ഇളയരാജയുടെ വാക്കുകൾ സത്യമായി; പരീക്ഷ വേണ്ടെന്നു വച്ച് ചിത്ര പാടിയ പാട്ട് ചരിത്രം

ilayaraja-k-s-chithra
SHARE

തുടർച്ചയായി പതിനൊന്നു വർഷം സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുക. ഒരു ഗായികയ്ക്കു മലയാള സിനിമാസംഗീത ലോകത്തുള്ള സ്ഥാനം മനസിലാക്കണമെങ്കിൽ ഇൗ ബഹുമതി ഒന്നു മാത്രം മതി. അതാണ് കെ.എസ്. ചിത്ര എന്ന അനുഗ്രഹീത ഗായിക മലയാളികളുടെ പ്രിയപ്പെട്ട ഗായികയാകുവാനുള്ള കാരണവും. ചിത്രയെ സംബന്ധിച്ചു അവാർഡുകൾ പുത്തരിയില്ല. 2005ൽ പത്മശ്രീ, ദേശീയ അവാർഡുകൾ ആറെണ്ണം, സംസ്ഥാന ചലച്ചിത്ര അവാർഡ് ആകെ 15, ആന്ധ്ര സർക്കാരിന്റെ വക 6 അവാർഡ്, കർണാടക സംസ്ഥാനത്തിന്റെ നാലെണ്ണം, തമിഴ്നാട്, ഒറീസ സർക്കാരുകളുടെ അവാർഡുകൾ..., ഇതിനെല്ലാം പുറമേ എണ്ണിയാലൊടുങ്ങാത്ത അത്ര അവാർഡുകൾ വേറെയും. ഫിലിഫെയർ, സ്ക്രീൻ, ടെലിവിഷൻ കമ്പനികളുടെയും സാമൂഹികസംഘടനകളുടെയും അവാർഡുകൾ അങ്ങനെയങ്ങനെ. പക്ഷേ, ഇത്രയും അവാർഡുകൾ കിട്ടിയിട്ടും അവാർഡുകളോടുള്ള ചിത്രയുടെ മോഹം ഇനിയും അവസാനിച്ചിട്ടില്ല. ചിത്രയ്ക്ക് അവാർഡുകൾ ഇനിയും എത്ര കിട്ടുവാനിരിക്കുന്നു. ‘‘എനിക്ക് അവാർഡുകളിലുള്ള ക്രെയ്സ് ഇപ്പോഴും പോയിട്ടില്ല. ആദ്യത്തെ അവാർഡ് കിട്ടുന്ന പോലെയാണ് ഒരോ അവാർഡുകൾ കിട്ടുമ്പോഴും എനിക്ക് അനുഭവപ്പെടുക-ചിത്ര ഒരിക്കൽ പറഞ്ഞു.

സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ വളരെ പ്രശസ്തമായ ‘പാടറിയേൻ, പഠിപ്പറിയേൻ എന്ന ഗാനത്തിനാണ് ചിത്രയ്ക്ക് ആദ്യമായി ദേശീയ അവാർഡ് കിട്ടുന്നത്. ഇളയരാജയായിരുന്നു ഇൗ ചിത്രത്തിന്റെ സംഗീതസംവിധായകൻ. ഇൗ പാട്ടു പാടാൻ ഇളയരാജയുടെ ക്ഷണം കിട്ടുമ്പോൾ ചിത്രയുടെ യൂണിവേഴ്സിറ്റി പരീക്ഷകൾ നടക്കുകയാണ്. പാട്ടുപാടാൻ പോയാൽ പരീക്ഷയെഴുതാനാവില്ല. പരീക്ഷ വേണോ പാട്ടുവേണോ എന്ന ആശയക്കുഴപ്പത്തിലായി ചിത്ര.

‘‘പരീക്ഷയൊക്കെ ഇനിയും എഴുതാനാവും. പക്ഷേ, അതിലും എത്രയോ വലിയ നേട്ടമാണ് ഇൗ പാട്ടിലൂടെ നിനക്കു കിട്ടാൻ പോകുന്നത്.- ഇളയരാജയുടെ ഇൗ വാക്കുകൾ കേട്ട ആത്മവിശ്വാസവുമായി പരീക്ഷ മാറ്റിവച്ചാണ് ചിത്ര പാടാൻ പോയത്. ഇളയരാജയുടെ പ്രവചനം യാഥാർഥ്യമായി. ആ ഗാനത്തിലൂടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഗായികയായി ചിത്ര മാറി. ദേശീയ അവാർഡ് വാർത്ത ആരോ പറഞ്ഞറിയുമ്പോൾ റസൽഖൈമയിൽ യേശുദാസിനൊപ്പം ഒരു ഗാനമേളയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു ചിത്ര. അവാർഡ് വിവരം മൈക്കിലൂടെ യേശുദാസ് പരസ്യമായി പ്രഖ്യാപിച്ചു. സന്തോഷം കൊണ്ട് ചിത്ര കരഞ്ഞു’’.

English Summary: Turning point of K S Chithra's music life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN K S CHITHRA BIRTHDAY SPECIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA