എ.ആർ.റഹ്മാന്റെ സംഗീതത്തിൽ ശ്രേയ ഘോഷാൽ ആലപിച്ച ‘തുമ്പി തുള്ളൽ’ ഗാനം ആസ്വദിച്ചവരുടെയെല്ലാം മനസ്സിൽ ആ താളം ഇപ്പോഴും അതേപടി നിലനിൽക്കുന്നുണ്ടാകും. പാട്ടിന്റെ ശോഭ വർധിപ്പിച്ച് മൂന്ന് കലാകാരികൾ ചേർന്ന് അതിനു ഡാൻസ് പതിപ്പു കൂടി ഒരുക്കിയാലോ? കണ്ണെടുക്കാതെ കണ്ടിരിക്കാൻ തോന്നുമെന്നു തീർച്ച. മലയാളികൾക്ക് ഏറെ സുപരിചിതയായ യുവതാരം ശ്രുതിലക്ഷ്മിയും സുഹൃത്തുക്കളും കലാകാരികളുമായ സിജ റോസും റിയ സൈറയുമാണ് പ്രേക്ഷകർക്ക് ഓണസമ്മാനമായി ഇത്തരത്തിലൊരു ഡാൻസ് കവർ ഒരുക്കിയത്. വിഡിയോയുടെ അരങ്ങില്‍ മാത്രമല്ല അണിയറയിലും പ്രവർത്തിച്ചത് ഈ മൂവർ സംഘം തന്നെ. വർഷങ്ങള്‍ നീണ്ട സൗഹൃദത്തിന്റെ ഇഴയടുപ്പത്തിൽ നിന്നാണ് ഇത്തരമൊരു നൃത്താവിഷ്കാരമൊരുങ്ങിയതെന്ന് ശ്രുതി ലക്ഷ്മി പറയുന്നു. ‘തുമ്പി തുള്ളലി’ന്റെ വിശേഷങ്ങൾ താരം മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു.
സൗഹൃദത്തിൽ നിന്നു പിറന്ന ‘തുമ്പി തുള്ളൽ’
ഞാനും സിജ റോസും റിയയും വളരെ അടുത്ത സുഹൃത്തുക്കളാണ്. വർഷങ്ങൾ നീണ്ട സൗഹൃദമുണ്ട് ഞങ്ങൾ തമ്മിൽ. സാധാരണയായുള്ള സൗഹൃദ സംഭാഷണത്തിനിടയിലാണ് ഇത്തരം ഒരു ഡാന്‍സ് കവർ ചെയ്യുന്നതിനെക്കുറിച്ചുള്ള ആശയമുദിച്ചത്. എല്ലാവരും നർത്തകിമാർ ആയതിനാൽ തന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഒഴിവുകാലമായതിനാൽ തന്നെ ധാരാളം സമയുമുണ്ട്. അങ്ങനെ ഓണത്തോടനുബന്ധിച്ച് ഡാൻസ് കവർ പുറത്തിറക്കാൻ ഞങ്ങൾ തീരുമാനിച്ചു. റിയ ആണ് ‘തുമ്പി തുള്ളൽ’ എന്ന പാട്ട് എടുക്കാമെന്ന കാര്യം മുന്നോട്ടു വച്ചത്. അത് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്തു. അങ്ങനെ വിഡിയോയുടെ വർക്ക് ആരംഭിച്ചു. ജൂഡ്, റോഹൻ, എൽറോയ് എന്നിവരായിരുന്നു വിഡിയോയുടെ പൂർത്തീകരണത്തിന് ഞങ്ങൾക്കൊപ്പം നിന്ന മറ്റു കലാകാരന്മാർ.
പഴമയുടെ സൗന്ദര്യം പകർന്ന ലൊക്കേഷൻ
ആലപ്പുഴ ജില്ലയിലെ ചന്ദിരൂർ എന്ന സ്ഥലത്തെ ചല്ലിത്തറ വീട്ടിൽ വച്ചാണ് പാട്ട് ചിത്രീകരിച്ചത്. ഇരുന്നൂറ് വർഷം പഴക്കമുള്ള ഒരു തറവാടാണ് അത്. പാട്ട് തിരഞ്ഞെടുത്തപ്പോൾ മുതൽ ഇത്തരത്തിൽ പാരമ്പര്യത്തിനിണങ്ങുന്ന ലൊക്കേഷനായിരുന്നു ഞങ്ങളുടെ മനസ്സിൽ. ഒരുപാട് അന്വേഷിച്ചതിനു ശേഷമാണ് ഞങ്ങൾ ചല്ലിത്തറ തറവാട്ടിലേയ്ക്കെത്തിയത്. അത് കിട്ടിയത് റിയയുടെ സുഹൃത്തുക്കളായ റോഷനും സാൻഡ്രയും വഴിയാണ്. അവരുടെ തറവാടാണിത്. റോഷന്റെയും സാൻഡ്രയുടെയും അച്ഛനും അമ്മയുമുൾപ്പെടെയുള്ളവർ എല്ലാ പിൻതുണയും നൽകി ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ആ തറവാടും അതിന്റെ ചുറ്റുപാടും അതിമനോഹരമാണ്. എല്ലാം കൊണ്ടും പഴമയുടെ സൗന്ദര്യം തുളുമ്പുന്ന സുന്ദരമായ ഒരിടം. ഷൂട്ടിങ്ങിനുള്ള എല്ലാ കാര്യങ്ങളും തയ്യാറായെങ്കിലും കാലാവസ്ഥ പ്രതികൂലമാകുമോ എന്ന ഒരു ആശങ്കയും ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ പദ്ധതിയിട്ടതുപോലെ തന്നെ എല്ലാം വിജയകരമായി പൂർത്തിയായി. അതിൽ ഏറെ സന്തോഷം.
സന്തോഷം മാത്രമല്ല സംതൃപ്തിയും
ഡാൻസ് കവറിനു വേണ്ടിയുള്ള ഭൂരിഭാഗം ഒരുക്കങ്ങളും ചെയ്തത് ഞങ്ങൾ തന്നെയാണ്. നൃത്ത സംവിധാനവും കോസ്റ്റ്യൂം സെലക്ഷനും മറ്റ് അറേഞ്ച്മെന്റ്സുമുൾപ്പെടെ എല്ലാം. മേക്ക് അപ്പ് ചെയ്തതും പോലും ഞങ്ങൾ തന്നെയാണ്. ഇതാദ്യമായാണ് ഞങ്ങൾ തന്നെ മുൻകൈ എടുത്ത് ഇത്തരത്തിലൊരു വർക്ക് ചെയ്യുന്നത്. അത് ഭംഗിയായി പൂർത്തീകരിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷവും തോന്നുന്നു. യഥാർഥത്തിൽ ആ വിഡിയോയുടെ ഓരോ സെക്കൻഡും ഞങ്ങൾക്കു സന്തോഷവും സംതൃപ്തിയും നൽകുന്നുണ്ട്. ഞങ്ങൾ മൂന്നുപേരും ഒരുമിച്ചുള്ള ഒരു സൗഹൃദത്തിന്റെ പ്രതിഫലനമാണ് ഈ ഡാൻസ് കവർ. ഞങ്ങളുടെ ജീവിതത്തിൽ മറക്കാനാകാത്ത കാര്യം. കുറേ ദിവസങ്ങളായി പ്രാക്ടീസും മറ്റ് തയ്യാറെടുപ്പുകളുമായി തിരക്കിലായതു കൊണ്ടു തന്നെ ഞങ്ങൾക്ക് ഒരു യുവജനോത്സവത്തിന്റെ ഫീൽ ആയിരുന്നു. വിഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. അതിൽ എല്ലാവരോടും ഒരുപാട് സ്നേഹം അറിയിക്കുന്നു.
കലാരംഗത്തെ സിജയും റിയയും
സിജ റോസും റിയയും കലാരംഗത്തു സജീവമാണ്. സിജ തമിഴിലും മലയാളത്തിലുമായി കുറേ നല്ല സിനിമകളുടെ ഭാഗമായി. മലയാളത്തിൽ ഉസ്താദ് ഹോട്ടൽ, അന്നയും റസൂലും, ട്രാഫിക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. റിയ സൈറയും അഭിനയരംഗത്തു സജീവമാണ്. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിൽ അവൾ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എങ്കിലും റിയ പ്രധാനമായും ഡബ്ബിങ്ങിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അയ്യപ്പനും കോശിയും, അഞ്ചാം പാതിര തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്കാണ് റിയ ഈ അടുത്ത കാലത്ത് ശബ്ദം കൊടുത്തത്.