ആ സംഗീതജ്ഞന്റെ കാൽതൊട്ട് നമസ്കരിക്കാഞ്ഞതെന്ത്? എം. ജയചന്ദ്രനെ കുഴക്കിയ ചിത്രയുടെ ചോദ്യം

jayachandran-chithra
SHARE

സംഗീതജീവിതത്തിലെ തുടക്കകാലം മുതലുള്ള പരിചയവും അടുപ്പവുമാണ് എം.ജയചന്ദ്രന് കെ.എസ്.ചിത്രയോട്. അന്നുതൊട്ടിങ്ങോട്ട് മറക്കനാകാത്ത വിധത്തിലുള്ള നിരവധി സംഗീതാനുഭവങ്ങളും ഇരുവർക്കുമുണ്ട്. സംഗീത ജീവിതത്തിൽ ഹരിശ്രീകുറിച്ച കാലത്ത് എം.ജയചന്ദ്രന് എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി കൂടെ നിന്നത് കെ.എസ്.ചിത്രയും ഭർത്താവ് വിജയ് ശങ്കറുമാണ്. ഇളയരാജയുടെ കടുത്ത ആരാധകനായിരുന്ന ജയചന്ദ്രന് ആദ്യമായി അദ്ദേഹത്തെ നേരിൽ കാണാനുള്ള അവസരം ഒരുക്കിയതും ചിത്ര തന്നെ. ആ ദിനവും അന്നത്തെ കൂടിക്കാഴ്ചയും മറക്കാത്ത അനുഭവങ്ങളായി ജയചന്ദ്രൻ ഇന്നും ഓർത്തിരിക്കുന്നു. രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള രസകരമായ ആ അനുഭവം കെ.എസ്.ചിത്രയുടെ പിറന്നാൾ ദിനത്തിൽ എം.ജയചന്ദ്രൻ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

ചെന്നൈയിലെ താമസം

‘എന്റെ അച്ഛനും അമ്മയും പിന്നെ ചിത്ര ചേച്ചിയുടെ ഭർത്താവ് വിജയൻ ചേട്ടന്റെ അച്ഛനും അമ്മയും തമ്മിൽ ഒരുപാട് വർങ്ങളായി അടുപ്പമുണ്ടായിരുന്നു. ഈ രണ്ടു കുടുംബങ്ങളും തമ്മിൽ തലമുറകളായുള്ള ആത്മബന്ധമാണ്. ‌‌കുടുംബപരമായി അത്രയധികം പരിചയവും സ്നേഹവും ഉള്ളതുകൊണ്ടു തന്നെ ചെന്നൈയിൽ പോകുമ്പോഴൊക്ക ഞാൻ ചിത്ര ചേച്ചിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്റെ സംഗീത ജീവിതത്തിന്റെ തുടക്ക കാലത്ത്  ചേച്ചിയും ഭർത്താവ് വിജയൻ ചേട്ടനും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 

ആ മോഹം ഞാൻ പറഞ്ഞത് ചേച്ചിയോട്

ഞാൻ ഇളയരാജ സാറിന്റെ കടുത്ത ആരാധകനായിരുന്നു. അന്നത്തെ കാലത്ത് ഞാൻ എന്റെ കിടപ്പുമുറിയിൽ രാജ സാറിന്റെ ചിത്രങ്ങൾ ഒട്ടിച്ചു വയ്ക്കുമായിരുന്നു. അത്രയേറെ ഇഷ്ടമായിരുന്നു അദ്ദേഹത്തോട്. ചെന്നൈയിലുണ്ടായിരുന്ന കാലത്ത് എനിക്ക് ഇളയരാജ സാറിനെ കാണണം എന്നും അദ്ദേഹത്തിന്റെ ഒരു പാട്ട് പാടണം എന്നും വലിയ ആഗ്രഹം തോന്നി. ആ ആഗ്രഹം ഞാൻ ഒരു ദിവസം ചിത്ര ചേച്ചിയോടു പറഞ്ഞു. അതിന്റെ തൊട്ടടുത്ത ദിവസം ചേച്ചിക്ക് എവിഎം സ്റ്റുഡിയോസിൽ റെക്കോർഡിങ് ഉണ്ടായിരുന്നു. എന്റെ ആഗ്രഹം കേട്ടപ്പോൾ, അടുത്ത ദിവസം റെക്കോർഡിങ്ങിനു കൂടെ പോരെ എന്നും രാജാ സാറിനെ കാണാമെന്നും ചിത്ര ചേച്ചി പറഞ്ഞു. അങ്ങനെ പിറ്റേ ദിവസം ഞാനും ചേച്ചിയും കൂടെ ചേച്ചിയുടെ കാറിൽ സ്റ്റുഡിയോയിലേക്കു പോയി. 

നിശ്ചലനായിപ്പോയ നിമിഷങ്ങൾ

എ വി എം സ്റുഡിയോ വളരെ വലുതാണ്. പല വാതിലുകളും ഇടനാഴികളും കടന്ന് ഞങ്ങൾ രാജ സാറിന്റെ അടുത്തെത്തി. ഞാൻ അത്രയേറെ സ്നേഹിച്ചിരുന്ന, ബഹുമാനിച്ചിരുന്ന ഇളയരാജ സാറിനെ ആദ്യമായി നേരിൽ കണ്ടപ്പോൾ ആരാധന കൊണ്ട് ഞാൻ സ്തബ്ധനായി. അന്ന് ചേച്ചി കസിൻ ആണെന്നും ഗായകൻ ആണെന്നും പറഞ്ഞ് എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തി. അപ്പോൾ അദ്ദേഹം എന്നെ അതിരൂക്ഷമായി ഒന്നു നോക്കി. യഥാർത്ഥത്തിൽ ആ കണ്ണുകൾ എന്റെ കണ്ണിൽ കൊണ്ടു. അത്രയും ഉന്നതിയിൽ നിൽക്കുന്നയാളെ നേരിൽ കണ്ടതിന്റെ സന്തോഷത്തിലും അദ്ഭുതത്തിലും ഒന്നും സംസാരിക്കാനാകാതെ നിശ്ചലനായി ഞാൻ നിന്നു. അപ്പോഴും അദ്ദേഹം എന്നെ തീക്ഷ്ണമായി തന്നെ നോക്കുകയായിരുന്നു. പിന്നെ അല്പനേരത്തേയ്ക്ക് അവിടെയാകെ നിശബ്ദത പടർന്നു. ചിത്ര ചേച്ചിയും രാജ സാറും ഒന്നും സംസാരിക്കുന്നില്ല. ഞാൻ എന്തെങ്കിലും സംസാരിക്കുമെന്ന പ്രതീക്ഷയിൽ ചേച്ചി എന്റെ മുഖത്തേക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. 

എന്തുകൊണ്ടു മിണ്ടിയില്ല? ചേച്ചി ചോദിച്ചു

അവിെട നിന്നു പുറത്തിറങ്ങിയപ്പോൾ ചിത്ര ചേച്ചി എന്നെ കണക്കിനു ശകാരിച്ചു. ഇത്രയധികം ആരാധനയും ബഹുമാനവുമൊക്കെ ഉണ്ടായിട്ടും എന്താണ് അദ്ദേഹത്തെ കണ്ടപ്പോൾ ഒന്നും മിണ്ടാതിരുന്നതെന്നു ചോദിച്ചു. ഇത്രയും മഹാനായ ആ സംഗീതജ്ഞന്റെ കാൽ തൊട്ടു നമസ്കരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ചു. ആരാധന കൊണ്ട് നേരിട്ടു കണ്ടപ്പോൾ ഒന്നും ചെയ്യാനാകാതെ മനസ്സ് മറ്റൊരു തലത്തിലായിപ്പോയി എന്നു പറഞ്ഞ് ഞാൻ ചിത്ര ചേച്ചിയോടു സോറി പറഞ്ഞു. ചിത്ര ചേച്ചിയ്ക്കൊപ്പമുണ്ടായ ആ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. പിന്നീട് രാജാസാറിന്റെയും കീരവാണി സാറിന്റെയും ജോൺസേട്ടന്റെയുമൊക്കെ സംഗീതത്തിൽ ചിത്ര ചേച്ചി പാടുമ്പോൾ അവിടെ പോയി പാട്ട് കേട്ടിരിക്കാനുള്ള അവസരം അന്നത്തെ കാലത്ത് എനിക്ക് ലഭിച്ചിട്ടുണ്ട്. അതൊന്നും ഒരിക്കലും മറക്കാനാകില്ല. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ട ചിത്ര ചേച്ചിയ്ക്ക് എല്ലാവിധ മംഗളങ്ങളും നന്മകളും നേരുകയാണ്. 

English Summary: M Jayachandran shares experience with K S Chithra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA