ADVERTISEMENT

ജോലിയ്ക്കിടയിലെ വാട്ട്സാപ്പ് എത്തി നോട്ടത്തിൽ ഏറെ ആകാംഷയോടെയുള്ളതായിരുന്നു ചിത്ര ചേച്ചിയുടെ മെസ്സേജ്! ഞങ്ങൾ ഇവിടെയുണ്ട് ദുബായിൽ, എയർപോർട്ടിനടുത്ത് ലെ മെരിഡീയൻ ഹോട്ടലിന് പിറകിലുള്ള ‘റോദ അൽ ബുസ്താൻ ‘എന്ന ഹോട്ടലിലാണ്. വരുവാൻ പറ്റുവാണേൽ ഇന്ന് വൈകുന്നേരം വരണം മറുപടി ഉടനെ തരു. ഈ മെസ്സെജ് കണ്ടതും ഏറെ സന്തോഷമായി. മോഹൻലാലും നാല്പത്തിയൊന്ന് കൂട്ടുകാരും എന്ന പരിപാടിയിൽ പങ്കെടുക്കാൻ വന്നതാണ് ചിത്ര ചേച്ചി. ഞങ്ങൾ അബുദാബിയിലാണെന്നും രാത്രി 8മണിക്ക് മുൻപ് എത്താം എന്ന് മറുപടി അയച്ചപ്പോഴാണ് സമാധാനമായത്. പിന്നെയും പിന്നെയും ചേച്ചിയുടെ മെസ്സെജ് വായിക്കുകയായിരുന്നു. ദാ വരുന്നു അടുത്ത മെസ്സേജ്. എട്ട് മണിക്ക് തന്നെ എത്തണം, പിന്നെ വിജയൻ ചേട്ടനു ബന്ധുവിന്റെ അടുത്ത് പോകാനുള്ളതാണ്, മകനെയും സംഗീതയെയും കൂട്ടി വരു. ഞാൻ അവനെ ഇത് വരെ കണ്ടില്ലല്ലോ. ഉടനെ ഭാര്യ സംഗീതയെ വിളിച്ച് റെഡിയായിരിക്കുവാൻ പറഞ്ഞു. ഡ്യൂട്ടി കഴിഞ്ഞ് ചേച്ചി പറഞ്ഞ ഹോട്ടൽ ലക്ഷ്യമാക്കി ഞങ്ങൾ പുറപ്പെട്ടു, ഒപ്പം മകൻ ആത്മജും.

 

ഇടയ്ക്കിടയ്ക്കുണ്ടായിരുന്ന ട്രാഫിക്കുകളെയൊക്കെ ഞങ്ങൾ അതിജീവിച്ച് പറഞ്ഞ സമയത്തിനുള്ളിൽ തന്നെ ദുബായിലെ ഹോട്ടലിൽ എത്തി. റൂമിലേയ്ക്ക് വരുവാനുള്ള വഴി വളരെ കൃത്യമായി തന്നെ ചേച്ചി മെസ്സെജായി അയച്ചിരുന്നു, ലോബിയിലെ വലത് വശത്തുള്ള ലിഫ്റ്റ്, രണ്ടാം നില, വലത് വശത്ത് രണ്ട് തിരിവുകൾ ഏറ്റവും അറ്റത്ത് 266 നമ്പർ മുറി. ഞങ്ങൾ കോളിങ്ങ് ബെൽ അടിച്ചു, വരു വരു എന്ന് കേട്ടതോടെ അകത്ത് കയറി, ചുവന്ന ചുരിദാറും സ്വർണ്ണനിറമുള്ള ഷാളുമണിഞ്ഞ് പുഞ്ചിരിയൊടെ ദാ നിൽക്കുന്നു സാക്ഷാൽ ചിത്ര ചേച്ചി.. മകനെ കണ്ടതും ചേച്ചി അവനെ വിളിച്ചു.. 

 

‘ആത്മജ് അല്ലേ’ മകന് ചേച്ചിയുടെ ആ വിളിയിൽ യാതൊരു ഭാവവ്യത്യാസവുമുണ്ടായില്ല, കാരണം അവന് ആ പേര് അത്ര പരിചിതമല്ല. അവനെ വീട്ടിൽ അക്കുവെന്നാണ് വിളിക്കുന്നത്. മുറിയിൽ നാലഞ്ചുപേരുണ്ടായിരുന്നു. എല്ലാവർക്കും ചേച്ചി അതിയായ അഭിമാനത്തൊടെ ജാനകിയമ്മയെ കുറിച്ച് വലിയ പുസ്തകം എഴുതിയ ആളെന്ന് പരിചയപെടുത്തി. വിജയൻ ചേട്ടൻ ആത്മജിനരികിൽ വന്നിരുന്നു അവനോട് ഓരോന്ന് ചോദിക്കുകയാണ്.. ഒന്നിനും അക്കു മറുപടി പറയുന്നുണ്ടായിരുന്നില്ല. പിന്നെ ഞാൻ അവനെ മടിയിലിരുത്തി.. ചേച്ചിയോടും വിജയൻ ചേട്ടനോടും ഈയടുത്ത് ഞങ്ങൾ ഹൈദ്രബാദിൽ പോയി ജാനകിയമ്മയെ കണ്ട വിശേഷമൊക്കെ പറയുകയായിരുന്നു, ഒപ്പം ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റിയ പുസ്തകവും കൊടുത്തു. ജാനകിയമ്മയൊന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും ചേച്ചിയെ കാണിച്ചു, ഒപ്പം ആത്മജിനു ഒന്നാം പിറന്നാളിന് ചിത്ര ചേച്ചി അയച്ചു തന്ന വിഡിയോ ആശംസയും.

 

ഞങ്ങൾ ഇറങ്ങുകയാണെന്ന് പറഞ്ഞപ്പൊൾ ചിത്ര ചേച്ചി രണ്ട് കവറുകളുമായി വന്നു, ആത്മജിനു കൊടുത്തു. സമ്മാനം കിട്ടിയപ്പോൾ അവൻ പിന്നെ ചേച്ചിയോടൊത്ത് കൂട്ട് കൂടി.മൂന്ന് വയസ്സായില്ലെ.. ഞാൻ കുറച്ച് കൂടി വലുപ്പമുണ്ടെന്ന് കരുതി, ഡ്രസ്സ് മോന് വലുതായിരിക്കുമെന്ന് തോന്നുന്നു, ചേച്ചി പറഞ്ഞു.

 

ഭാര്യ സംഗീതയൊട് വളരെ ശ്രദ്ധിക്കണമെന്നുള്ള കാര്യങ്ങളോക്കെ ചേച്ചി പറയുന്നുണ്ടായിരുന്നു. കുഞ്ഞാവ വരുമ്പോൾ ആത്മജിന് കൂട്ടാവുമല്ലോ.. പ്രസവം ഇവിടെ തന്നെയാണൊ.. അങ്ങനെ എല്ലാ കാര്യങ്ങളും ചേച്ചിയും വിജയൻ ചേട്ടനും ചോദിച്ചറിഞ്ഞു. ഏകദേശം ഒരു മണിക്കൂർ സമയം ഞങ്ങൾ അവിടെ വർത്തമാനം പറഞ്ഞിരുന്നു. ഇറങ്ങാൻ നേരം വിജയൻ ചേട്ടൻ സംഗീതയുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. ചേച്ചിയെ സംഗീത കെട്ടിപിടിച്ചു. ആത്മജിന് ഉമ്മകളും.

 

മനസ്സ് നിറഞ്ഞ് ഞങ്ങൾ അവിടെ നിന്നുമിറങ്ങി. അബുദാബിയിൽ എത്തി, ആത്മജിനുള്ള സമ്മാനപൊതി അഴിച്ച് നോക്കി. നീല നിറമുള്ള ടീഷർട്ടും, ജീൻസ് പാന്റും. പിന്നെ ഒരു ബോക്സ് നിറയെ ശ്രീ ഗുപ്ത ഭവനിൽ നിന്നുള്ള പേടകളും  മധുരപലഹാരങ്ങളും. നാട്ടിൽ നിന്നും വരുന്നതിന് മുൻപ് മകന് ചേച്ചി കരുതിയ സമ്മാനം. അതെ ചേച്ചി അങ്ങനെയാണ് ഇതിന് മുൻപും മുന്നാല് പ്രാവശ്യം ചേച്ചിയെ കണ്ടപ്പോഴൊക്കെ ഞങ്ങൾ ഈ സ്നേഹം അനുഭവിച്ചതാണ്. ഈ പിറന്നാൾ ദിനത്തിൽ ചേച്ചിക്ക് എല്ലാ നന്മകളും സന്തോഷവും ആയുസ്സുമുണ്ടാവട്ടെയെന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com