ADVERTISEMENT

എസ് പി ബി മണ്മറഞ്ഞു ദിവസങ്ങളായിട്ടും ദുഃഖം സഹിക്കാനാകാതെ കഴിയുകയാണ് സുഹൃത്തുക്കൾ. അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചറിഞ്ഞവർക്കാർക്കും തന്നെ ആ വേർപാട് ഉൾക്കൊള്ളാനായിട്ടില്ല. എസ് പി ബാലസുബ്രമണ്യവുമായി വളരെ അടുത്ത ബന്ധമാണ് ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് ഉണ്ടായിരുന്നത്. ടോമിൻ തച്ചങ്കരി സംഗീതം പകർന്ന ഗാനങ്ങൾ എസ്പിബിപാടി അനശ്വരമാക്കിയ അനുഭവം പങ്കുവയ്ക്കുകയാണ് അദ്ദേഹം.

കോളജിൽ പഠിക്കുമ്പോൾ മുതൽ എനിക്ക് സംഗീതത്തിൽ അഭിരുചി ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഒരു ട്രൂപ്പ് ഒക്കെ ഉണ്ടായിരുന്നു. പിന്നെ ഇങ്ങനെ ഗിറ്റാർ വായിച്ചു നടന്നാൽ ശരിയാകില്ല എന്ന് എന്റെ സഹോദരൻ പറഞ്ഞതിൻ പ്രകാരമാണ് ഞാൻ ഡൽഹിയിൽ പോയി ഐ പി എസ് എടുത്തത്. ജോലിയിൽ കയറിയതിനു ശേഷം വീണ്ടും സംഗീതരംഗത്തേയ്ക്കു തിരിച്ചെത്തി. 1996-ൽ ഞാൻ ‘തിരുവചനം’ എന്ന  ഭക്തി ഗാനവും ഒരു ബേസിക് ആൽബവും ചെയ്തു.  അതിൽ ഒരു പാട്ട് കംപോസ് ചെയ്തു കഴിഞ്ഞപ്പോൾ എനിക്ക് എസ് പി ബാലസുബ്രമണ്യത്തെക്കൊണ്ട് അത് പാടിക്കണം എന്ന് ആഗ്രഹം തോന്നി.   അങ്ങനെയാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹത്തെ ബന്ധപ്പെടുക അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് ശ്രമിച്ചിട്ടും എനിക്ക് അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ‌

അങ്ങനെ ഞാൻ ചെന്നൈയിലെ ഡി ജി പി ശ്രീപാലിനെ പോയി കണ്ടു. എനിക്ക് എസ് പി ബിയെ കൊണ്ട് ഒരു പാട്ടുപാടിക്കണം എന്ന് പറഞ്ഞു. അദ്ദേഹം എസ് പി ബിയെ വിളിച്ചു പറഞ്ഞു ഞങ്ങളുടെ ഒരു ഐ പി എസ് ഓഫീസറിന് അങ്ങയെ കൊണ്ട് പാടിക്കണം എന്ന് പറഞ്ഞു വന്നിട്ടുണ്ട് എന്ന്. അപ്പോഴാണ് അദ്ദേഹം അറിയുന്നത് ഇങ്ങനെ ഞാൻ ശ്രമിക്കുന്നുണ്ടായിരുന്നുെവന്ന്. അദ്ദേഹം പറഞ്ഞു പിന്നെന്താ, എന്റെ സ്റ്റുഡിയോയിലേക്ക് വരൂ എന്ന്. കോദണ്ഡപാണി എന്നാണ് ആ സ്റ്റുഡിയോയുടെ പേര്. അദ്ദേഹം ഒരു കോണ്ടസ കാറിൽ ആണ് വന്നത്. ഞാൻ ഈ പാട്ട് അദ്ദേഹത്തെ കേൾപ്പിച്ചു, അപ്പോൾ അദ്ദേഹം ചോദിച്ചു സാറ് തന്നെ ആണോ ഇത് കമ്പോസ് ചെയ്തത്, ഞാൻ പറഞ്ഞു അതെ. അദ്ദേഹം പറഞ്ഞു വളരെ മനോഹരമായിട്ടുണ്ട് എന്ന്. ഞാൻ മലയാളത്തിൽ പറഞ്ഞ വരികൾ അദ്ദേഹം തെലുങ്കിൽ എഴുതിഎടുത്തു. ട്യൂണും എഴുതി വച്ചു. 

ഞാൻ മറ്റൊരാളെക്കൊണ്ട് ട്രാക്ക് പാടി വച്ചിരുന്നു. ആദ്യത്തെ ലൈൻ പാടി കേട്ടപ്പോഴേ കുളിരു കോരിപ്പോയി. ആ ഒരു ഫീൽ ആര് പാടിയാലും കിട്ടില്ല. അത്രക്ക് മനോഹരവും പെർഫക്റ്റും ആയിരുന്നു അദ്ദേഹത്തിന്റെ റെൻഡറിങ്. പിന്നെ പാർട്സ് പഠിപ്പിക്കാൻ ഇരുന്നു. ഞാൻ ഹാർമോണിയമൊക്കെ വച്ച് ഇരുന്നതിന്റെ എതിരെ വന്നു പഠിക്കാനായി ഇരുന്നു. എനിക്ക് വിറയലും തുടങ്ങി. ഞാൻ വളരെയധികം ആരാധിക്കുന്ന വലിയ ഒരു പാട്ടുകാരനെയാണ് പഠിപ്പിക്കാൻ പോകുന്നത്. ഞാൻ പറഞ്ഞു എന്റെ കൈ വിറക്കുന്നു, എന്റെ സംഭ്രമം കണ്ട് അദ്ദേഹം ചോദിച്ചു സാറ് പോലീസ് അല്ലെ എന്തിനാ കൈ വിറക്കുന്നേ എന്ന്. അര മണിക്കൂറുകൊണ്ട് അദ്ദേഹം പഠിച്ചു പാടിത്തന്നു. ഇത്രയും പെട്ടെന്ന് ഒരു ട്യൂൺ പഠിച്ചു പാടുന്ന ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല. 

പിന്നെ വർഷങ്ങളോളം ഒരു ബന്ധവുമില്ലായിരുന്നു. ഒരിക്കൽ ഞാൻ കണ്ണൂർ എസ് പി ആയിരിക്കുമ്പോൾ അദ്ദേഹവും ചിത്രയും അവിടെ ഒരു ഗാനമേളക്ക് വന്നു. അന്ന് ഞാൻ അവിടെ യൂണിഫോമിൽ ആണ് ചെന്നത്. എന്നെ കണ്ടപ്പോൾ വലിയ സന്തോഷമായി. അന്ന് വൈകുന്നേരം സ്റ്റേജിൽ എന്റെ പാട്ടു പാടി അദ്ദേഹം അതിനെപ്പറ്റി പറയുകയുമൊക്കെ ചെയ്തു. പിന്നെ ഞാൻ ഡി ഐ ജി ആയപ്പോൾ വിളിച്ചു പറഞ്ഞു, പ്രൊമോഷൻ ആയി എന്ന്,  അദ്ദേഹം അഭിനന്ദിച്ചു. അങ്ങനെ ഇടയ്ക്കിടെ വിളിക്കുന്ന ഒരു സൗഹൃദബന്ധം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. ഐ ജി ആയപ്പോഴും വിളിച്ചു. എന്ത് വിശേഷം ഉണ്ടെങ്കിലും ഞാൻ വിളിച്ചറിയിക്കും. ഇടയ്ക്കു വരണം നമുക്ക് സെലിബ്രേറ്റ് ചെയ്യണം എന്നൊക്കെ എന്നോട് പറയുമായിരുന്നു. 

അദ്ദേഹത്തിന് അസുഖം ആയതറിഞ്ഞു ഞാൻ വിളിച്ചിരുന്നു, പക്ഷെ ഫോൺ എടുത്തില്ല. ഞാൻ സെക്രട്ടറിയെ വിളിച്ചു, അദ്ദേഹമാണ് പറഞ്ഞത് ഐ സി യുവിലാണെന്ന്. ഞാൻ ചോദിച്ചു ഫോൺ കൊടുക്കാൻ പറ്റുമോ, അദ്ദേഹം പറഞ്ഞു ഇല്ല ഫോണിൽ ഒന്നും സംസാരിക്കാൻ കഴിയില്ല, ഞാൻ പറഞ്ഞു ഞാൻ വിളിച്ചെന്നു പറയണേ എന്ന്. പിന്നെ വിളിച്ചു ഞാൻ ചോദിച്ചു പറഞ്ഞോ എന്ന്, അദ്ദേഹം പറഞ്ഞു സാറ് വിളിച്ചെന്നു ഞാൻ പറഞ്ഞു അദ്ദേഹം തലകുലുക്കി കേട്ടു എന്ന്. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഈ മരണവാർത്ത കേട്ടത്. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, അദ്ദേഹം ഇനി ഈ ലോകത്തില്ല എന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഇത്രയും ക്രിട്ടിക്കൽ ആണെന്ന് ഞാൻ കരുതിയില്ല. അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട് പണ്ട് ചില സംഗീതസംവിധായകർ ആദ്യം പാടി ശരിയായാലും പിന്നീട് കുറെ പ്രാവശ്യം പാടിപ്പിക്കുമെന്ന്. ആരോടും അങ്ങനെ ഒന്നും ചെയ്യരുത് എന്ന് പറഞ്ഞു. സ്വരം എന്ന് പറയുന്നത് വളരെ സൂക്ഷിച്ചുപയോഗിക്കേണ്ടതാണ്, അത് വേസ്റ്റ് ആക്കരുത് എന്ന്. 

എനിക്ക് അദ്ദേഹം വളരെ അടുത്ത സുഹൃത്തായിരുന്നു. എന്ത് പുതിയ കാര്യം സംഭവിച്ചാലും വിളിച്ച് സന്തോഷം പങ്കുവയ്ക്കാൻ ഒരാൾ, അങ്ങനെ ഒരാളാണ് നഷ്ടമായിരിക്കുന്നത്. എനിക്ക് മാത്രമല്ല അദ്ദേഹത്തെ അടുത്തറിയാവുന്ന എല്ലാവർക്കും അദ്ദേഹത്തിന്റെ സ്നേഹത്തെക്കുറിച്ചറിയാം. സംഗീതലോകത്ത് ഒരു തീരാനഷ്ടം തന്നെയാണ് എസ് പി ബിയുടെ അകാല മരണം.

English Summary: Tomin J Thachankary shares memories of S P Balasubrahmanyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com