ADVERTISEMENT

‘ഞാൻ വരയ്ക്കുമായിരുന്നോ?’ വൈറൽ ചിത്രകാരി രാജിഷ രാജൻ മൂന്നു മാസം മുൻപ് സ്വയം ചോദിച്ച ചോദ്യമാണിത്. ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്നപ്പോൾ പാട്ടിനെ പടമാക്കിയാണ് രാജിഷ സമൂഹമാധ്യമലോകത്തിന്റെ ശ്രദ്ധയെ ക്ഷണിച്ചത്. ആദ്യം വരികളോടായിരുന്നു പ്രണയം. ഇപ്പോൾ അത് വരയോടുമുണ്ട് രാജിഷയ്ക്ക്. ഒരു ദിവസം കൂട്ടുകാരിയുടെ മുഖം വെറുതെ കുത്തിക്കുറിച്ചു നോക്കിയപ്പോൾ കൊള്ളാം എന്നു തോന്നി. അങ്ങനെയാണ് ഇതുവരെ നിറം ചാർത്തപ്പെടാത്ത ഒരു ചിത്രകാരി തന്റെയുള്ളിലുണ്ടെന്ന് രാജിഷ തിരിച്ചറിഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല കടലാസും പെൻസിലും വാങ്ങി വര ആരംഭിച്ചു. വര എന്നു വെറുതെ പറഞ്ഞാല്‍ പോര, വര സീരിസ് എന്നു തന്നെ പറയണം. വരച്ചതോ ഏറെ പ്രിയമുള്ള പാട്ടുകാരെയും. 

കെ.എസ്.ചിത്ര, വിദ്യാ സാഗർ, എം.ജയചന്ദ്രൻ, ബിജിബാൽ, കൈലാസ് മേനോൻ, സയനോര, വിധു പ്രതാപ്, ജ്യോത്സ്ന, ഗോപി സുന്ദർ, ഷഹബാസ് അമൻ, നിത്യ മാമ്മന്‍ എന്നിങ്ങനെ മലയാള സംഗീത കുടുംബത്തിലെ നിരവധി അംഗങ്ങള്‍ രാജിഷയുടെ കടലാസിൽ വര്‍ണചിത്രങ്ങളായി. ചിത്രങ്ങൾക്കൊപ്പം അവരെ അടയാളപ്പെടുത്തുന്ന ചില വരികളും കോറിയിട്ടു. തിരുവനന്തപുരം ടെക്നോപാർക്കിലെ ജോലിക്കാരിയായ രാജിഷ, ലോക്ഡൗൺ ആയതോടെ കണ്ണൂരിലെ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ജോലിയ്ക്കൊപ്പം ‌നിറങ്ങളെയും ഒരുമിച്ചുകൊണ്ടുപോകാൻ ഇപ്പോൾ പുലരും മുൻപേ കടലാസും പെൻസിലും എടുക്കുകയാണ് ഈ ചിത്രകാരി. പ്രിയപ്പെട്ട പാട്ടുകളെയും പാട്ടുകാരെയും കോർത്തൊരുക്കിയ വര സീരിസിനെക്കുറിച്ച് ഇനി രാജിഷ തന്നെ പറയട്ടെ.  

അത് എനിക്കും അദ്ഭുതമായിരുന്നു

ഞാൻ വരയ്ക്കുമെന്ന് എന്നെ ബോധ്യപ്പെടുത്തി തന്ന കാലമാണ് ഈ ലോക്ഡൗൺ. കൂട്ടുകാരിയുടെ പ്രൊഫൈൽ ചിത്രം കണ്ട് ഇഷ്ടപ്പെട്ടപ്പോൾ വെറുതെയൊന്നു വരച്ചു നോക്കി. ഒരു തുടക്കക്കാരി എന്ന നിലയിൽ അത് എനിക്ക് ഏറെ സംതൃപ്തി നല്‍കി. ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ മികച്ച പ്രതികരണങ്ങളും ലഭിച്ചു. അതാണ് വീണ്ടും വരയ്ക്കാൻ പ്രചോദനമായത്. ഞാൻ വരയ്ക്കുമെന്നു തിരിച്ചറിഞ്ഞപ്പോൾ എനിക്കു തന്നെ അദ്ഭുതമായിരുന്നു. ഇപ്പോൾ എനിക്കു തോന്നുന്നു കുറച്ചു കൂടി നേരത്തെ ശ്രമിക്കേണ്ടതായിരുന്നുവെന്ന്. പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് പാട്ടുകാരെ വരച്ചു തുടങ്ങിയ എന്നോട് പലർക്കും ചോദിക്കാനുണ്ടായിരുന്നത് ഞാൻ പാടുമോ എന്നായിരുന്നു. പക്ഷേ ഞാൻ ഗായികയല്ല. ആസ്വാദക മാത്രമാണ്. എങ്കിലും ചിത്രകാരിയെ കണ്ടെത്തിയതു പോലെ അഥവാ എന്നിൽ ഗായികയുണ്ടോ എന്നറിയാൻ ഇപ്പോൾ വെറുതെ പാടി നോക്കുന്നുമുണ്ട്. 

പാട്ടിഷ്ടത്തിന് നിറം പകർന്നു

പാട്ടിനോട് എനിക്കെന്നും പ്രണയമാണ്. കുട്ടിക്കാലം മുതൽ പാട്ടു ആസ്വദിക്കുമായിരുന്നു. എന്നിലെ ചിത്രകാരിയെ കണ്ടെത്തിയതിനു ശേഷമാണ്, പ്രിയ പാട്ടുകൾ കോർത്ത് ഒരു വര സീരീസ് തുടങ്ങാമെന്നു വിചാരിച്ചത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന പാട്ട് പുറത്തിറങ്ങിയ സമയത്താണ് ഞാൻ വര സീരീസ് തുടങ്ങിയത്. വെള്ളരിപ്രാവിനെ ഒരുപാട് ഇഷ്ടമായപ്പോള്‍ ആ പാട്ടുകാരിയെ വരച്ചാലോ എന്നായി ചിന്ത. അങ്ങനെ ഗായിക നിത്യ മാമ്മനെ വര സീരീസിലെ ആദ്യ വർണ ചിത്രമാക്കി. പിന്നെ ഓരോ സംഗീതജ്ഞരെയും മാറി മാറി വരച്ചു. അവരെ അടയാളപ്പെടുത്തുന്ന ചില പാട്ടുകളുടെ വരികള്‍ അതിൽ എഴുതുകയും ചെയ്തു. വര സീരീസില്‍ ആകെ പതിനേഴു ചിത്രങ്ങളാണു ഞാന്‍ വരച്ചത്. അത് എനിക്കു തന്നെ അദ്ഭുതമായാണ് തോന്നിയത്. ഇപ്പോൾ വാദ്യോപകരണ കലാകാകാരന്മാരുടെ മുഖങ്ങളാണ് കടലാസിലേയ്ക്കു പകർത്തുന്നത്. ഏറെ പ്രാധാന്യമർഹിക്കുന്നവരും എന്നാൽ അധികമാരാലും ശ്രദ്ധിക്കപ്പെടാത്തതുമായ അവരെ മറ്റുള്ളവർക്കു പരിചയപ്പെടുത്തണമെന്ന ചിന്തയിൽ നിന്നാണ് പുതിയ വര സീരീസ് ആരംഭിച്ചത്.

മഹത്തായ അംഗീകാരം

ഞാൻ വരച്ച സംഗീതജ്ഞരൊക്കെ എന്റെ ചിത്രങ്ങൾ കാണുകയും അവരുടെ പേജുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. എന്നും നിധി പോലെ സൂക്ഷിക്കുമെന്നു കുറിച്ചാണ് ബിജിബാൽ സര്‍ ചിത്രം പോസ്റ്റ് ചെയ്തത്. ആശംസയ‌ും സന്തോഷവും അറിയിച്ച് എം.ജയചന്ദ്രൻ സർ ‌എനിക്ക് ശബ്ദ സന്ദേശം അയച്ചു. അതൊക്കെ അമൂല്യങ്ങളായ അംഗീകാരങ്ങളാണ്. ടെലിവിഷനിൽ മാത്രം കണ്ടിട്ടുള്ള ഈ പ്രമുഖരൊക്കെ എന്നെയും എന്റെ രചനയെയും ശ്രദ്ധിച്ചതു തന്നെ വലിയ കാര്യമാണ്. അവരുടെയൊക്കെ അഭിനന്ദന സന്ദേശങ്ങൾ അക്ഷരാർഥത്തിൽ എന്നെയും എന്റെ വീട്ടുകാരെയും അദ്ഭുതപ്പെടുത്തി. 

പ്രിയപ്പെട്ട മുഖങ്ങൾ കടലാസിലേക്ക്

രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറു വരെയാണ് എന്റെ ജോലി സമയം. ജോലിയും വരയും ഒരുമിച്ചു കൊണ്ടുപോകാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അതിനു വേണ്ടി രാവിലെ എഴുന്നേറ്റ് വരയ്ക്കാനായി സമയം കണ്ടെത്തും. പിന്നെ ജോലി ചെയ്യും. അവധി ദിവസങ്ങളിലൊക്കെ ചിത്രരചനയ്ക്കു വേണ്ടി കൂടുതൽ സമയം മാറ്റിവയ്ക്കും. ഒരു മുഖം വരയ്ക്കാൻ പരമാവധി ഒന്നര മണിക്കൂറാണ് എടുക്കുക‌. ഇഷ്ടമുള്ള ആളുകളുടെ മുഖങ്ങൾ കടലാസിൽ തെളിഞ്ഞു വരുമ്പോൾ ഒരു വല്ലാത്ത സന്തോഷവും സംതൃപ്തിയുമാണ് തോന്നുക. അത് ഞാൻ ഏറെ ആസ്വദിക്കുന്നുമുണ്ട്. എന്റെ ചിത്രങ്ങൾ കണ്ടിഷ്ടമായിട്ട് വരച്ചു തരാമോയെന്നു ചോദിച്ച് ഒരുപാട് പേർ വിളിച്ചു. അതൊക്കെ വലിയ സന്തോഷവും ആത്മവിശ്വാസവും പകരുന്നു. 

അവർക്കും ഇത് പുതിയ അറിവ്

എന്റെ വീട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ ഞാൻ വരച്ച ചിത്രങ്ങൾ കണ്ട് അദ്ഭുതത്തോടെയാണ് പ്രതികരിച്ചത്. നിരവധി പേർ പ്രശംസയറിയിച്ച് വിളിക്കുകയും സന്ദേശങ്ങൾ അ‌യയ്ക്കുകയും ചെയ്തു. അതൊക്കെ ജീവിതത്തിൽ മറക്കാനാകാത്ത അനുഭവങ്ങളും അംഗീകാരങ്ങളുമാണ്. ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുമെന്നോ വൈറലാകുമെന്നോ ഞാൻ പ്രതീക്ഷിച്ചതേയില്ല. മുറിയിലിരുന്ന് വരയ്ക്കുന്നത് അച്ഛനും അമ്മയും കാണാറുണ്ട്. പക്ഷേ, അത് ഇത്രത്തോളം ശ്രദ്ധിക്കപ്പെടുമെന്ന് അവരോ ഞാനോ വിചാരിച്ചില്ല. ഇപ്പോൾ വലിയ പിന്തുണ നൽകി അവർ ഒപ്പം തന്നെയുണ്ട്.  

English Summary: Interview with artist Rajisha Rajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com