ADVERTISEMENT

മണ്ണിനു മറക്കാനാകാത്ത ഈണങ്ങൾ പെയ്യിച്ച പ്രതിഭ ജോൺസൺ മാസ്റ്റർ വിടവാങ്ങിയിട്ട് ഇന്ന് ഒന്‍പത് വർഷങ്ങൾ തികയുകയാണ്. ഒരുകാലത്തും നികത്താനാകാത്ത നഷ്ടം സമ്മാനിച്ചാണ്  2011 ഓഗസ്റ്റ് 18ന് ജോൺസൺ ഈണങ്ങൾ നിലച്ചത്. പക്ഷേ അദ്ദേഹം കൊരുത്തുവച്ച ഈണങ്ങളെല്ലാം ഇപ്പോഴും പതിന്മടങ്ങ് ശോഭയോടെ നിലനിൽക്കുകയാണ്. സഹപ്രവർത്തകർക്കും പിൻഗാമികൾക്കും ആരാധകർക്കുമെല്ലാം ജോൺസൺ മാസ്റ്റർ ഇന്നും ഒരു അദ്ഭുതമാണ്. കാരണം ഒന്നു മാത്രം, ജോൺസൺ എന്ന മാന്ത്രികൻ സമ്മാനിച്ചത് അത്രമേൽ സുന്ദരമായ അനശ്വര ഗാനങ്ങളാണ്. ജോൺസൺ മാസ്റ്ററുമായി വളരെ അടുത്ത ബന്ധമായിരുന്നു സംഗീതസംവിധായകൻ എം.ജയചന്ദ്രന്. ആദ്യകൂടിക്കാഴ്ച മുതലുള്ള ഓരോ നിമിഷങ്ങളും അദ്ദേഹത്തിന്റെ ഓർമയിലുണ്ട്. ജോൺസൺ മാഷിന്റെ ചരമവാർഷികത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി എം.ജയചന്ദ്രൻ മനോരമ ഓൺലൈനിനൊപ്പം. 

 

കലാകാരന്മാരാൽ പൊതിഞ്ഞിരുന്ന ജോണ്‍സേട്ടൻ

 

ആദ്യ കാലങ്ങളിലൊക്കെ ഗായകനാകണം എന്നായിരുന്നു എന്റെ ആഗ്രഹം. പത്മരാജൻ സാറിന്റെ ‘ഞാൻ ഗന്ധർവ്വൻ’ എന്ന ചിത്രത്തിലെ ‘ദേവാംഗണങ്ങൾ’ എന്ന പാട്ടിന്റെ ട്രാക്ക് പാടാൻ അപ്രതീക്ഷിതമായി എനിക്ക് അവസരം ലഭിച്ചു. പത്മരാജൻ സറിന്റെ ഭാര്യ രാധമ്മായി (രാധ) എന്റെ അമ്മയുടെ കസിൻ ആണ്. അക്കാലത്ത് അമ്മായി വീട്ടിൽ വരുമായിരുന്നു. അപ്പോൾ അമ്മ എനിക്ക് പാട്ട് പാടാനുള്ള ആഗ്രഹത്തെക്കുറിച്ച് അമ്മായിയോടു പറയുമായിരുന്നു. അമ്മായി അത് പത്മരാജൻ അങ്കിളിനോടു പറഞ്ഞു. ഒരു ദിവസം രാധമ്മായി പത്മരാജൻ അങ്കിളിന്റെ  ‘ഞാൻ ഗന്ധർവ്വൻ’ എന്ന ചിത്രത്തെക്കുറിച്ചു പറയുകയും ട്രാക്ക് പാടാൻ മോനെയും കൊണ്ട് ചെന്നൈയിലേക്കു പോകാൻ പറ്റുമോ എന്നു ചോദിക്കുകയുമുണ്ടായി. കേട്ടപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. അങ്ങനെ ഞാനും അമ്മയും ചേർന്ന് ചെന്നൈയിലേക്കു പോയി. എന്റെ ആദ്യ ചെന്നൈ യാത്രയായിരുന്നു അത്. മീഡിയ ആർട്ടിസ്റ്റ് എന്ന സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിങ്. അകത്തേയ്ക്കു കയറിച്ചെന്നപ്പോൾ ഞാൻ കണ്ടത് വലിയ ഒരു ഓർക്കസ്ട്രയ്ക്കിടയിൽ ഹാർമോണിയവും പിടിച്ചിരിക്കുന്ന ജോൺസൻ എന്ന സംഗീതസംവിധായകനെയാണ്. അന്നാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടത്. ആ ഓർക്കസ്ട്ര ടീമിലെ കലാകാരന്മാരെല്ലാം ജോൺസേട്ടനെ പൊതിഞ്ഞു നിൽക്കുകയായിരുന്നു. അദ്ദേഹം അവർക്ക് നൊട്ടേഷൻസ് പറഞ്ഞുകൊടുക്കുന്നുണ്ട്. രാജാമണി ചേട്ടനായിരുന്നു അന്ന് ജോൺസേട്ടന്റെ കണ്ടക്ടർ. 

 

പപ്പേട്ടൻ പറഞ്ഞ ആൾ അല്ലേ?

 

ഞാൻ പാടാൻ വരുന്ന കാര്യം പത്മരാജൻ സർ ജോൺസേട്ടനോടു പറഞ്ഞിരുന്നു. അദ്ദേഹം എന്നെക്കണ്ടപ്പോൾ ഒന്നു തുറിച്ചു നോക്കിയിട്ട് പപ്പേട്ടൻ പറഞ്ഞ ആൾ അല്ലെ എന്ന് ചോദിച്ചു. ഉടനെ ഈണം പഠിപ്പിക്കാമെന്നു പറഞ്ഞു. ഏത് തരത്തിലുള്ള പാട്ടാണ് പാടാൻ തരുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ആകാംക്ഷയോടെ കാത്തിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ സംഗീത സംവിധായകർക്കായി സജ്ജമാക്കിയ മുറിയിലേക്കു ജോൺസേട്ടൻ എന്നെ കൂട്ടിക്കൊണ്ടു പോയി. അപ്പോൾ അവിടെ ഞാൻ പത്മരാജൻ സാറിനെയും ഭരതൻ സാറിനെയും കൈതപ്രം സാറിനെയും കണ്ടു. പത്മരാജൻ സാറിനെ മുൻപ് കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. മറ്റു രണ്ടുപേരെയും ആദ്യമായാണ് കണ്ടത്. ആ നിമിഷത്തെ കുറിച്ച് ഞാൻ ഇപ്പോഴും ചിന്തിക്കാറുണ്ട്. കാരണം മഹാരഥന്മാരായ ആ നാല് പേർക്കു മുന്നിൽ നിൽക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചല്ലോ. 

 

‘ഇവനിതു പറ്റുമോ’ എന്ന സംശയം

 

അന്ന് ജോൺസേട്ടൻ ‘ദേവാങ്കണങ്ങൾ’ എന്ന പാട്ടിന്റെ ഹമ്മിങ് എനിക്കു പാടിത്തന്നു. ഇടയ്ക്കിടയ്ക്ക് ഇവനിതൊക്കെ പറ്റുമോ എന്ന സംശയത്തോടെ അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. അദ്ദേഹം പാടി റെക്കോർഡ് ചെയ്ത് തന്നു. നന്നായി പഠിച്ച് പാടണം എന്ന് എന്നോടു പറഞ്ഞു. സിനിമയിൽ പാടിപ്പിക്കാം എന്ന് എന്നോടു പറഞ്ഞിരുന്നില്ല. പക്ഷേ നന്നായി പാടിയാൽ അതിനുള്ള അവസരം നൽകാമെന്ന് പത്മരാജൻ അങ്കിൾ അമ്മയോടു പറഞ്ഞിരുന്നു. അങ്ങനെ ഞാൻ പാടാൻ തയ്യാറെടുത്തിരിക്കുന്ന സമയത്താണ് ജോൺസേട്ടന്റെ ഭാര്യയുടെ പിതാവ് മരിച്ചു എന്ന വിവരം അറിയിച്ച് ഒരു ഫോൺ ഫോൺ കോൾ വന്നത്. പെട്ടെന്ന് ആ റെക്കോർഡിങ് ക്യാൻസൽ ചെയ്യുകയുണ്ടായി. അന്ന് പത്മരാജൻ അങ്കിൾ എന്നോടു പറഞ്ഞു സാരമില്ല ഇനി റെക്കോർഡിങ് വയ്ക്കുന്ന സമയത്ത് വന്നു പാടിയാൽ മതിയെന്ന്. അങ്ങനെ ഞാനും അമ്മയും തിരിച്ച് തിരുവനന്തപുരത്തെത്തി. അടുത്ത തവണ റെക്കോർഡിങ്ങിനു വിളിച്ച സമയത്ത് എനിക്ക് യൂണിവേഴ്സിറ്റി പരീക്ഷ ആയിരുന്നതിനാൽ പോകാൻ പറ്റിയില്ല. അങ്ങനെ ആ പാട്ട് എനിക്കു നഷ്ടമായി. പക്ഷേ പിന്നീട് ഓർത്തപ്പോൾ ആ നഷ്ടം സംഭവിച്ചത് നന്നായി എന്നു തോന്നി. കാരണം ആ ഗാനം പാടിയത് യേശുദാസ് സർ ആണല്ലോ. അദ്ദേഹത്തെപ്പോലെ ഒരിക്കലും എനിക്കത് പാടാൻ സാധിക്കില്ല. 

 

‘നീ അന്ന് പാടാൻ വന്ന പയ്യൻ അല്ലേ’?

 

ചെന്നൈയിൽ വച്ചുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഞാനും ജോൺസേട്ടനും തിരുവനന്തപുരത്തുവച്ച് വീണ്ടും കണ്ടു. തരംഗിണി സ്റ്റുഡിയോയിൽ കരുണാകരൻ എന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നു. ജോൺസേട്ടൻ സ്റ്റുഡിയോയിൽ വരുന്നുണ്ടെങ്കിൽ എന്നെ അറിയിക്കണമെന്ന് ഞാൻ കരുണാകരൻ ചേട്ടനോട് പറയുമായിരുന്നു. അദ്ദേഹത്തെ ഒരു പാട്ട് പാടി കേൾപ്പിക്കണം എന്ന ആഗ്രഹമായിരുന്നു എനിക്ക്. കാരണം അന്ന് ഞാൻ ദേവാങ്കണങ്ങൾ പാടിയത് ജോൺസേട്ടൻ കേട്ടിട്ടില്ല. ഒരു ദിവസം ജോൺസേട്ടൻ സ്റ്റുഡിയോയിൽ വന്നപ്പോൾ കരുണാകരൻ ചേട്ടൻ എന്നെ വിളിച്ചു. ഞാൻ പോയി. ജോൺസേട്ടൻ എന്നെക്കണ്ടപ്പോൾ തിരിച്ചറിഞ്ഞു. അന്ന് പാടാൻ വന്ന പയ്യൻ അല്ലേ എന്നു ചോദിച്ചു. അന്ന് ഞാൻ പാടുകയും അദ്ദേഹത്തിന് പാട്ട് ഇഷ്ടമാവുകയും ചെയ്തു. അന്ന് യേശുദാസ് സാറിന്റെ തരംഗിണിക്ക് പുതിയ ശബ്ദങ്ങൾ റെക്കോർഡ് ചെയ്തു സൂക്ഷിക്കുക എന്ന ഒരു പദ്ധതി ഉണ്ടായിരുന്നു. പിന്നീട് ആ ശബ്ദങ്ങളെ സിനിമകളിൽ ഉപയോഗിക്കുകയും ചെയ്തിരുന്നു. അങ്ങനെ എന്റെ ശബ്ദം എടുത്ത് സൂക്ഷിക്കണം എന്ന് ജോൺസേട്ടൻ കരുണാകരൻ ചേട്ടനോട് പറഞ്ഞു. അന്ന് ഞങ്ങൾ തമ്മിൽ കണ്ടു പിരിഞ്ഞു. 

 

‘നീ നടത്തിക്കോ ഞാൻ വരുന്നില്ല’ 

 

ദേവരാജൻ മാസ്റ്റർ മരിച്ചതിനു ശേഷം തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചു. അന്ന് പ്രമുഖരുൾപ്പെടെയുള്ളവരുടെ സഹകരണത്തോടെ രാവും പകലും ഓടി നടന്ന് ഞങ്ങൾ അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. അങ്ങനെ ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായ ജോൺസേട്ടനെ ഞാൻ വിളിക്കുകയും പ്രതിമ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു. ചടങ്ങിനു ശേഷം വൈകുന്നേരം ഗാനമേള നടത്താൻ തീരുമാനിച്ചിരുന്നു. അത് ജോൺസേട്ടൻ നയിക്കണം എന്നും ഞാൻ പറഞ്ഞു. അദ്ദേഹം വരാം എന്നു സമ്മതിച്ചു. അങ്ങനെ എല്ലാ കാര്യങ്ങളും ഒരുക്കി തലേ ദിവസം ഞാൻ ഒന്നും കൂടെ ജോൺസേട്ടനെ വിളിച്ച് ഇക്കാര്യം ഓർമിപ്പിച്ചു. അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു ചടങ്ങിൽ പങ്കെടുക്കാൻ വരില്ല എന്ന്. ചിലരുടെ മാത്രം അജണ്ട അനുസരിച്ച് കാര്യങ്ങൾ നടന്നാൽ ശരിയാകില്ല. അത്കൊണ്ട് നീ നടത്തിക്കോ ഞാൻ വരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടം തോന്നി. അന്ന് വേദിയിൽ വച്ചു ഞാൻ പറഞ്ഞു ജോൺസേട്ടൻ വരേണ്ടതായിരുന്നു എന്തുകൊണ്ടാണ് വരാത്തതെന്ന് എനിക്കറിയില്ല എന്ന്. അദ്ദേഹത്തിന്റെ സാന്നിധ്യം നമുക്ക് നഷ്ടമായി എന്നു ഞാൻ പറഞ്ഞു. പക്ഷേ, അന്ന് ഞാൻ ജോൺസേട്ടനെ കുറിച്ച് അല്പം മോശമായി സംസാരിച്ചു എന്ന് അദ്ദേഹത്തോട് ആരോ പറഞ്ഞു. അങ്ങനെ ജോൺസേട്ടന് എന്നോട് വലിയ ദേഷ്യം തോന്നി. ഞങ്ങൾ രണ്ടുപേർക്കും നേരിൽ ഒന്നും സംസാരിക്കാൻ പറ്റാത്ത വിധത്തിൽ ഒരു പിണക്കത്തിലേക്ക് കാര്യങ്ങൾ മാറി.

 

അന്ന് എന്നോടു പറഞ്ഞു ‘സാരമില്ലെടാ’

 

ഗിരീഷേട്ടന്റെ (ഗിരീഷ് പുത്തഞ്ചേരി) മരണ ശേഷം ഒരിക്കൽ അദ്ദേഹത്തിന്റെ ഓർമയ്ക്കായി ‘നീലാംബരി’ എന്ന ഒരു പരിപാടി കോഴിക്കോട് സംഘടിപ്പിക്കപ്പെട്ടു. അതിൽ പങ്കെടുക്കാൻ ഞാനും ജോൺസേട്ടനും ഉണ്ടായിരുന്നു. അന്ന് ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും അദ്ദേഹം അവിടെ നിന്ന് ഒഴിഞ്ഞു മാറി. ഒരു തെറ്റിദ്ധാരണയുടെ പേരിലുണ്ടായ പിണക്കം മാറ്റണമെന്ന് എനിക്കാഗ്രഹം തോന്നി. അങ്ങനെ ഞാൻ പോയി എനിക്ക് ഒന്നു സംസാരിക്കണം എന്ന് പറഞ്ഞു. ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് അദ്ദേഹം സംസാരിക്കാൻ തയ്യാറായി. സ്നേഹപൂർവ്വം ഞാൻ അദ്ദേഹത്തിന്റെ കൈ പിടിച്ചു. ഞാൻ വളരെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാൾ ആണ് ജോൺസേട്ടൻ എന്നും അന്ന് അവിടെ വരാത്തതിന്റെ വിഷമം മാത്രമാണു പ്രകടിപ്പിച്ചതെന്നും അല്ലാതെ മോശമായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല എന്നും അദ്ദേഹത്തെ അറിയിച്ചു. ഞാൻ ഇങ്ങനെ പറഞ്ഞതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം എന്നും പറഞ്ഞപ്പോൾ അദ്ദേഹം സ്നേഹപൂർവം എന്റെ തോളിൽ തട്ടിയിട്ട് സാരമില്ലെടാ ഓരോന്ന് കേട്ടപ്പോൾ തെറ്റിദ്ധരിച്ചു പോയി എന്ന് പറഞ്ഞു. 

 

 

ആ ശബ്ദം കൊള്ളാം, പുരസ്കാരം പുതിയ ഗായകന്

 

ആ സംഭവത്തിനു ശേഷം പല തവണ ജോൺസേട്ടനെ കണ്ടു. ‘നോട്ടം’ എന്ന ചിത്രത്തിലെ ‘മെല്ലെ മെല്ലെ’ എന്ന പാട്ടിന് മികച്ച ഗായകനുള്ള പുരസ്കാരം എനിക്കു കിട്ടി. ആ പുരസ്കാരം നിർണയ ജൂറിയിൽ സംഗീതത്തെ പ്രതിനിധീകരിച്ചത് ജോൺസേട്ടൻ ആയിരുന്നു. അത് പക്ഷെ ഞാൻ അറിഞ്ഞില്ല. പുരസ്‌കാരം ലഭിച്ചു കഴിഞ്ഞു ജോൺസേട്ടൻ എന്നോട് സംസാരിച്ചു. നന്നായി പാടി എന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു. പക്ഷേ ഗായകൻ ഞാന്‍ ആണെന്ന് പുരസ്കാരം നിർണയിക്കുമ്പോൾ അദ്ദേഹം അറിഞ്ഞിരുന്നില്ല. പുതിയ ഗായകൻ ആണെന്ന് ശബ്ദം കേട്ടപ്പോൾ മനസ്സിലായി. ആരാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും ആ പുതിയ ഗായകന് പുരസ്കാരം കൊടുക്കണമെന്ന് ജോൺസേട്ടൻ മറ്റ് ജൂറി അംഗങ്ങളോട് അഭിപ്രായപ്പെട്ടു. അങ്ങനെ അവരും സമ്മതമറിയിച്ചതോടെയാണ് ആ പുരസ്കാരം എന്നെത്തേടിയെത്തിയത്. അതിനു ശേഷമാണ് ഗായകൻ ഞാനാണെന്ന് ജോൺസേട്ടൻ തിരിച്ചറിഞ്ഞത്.

 

ആ കിടപ്പ് സഹിക്കാനായില്ല

 

വീണ്ടും ഒരുപാടിടങ്ങളിൽ വച്ച് ഞങ്ങൾ തമ്മിൽ കാണാനും സംസാരിക്കാനും ഇടയായി. അദ്ദേഹം വളരെ വ്യക്തിപരമായ കാര്യങ്ങൾ പോലും എന്നോട് പങ്കു വച്ചിട്ടുണ്ട്. സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം പറയുമായിരുന്നു. ഒരിക്കൽ ചെന്നൈയിൽ ഒരു റെക്കോർഡിങ് നടക്കുന്നതിനിടയിലാണ് ജോൺസേട്ടന്റെ മരണ വിവരം ഞാൻ അറിയുന്നത്. ഉടനെ ഞാനും കൂടെയുണ്ടായിരുന്നവരും പുറപ്പെട്ട് അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിൽ എത്തി. മോർച്ചറിയിൽ കയറി ഞാൻ അദ്ദേഹത്തെ കണ്ടു. ആദ്യമായിട്ടും അവസാനമായിട്ടും അന്നാണ് ഞാൻ ഒരു മോർച്ചറിയിൽ കയറിയത്. അവിടെ ഒരുപാട് അറകളിലായി പല മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അതിൽ ഒന്ന് തുറന്നപ്പോൾ എന്റെ പ്രിയ ജോൺസേട്ടൻ കിടക്കുന്നതു കണ്ടു. ആ കാഴ്ച എനിക്ക് സഹിക്കാനായില്ല. ജീവിതത്തിൽ ഞാൻ ഏറെ വേദനിച്ച നിമിഷങ്ങളിൽ ഒന്നാണ് അത്. ജോൺസേട്ടനെ ആദ്യമായി കണ്ട രംഗങ്ങളായിരുന്നു അപ്പോഴെല്ലാം എന്റ മനസ്സിൽ. ഓർക്കസ്ട്രക്കാരാൽ പൊതിഞ്ഞു നിന്ന മഹാനായ കലാകാരൻ, ഒരു നോക്കു കാണാൻ ആളുകൾ കാത്തിരുന്ന കലാകാരൻ. ആ പ്രതിഭയെ ഒരുപാട് മൃതദേഹങ്ങൾക്കിടയിൽ കിടക്കുന്നതു കണ്ടപ്പോൾ എന്റെ നെഞ്ച് നുറുങ്ങി. വേദനയോടെ ഞാൻ എന്റെ പ്രിയ ജോൺസേട്ടനെ അന്ന് നോക്കി നിന്നു. അവസാന കാഴ്ചയായിരുന്നു അത്. 

 

English Summary: Interview with M Jayachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com