ADVERTISEMENT

പൊളിഞ്ഞു വീഴാറായ കുടിലിനു മുന്നിലിരുന്നു താളം മുറിയാതെ പാടി രാഹുൽഗാന്ധി എംപിയടക്കമുള്ളവരുടെ പ്രശംസ ഏറ്റുവാങ്ങിയ ഒരു കൗമാരക്കാരിയുണ്ട്. വയനാട് മാനന്തവാടി കോൺവെന്റ് കോളനിയിലെ പത്താം ക്ലാസുകാരി രേണുക. അധികമാരാലും ശ്രദ്ധിക്കപ്പെടാതെ പോയ കലാകാരി. അച്ഛൻ മണിയുടെ പാട്ട് കേട്ട് ചെറുതായിപ്പാടിത്തുടങ്ങിയതാണ് അവൾ. പക്ഷേ, പാട്ടിനേക്കാൾ പ്രിയം നൃത്തത്തോടായിരുന്നു. സാമ്പത്തിക പരാധീനതകൾ മൂലം ജീവിത താളം തെറ്റിയെങ്കിലും രേണുകയുടെ ചുവടുകളുടെ ശോഭ മങ്ങിയില്ല. അച്ഛനെക്കൊണ്ടു പാടിപ്പിക്കാൻ വന്ന സംഗീതസംവിധായകൻ, ‘രേണുക പാടുമോ’ എന്നു വെറുതെ ചോദിച്ച ചോദ്യത്തിന്റെ പുറത്താണ് ഈ ഗായികയെ പുറംലോകം അറിഞ്ഞു തുടങ്ങിയത്. ‘തങ്കത്തോണി’ പാടിയാണ് രേണുക ആദ്യം സമൂഹമാധ്യമലോകത്തെ ആകർഷിച്ചത്. പിന്നീട് പല ഗാനങ്ങളും കണ്ഠമിടറാതെ പാടി കയ്യടി നേടി. പാട്ട് കേട്ടിഷ്ടപ്പെട്ട സംവിധായകൻ മിഥുൻ മാനുവൽ തോമസ് തന്റെ അടുത്ത സിനിമയില്‍ പാടാൻ രേണുകയെ ക്ഷണിക്കുകയുമുണ്ടായി. അപ്രതീക്ഷിത നേട്ടത്തിന്റെ മധുരത്തെക്കുറിച്ച് വൈറൽ ഗായിക രേണുകയും അച്ഛൻ മണിയും മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു.

 

ഞാൻ വെറുതെ പാടിയതാണ്

 

ഞാൻ പാട്ട് പഠിച്ചിട്ടില്ല. ആദ്യം മുതൽ ഡാൻസിനോടായിരുന്നു താത്പര്യം. കുറച്ചു കാലം ഡാൻസ് പഠിച്ചിട്ടും ഉണ്ട്. അച്ഛൻ പാടുമ്പോൾ അതു കേട്ട് വെറുതെ പാടുമായിരുന്നു. സ്കൂളില്‍ ഡാൻസ് പരിപാടികളിൽ മാത്രമേ ഞാൻ പങ്കെടുത്തിരുന്നുള്ളു. അതിനാൽ തന്നെ എന്റെ പാട്ടിന്റെ വിഡിയോ വൈറലായതിനു ശേഷമാണ് ഞാൻ പാടും എന്ന കാര്യം എന്റെ അധ്യാപകരും കൂട്ടുകാരും ഉൾപ്പെടെ തിരിച്ചറിയുന്നത്. പാട്ട് കേട്ട് അവർ എല്ലാവരും വിളിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ചില അധ്യാപകർ വീട്ടിൽ വരികയും സമ്മാനങ്ങൾ നല്‍കുകയും ചെയ്തു. ഇത്രയധികം പിന്തുണയും പ്രോത്സാഹനവും ലഭിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്നു. മീനങ്ങാടി സ്വദേശി ജോർജ് കോര സർ ആണ് വിഡിയോ ഷൂട്ട്‌ ചെയ്തത്. പാട്ട് കേട്ട് ഇഷ്ടപ്പെട്ട സംവിധായകൻ മിഥുൻ മാനുവൽ തോമസ് സിനിമയിൽ പാടാനുള്ള അവസരവും വാഗ്ദാനം ചെയ്തു. ആ സന്തോഷത്തെക്കുറിച്ചു പറഞ്ഞറിയിക്കാനാവില്ല. 

 

ഇനിയും പഠിക്കണം, പാടണം 

 

പ്രശംസിക്കാൻ വിളിച്ചവരെല്ലാം ഇനിയും പാട്ട് പഠിക്കണമെന്നും വീണ്ടും പാടണമെന്നും ആവശ്യപ്പെട്ടു. ഇപ്പോൾ എല്ലാ ഞായറാഴ്ചകളിലും വയനാട് കുഴിനിലം സ്വദേശിയും സംഗീതാധ്യാപകനുമായ തോമസ് സർ വീട്ടിൽ വന്നു പാട്ട് പഠിപ്പിക്കുന്നുണ്ട്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ സറിനു വരാൻ പറ്റാത്ത സാഹചര്യമാണിപ്പോൾ. എങ്കിലും അച്ഛനെ ഫോണിൽ വിളിച്ച് എന്നെക്കൊണ്ടു പാടിപ്പിക്കണമെന്നും പരിശീലിപ്പിക്കണം എന്നുമൊക്കെ സർ പറഞ്ഞിട്ടുണ്ട്. 

 

‘മോളുടെ പാട്ട് ഞങ്ങളെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എത്തിച്ചു’

 

രേണുകയുടെ അച്ഛന്‍ മണി ഗായകനാണെങ്കിലും ജീവിതസാഹചര്യങ്ങൾ കാരണം പാട്ടുജീവിതം തുടരാനോ മികവു തെളിയിക്കാനോ സാധിച്ചില്ല. എട്ടു വർഷത്തോളമായി കാൽ തളർന്നിരിക്കുന്നതിനാൽ വീടു വിട്ട് അധികദൂരം പോകാനും കഴിയില്ല. ലോട്ടറി വിൽപന നടത്തിയാണ് ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നത്. ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആ വരുമാനവും നിലച്ചു. ഇല്ലായ്മകളുടെ നടുവിൽ നിന്നും മകൾ രേണുക പാടിയത് ലോകത്തിന്റെ വിവിധയിടങ്ങളിലിരുന്ന് നിരവധി പേർ കണ്ടാസ്വദിച്ചതിന്റെ സന്തോഷത്തിലാണ് മണി. മകളുടെ പാട്ടു വിഡിയോ വന്ന വഴികളെക്കുറിച്ച് മണി പറയുന്നതിങ്ങനെ:

 

‘ഞാൻ ഗായകൻ ആണെങ്കിലും ജീവിത സാഹചര്യങ്ങൾ കാരണം മുഖ്യധാരയിലേക്ക് എത്താൻ സാധിച്ചില്ല. സാമ്പത്തിക ക്ലേശങ്ങൾ അലട്ടുന്നതിനാൽ പാട്ടു പാടി ജീവിക്കുക എന്നത് പ്രയോഗികമായിരുന്നില്ല. ഓണാഘോഷത്തിനും മറ്റു ചില പരിപാടികൾക്കും പാടിയിട്ടുണ്ട്. പിന്നെ അധികം അവസരങ്ങളും ലഭിച്ചിട്ടില്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ പരിപാടികൾക്ക് പോകാനും പ്രയാസമാണ്. മോൾക്ക് പാട്ടിനേക്കാൾ ഇഷ്ട്ടം ഡാൻസ് ആയിരുന്നു. എങ്കിലും ഞാൻ കരോക്കെയിട്ടു പാടുമ്പോൾ അവളും അടുത്ത് വന്നിരിന്നു പാടുമായിരുന്നു. യഥാർത്ഥത്തിൽ എന്റെ ഏട്ടൻ കൃഷ്ണനിലൂടെയാണ് മോളുടെ പാട്ട് വൈറലായത്. ഏട്ടൻ തൊഴിലാളിയാണ്. ഒരിക്കൽ പണിയുടെ ഇടവേളയില്‍ പണിസ്ഥലത്തിരുന്ന് ഏട്ടൻ വെറുതെ ഒന്നു പാടി. അത് കൂടെയുണ്ടായിരുന്ന എല്ലാവർക്കും ഇഷ്ടമായി. അവർ പറഞ്ഞതു കേട്ട് ജോർജ് കോര സർ ഏട്ടനെക്കുറിച്ച് അറിയുകയും പാടാനായി വിളിക്കുകയും ചെയ്തു. ഏട്ടൻ പറഞ്ഞാണ് ഞാൻ പാടും എന്ന കാര്യം സർ അറിഞ്ഞത്. അങ്ങനെ അദ്ദേഹം എന്നെ വിളിച്ചു. സർ ഈണമിട്ടു തന്നതനുസരിച്ച് ഞാൻ പാടി.’

 

‘രണ്ടു ദിവസത്തിനു ശേഷം സർ വീട്ടിൽ വരികയും ഞങ്ങൾ പരിശീലനം ആരംഭിക്കുകയും ചെയ്തു. പാടുന്നതിനിടയിൽ സർ എന്നോടു മോൾ പാടുമോ എന്നു ചോദിച്ചു. അവൾ മോശമല്ലാത്ത രീതിയിൽ പാടുമെന്നു ഞാൻ പറഞ്ഞതു കേട്ട് അദ്ദേഹം മോളെ കൊണ്ടു പാടിപ്പിക്കുകയും വിഡിയോ എടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു. അതാണ് ഇപ്പോൾ ഇത്രയധികം ആളുകൾ കണ്ടത്. സർ അങ്ങനെയാണ്, ഞങ്ങളെപ്പോലെ മുഖ്യധാരയിലേക്ക് എത്താത്ത ഗായകരെ തിരഞ്ഞു കണ്ടുപിടിച്ച് പാടിപ്പിക്കും. യഥാർത്ഥത്തിൽ ഇരുട്ടിൽ നിന്നും വെളിച്ചത്തേയ്ക്കു വന്ന അവസ്ഥയിലാണ് ഞങ്ങൾ ഇപ്പോൾ. മോളുടെ പാട്ട് കണ്ടിഷ്ടപ്പെട്ട് ഒരുപാട് വിളിച്ചും നേരിൽ വന്നു കണ്ടും അഭിനന്ദനങ്ങൾ അറിയിച്ചു. മോൾക്കുള്ള പ്രോത്സാഹനമെന്ന നിലയിൽ പലരും സമ്മാനങ്ങൾ നൽകി. ‍വീട്ടിൽ ടിവി ഇല്ലായിരുന്നു. എന്റെ കയ്യിലെ ചെറിയൊരു മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു മക്കൾ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തുകൊണ്ടിരുന്നത്. ഇപ്പോൾ ‍‍ഞങ്ങൾക്ക് സുമനസ്സുകളുടെ സ്നേഹത്താൽ ഒരു ടിവി കിട്ടി. പിന്നെ വീട്ടിലേയ്ക്ക് ആവശ്യമായ മറ്റു ചില സാധനങ്ങളും ലഭിച്ചു. സഹായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും എല്ലാവരോടും നന്ദി പറയുകയാണ്,’ മണി പറഞ്ഞു.  

 

English Summary: Interview with viral singer Renuka

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com