പാട്ട് കേട്ട് അച്ഛൻ ചോദിച്ചു, ആരാ എഴുതിയത്? പെൺറാപ്പ് അനുഭവം പറഞ്ഞ് ഇന്ദുലേഖ വാര്യർ

indulekhawarrier-jayaraj
SHARE

'പെണ്ണു നിന്റെ അടിമയല്ല, 

പെണ്ണിനാരും താങ്ങ് വേണ്ട, 

പെണ്ണ് നിന്നുറഞ്ഞു പാടും

പെണ്ണിൻ നാവ് നീളെ വാഴും'

ചാട്ടുളി പോലെ തറയ്ക്കുന്ന വാക്കുകൾ കൊരുത്ത്, അതിനൊത്ത താളം പിടിച്ച്, മലയാളികൾക്കു മുൻപിൽ ഒരു കസേര വലിച്ചിട്ടിരുന്ന് ഗായിക ഇന്ദുലേഖ വാര്യർ നടത്തിയ പാട്ടും പറച്ചിലും ഒരു കൺതുറക്കലായിരുന്നു. കുറിക്കു കൊള്ളുന്ന വാക്കുകൾ കൊണ്ട് ഇന്ദുലേഖ ഒരുക്കിയ പെൺറാപ്പിലെ ഒരോ വരികളും പലരുടെയും സ്റ്റാറ്റസുകളായി. 'ഹാ... ഇതെന്നെക്കുറിച്ചല്ലേ... ഇതെന്റെയും അനുഭവമല്ലേ', എന്നാവേശപ്പെട്ട് ആ വരികളത്രയും അവർ ചേർത്തു പിടിച്ചു. എന്നാൽ, ഈ ആഘോഷക്കടലിന്റെ ഫ്ലാഷ്ബാക്കിൽ മറ്റൊരു ചിത്രമുണ്ടെന്ന് പറയുകയാണ് ഗായിക ഇന്ദുലേഖ വാര്യർ. റാപ്പ് ചെയ്യാനുള്ള ആത്മവിശ്വാസമില്ലാത എഴുതിവച്ച വരികളൊക്കെ കെട്ടിപ്പൂട്ടി, സാധാരണ പാട്ടും പരിശീലനവുമായി ഇരുന്ന കുറെയേറെ ദിവസങ്ങൾ. സമൂഹമാധ്യമങ്ങൾ ആഘോഷിച്ച പെൺറാപ്പിനു പിന്നിലെ അറിയാക്കഥകൾ മനോരമ ഓൺലൈനിൽ പങ്കുവയ്ക്കുകയാണ് ഇന്ദുലേഖ വാര്യർ. 

റാപ്പോ, ഞാനോ?

അച്ഛൻ (ജയരാജ് വാര്യർ) എന്നെ പ്ലസ്ടു വരെ പഠിപ്പിച്ചത് മലയാളം മീഡിയത്തിലാണ്. അത്യാവശ്യം വായനയൊക്കെ ഉണ്ടെങ്കിലും തമാശയ്ക്ക് പോലും എന്തെങ്കിലും ഞാൻ എഴുതിയിട്ടില്ല. അങ്ങനെയൊരു കഴിവുണ്ടെന്ന് ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല. വിവാഹം കഴിഞ്ഞു ചെന്നൈയിൽ എത്തിയപ്പോൾ ഭർത്താവ് ആനന്ദ് ചോദിച്ചു, റാപ്പ് ചെയ്തൂടെ എന്ന്! ഈ ചോദ്യം ഇതിനു മുൻപും കേട്ടിട്ടുണ്ട്. പക്ഷേ, റാപ്പോ, ഞാനോ? എന്ന മട്ടായിരുന്നു എനിക്ക്. എന്നിലൊരു എഴുത്തുകാരിയുണ്ടെന്ന് ഞാൻ പോലും തിരിച്ചറിഞ്ഞിട്ടില്ല. അതിനിടയിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ ശക്തമായി. വീണ്ടും റാപ്പിനെക്കുറിച്ചായി ചിന്ത. അങ്ങനെ ഞാനെഴുതി. മനസിലൊരു താളമുണ്ടായിരുന്നു. അതിന് അനുസരിച്ചാണ് എഴുതിയത്. രണ്ടു ദിവസം കൊണ്ട് എഴുതി തീർത്തു. ആനന്ദിനെയും കസിൻ ഗോവിന്ദിനേയും പാടി കേൾപ്പിച്ചപ്പോൾ അവർക്ക് ഇഷ്ടമായി. പക്ഷേ, എന്തോ എനിക്ക് ആത്മവിശ്വാസം വന്നില്ല. അതുകൊണ്ട് ഞാൻ അത് തൽക്കാലം പെട്ടിയിൽ വച്ചു പൂട്ടി. 

ഇത് ടെസ്റ്റ് ഡോസ്

കുറെ നാൾ കഴിഞ്ഞ്, എന്തോ ഒരു തോന്നലിന്റെ ധൈര്യത്തിൽ ചെറിയൊരു വിഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ ഇട്ടതാണ് ഹിറ്റായത്. ആളുകളുടെ പ്രതികരണം അറിയാൻ ഒരു ടെസ്റ്റ് ഡോസ് പോലെ ചെയ്തതാണ്. അതിനു ലഭിച്ച പ്രതികരണം ഞെട്ടിച്ചു. ഞാൻ പാടിയ ഒരു പാട്ടിന് ഇത്രയേറെ അഭിനന്ദനം ഇതിനു മുൻപ് ലഭിച്ചിട്ടില്ല. ഒരുപാട് പേർ എന്റെ വിഡിയോ പങ്കുവച്ചു. അതിൽ സാധാരണക്കാരും സെലിബ്രിറ്റികളുമുണ്ടായിരുന്നു. ആരോടും പ്രത്യേകം ആവശ്യപ്പെട്ടിട്ടല്ല അവർ അത് ഷെയർ ചെയ്തത്. അതുകൊണ്ട്, ഓരോ ഷെയറും എനിക്ക് സ്പെഷലാണ്. ഇപ്പോൾ മുഴുവൻ വരികളും വിഡിയോ എടുത്തിട്ടില്ല. അധികം വൈകാതെ പെൺറാപ്പിന്റെ ഫുൾ ട്രാക്ക് പുറത്തിറക്കും. 

സമൂഹത്തോട് പറയേണ്ടതു തന്നെ

പാട്ട് കേട്ട് ഓരോരുത്തരും ഓരോ വരികളാണ് എനിക്ക് അയച്ചത്. അവർക്ക് ആ വരി ഇഷ്ടപ്പെട്ടു, ഈ വരി ഫീൽ ചെയ്തു... എന്നു പറഞ്ഞാണ് എനിക്ക് അയയ്ക്കുന്നത്. ഓരോരുത്തരെയും പ്രതിനിധീകരിക്കാൻ ചെറുതായിട്ടെങ്കിലും എനിക്ക് കഴിഞ്ഞെന്നു തോന്നുന്നു. എപ്പോഴെങ്കിലും സമൂഹത്തോടു പറയണമെന്നു തോന്നിയിട്ടുള്ള കാര്യങ്ങൾ മാത്രമേ ഞാൻ അതിൽ പറഞ്ഞിട്ടുള്ളൂ. ഒരു വരിയിൽ ഞാൻ അനുഭവിച്ച കാര്യമാണെങ്കിൽ അടുത്ത വരിയിൽ എന്റെ അമ്മയ്ക്ക് എന്താണോ പറയാനുള്ളത്, അതാണ് എഴുതിയത്. ഞാൻ നേരിട്ട് അനുഭവിച്ചതോ, അല്ലെങ്കിൽ എന്റെ സുഹൃത്തുക്കൾക്കോ പരിചയക്കാർക്കോ നേരിടേണ്ടി വന്നിട്ടുള്ളതോ ആയ കാര്യങ്ങളാണ് ഞാൻ പെൺറാപ്പിൽ പറഞ്ഞത്. 

അച്ഛനും അമ്മയും ഞെട്ടി

പാട്ട് സെറ്റായപ്പോൾ ഞാൻ അച്ഛനെയും അമ്മയെയും വിളിച്ച് പാടി കേൾപ്പിച്ചു. അവർ ശരിക്കും ഞെട്ടി. ആരാ ഇതെഴുതിയത് എന്നായിരുന്നു അച്ഛന്റെ ചോദ്യം. ആൾക്ക് വിശ്വാസം വരുന്നുണ്ടായിരുന്നില്ല. ഈ കുട്ടി ഇതെവിടെ നിന്നാണ് ഇതൊക്കെ എഴുതിയത് എന്നൊരു ഞെട്ടൽ. അതു സ്വാഭാവികമാണ്. കാരണം, അച്ഛൻ നന്നായി എഴുതും. നിമിഷങ്ങൾക്കുള്ളിൽ വരികളെഴുതി കൊടുക്കുന്നതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, എനിക്ക് അങ്ങനെ ഒരു ടാലന്റ് ഉണ്ടെന്ന് അറിയില്ലായിരുന്നു. സോഷ്യൽ മീഡിയയിൽ ഒരുപാടു പേർ പങ്കുവയ്ക്കുന്നത് കണ്ടപ്പോൾ അച്ഛന് സന്തോഷമായി. നാലാള് ഇവളുടെ എഴുത്ത് ഇഷ്ടപ്പെടുന്നുണ്ടല്ലോ എന്നതിന്റെ സന്തോഷം. 

വിത്തിട്ടത് അച്ഛന്റെ ഗുരു

'ഇന്ദൂ, നിനക്ക് റാപ്പ് ചെയ്തൂടേ,' എന്ന ചോദ്യം ആദ്യം ഉന്നയിക്കുന്നത് അച്ഛന്റെ ഗുരുവായ ജയപ്രകാശ് കുളൂർ ആണ്. നാലഞ്ചു വർഷം മുൻപാണ് അത്. ഞാൻ കുളൂർ മാമൻ എന്നാണ് അദ്ദേഹത്തെ വിളിക്കുക. അദ്ദേഹം പറഞ്ഞു, റാപ്പ് നല്ലൊരു ജോണർ ആണ്. മലയാളത്തിൽ റാപ്പ് ചെയ്യുന്ന പെൺകുട്ടികളെ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല. അതൊന്നു ട്രൈ ചെയ്തു നോക്കൂ എന്ന്! യുവാക്കൾക്ക് സമൂഹത്തോട് ചിലതൊക്കെ പറയാനില്ലേ, അതിനു പറ്റിയ മാധ്യമം റാപ്പ് ആണെന്ന് അദ്ദേഹം പറഞ്ഞു. കുളൂർ മാമൻ അങ്ങനെ പറഞ്ഞെങ്കിലും എനിക്ക് എഴുതാൻ പറ്റുമെന്ന വിശ്വാസമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോൾ ആലോചിക്കുമ്പോൾ എന്റെ മനസിൽ ഈ ആശയത്തിന്റെ വിത്തിട്ടത് അദ്ദേഹം ആയിരുന്നെന്ന് ഞാൻ തിരിച്ചറിയുന്നു.

English Summary: Interview with Indulekha Warrier about Pennrap

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA