ലൈക്കും ഷെയറും കിട്ടാനല്ല ഈ തുറന്നുപറച്ചിൽ; നിറത്തിന്റെ പേരിൽ തഴയപ്പെടുന്നത് അനീതി: സയനോര

sayanora-philip
SHARE

നിറത്തിന്റെ പേരിൽ നേരിടേണ്ട വന്ന വിവേചനങ്ങളെക്കുറിച്ച് പൊതു വേദികളിലുൾപ്പെടെ പലപ്പോഴായി ശക്തമായ ഭാഷയിൽ തുറന്നു പറച്ചിലുകൾ നടത്തിയ ഗായികയാണ് സയനോര. നിറം കുറഞ്ഞതിന്റെ പേരിൽ പല വേദികളിലും ഗായികയ്ക്ക് അവസരങ്ങൾ നഷ്ടപ്പെട്ടു. കഴിവുണ്ടായിട്ടും ഇത്തരം ചില അനാവശ്യ മാനദണ്ഡങ്ങൾ കൊണ്ടും മുൻധാരണകൾ കൊണ്ടും കലാരംഗത്തു തഴയപ്പെടുന്നത് അനീതിയാണെന്ന് സയനോര പറയുന്നു. ഇപ്പോഴത്തെ ഈ തുറന്നു പറച്ചിലുകൾ തനിക്കു വേണ്ടിയല്ല, സമാനമായ അവസ്ഥ നേരിടുന്ന കുട്ടികൾക്കു വേണ്ടിയാണ്. നിറം എന്നത് സൗന്ദര്യത്തിന്റെ പാരമ്യതയല്ലെന്നും ഓരോ വ്യക്തിയുടെയും മനസ്സിന്റെ സൗന്ദര്യമാണ് പരമപ്രധാനമെന്നും പല തുറന്നു പറച്ചിലുകളിലൂടെയും സയനോര ഓർമിപ്പിക്കുന്നു. പലതരത്തിലുള്ള വിവേചനങ്ങൾ കാരണം തളർന്നവർക്കും തകർന്നവർക്കുമായി സമൂഹമാധ്യമത്തിലൂടെ ഒരു ക്യാംപെയിനിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് ഗായിക. നിറത്തിന്റെ പേരിൽ നേരിട്ട വിവേചനങ്ങളെയും തഴയപ്പെടലുകളെയും കുറിച്ച് സയനോര മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു.   

പറയുന്നത് കേള്‍ക്കാൻ വേണ്ടി

നിറത്തിന്റെ പേരിൽ നേരിട്ട വിവേചനങ്ങളെക്കുറിച്ച് ഞാൻ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പറയുന്നു. ആളുകൾ കേൾക്കാൻ വേണ്ടി തന്നെയാണ് വീണ്ടും വീണ്ടും പറയുന്നത്. കാരണം ഇത്തരം വിവേചനങ്ങൾ കൊണ്ട് ഒരുപാട് പേർ വിഷമിക്കുന്നുണ്ട്. നിറം കുറഞ്ഞ കുട്ടികൾ മാത്രമല്ല വണ്ണമുള്ള കുട്ടികളും പല്ലുന്തിയവരും പൊക്കം കുറഞ്ഞവരുമെല്ലാം പലതരത്തിലുള്ള വിവേചനങ്ങൾ നേരിടുന്നുണ്ട്. അത്തരം വിവേചനങ്ങൾ നേരിടുന്ന നിരവധി പേർ ആ വിഷമാവസ്ഥയെക്കുറിച്ച് എന്നോടു സംസാരിച്ചിട്ടുണ്ട്. ഒരുപാട് മെസേജുകളും എനിക്കു ലഭിക്കുന്നു. പുരുഷൻമാർ ഉൾപ്പെടെയുള്ളവർ അക്കൂട്ടത്തിലുണ്ട്. അവർക്കു വേണ്ടി സമൂഹമാധ്യമത്തിലൂടെ ഒരു ക്യാംപെയ്ൻ സംഘടിപ്പിക്കാൻ ഞാൻ പദ്ധതിയിട്ടിട്ടുണ്ട്.

ഇത് അനാവശ്യമല്ല

ഈ വിഷയത്തെക്കുറിച്ച് നമ്മൾ എത്ര സംസാരിച്ചാലും സമൂഹത്തിന്റെ ചിന്ത മാറില്ല. പക്ഷേ എന്റെ തുറന്നു പറച്ചിൽ പ്രചോദനമായിട്ടുണ്ട് എന്ന് പലരും പറഞ്ഞു. ഞാൻ ഇത് ഇടയ്ക്കിടയ്ക്കു പറയുന്നതു കൊണ്ട് പലരും ഇതിനെ ഒരു അനാവശ്യ സംസാരമായി കണക്കാക്കാറുണ്ട്. ഇരു നിറം ഉള്ളവർക്കും വെള്ളുത്ത നിറമുള്ളവർക്കും ഞാൻ ഇത് അൽപം അതിശയോക്തി കലര്‍ത്തി പറയുന്നതായി തോന്നും. പല സംഭാഷണങ്ങൾക്കിടയിലും സയ എന്തിനാണ് എപ്പോഴും ഇക്കാര്യം ഓർക്കുന്നതെന്നും അതെല്ലാം മറന്നു കളയൂ എന്നും ചിലർ പറയാറുണ്ട്. കുട്ടിക്കാലത്ത് അങ്ങനെ പലതും സംഭവിച്ചു ഇനി അതോർത്ത് വിഷമിക്കേണ്ട എന്നാണ് അവർ പറയുന്നത്. ചിലപ്പോൾ അവർ എന്നോടുള്ള സ്നേഹം കൊണ്ടു പറയുന്നതായിരിക്കാം. അതൊക്കെ ശരിയാണ്. ഞാൻ എന്തൊക്കെ നേരിട്ടിട്ടുണ്ട് എന്നതല്ല ഇവിടുത്തെ പ്രശ്നം. ഇത്തരം അനുഭവങ്ങൾ പലർക്കുമുണ്ടായിട്ടുണ്ട്. ഈ വിവേചനങ്ങൾ ഇപ്പോഴും തുടരുന്നുമുണ്ട്. 

മാതാപിതാക്കൾ ഉണരണം

കൊച്ചു കുഞ്ഞുങ്ങളുടെ ഉള്ളിൽ പോലും വെളുപ്പിന്റെയും കറുപ്പിന്റെയും വിവേചനങ്ങളാണ് മറ്റുള്ളവർ കുത്തിവയ്ക്കുന്നത്. കുട്ടികൾക്ക് അൽപം നിറം കുറഞ്ഞു എന്ന പേരിൽ എന്തിനാണ് അവരുടെ ദേഹത്ത് മഞ്ഞളും ചന്ദനവുമൊക്കെ അരച്ചിടുന്നത്. അത് കാണുന്ന കുഞ്ഞുങ്ങളുടെ മനസ്സിൽ കറുപ്പ് എന്തോ ഒരു ന്യൂനതയാണ് എന്ന ചിന്തയുണ്ടാകും. അങ്ങനെ ഒരിക്കലും ചെയ്യരുത്. ഒരു കൊച്ചു കുട്ടിക്ക് നിറം അല്പം കുറഞ്ഞെങ്കിൽ സ്കൂൾ കാലത്തു തുടങ്ങി വിവേചനങ്ങൾ നേരിടേണ്ടി വരും. ആ കുട്ടിയെ ചുറ്റുമുള്ളവർ ഒറ്റപ്പെടുത്തും. പല രീതിയിലും ആ കുഞ്ഞിന്റെ മനസ്സിൽ ഒരു മുറിവ് ഉണ്ടാവുകയാണ്. മാതാപിതാക്കൾ ശ്രദ്ധിക്കാത്തതുകൊണ്ടാണ് കുഞ്ഞുങ്ങളിൽ നിന്നു പോലും വിവേചനപരമായ ഇത്തരം സമീപനങ്ങളുണ്ടാകുന്നത്. വെളുപ്പും കറുപ്പും തമ്മിൽ അന്തരം ഉണ്ട് എന്നു പറയുന്നതിനു പകരം എല്ലാം തുല്യമാണ് എന്ന് മാതാപിതാക്കൾ കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കണം. 

മോളെ പറഞ്ഞു തിരുത്തി

ഒരിക്കൽ എന്റെ മോൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കൂട്ടത്തിലുണ്ടായിരുന്ന ഒരു കുട്ടിയെ നോക്കി അവൾ ‘കറുത്ത ചേട്ടാ’ എന്നു വിളിച്ചു. അവന്റെ അമ്മയുൾപ്പെടെ അതു കേട്ടു നിന്നവർ എല്ലാവരും ചിരിച്ചു. പക്ഷേ എനിക്കു പെട്ടെന്നു സങ്കടം വന്ന് എന്റെ കണ്ണു നിറഞ്ഞു. ആ കുട്ടി അപ്പോഴേയ്ക്കും അകത്തു പോയി മുഖമൊക്കെ കഴുകി പൗഡർ ഇട്ട് പുറത്തേയ്ക്കു വന്നിട്ട് എന്റെ മോളോട് ചോദിച്ചു ‘ഇപ്പോൾ ചേട്ടൻ വെളുത്തില്ലേ’ എന്ന്. അപ്പോൾ ഞാൻ എന്റെ മോളെ മാറ്റി നിർത്തി കണക്കിനു ശകാരിച്ചു. അന്ന് അവൾക്ക് രണ്ടര വയസ്സ് മാത്രമേ പ്രായമുള്ളു. ആ കുട്ടിയുടെ പേരറിയാതെയാണ് അവൾ അന്ന് അങ്ങനെ വിളിച്ചത്. ഞാൻ അത് അപ്പോൾ തന്നെ പറഞ്ഞു തിരുത്തി. അങ്ങനെ എല്ലാ മാതാപിതാക്കളും കുട്ടികളിൽ നിന്നും അത്തരം ചിന്തകൾ പാടേ ഇല്ലാതാക്കണം. 

അന്നു ഞാൻ കരഞ്ഞു, ഒപ്പം അവരും

ഒരിക്കൽ സ്കൂളിൽ ഒരു മ്യൂസ്ക് ഷോ ചെയ്യാൻ ഞാൻ പോയി. എനിക്കു നേരിട്ട വിവേചനങ്ങളെക്കുറിച്ചു ഷോയുടെ ഇടയിൽ ഞാൻ വേദിയിൽ വച്ച് തുറന്നു പറഞ്ഞു. ഒടുവിൽ സങ്കടം കൊണ്ട് അവിടെ നിന്നു ഞാൻ കരഞ്ഞു. ഷോ കഴിഞ്ഞപ്പോൾ ഒരുപാട് അമ്മമാർ വന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടു പറഞ്ഞു ഇപ്പോഴും ഇത്തരം വിവേചനങ്ങൾ ഉണ്ട് മോളെ എന്ന്. നിറത്തിന്റെ പേരിൽ ഇപ്പോഴും കഴിവുള്ള പല കുട്ടികളും കലാപരമായ മേഖലകളിൽ തഴയപ്പെടുന്നു. 

എന്നോടു മാത്രമല്ല ഇത്

നിറം കുറഞ്ഞതിന്റെ പേരിൽ വലിയ സ്റ്റേജ് ഷോകളിൽ എനിക്ക് അവസരം ലഭിച്ചിട്ടില്ല. ഞാൻ മാത്രമല്ല ഒരുപാട് പേർ മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്. രശ്മി സതീഷും പുഷ്പവതി ചേച്ചിയുമെല്ലാം അതിൽ ഉൾപ്പെടും. ഞങ്ങൾ തമ്മിൽ ഇക്കാര്യങ്ങൾ സംസാരിക്കാറുമുണ്ട്. നിറത്തിന്റെ പേരിലുള്ള വിവേചനങ്ങളെക്കുറിച്ച് അടുത്ത കാലത്ത് ഞാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് കണ്ട് രശ്മി എന്നെ വിളിച്ചു. ഇത്തരം തുറന്നു പറച്ചിലുകൾ ആവശ്യമാണെന്നും ഒരുപാട് വേദികളിൽ ഇത്തരം വിവേചനങ്ങൾ നേരിട്ടിട്ടുണ്ടെന്നും എന്നോടു പറഞ്ഞു. 

അവസരം തേടിപ്പോയില്ല, പക്ഷേ

കലാരംഗത്ത് ഇന്നത്തെ കാലത്ത് മാർക്കറ്റിങ് വളരെ പ്രധാനപ്പെട്ടതാണ്. പലരും സംഗീതസംവിധായകരോടും മറ്റും അവസരങ്ങൾ ചോദിച്ചു വാങ്ങുന്നു. ഞാൻ സംഗീതം ചെയ്യാനും പാടാനുമായി അവസരങ്ങൾ ചോദിച്ചിട്ടില്ല. ഇതുവരെ അവസരങ്ങൾ തേടി പോയിട്ടില്ല. എനിക്ക് കിട്ടിയതൊക്കെ ഇങ്ങോട്ട് വന്ന വിളികൾ ആയിരുന്നു. അത് എന്റെ കഴിവ് കൊണ്ടാണെന്നു ഞാൻ ഒരിക്കലും പറയില്ല. ദൈവാനുഗ്രഹവും ഭാഗ്യവും കൊണ്ടു മാത്രം ലഭിച്ച നേട്ടങ്ങളാണ് അവ. പക്ഷേ എല്ലാവരും സ്വയം മാർക്കറ്റ് ചെയ്യുന്നതിനാൽ, ഞാൻ കുറച്ച് അവസരങ്ങൾ ചോദിക്കേണ്ടതായിരുന്നു എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. 

നിറം മാത്രമല്ല ‘പ്രശ്നം’

നിറത്തിന്റെ കാര്യത്തിൽ മാത്രമല്ല ഈ വിവേചനങ്ങള്‍. അൽപം വണ്ണം ഉള്ള ആളുകളെ 'തടിച്ചീ' അല്ലെങ്കിൽ 'തടിയാ', അതുപോലെ നിറം കുറഞ്ഞവരെ 'കറുമ്പാ' അല്ലെങ്കിൽ 'കറുമ്പീ' എന്നിങ്ങനെയാണ് സമൂഹത്തിൽ പലരും വിളിക്കുന്നത്. അത്തരം വാക്കുകളും പ്രയോഗങ്ങളും സർവ്വസാധാരണമാകുന്നു. ഉദാഹരണമായി പറഞ്ഞാൽ ഒരു വിവാഹത്തിൽ പങ്കെടുത്തതിനു ശേഷം പെണ്ണ് എങ്ങനെയുണ്ട് അല്ലെങ്കിൽ ചെറുക്കൻ എങ്ങനെയുണ്ട് എന്നൊക്കെ ചോദിച്ചാൽ, 'കറുത്തിട്ടാണ് അത്ര പോര' എന്നിങ്ങനെയെല്ലാമാണ് പല ആളുകളും സ്ഥിരമായി പറയുന്നത്. അത്തരം വാക്കുകൾ ഇപ്പോൾ പൊതുവായുള്ള പ്രയോഗങ്ങളായി മാറുന്നു. പലരും വിചാരിക്കുന്നത് കറുത്ത നിറം വലിയ ഒരു കുറവ് ആണെന്നു തന്നെയാണ്. ഭൂരിഭാഗം ആളുകൾക്കും മെലിഞ്ഞു വെളുത്തു സുന്ദരികളായ പെൺകുട്ടികളെയാണ് ഇഷ്ട്ടം. എന്താണ് അവർ ഇങ്ങനെ ചിന്തിക്കുന്നത്? നിറം കുറഞ്ഞ വണ്ണമുള്ള പൊക്കം കുറഞ്ഞ സുന്ദരികൾ ഉണ്ടാകാൻ പാടില്ലേ? ശരീരം ഏത് രീതിയിൽ ആണെങ്കിലും എല്ലാവരുടെയും വ്യക്തിത്വത്തിന് ഒരു സൗന്ദര്യം ഉണ്ടാകുമല്ലോ. അതിനല്ലേ പ്രാധാന്യം കൊടുക്കേണ്ടത്. 

ഈ ശബ്ദം അവർക്കു വേണ്ടി

നിറം കുറഞ്ഞാലെന്താണ് പ്രശ്നം? നല്ല ജോലിയും സ്വഭാവവും ഉള്ളപ്പോൾ അതല്ലെ പ്രധാനമായും എടുത്തു പറയേണ്ടത്. ആളുകളുടെ നിറമാണ് സൗന്ദര്യത്തിന്റെ അളവുകോലായി പലപ്പോഴും നിർണയിക്കപ്പെടുന്നത്. മുഖം വെളുത്ത ആളുകളെ സൗന്ദര്യത്തിന്റെ അങ്ങേയറ്റം വരെ പുകഴ്ത്തുമ്പോൾ അതിനിടയിൽ ‍ഞെരിഞ്ഞമർന്നു പോകുന്ന ഒരുപാട് പേരുണ്ട്. എന്റെ വ്യക്തിപരമായ കാര്യം പറയുകയാണെങ്കിൽ എന്റെ ഏറ്റവും വലിയ പിൻബലം എന്റെ കുടുംബമാണ്. നിറം കുറഞ്ഞ പല വ്യക്തികളുടെയും കുടുംബത്തിൽ നിന്നും പോലും അവർക്ക് പ്രചോദനം ലഭിക്കുന്നില്ല. മറിച്ച് ആശ്വാസവാക്കുകളാണ് കേൾക്കേണ്ടി വരിക. ഫെയർനെസ് ക്രീം മാറ്റി ഉപയോഗിക്കാം അപ്പോൾ നിറം കൂടുമെന്നുമെല്ലാമാണ് മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ കുട്ടികളോടു പറയുന്നത്. അത് കേൾക്കുമ്പോൾ കറുപ്പിന് എന്തോ പ്രശ്നം ഉണ്ടെന്ന് കുട്ടികൾക്കു തന്നെ തോന്നും. അങ്ങനെ ചിന്തിക്കുന്ന കുട്ടികൾക്കായാണ് ഞാൻ സംസാരിക്കുന്നത്. 

അതോർത്ത് എനിക്ക് ദുഃഖമില്ല

നിറം ഒരു പ്രശ്നമല്ല എന്നും ശരീരവും നിറവും എങ്ങനെ ആണെങ്കിലും ഓരോരുത്തർക്കും അവരവരുടേതായ സൗന്ദര്യമുണ്ടെന്ന് എല്ലാവരും തിരിച്ചറിയട്ടെ.‌ പണ്ട് നേരിടേണ്ടി വന്ന വിവേചനങ്ങളുടെ വേദന ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ടന്നും ഞാൻ അതോർത്തു ദു:ഖിക്കുന്നു എന്നും ചിലർ വിചാരിക്കും. പക്ഷേ അതൊക്കെ പോയി. ഇപ്പോഴത്തെ എന്റെ ഈ പ്രതികരണങ്ങള്‍ സമാനമായ അവസ്ഥയിലൂടെ കടന്നു പോകുന്ന കുട്ടികൾക്കു വേണ്ടിയാണ്. എന്റെ ഈ തുറന്നു പറച്ചിലുകളും പോസ്റ്റുകളും ലൈക്കും കമന്റും ഷെയറും കിട്ടാൻ വേണ്ടിയല്ല. എനിക്കതു വേണ്ട. വിവേചനങ്ങൾ കാരണം തഴയപ്പെട്ട അല്ലെങ്കിൽ തളർന്നു പോയ കുട്ടികൾക്കു വേണ്ടിയാണിത്. 

ഇനിയും പഠിച്ചില്ലേ സമൂഹം

സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകണം. ഈ ലോക്ഡൗണോടുകൂടി നാം എന്തൊക്കെ കാര്യങ്ങൾ തിരിച്ചറിഞ്ഞു. നാം നേടിയ പണത്തിനും പ്രശസ്തിക്കും അല്ല പ്രാധാന്യം. മറിച്ചു വീട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുകയാണ് വേണ്ടത്. ലോകത്തിൽ എന്തൊക്കെ നേടിയാലും അതൊന്നും എക്കാലവും നിലനിൽക്കില്ല. ആ സത്യം എല്ലാവരും തിരിച്ചറിയണം. ജീവിതം ഏതു നിമിഷം വേണമെങ്കിലും അവസാനിച്ചേക്കാം. ഈ ക്ഷണികമായ ജീവിതം കൊണ്ട് എന്തിനാണ് മറ്റുള്ളവരെ ഉപദ്രവിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നത്. സമൂഹത്തിന്റെ ചിന്തകൾ പാടേ മാറട്ടെ. 

English Summary: singer Sayanora open up about color discrimination

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA