ADVERTISEMENT

ഇന്ന് ദേവരാജൻ മാസ്റ്ററുടെ ജന്മവാർഷികം. മലയാളസിനിമയിൽ മൂന്ന് പതിറ്റാണ്ടോളം ദേവരാഗങ്ങളുടെ ഒരു തേരോട്ടം തന്നെ സൃഷ്ടിച്ച് മലയാളികൾക്ക് എന്നന്നേക്കും ആസ്വദിക്കാനും പഠിക്കാനും ആവോളം ബാക്കിവച്ചിട്ടായിരുന്നു ആ ശ്രേഷ്ടജീവിതം അവസാനിച്ചത്.  ദേവരാജൻ മാസ്റ്ററുടെ ശിഷ്യനാകാൻ അധികം പേർക്കൊന്നും അവസരം ലഭിക്കയില്ല എന്നിരിക്കെ അദ്ദേഹത്തിന്റെ പ്രിയശിഷ്യയായി ആ സ്നേഹവാത്സല്യങ്ങൾ ആവോളം അനുഭവിക്കാൻ  അവസരം ലഭിച്ച ഗായകനാണ് ശ്രീ വിധു പ്രതാപ്. ദേവരാജൻ മാസ്റ്ററുടെ ജന്മവാർഷിക ദിനത്തിൽ വിധു പ്രതാപ് തന്റെ പ്രിയപ്പെട്ട ഗുരുനാഥനെ സ്മരിക്കുന്നു.

ദേവരാജൻ മാസ്റ്ററോടൊപ്പം ശിഷ്യനായി കഴിഞ്ഞ അനുഭവം??

ഞാൻ കോളെജിൽ പഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ശിഷ്യനാകുന്നത്. സ്കൂൾ–കോളജ് യുവജനോത്സവങ്ങളിലൊക്കെ ഞാൻ പങ്കെടുത്തു കഴിയുന്ന കാലം.  അന്ന് എന്റെ ഒരു സുഹൃത്തായ പ്രകാശ് ചേട്ടൻ ദേവരാജൻ മാസ്റ്ററോടൊപ്പം വർക്ക് ചെയ്യുകയായിരുന്നു. അതറിഞ്ഞ അച്ഛൻ അദ്ദേഹത്തോട് പറഞ്ഞു വിധുവിന് മാസ്റ്ററെ കാണാൻ ഒരു അവസരം ഉണ്ടാക്കി കൊടുക്കണം. ഒപ്പം ചേർന്ന് പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തെ കാണുന്നതും അനുഗ്രഹം വാങ്ങുന്നതും വലിയ കാര്യമാണല്ലോ. അങ്ങനെയിരിക്കെ ഒരു ദിവസം ചേട്ടൻ വിളിച്ചു പറഞ്ഞു മാസ്റ്റർ വിളിക്കുന്നു, അദ്ദേഹത്തെ ചെന്ന് കാണാൻ പറഞ്ഞു എന്ന്. അങ്ങനെ ഞാനും ചേട്ടനും കൂടി അദ്ദേഹത്തെ കാണാൻ പോയി. അത്രയും വലിയ ഒരു സംഗീതജ്ഞനെ ചെന്നു കാണാൻ നല്ല പേടിയുണ്ടായിരുന്നു.  കണ്ടപ്പോൾ മാസ്റ്റർ ചോദിച്ചു പാട്ടു പഠിക്കുന്നുണ്ടോ, ഞാൻ പറഞ്ഞു ഉണ്ട്. നന്നായി, നിർത്തരുത് പഠനം തുടരണം, ഉപയോഗമുണ്ടാകും എന്ന് പറഞ്ഞു അദ്ദേഹം. പിന്നീട് ഒന്നും പറഞ്ഞില്ല. ഞാൻ അവിടെ ഒരു മൂലയിൽ ഒന്നും മിണ്ടാതെ നിന്നു കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ഒരു പാട്ടു പാടൂ എന്ന്.  ഞാൻ 'മധുചന്ദ്രികയുടെ ചായത്തളികയിൽ' ആണ് പാടിയത്. പാടി തീർന്നു, ആരും ഒന്നും മിണ്ടുന്നില്ല. ഞാൻ മനസ്സിൽ പറഞ്ഞു, ആ കയ്യിന്നു പോയി, എന്തായാലും അദ്ദേഹത്തെ കാണാൻ സാധിച്ചല്ലോ എന്ന്. 'എന്നാൽ പിന്നെ കാണാം' എന്ന് അദ്ദേഹം പറഞ്ഞു ഞാൻ തിരിച്ചു വന്നു. കുറേ ദിവസത്തേക്ക് ഒരു അനക്കവും ഇല്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ വിളിച്ചു, 'വയലാർ ദേവരാജൻ നൈറ്റിൽ' പാടാൻ ചെല്ലാൻ പറഞ്ഞു അങ്ങനെ വീണ്ടും അദ്ദേഹത്തെ പോയി കണ്ടു. മാസ്റ്റർ മരിക്കുന്നതുവരെ ആ പ്രോഗ്രാം സംഘടിപ്പിച്ചത് അദ്ദേഹമായിരുന്നു. അന്നുമുതൽ കൂടെ ചേർന്നതാണ്. പിന്നെ ഗുരുകുല വിദ്യാഭ്യാസം പോലെ ആയിരുന്നു മൂന്നു വർഷം. മനസ്സിൽ എന്നും ഓർത്തു വയ്ക്കുന്ന കാലമാണ് അത്. സംഗീതത്തിന്റെ കുലപതി എന്ന് തന്നെ പറയാൻ കഴിയുന്ന അദേഹത്തിന്റെ ശിഷ്യനാകാൻ കഴിഞ്ഞത് ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം എന്റെ കരിയറിൽ ഉടനീളം എന്റെ ഒപ്പമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.  

അദ്ദേഹത്തിന്റെ പാട്ടുകളിൽ ഏതാണ് ആദ്യം ഓർമ്മ വരുക? 

അങ്ങനെ എടുത്തു പറയാൻ കഴിയില്ല അദ്ദേഹം ചെയ്തുവച്ച എല്ലാ പാട്ടുകളും ക്ലാസ്സിക്കുകളാണ്. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിക്ക് പ്രിയങ്കരമാണ്.  കാരണം പഠിക്കുന്ന കുട്ടികൾക്ക് അദ്ദേഹത്തിന്റെ പാട്ടുകൾ തന്നെയാണ് പഠിപ്പിക്കുന്നത് ഓരോന്നും ഉരുവിട്ട് ഉരുവിട്ട് ഹൃദിസ്ഥമായതാണ്. അദ്ദേഹത്തിന്റെ  തങ്കത്തളികയിൽ, ചക്രവർത്തിനി, ഏഴു സുന്ദര രാത്രികൾ, ചന്ദ്രകളഭം, അങ്ങനെ എത്രയെത്ര അനശ്വര ഗാനങ്ങൾ. അതിൽ നിന്നും ഒന്ന് തെരഞ്ഞെടുക്കുക എന്നുള്ളത് തന്നെ അസാധ്യമാണ്.

ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ കൂടുതലും യേശുദാസും പി ജയചന്ദ്രനും പാടിയവയാണ്. അതിൽ ഏതെങ്കിലും പാട്ട് പാടാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ?

അങ്ങനെ ആലോചിക്കാൻ പോലും കഴിയില്ല. കാരണം മാസ്റ്റർ ആയാലും ദാസേട്ടനായാലും ജയചന്ദ്രൻ സാറായാലും അവരെല്ലാം ലെജൻഡ്സാണ്.  അവരൊക്കെ പാടിവച്ച പാട്ടുകൾ എടുത്തു പാടാൻ പോലും നമുക്ക് അർഹതയില്ല. അതൊന്നും മറ്റാരെങ്കിലുമാണ് പാടിയിരുന്നതെങ്കിലോ എന്ന് ആലോചിക്കാൻ പോലും കഴിയില്ല. അതൊക്കെ അങ്ങനെ അനശ്വരമായി തന്നെ ഇരിക്കണം.

ഇനി ഒരു പുതിയ സിനിമയിൽ ദേവരാജൻ മാസ്റ്ററുടെ പാട്ട് റീമേക്ക് ചെയ്യുകയാണെങ്കിൽ, അതിൽ അവസരം കിട്ടിയാൽ ഏതു പാട്ട് തെരഞ്ഞെടുക്കും?

അങ്ങനെ കിട്ടിയാൽ അവിടെ ഒരു തെരഞ്ഞെടുപ്പിന്റെ അവസരം ഉദിക്കുന്നില്ലല്ലോ.  അത് സംഗീത സംവിധായകനല്ലേ തീരുമാനിക്കുക. ഏതു പാട്ടായാലും അത് എന്റെ ഭാഗ്യമായി ഞാൻ കരുതും.  ഏതു തന്നാലും പാടും. അവിടെ ഒരു തിരഞ്ഞെടുപ്പിന്റെ ആവശ്യമേ ഇല്ല. അദ്ദേഹത്തിന്റെ എല്ലാ പാട്ടും എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. പിന്നെ മാസ്റ്ററുടെ ഗാനങ്ങൾ റീമേക് ചെയ്യണം എന്ന് ഞാൻ കരുതുന്നില്ല. അതിൽ തൊടാൻ ആർക്ക് ധൈര്യം വരും. മാസ്റ്ററുടെ ഗാനങ്ങൾ അദ്ദേഹത്തിനിഷ്ടപ്പെട്ട രീതിയിൽ മനോഹരമായി അദ്ദേഹം നമുക്ക് സമർപ്പിച്ചിട്ടുണ്ട് അത് അങ്ങനെ തന്നെ നിലനിൽക്കട്ടെ.    

   

ദേവരാജൻ മാസ്റ്റർ - പി ഭാസ്കരൻ, ദേവരാജൻ മാസ്റ്റർ - വയലാർ, ഇങ്ങനെ കൂട്ടുകെട്ടിൽ നിരവധി ക്ലാസ്സിക്കുകളാണ് പിറന്നത്. അത്രയും പ്രതിഭാശാലികളായുള്ള സംഗീതജ്ഞർ ഇന്നത്തെ കാലത്ത് ഇല്ല എന്ന് പറയാമോ?

അങ്ങനെ പറയാൻ കഴിയില്ല.  ഓരോ കാലഘട്ടത്തിലും ആ കാലത്തിന് യോജിച്ച പ്രതിഭകൾ ഉണ്ടായിട്ടുണ്ട്. ദേവരാജൻ മാസ്റ്റർ, ഭാസ്കരൻ മാഷ് ഒക്കെ ലെജൻഡ്സ് ആയിരുന്നു. എന്നാൽ ഇന്നും സർഗ്ഗപ്രതിഭകളായ സംഗീതജ്ഞർ ഒരുപാടുണ്ട്, ശരത്തേട്ടൻ, ബിജിബാൽ, ഗോപി സുന്ദർ, അവരൊക്കെ മികച്ച പ്രതിഭകളാണ്. ഇന്നത്തെ തലമുറയ്ക്ക് ആവശ്യമുള്ള തരത്തിലുള്ള സംഗീതം സൃഷ്ടിക്കുന്ന എത്രയോ കലാകാരന്മാരുണ്ട്. അപ്പൊ അങ്ങനെ ഒരു താരതമ്യം നടത്താൻ കഴിയില്ല  

ഒരു പാട്ട് കംപോസ് ചെയ്യുമ്പോൾ അദ്ദേഹത്തിൽ കണ്ടിട്ടുള്ള പ്രത്യേകത?

അദ്ദേഹം കംപോസ് ചെയ്യുന്നത് തനിയെ ഇരുന്നാണ്. പിന്നെ അത് നമ്മളെ പാടി കേൾപ്പിക്കും. പിന്നെ അതിന്റെ ചര്‍ച്ച, അറേഞ്ച്മെന്റ്, റെക്കോർഡിങ് അങ്ങനെ, കുറേ ദിവസം നമ്മൾ ആ പാട്ടിൽ ആയിരിക്കും. കേട്ടും പാടിയും ആ പാട്ട് നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേരും. അതൊക്കെ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ്. 

അദ്ദേഹത്തിന്റെ മുൻശുണ്ഠി പ്രസിദ്ധമാണല്ലോ, താങ്കൾക്ക് അങ്ങനെ എന്തെങ്കിലും അനുഭവം?

ഏയ് അങ്ങനെ മുൻശുണ്ഠി എന്ന് പറയാൻ പറ്റുമോ, സ്നേഹം ഉള്ളിടത്തേ ശാസന ഉണ്ടാകൂ എന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിന് എല്ലാം പെർഫെക്റ്റ് ആയി ചെയ്യണം എന്ന് നിർബന്ധമുണ്ട്, അതിനിടയിൽ ചിലപ്പോൾ ശാസന കിട്ടിയേക്കാം, അത് മാഷിന്റെ കൈയിൽ നിന്നും കിട്ടുമ്പോൾ അതിനും മാധുര്യമാണ്, നമ്മൾ നന്നായി ചെയ്യാനാണല്ലോ അദ്ദേഹം ശാസിക്കുന്നത്. മറ്റാർക്കെങ്കിലും അറിയുമോ എന്നെനിക്കറിയില്ല അദ്ദേഹം വളരെ സ്നേഹനിധിയായ ഒരു ഗുരുനാഥനായിരുന്നു. അത് നേരിട്ടനുഭവിക്കാൻ എനിക്ക് ഭാഗ്യം സിദ്ധിച്ചു. ദേവരാജൻ മാസ്റ്ററിനു ശേഷം സംഗീതലോകത്തേക്ക് വന്ന സംഗീതജ്ഞനാണ് എ ടി ഉമ്മർ സർ. അദ്ദേഹം മരിച്ചു കഴിഞ്ഞ് അദ്ദേഹത്തിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ പാട്ടുകൾ കോർത്തിണക്കി മാസ്റ്റർ ഒരു പ്രോഗ്രാം ചെയ്തിരുന്നു. മാസ്റ്റർ മറ്റു കലാകാരന്മാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ ഒരു പ്രോഗ്രാം ചെയ്യാൻ അദ്ദേഹത്തിന് തോന്നിയത്.  അത്രയും വലിയ ഒരു കലാകാരന്റെ മഹത്വം തന്നെയാണത്.      

ദേവരാജൻ മാസ്റ്റർ വിടപറഞ്ഞതോടെ മലയാള സംഗീതലോകം അനാഥമായെന്ന് തോന്നുന്നുണ്ടോ?

അദ്ദേഹം പോയി എന്ന് ഒരിക്കലും തോന്നിയിട്ടില്ല. ദിവസത്തിൽ ഒരിക്കലെങ്കിലും ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് ഒരാളെങ്കിലും അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുന്നുണ്ടാകാം. അത്രകണ്ട് ഒരു ജനതയുടെ സാംസ്കാരിക ജീവിതത്തെ സമ്പന്നമാക്കിയ ഒരു സംഗീതജ്ഞനായിരുന്നു മാസ്റ്റർ. കാലത്തെ അതിജീവിച്ച കലാകാരനാണ് അദ്ദേഹം.  ഈണങ്ങളുടെ ഒരു മഹാ സാഗരമാണ് അദ്ദേഹം ചെയ്തുവച്ചത്. പഠിച്ചാലും തീരാത്തത്രയുണ്ട് അദ്ദേഹത്തിന്റെ സംഗീതം. മാസ്റ്ററുടെ ഓരോ പാട്ടും സംഗീത വിദ്യാർത്ഥികൾക്ക് ഓരോ പാഠങ്ങളാണ്. അദ്ദേഹത്തിന്റെ ഒരു വരിയെങ്കിലും മൂളാതെ എന്റെ ഒരു ദിവസം കടന്നുപോകാറില്ല. അതുപോലെ തന്നെയായിരിക്കും കലയെ സ്നേഹിക്കുന്ന ഓരോ ആൾക്കാരും. അത് കലാകാരന് കിട്ടുന്ന സൗഭാഗ്യമാണ്. നമ്മൾ മൺമറഞ്ഞാലും നമ്മൾ അവശേഷിപ്പിച്ചിട്ടുപോയ കല എന്നും നിലനിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com