിലാണ് ഞാനാദ്യമായി പിന്നണി പാടുന്നത്. ഹരിഹരൻ സാറിനു വേണ്ടി ട്രാക്ക് പാടിയ ഗാനം സിനിമയിൽ അദ്ദേഹത്തിന്റെ ശബ്ദത്തിനൊപ്പം ജി.വി. പ്രകാശ് സർ ഉപയോഗിക്കുകയായിരുന്നു. അതൊരു വലിയ സന്തോഷം. പിന്നെയും പല ചിത്രങ്ങൾക്കു വേണ്ടിയും പാടി. മലയാളത്തിൽ ആദ്യ സോളോ ഗാനം പാടുന്നത് ഗോദയിലാണ്. ഒാ റബ്ബാ... ഭയങ്കരിയാ എന്ന ഗാനം സൂപ്പർഹിറ്റായി. ആ അവസരം കിട്ടുന്നതും അവിചാരിതമായിട്ടാണ്. സുഖ്‍വീന്ദർ സിങ് പാടുന്ന ശൈലിയിൽ പാടാൻ അറിയുന്ന ഗായകരെ അന്വേഷിച്ച് ഷാനിക്ക ഒരു പോസ്റ്റിട്ടിരുന്നു. അവസാന ടൈമിലാണ് ഞാനിതു അറിയുന്നത്. അപ്പോൾ തന്നെ ഞാൻ ഷാനിക്കയെ നേരിട്ട് വിളിച്ചു. എന്നോട് ഡെമോ അയയ്ക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്റെ കയ്യിൽ ഡെമോ ഒന്നുമില്ലായിരുന്നു. ഞാൻ ഫോണിലൂടെ പാടിയാൽ മതിയോ എന്നു ചോദിച്ചു. അദ്ദേഹം ഓകെ പറഞ്ഞപ്പോൾ ഞാൻ ഫോണിലൂടെ പാടിക്കൊടുത്തു. അതു കേട്ടതും അദ്ദേഹം ത്രില്ലടിച്ചു. ഓട്ടോയോ ടാക്സിയോ പിടിച്ച് നേരെ സ്റ്റുഡിയോയിലേക്ക് വരാനായിരുന്നു ഷാനിക്ക പറഞ്ഞത്. അങ്ങനെയാണ് മലയാളത്തിലെ ആദ്യ പാട്ട് സംഭവിച്ചത്.

 

വാപ്പ ഹാർമോണിയം വായിക്കും, ഉമ്മ പാടും

 

ഒരു സംഗീതകുടുംബമാണ് എന്റേത്. വാപ്പയുടെ പേര് തോപ്പിൽ മൂസ. ഹാർമോണിസ്റ്റാണ്. ഉമ്മയുടെ പേര് ശോഭ. ദൂരദർശനിലൊക്കെ പണ്ട് പാടിയിട്ടുണ്ട്. ഉമ്മാടെ ഉമ്മയും പാടും. കൊച്ചീലുമ്മ എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്. യഥാർത്ഥ പേര് സൈനുബ അബൂബക്കർ. കുടുംബത്തോടൊപ്പം തൃക്കാക്കരയിലാണ് ഇപ്പോഴുള്ളത്. രണ്ടു അനിയന്മാരും അനിയത്തിയും ഭാര്യയും മകളുമുണ്ട്.  വാപ്പയുടെ ആൾക്കാർ ആണെങ്കിലും ഉമ്മയുടെ ആളുകൾ ആണെങ്കിലും എല്ലാവരും പാട്ടുമായി ബന്ധമുള്ളവരാണ്. പിന്നെ, എനിക്കൊരു ഖവാലി ഗ്രൂപ്പുണ്ട്. ഹസ്രത്ത് ഖവാലി ഗ്രൂപ്പ്. കേരളത്തിലെ ആദ്യത്തെ ഖവാലി ഗ്രൂപ്പ് ആണ് ഞങ്ങളുടേത്. പത്തുപേരുണ്ട് അതിൽ. ഞാനും എന്റെ സുഹൃത്ത് സിജു കുമാറും ചേർന്നാണ് ഇതു തുടങ്ങിയത്. സൂര്യ ഫെസ്റ്റിൽ നിരവധി തവണ ഞങ്ങൾ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. നാഷണൽ ഗെയിംസ്, സംഗീത അക്കാദമി പരിപാടികൾ അങ്ങനെ നിരവധി വേദികളിൽ പരിപാടി അവതരിപ്പിക്കാനായി. കുറെ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞു. സൂര്യ കൃഷ്ണമൂർത്തി സർ ഇപ്പോഴും ഏറ്റവും മികച്ച വേദികളിലേക്ക് ഞങ്ങളെ ക്ഷണിക്കാറുണ്ട്. ലോക്ഡൗണിൽ കുടുംബത്തോടൊപ്പം കൊച്ചിയിൽ തന്നെയായിരുന്നു. ലോക്ഡൗണിനു മുൻപ് പാടിയ പാട്ടുകളൊക്കെ ഇപ്പോൾ റിലീസ് ആയി വരുന്നു. ഇനി വരാനുള്ള മേജർ പ്രൊജക്ട് മരയ്ക്കാർ ആണ്.

 

 

English Summary: Interview with singer Zia Ul Haq

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com