‘അതിഥി’ അല്ല ഈ 15കാരി; മലയാളത്തിന്റെ സ്വന്തം ‘റാപ് കിഡ്’

aditi-nair-r
SHARE

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗൂഗിൾ ഇന്ത്യ ഒരു പരസ്യം ചെയ്യാൻ തീരുമാനിച്ചു. സ്ത്രീകളെ അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ പ്രേരിപ്പിക്കുന്ന, ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ. പരസ്യത്തിലെ പിന്നണിഗാനത്തിനു പെണ്‍ശബ്ദം തിരഞ്ഞ ഗൂഗിൾ ഒടുവിൽ കണ്ടെത്തിയത് ഒരു തിരുവനന്തപുരത്തുകാരിയെ. യുട്യൂബിൽ നേരംപോക്കിന് അപ്‌ലോഡ് ചെയ്ത ഒരു കവർ സോങ്ങാണ് പിന്നീട് ഗൂഗിൾ പരസ്യത്തിലെ പിന്നണിഗാനമായത്. അങ്ങനെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ റാപ്പർമാരിൽ ഒരാളായ അദിതി നായർ ആർ. മുംബൈയിലേക്കു വിമാനംകയറി. 

റാപ്പർ, കവർ സിങ്ങര്‍, പിന്നണി ഗായിക, പാട്ടെഴുത്ത്, കവിതാരചന– 15 വയസ്സിനിടയിൽ അദിതി എത്തിപ്പിടിച്ച മേഖലകൾ ഒരുപാടുണ്ട്. റാപ്പും കവർ സോങ്സും മറ്റു ഗാനങ്ങളുമായി യുവാക്കൾക്കിടയിൽ തരംഗം, രണ്ടു സിനിമകളിൽ പാടി. സംഗീതത്തിലെ വിവിധ വിഭാഗങ്ങളിൽ അദിതിയുടെ കഴിവു വിലയിരുത്തിയ ഇന്ത്യ ആൻഡ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് ‘റൈസിങ് സിങ്ങിങ്  സെൻസേഷന്‍’ എന്ന ടൈറ്റിലാണ് അദിതിക്കു നൽകിയത്. ലോകറെക്കോർഡ്‌സ് യൂണിയനിലേക്ക് അവർ ഇന്ത്യയില്‍നിന്നു നാമനിർദേശം ചെയ്തവരിൽ ആദ്യ 20 ൽ എത്തുകയും ചെയ്തു. 

ലോക്ഡൗൺ തുടങ്ങിയതിനു ശേഷം കവർ സോങ്ങുകളും റാപ്പുകളുമായി ആറോളം  വിഡിയോകളാണ് അദിതി പുറത്തിറക്കിയത്. ഈ മാസം 4 ന് പുറത്തിറങ്ങിയ ‘ഫേക്ക് ഫാക്ട്’ ആണ് അവസാനം റിലീസായത്. ഓണ്‍ലൈൻ ക്ലാസിന്റെ തിരക്കുകൾക്കിടയിലും തിരുവനന്തപുരം പേട്ടയിലെ വീട്ടിലിരുന്ന് സംഗീത വിശേഷങ്ങൾ അദിതി ‘മനോരമ ഓൺലൈനുമായി’ പങ്കുവയ്ക്കുന്നു.

‘റാപ് കിഡ്’ എന്നാണ് പ്രൊഫൈലുകളിലെ വിശേഷണം. കവിതാരചനയിൽനിന്ന് റാപ് മ്യൂസിലേക്ക് എങ്ങനെ എത്തിപ്പെട്ടു?

ആറു വയസ്സു മുതൽ കവിത എഴുതാറുണ്ട്. അവ സംഗീതം ചെയ്ത് പാടിനോക്കാറുമുണ്ടായിരുന്നു. റാപ് സോങ്ങുകളിലെ വാക്കുകളുടെ വേഗം വളരെ ആകർഷിച്ചു. അങ്ങനെയാണ് അതു ശ്രദ്ധിക്കാനും പാടി നോക്കാനും തുടങ്ങുന്നത്. എട്ടാം വയസ്സിൽ റാപ്പിന്റെ ഒരു ചെറിയ വേർഷന്‍ എന്നുപറയാവുന്ന ‘ബൂം ബൂം ക്ലിക്ക്’ എന്ന ഇംഗ്ലിഷ് സോങ് എഴുതി കംപോസ് ചെയ്തു. 

അഞ്ച് വര്‍ഷത്തിനു ശേഷം 2018 ലാണ് അതു വിഡിയോ ആയി യുട്യൂബിൽ റിലീസ് ചെയ്യുന്നത്. കൊറിയോഗ്രഫി ഉൾപ്പെടെ സ്വന്തമായാണ് ചെയ്തത്. മികച്ച സ്വീകരണമായിരുന്നു വിഡിയോക്ക് ലഭിച്ചത്. വ്യത്യസ്ത രീതിയിൽ വിഡിയോകൾ ചെയ്യാനായിരുന്നു ശ്രമം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഫീൽ ഫ്രീ ടു ഡ്രീം’ എന്ന വിഡിയോയിൽ 25 ഭാഷയിൽ ‘ഡ്രീം’ എന്ന വാക്ക് ഉപയോഗിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറങ്ങിയ ‘ഫേക്ക് ഫാക്ടി’ല്‍ മലയാളം റാപ്പും ചെറിയ രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്.

ഗൂഗിൾ ഇന്ത്യ പരസ്യത്തെക്കുറിച്ച്..

കഴിഞ്ഞ നവംബറിലാണ് ഗൂഗിൾ ഇന്ത്യക്കായി പരസ്യം ചെയ്യുന്ന ഫസ്റ്റ് ഡിസംബർ ഫിലിംസ് എന്ന പ്രൊഡക്‌ഷൻ കമ്പനിയിൽനിന്ന് വിളിച്ചത്. ‘ബീ അൺസ്റ്റോപ്പബിൾ’ എന്ന പേരിൽ ഒരു പരസ്യം ചെയ്യുന്നെന്നും ഫീമെയിൽ വോയ്സ് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു. ഫെബ്രുവരിയിൽ ‘ഗലി ബോയി’ സിനിമയിലെ ‘അപ്നാ ടൈം ആയേഗ’ എന്ന റാപ് സോങ്ങിന്റെ ഒരു കവർ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഞാൻ അപ്‌ലോഡ് ചെയ്തതിൽ ഏറ്റവും മോശം വിഡിയോ എന്നുതന്നെ പറയാം. പക്ഷേ അതുകണ്ട് ഇഷ്ടപ്പെട്ടാണ് അവർ വിളിച്ചത്. മുംബൈയിലെ വാഹ്–വാഹ് സ്റ്റുഡിയോയിൽ ആയിരുന്നു റെക്കോർഡിങ്. പ്രമുഖ അത്‌ലീറ്റ് ഹിമ ദാസ് ഉൾപ്പെടെയുള്ളവർ പരസ്യത്തിലുണ്ടായിരുന്നു. സാധാരണഗതിയിൽ ഗൂഗിൾ ആർക്കും ക്രെഡിറ്റ് കൊടുക്കാറില്ല. എന്നാൽ വിഡിയോയിൽ എന്റെ ക്രെഡിറ്റും ഉൾപ്പെടുത്തി. അതു വലിയ അംഗീകാരമായിക്കാണുന്നു.

പിന്നണിഗാന രംഗത്തേക്ക്..

ടൊവീനോ തോമസ് നായകനായ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിലെ ‘തെളിഞ്ഞേ വാനാകെ’ എന്ന ഗാനത്തിലെ ഇംഗ്ലിഷ്, റാപ് ഭാഗമാണ് പാടിയത്. സൂരജ് എസ്. കുറുപ്പാണ് സംഗീത സംവിധായകൻ. ഈ ഗാനത്തിലേക്ക് ഒരു ഓഡിഷൻ പോലെ നടത്തിയിരുന്നു. അതിൽനിന്നു തിരഞ്ഞെടുക്കുകയായിരുന്നു. തിയറ്റർ സ്ക്രീനിൽ പേരുതെളിയുന്നത് ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അതുനടന്നില്ല. ടിവി പ്രീമിയര്‍ ആയാണ് സിനിമ റിലീസായത്.

രജിഷ വിജയൻ നായികായി രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ‘ഖോ ഖോ’ എന്ന ചിത്രത്തിൽ മൂന്നു പാട്ടുകള്‍ പാടി. എന്റെ യുട്യൂബ്, ഇൻസ്റ്റഗ്രം വിഡിയോകൾ കണ്ട് ചിത്രത്തിന്റെ സംഗീത സംവിധായകൻ സിദ്ധാർഥ പ്രദീപ് വിളിക്കുകയായിരുന്നു. പാട്ടിന്റെ റെക്കോർഡിങ് കഴിഞ്ഞു. സിനിമ ഉടൻ തിയറ്ററിൽത്തന്നെ റിലീസാകും എന്നു പ്രതീക്ഷിക്കുന്നു.

പഠനവും സംഗീതവും ഒരുമിച്ച്?

കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വണ്ണിനാണ് പഠിക്കുന്നത്. ഈ വർഷം ഓൺലൈനായി ക്ലാസുകൾ നടക്കുന്നു. അമ്മ ആ സ്കൂളിൽത്തന്നെ ഹിന്ദി അധ്യാപികയാണ്. കൂട്ടുകാരിൽനിന്നും അധ്യാപകരിൽനിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. ലോക്ഡൗൺ സമയത്ത് സംഗീത പഠനം തല്‍ക്കാലം നിർത്തിവച്ചിരിക്കുകയാണ്. നേരത്തേ ചെയ്തുവച്ച പല വർക്കുകളും ഈ സമയത്ത് ഷൂട്ട് ചെയ്ത് റിലീസ് ചെയ്യാൻ സാധിച്ചു. എല്ലാ വിഡിയോകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. 

ഭാവിപരിപാടികൾ?

റാപ്പും സിനിമയും പാട്ടെഴുത്തും എല്ലാം ഒരുമിച്ചു കൊണ്ടുപോകാനാണ് താൽപര്യം. ഒരു മുഴുനീള മലയാളം റാപ് വിഡിയോ ചെയ്യാൻ താൽപര്യമുണ്ട്. അതിന്റെ പണിപ്പുരയിലാണ്. വേറേ വിഡിയോകളും അതിനു മുൻപു വന്നേക്കാം. മറ്റു റാപ്പേഴ്സുമായി ചേർന്നും വിഡിയോകൾ െചയ്യുന്നുണ്ട്. സിനിമകളിൽ പാടാനും താൽപര്യമുണ്ട്. നല്ല സംഗീത സംവിധായകർ വിളിച്ചാൽ ഉറപ്പായും പാടും. അതിന്റെകൂടെ യൂട്യൂബും സ്പോട്ടിഫൈയും പിന്നെ ഓൺലൈൻ ക്ലാസും (അദിതി ചിരിക്കുന്നു).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA