ADVERTISEMENT

തിരുവനന്തപുരംകാരി ദേവികക്കുട്ടിയുടെ പാട്ടാണ് ഇപ്പോൾ സമൂഹമാധ്യമലോകത്തെ പുതിയ തരംഗം. കണ്ടവരും കേട്ടവരുമെല്ലാം കണ്ണു മിഴിച്ചു, പിന്നെ മനസ്സു കൊടുത്ത് കേട്ടിരുന്നു. ‌അങ്ങനെ നാൽപതു ലക്ഷത്തിലധികം പേർ ആ കൊച്ചു പെൺകുട്ടിയുടെ സ്വരമാധുരി ആസ്വദിച്ചു. ഹിമാചൽ പ്രദേശിലെ നാടോടി ഗാനമായ ‘മായേനീ മേരീയ...’ എന്ന ഗാനമാണ് ദേവിക താളം മുറിയാതെ പാടി മുഴുവിപ്പിച്ചത്. പാട്ട് വൈറലായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും ധാരാളം പേരാണ് ഈ ഒൻപതാം ക്ലാസുകാരിയെ സ്നേഹവും ആശംസയുമറിയിച്ചത്. ആസ്വാദകരുടെ കൂട്ടത്തിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ അടക്കമുള്ള പ്രമുഖരുമുൾപ്പെടുന്നു. ‘ഇവൾ കേരളത്തിന്റെ പുത്രി’ എന്നു വിശേഷിപ്പിച്ചു കൊണ്ട് ദീർഘമായ ഒരു കുറിപ്പിലൂടെയാണ് ജയ്റാം ഠാക്കൂർ കൊച്ചു ഗായികയെ പ്രശംസിച്ചത്. ബാക്കി പാട്ടു വിശേഷങ്ങൾ ‘കേരളത്തിന്റെ ഈ പ്രിയ പുത്രി’ തന്നെ പറയട്ടെ. ദേവിക മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു.

 

എനിക്കിത് വിശ്വസിക്കാനാകുന്നില്ല

 

ഇപ്പോഴും ഇതൊന്നും വിശ്വസിക്കാൻ എനിക്കു സാധിക്കുന്നില്ല. കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് എന്റെ ദേവി ടീച്ചർ പാട്ടിന്റെ വിഡിയോ സ്കൂളിലെ സമൂഹമാധ്യമ പേജിൽ പങ്കുവച്ചത്. എന്റെ അധ്യാപകരും സുഹൃത്തുക്കളും മാത്രമേ അതു കാണുകയുള്ളൂവെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ ചുരുങ്ങിയ സമയം കൊണ്ടു തന്നെ വിഡിയോ വൈറലായി. ഇപ്പോൾ നാൽപതു ലക്ഷത്തിലധികം പേർ പാട്ട് കണ്ടു എന്നറിഞ്ഞു. അതിൽ ഒരുപാടൊരുപാട് സന്തോഷം. 

 

അഭിനന്ദനങ്ങൾക്കു നന്ദി

 

പാട്ട് കണ്ടിഷ്ടമായിട്ട് ഒരുപാട് പേർ അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം മന്ത്രി എ.കെ. ബാലൻ സർ‌ വിളിച്ചു. പാട്ട് ഒരുപാടിഷ്ടമായെന്നും മികച്ച ഗായികയാകണമെന്നും പറഞ്ഞ് ആശംസകൾ നേർന്നു. അതിലൊക്കെ ഒത്തിരി സന്തോഷമുണ്ട്. പിന്നെ ഒരുപാടു പേർ വിളിച്ച് അഭിനന്ദനമറിയിച്ചു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സർ പാട്ട് പങ്കുവച്ചതറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. അവിടേയ്ക്കു ക്ഷണിക്കുക കൂടി ചെയ്തപ്പോൾ സന്തോഷം ഇരട്ടിയായി. അദ്ദേഹം എന്നെ വിളിക്കുമെന്നു പറഞ്ഞിട്ടുണ്ട്.

 

പാട്ട് പഠിക്കാത്ത ദേവികക്കുട്ടി

 

ഞാൻ പാട്ട് പഠിക്കുന്നില്ല. എന്നാൽ ഈ വിഡിയോ വൈറലായതിനു ശേഷം ലൗലി ജനാർദ്ദനൻ എന്ന എന്റെ അധ്യാപിക എന്നെ പാട്ടു പഠിപ്പിക്കാമെന്നു പറഞ്ഞിട്ടുണ്ട്. പാട്ട് പഠിക്കാനുള്ള സാഹചര്യം ഒത്തു വരാത്തതു കൊണ്ടാണ് ഇത്രയും നാൾ അതു സാധിക്കാതെ പോയത്. ഇനി തീർച്ചയായും പഠിക്കും. ചെറിയ ക്ലാസ് മുതൽ സ്കൂളിലെ കലാപരിപാടികളിലൊക്കെ ഞാൻ പങ്കെടുക്കുമായിരുന്നു. അധ്യാപകരും കൂട്ടുകാരും എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ടായിരുന്നു. മൊബൈലിൽ കേട്ടാണ് ഞാൻ പാട്ട് പഠിക്കുന്നത്. ചിലപ്പോൾ ക്ലാസിന്റെ ഇടവേളകളിൽ അധ്യാപകർ എന്നെ പാടിക്കാറുണ്ട്. അമ്മയും അച്ഛനും പാട്ട് ആസ്വാദകർ മാത്രമാണ്. എനിക്ക് അനുജനുണ്ട്. രണ്ടാം ക്ലാസിൽ പഠിക്കുന്ന അവൻ ചെറുതായി പാടാൻ തുടങ്ങിയിട്ടുണ്ട്.  

 

ദേവികയ്ക്കു മാത്രമല്ല, അവളുടെ കുടുംബാംഗങ്ങൾക്കും ഇപ്പോൾ നടക്കുന്ന സംഭവങ്ങളൊന്നും വിശ്വസിക്കാനാകുന്നില്ല. ഇപ്പോഴും സ്വപ്നലോകത്തെന്ന പോലെയാണ് ദേവികയുടെ അച്ഛനും അമ്മയും. വൈറൽ ഗായികയുടെ അമ്മ സംഗീത മകളുടെ പാട്ടിനെക്കുറിച്ച് പറഞ്ഞതിങ്ങനെ,

 

മോളുടെ പാട്ട് ഇത്രയും ആളുകൾ കാണുമെന്നോ പങ്കുവയ്ക്കപ്പെടുമെന്നോ പ്രതീക്ഷിച്ചതേയില്ല. അതിയായ സന്തോഷം തോന്നുന്നു. എല്ലാം ദൈവാനുഗ്രഹമായിക്കാണുന്നു. മോൾ എൽകെജിയിൽ പഠിച്ചിരുന്ന കാലത്ത് ഒരു സിനിമാ പാട്ടു മൽസരമുണ്ടായിരുന്നു. അന്ന് അതിനുവേണ്ടി എന്റെ പരിമിതമായ അറിവു വച്ച് ഞാൻ അവൾക്കു പാടിക്കൊടുത്തു. അതു കേട്ട് മോള് അതു പോലെതന്നെ പാടിക്കേൾപ്പിച്ചു. മോൾക്കു പാടനുള്ള കഴിവുണ്ടെന്ന് അപ്പോഴാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്. പാട്ട് പഠിപ്പിക്കാനുള്ള സാഹചര്യം ലഭിക്കാത്തതിനാൽ ഇത്രയും നാൾ അതു സാധിച്ചില്ല. ഇനി അവളെ പാട്ടു പഠിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 

 

English Summary: Interview with viral singer Devika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com