'അറിയാതെ ഞാൻ ചോദിച്ചു, ഏത് ചിത്രയാണെന്ന്?' അപ്രതീക്ഷിതമായി പ്രിയഗായികയുടെ വിളി വന്നപ്പോൾ

roopa-k-s-chithra
SHARE

‘രൂപ എനിയ്ക്കെന്റെ മോളെ പോലെയാണ്’ ഇതിഹാസ ഗായിക കെ.എസ്.ചിത്ര പൊതുവേദികളിലുൾപ്പെടെ ഇക്കാര്യം ആവർത്തിക്കുമ്പോഴും അതൊക്കെ കേട്ട് സ്വപ്നമോ യാഥാർഥ്യമോ എന്നു തിരിച്ചറിയാനാകാതെ അൽപനേരം ചിന്തിച്ചിരിയ്ക്കും ഗായികയും വയലിൻ വിദഗ്ധയുമായ രൂപ രേവതി. വർഷം ഒരുപാടായി രൂപ ചിത്രയ്ക്കൊപ്പം ചേർന്നിട്ട്. വിദേശരാജ്യങ്ങളിലുൾപ്പെടെ സംഗീത പരിപാടികള്‍ക്കു പോകുമ്പോൾ ചിത്രയുടെ കൂടെ എന്നും ഒരു മകളെപ്പോലെ രൂപയുമുണ്ടാകും. അമ്മയുടെ കറയില്ലാത്ത സ്നേഹവും വാത്സല്യവും ആവോളം നൽകി ചിത്ര രൂപയെ ചേർത്തു നിർത്തും. വർഷങ്ങളായുള്ള ആത്മബന്ധമുണ്ടെങ്കിലും ഇപ്പോഴും ചിത്രയെ ‍ഗുരുസ്ഥാനത്താണ് രൂപ കാണുന്നത്. അതേ ഭയഭക്തി ബഹുമാനം രൂപയുടെ വാക്കുകളിലും പ്രവൃത്തിയിലും എന്നും പ്രകടമാണ്. പ്രിയ ഗായികയെക്കുറിച്ചു ചോദിച്ചാൽ ‘കൺമുന്നിലുള്ള സരസ്വതി ദേവി’ എന്നായിരിക്കും രൂപ രേവതി ഒറ്റ വാക്കിൽ പറയുന്ന മറുപടി. ചിത്രയുടെ പിറന്നാൾ ദിനത്തിൽ ‘പ്രിയപ്പെട്ട ചിത്ര ചേച്ചി’യെക്കുറിച്ചുള്ള തീരാ വിശേഷങ്ങളുമായി രൂപ രേവതി മനോരമ ഓൺലൈനിനൊപ്പം. 

അന്ന് ഞാൻ ചോദിച്ചു ‘ഏത് ചിത്ര’

2007–ൽ  ഞാൻ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. ഷോയുടെ ഏകദേശം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഒരു ദിവസം എനിക്കൊരു ഫോൺ കോൾ വന്നു. സംസാരിച്ചു തുടങ്ങിയപ്പോൾ മറുവശത്തു നിന്നും എന്നോടു പറഞ്ഞു ഞാൻ ചിത്രയാണ് സംസാരിക്കുന്നതെന്ന്. ചിത്ര ചേച്ചിയുടെ കോൾ യാതൊരു വിധത്തിലും പ്രതീക്ഷിക്കുന്നില്ലല്ലോ. അതുകൊണ്ടു തന്നെ ഞാൻ ചോദിച്ചു ഏത് ചിത്രയാണെന്ന്. അപ്പോൾ എന്നോടു പറഞ്ഞു, കെ.എസ്.ചിത്രയാണെന്ന്. ആ സമയത്ത് ഷോക്കടിച്ച് ബോധം പോയി നിലത്തു വീണ അവസ്ഥയിലായിരുന്നു ഞാൻ. അന്ന് ചേച്ചി എന്നോടു കുറേ സംസാരിച്ചു. റിയാലിറ്റി ഷോയിൽ ഞാൻ പാടുന്നത് കാണാറുണ്ടെന്നും പാട്ട് വളരെ ഇഷ്ടമാണെന്നു പറഞ്ഞു. പാട്ടിലുണ്ടാകുന്ന തെറ്റുകൾ സ്നേഹത്തോടെ പറഞ്ഞു തിരുത്തിത്തന്നു. അങ്ങനെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം. റിയാലിറ്റി ഷോയുടെ അവസാനഘട്ടം എത്തിയപ്പോൾ ഞാൻ പാടാനുദ്ദേശിച്ച പാട്ട് പരിചയപ്പെടുത്തി ചേച്ചിയ്ക്ക് ഒരു മെസേജ് അയച്ചു. സ്റ്റേജിൽ കയറുന്നതിനു മുൻപ് ചേച്ചിയെ പാടിക്കേൾപ്പിച്ച് തെറ്റുകൾ തിരുത്തണമെന്ന ആഗ്രഹം അറിയിക്കുകയും ചെയ്തു. അന്ന് ഫോണിലൂടെ ചേച്ചി എനിക്ക് കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു. 

എന്റെ കവിളിൽ ചുംബിച്ച സ്നേഹവായ്പ്

റിയാലിറ്റി ഷോയുടെ അവസാന ദിനം ചിത്ര ചേച്ചിയ്ക്ക് ഒരു പാട്ടിന്റെ റെക്കോർഡിങ് ഉണ്ടായിരുന്നു. ഫൈനൽസിന്റെ കാര്യമോർത്ത് ടെൻഷൻ ആകുന്നു എന്നും ഒഴിവാക്കാൻ പറ്റാത്ത റെക്കോർഡിങ് ആയതു കൊണ്ടു മാത്രമാണ് പോകുന്നതെന്നും നന്നായി പാടണമെന്നും പറ‍ഞ്ഞ് എല്ലാ പ്രേത്സാഹനവും നൽകി ചേച്ചി അന്നെനിയ്ക്കു മെസേജ് അയച്ചു. ആ ഷോയിൽ ഞാനായിരുന്നു വിജയി. അതിനു ശേഷം ഞാൻ ചിത്ര ചേച്ചിയെ കാണാനായി ചെന്നൈയിൽ പോയി. അന്ന് ചേച്ചി തിരുപ്പതി ഭഗവാന്റെ ഒരു രൂപം എനിക്കു സമ്മാനമായി നൽകുകയും കവിളിൽ ഉമ്മ വയ്ക്കുകയും ചെയ്തു. ആ അമൂല്യ അനുഭവത്തെക്കുറിച്ച് ഞാൻ പലപ്പോഴും പൊതു വേദികളിൽ പറയാറുണ്ട്. ഒരു അമ്മ എങ്ങനെയാണോ മക്കൾക്കു സ്നേഹോപദേശം നൽകുന്നത് അതു പോലെയാണ് ചേച്ചി. മറ്റുള്ളവരിൽ നിന്നും ചേച്ചിയെ വ്യത്യസ്തയാക്കുന്നതും ‌ആ പ്രത്യേകത തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. 

അന്ന് ഞാൻ ഒപ്പം ചേർന്നു

പഠനത്തിനായി ചെന്നൈയിലേക്കു പോയതിനു ശേഷം ഞാൻ സംഗീതത്തിൽ നിന്നും അൽപം മാറി നിന്നു. പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അത്. ആയിടയ്ക്ക് എനിക്ക് ചിത്ര ചേച്ചിയുടെ മെസേജുകൾ വരുമായിരുന്നു. പാട്ട് തുടരണമെന്നും സിനിമയിൽ പാടണമെന്നുമൊക്കെ ചേച്ചി എന്നോടു പതിവായി പറഞ്ഞു. ഒരിക്കൽ ബഹ്റൈനിൽ വച്ച് ജോൺസൺ മാഷിന്റെ ഒരു അനുസ്മരണ പരിപാടിയ്ക്കായി ചിത്ര ചേച്ചി എത്തിയപ്പോൾ ‍ഞാൻ ചേച്ചിയെ അവിടെ പോയി കണ്ടു. അന്നു കണ്ടപ്പോഴും എന്താണു പാടാത്തത് എന്നു ചോദിച്ച് സ്നേഹത്തോടെ ശാസിക്കുകയും ചെയ്തു. പിന്നീട് ചേച്ചിയ്ക്കൊപ്പം ചേരാൻ എന്നെ ക്ഷണിച്ചു. ചേച്ചിയുടെ ഭർത്താവ് വിജയൻ ചേട്ടനാണ് ചേച്ചിയ്ക്കൊപ്പം പാടാൻ എന്നെ ആദ്യമായി വിളിച്ചത്. അങ്ങനെ ഞാൻ പാടിത്തുടങ്ങി. 

ചേച്ചിയുടെ പാട്ടും എന്റെ വയലിനും

ചിത്ര ചേച്ചിയ്ക്കൊപ്പമുള്ള സംഗീതപരിപാടികൾക്കിടയിൽ എപ്പോഴും എന്റെ വയലിൻ അവതരണവും ഉണ്ടാകും. അത് ചേച്ചി പ്രത്യേകം പറഞ്ഞു ചെയ്യിപ്പിക്കുന്നതാണ്. ഞാൻ വേണ്ട എന്നു പറഞ്ഞാലും ചേച്ചി സമ്മതിയ്ക്കില്ല. എന്നെ വയലിനിസ്റ്റ് എന്ന നിലയിൽ പലയിടങ്ങളിലും പലരും തിരിച്ചറിഞ്ഞതു തന്നെ ചിത്ര ചേച്ചിയുടെ സംഗീത പരിപാടികളിലൂടെയാണ്. ഞാൻ വയലിൻ പരിശീലിക്കുന്നന്നതിനിടയിൽ ചേച്ചിയും ഒപ്പം വന്നിരുന്ന് വായിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ചിത്രങ്ങളൊക്കെ ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. 

വേദിയിലെ അദ്ഭുത ഗായിക

വേദികൾ പങ്കിടുമ്പോൾ ഞാൻ ഇടയ്ക്ക് ചിത്ര ചേച്ചിയുടെ മുഖത്തു നോക്കി നിൽക്കും. ഓരോ വരിയും പാടുമ്പോഴുള്ള ഭാവം അറിയാതെ കണ്ടു നിന്നു പോകും. ചേച്ചി ‘കാർമുകിൽ വർണന്റെ ചുണ്ടിൽ’ എന്ന ഗാനം പാടുമ്പോൾ ഇപ്പോഴും കണ്ണു നിറയും. പാട്ടിലുള്ള ആ സങ്കടഭാവം ചേച്ചി ആലാപനത്തിനിടയിൽ പ്രകടിപ്പിക്കും. അതു കേട്ട് ഒടുവിൽ പ്രേക്ഷകരിൽ പലരും കരയുന്നതു ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. ചിത്ര ചേച്ചിയുടെ ഏറ്റവും വലിയ പ്രത്യേകതയായി എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. ചേച്ചിയുടെ വേദികളിൽ ഒപ്പമുള്ള ഓരോ ആളെയും ചേച്ചി വേദിയിൽ വച്ചു പറഞ്ഞു പരിചയപ്പെടുത്തും. പരിപാടി കാണാന്‍ വരുന്ന എല്ലാവരും മടങ്ങുമ്പോൾ ഓർക്കസ്ട്ര ടീം അംഗങ്ങളെയെല്ലാം പരിചതമായിട്ടുണ്ടാകും. അത് മറ്റാരും ചെയ്യാത്ത ഒരു കാര്യമാണ്. ഒപ്പമുള്ളവർക്ക് ചിത്ര ചേച്ചി നൽകുന്ന അംഗീകാരവും സ്നേഹവുമാണത്. 

ലാളിത്യത്തിന്റെ അങ്ങേയറ്റം

വളരെയധികം സ്നേഹവും കരുതലുമുള്ളയാളാണ് ചിത്ര ചേച്ചി. എപ്പോഴും ഒരു അമ്മയുടെ സ്നേഹമാണ് ചേച്ചിയ്ക്ക്. ചേച്ചിയുടെ കൂടെ ഞാൻ ആദ്യമായി പരിപാടിയ്ക്കു പോയത് ഓസ്ട്രേലിയയിൽ ആണ്. ചേച്ചി ഇതിഹാസ ഗായികയായതിനാൽ തന്നെ എവിടെ പോയാലും ചേച്ചിയ്ക്കു വേണ്ടി ഒരു പ്രത്യേക ഗ്രീൻ റൂം സജ്ജമാക്കിയിട്ടുണ്ടാകും. എന്റെ ഗുരുസ്ഥാനത്തുള്ളയാൾക്കൊപ്പം ഞാൻ എങ്ങനെയിരിക്കും എന്നുള്ള ചിന്തയിൽ അന്നു ഞാൻ അവിടെ നിന്നു മാറി പുറത്തു പോയിരുന്നു. അപ്പോഴേയ്ക്കും ചേച്ചി വന്ന് എന്നെ വിളിച്ചിട്ട് എന്താണ് മാറിയിരിക്കുന്നത് എന്നു ചോദിച്ച് വേദനിപ്പിക്കാതെ സ്നേഹത്തോടെ കയ്യിൽ ചെറുതായി അടിച്ചു. എന്നിട്ട് എന്നെ കൂട്ടിക്കൊണ്ടു പോയി. രണ്ടു ദിവസം കഴിഞ്ഞ് ചിത്ര ചേച്ചി എന്നോടു ചോദിച്ചു. അന്നു തല്ലിയതു കൊണ്ട് എനിക്ക് ചേച്ചിയോടു ദേഷ്യമുണ്ടോ എന്ന്. അതു കേട്ടപ്പോൾ ‍ഞാൻ ഞെട്ടി. കാരണം, ചേച്ചിയുടെ കൈ എന്റെ ദേഹത്തു സ്പർശിക്കുക എന്നതു തന്നെ വലിയ ഭാഗ്യമായാണു ഞാൻ കാണുന്നത്. ആ ഒരൊറ്റ സംഭവത്തിലൂടെ മനസ്സിലാകും ചിത്ര ചേച്ചി എന്ന വ്യക്തി എത്രത്തോളം ലാളിത്യമുള്ള ആളാണെന്ന്. 

‘നോ’ പറയാത്ത ചിത്ര ചേച്ചി

സംഗീത പരിപാടികൾക്കു പോകുമ്പോൾ കലാകാരന്മാർക്കൊപ്പം ഫോട്ടോ എടുക്കാൻ ഒരുപാട് പേർ വരും. എല്ലാ കലാകാരന്മാരും നേരിടുന്ന കാര്യമാണത്. മണിക്കൂറുകളോളം വേദിയിൽ പരിപാടിയവതരിപ്പിച്ചതിനു ശേഷം അവർ ക്ഷീണിതരായിട്ടുണ്ടാകാം. അവരുടെ പ്രായവും ആരോഗ്യസ്ഥിതിയുമെല്ലാം ഫോട്ടോയെടുക്കാൻ വരുന്നവർ പരിഗണിക്കണം. പ്രമുഖരോട് ആരാധനയും സ്നേഹവും ഉള്ളതു കൊണ്ടാണ് എവിടെപ്പോയാലും കാണികൾ ഫോട്ടോയ്ക്കായി തിരക്കു കൂട്ടുന്നത്. എത്ര മടുപ്പു തോന്നിയാലും അതൊന്നും പുറത്തു കാണിക്കാതെ വരുന്നവരുടെയൊക്കെ കൂടെ ചിത്ര ചേച്ചി ഫോട്ടോയ്ക്കു പോസ് ചെയ്യും. ആരോടും നോ പറയാതെ എപ്പോഴും ചിരിച്ച മുഖത്തോടെയിരിക്കും ചേച്ചി. ഉള്ളിൽ എത്ര വിഷമം ഉണ്ടെങ്കിലും അത് പുറത്തു കാണിക്കാതിരിക്കണമെന്ന് ചേച്ചി ഇടയ്ക്കിടയ്ക്കു ‍ഞങ്ങളോടു പറയാറുമുണ്ട്. 

സ്നേഹം മാത്രമായ ചേച്ചി

വിദേശ പരിപാടകൾക്കു പോകുമ്പോഴൊക്കെ ഫ്ലൈറ്റിൽ ഞാൻ എപ്പോഴും ചിത്ര ചേച്ചിയുടെ അടുത്താണ് ഇരിക്കുക. പലപ്പോഴും ഞാൻ ഒരു കാര്യം ശ്രദ്ധിക്കാറുണ്ട്. ചിത്ര ചേച്ചി ഫോർവേർഡ് മെസേജുകൾ ഒന്നും കളയില്ല. ചേച്ചിയ്ക്കു വരുന്ന ഓരോ ഗുഡ്മോണിങ് മെസേജുകൾക്കു പോലും മറുപടി നൽകും. നമ്മളൊക്കെ അത്തരം മെസേജുകൾ ഡിലീറ്റ് ചെയ്യുകയല്ലേ പതിവ്. എന്നാൽ ചേച്ചി എല്ലാ മെസേജുകളും വായിക്കും, മെയിലുകൾക്ക് മറുപടി അയക്കും. ഞാൻ ചേച്ചിയോടു ചോദിച്ചിട്ടുണ്ട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്. അപ്പോൾ എന്നോടു പറയും മോളെ അവർ സങ്കടം പറഞ്ഞല്ലേ അയക്കുന്നതെന്ന്.  

ഞാൻ ഇപ്പോഴും സ്വപ്ന ലോകത്താണ്

ദിവസങ്ങൾ നീണ്ട സംഗീതപരിപാടികൾക്കു പോകുമ്പോൾ വീടുകളെടുത്തു താമസിക്കുക പതിവാണ്. ഞാൻ മിക്കപ്പോഴും ചേച്ചിയ്ക്കൊപ്പമാണ് കഴിയുക. ചേച്ചി എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് പാട്ട് പരിശീലനം നടത്തും. അടുത്തിരുന്ന് ഞാനതു കേൾക്കും. അതിനു ശേഷം ചേച്ചി എന്നെക്കൊണ്ടു പാടിപ്പിക്കും. അങ്ങനെയൊക്കെ ചെയ്യുമ്പോഴും ഞാൻ ആലോചിയ്ക്കും ദൈവമേ ഞാൻ സ്വപ്നം കാണുകയാണോ എന്ന്. ഇപ്പോഴും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ഞാൻ ചിത്ര ചേച്ചിയ്ക്കൊപ്പം സ‍ഞ്ചരിക്കുന്നത്. എത്രയേറെ അടുപ്പമുണ്ടെങ്കിലും ഇപ്പോഴും ഞാൻ അനാവശ്യമായി ഫോൺ വിളിക്കുകയോ മെസേജുകൾ അയക്കുകയോ ചെയ്യാറില്ല. അപ്പോൾ ചേച്ചി ഇടയ്ക്ക് മറന്നോ എന്ന് എന്നോടു ചോദിക്കും. ഒരിക്കലുമങ്ങനെയല്ല, ചേച്ചിയെ വിളിച്ച് ഇടയ്ക്കിടെ ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി മാറി നിൽക്കുന്നതാണ്. യഥാർഥത്തിൽ നമ്മൾ എല്ലാവരും കണ്ടു പഠിക്കേണ്ട ഒരു പാഠപുസ്തകമാണ് ചിത്ര ചേച്ചി. കൺമുന്നിൽ കാണുന്ന സരസ്വതി ദേവി. ഭൂമിയിൽ ഇനി അങ്ങനെയൊരു ജന്മം വേറെയുണ്ടാകുമോ എന്ന കാര്യം സംശയമാണ്.  

English Summary: Interview with violinist Roopa Revathi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN K S CHITHRA BIRTHDAY SPECIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA