എം.ജയചന്ദ്രന്റെ സിനിമാ സംഗീതജീവിതത്തിന് 25 വയസ്സ്

m-jayachandran-old-photo
SHARE

നൂറ്റിനാൽപതിലേറെ സിനിമകളിലായി ആയിരത്തോളം പാട്ടുകളൊരുക്കിയ എം.ജയചന്ദ്രന്റെ ചലച്ചിത്ര ജീവിതം 25 വർഷത്തിലെത്തി നിൽക്കുന്നു. കോവിഡിന്റെ പരീക്ഷണഘട്ടത്തിൽ തിയറ്ററുകളെല്ലാം അടഞ്ഞുകിടന്നിട്ടും പുതിയ ഹിറ്റ് ഗാനം ഒരുക്കിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം.

ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതുക്കല് വെള്ളരിപ്രാവ്..’ എന്ന ഗാനമാണു സൂപ്പർഹിറ്റായത്. മുൻപു താനൊരുക്കിയ പല ഗാനങ്ങളും സൂപ്പർഹിറ്റ് ആയിട്ടുണ്ടെങ്കിലും ഈ ഗാനത്തിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആവേശകരമായ പ്രതികരണമാണു ലഭിച്ചതെന്നു ജയചന്ദ്രൻ പറയുന്നു. തമിഴ്, തെലുങ്ക് ചലച്ചിത്രപ്രവർത്തകരും ബംഗാളിലെയും പഞ്ചാബിലെയും ആസ്വാദകരും അനുമോദനങ്ങൾ അറിയിച്ചു.

നടനും നിർമാതാവുമായ വിജയ് ബാബുവുമായി നേരത്തേ മുതൽ അടുപ്പമുണ്ടെങ്കിലും വിജയ് ബാബു നിർമിച്ച ചിത്രത്തിനു ജയചന്ദ്രന്റെ സംഗീതം ആദ്യമായാണ്.‘വാതുക്കല് വെള്ളരിപ്രാവ്...’ എന്ന പാട്ടിന്റെ ഈണം രൂപപ്പെട്ടതു വെറും 10 മിനിറ്റു കൊണ്ടാണ്. ആദ്യ വരിയുടെ ഈണം ജയചന്ദ്രൻ മൂളി, അതിനൊത്ത് ഗാനരചയിതാവ് ഹരിനാരായണൻ എഴുതി. പിന്നെയാ പാട്ടിന്റെ ബാക്കി ഹരി എഴുതിയ ശേഷമാണു ജയൻ ഈണമിട്ടത്. പാട്ട് ശ്രേയാ ഘോഷാലിനെക്കൊണ്ടു പാടിച്ചുകൂടേയെന്നു സംവിധായകൻ ഷാനവാസ് ചോദിച്ചെങ്കിലും പുതിയ ഗായിക മതിയെന്നായിരുന്നു ജയചന്ദ്രന്റെ തീരുമാനം. നിത്യ മാമ്മന്റെ പേരു നിർദേശിച്ചതു ഗായകൻ രവിശങ്കറാണ്. അർജുൻ കൃഷ്ണ, സിയാ ഉൽ ഹഖ് എന്നിവരും കൂടെപ്പാടി. കോവിഡ് പ്രതിസന്ധിക്കിടെ ദൈവം നൽകിയ അനുഗ്രഹമായി ഈ ഗാനമെന്ന് ജയചന്ദ്രൻ.

സംഗീത സംവിധായകന് ഇഷ്ടപ്പെട്ട ഗാനം ആസ്വാദകർക്ക് ഇഷ്ടപ്പെടണമെന്നില്ലെന്നാണ് പലപ്പോഴും അനുഭവമെന്ന് എം.ജയചന്ദ്രൻ പറയുന്നു. കമൽ സംവിധാനം ചെയ്ത ആമിയിലെ ‘നീർമാതളം’, ‘പ്രണയമീ രാധ’ എന്നിവ എനിക്ക് ഇഷ്ടമാണ്. ‘അമ്മ മഴക്കാറിനു കൺനിറഞ്ഞു...’’ എന്ന ഗാനമാണ് ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് – ജയചന്ദ്രൻ സ്വന്തം ഇഷ്ടങ്ങൾ പറഞ്ഞു.

ഏറെ ബുദ്ധിമുട്ടി ഈണമിട്ട പാട്ടുകളുണ്ട്. അതൊന്നും ആസ്വാദകർക്കു മനസ്സിലാകണമെന്നില്ല. ‘കരയിലേക്ക് ഒരു കടൽദൂരം’ എന്ന ചിത്രത്തിലെ ‘ചിത്രശലഭമേ...’ എന്ന പാട്ട് ആറു കാലത്തിലാണു ചിട്ടപ്പെടുത്തിയത്. ഇത് ഈണമിട്ടു റിക്കോർഡ് ചെയ്യാൻ രണ്ടു മാസമെടുത്തു. കെ.എസ്.ചിത്രയും മധു ബാലകൃഷ്ണനുമാണു പാടിയത്. ഈയിടെ ‘കിണർ’ എന്ന ചിത്രത്തിനു വേണ്ടി യേശുദാസിനെയും എസ്.പി.ബാലസുബ്രഹ്മണ്യത്തെയും കൊണ്ട് ‘‘അയ്യാ സാമീ....’’ എന്ന ഗാനം പാടിച്ചതു മറ്റൊരു ഭാഗ്യമാണെന്നു ജയചന്ദ്രൻ കരുതുന്നു.

പാട്ടുകൾക്ക് ഈണമിടുന്നതിന്റെ തിരക്കു മൂലം സിനിമകൾക്കു പശ്ചാത്തല സംഗീതം ഒരുക്കാൻ ഇപ്പോൾ ജയചന്ദ്രനെ അധികം കിട്ടാറില്ല. ഇതുവരെ 60 സിനിമകൾക്കു പശ്ചാത്തല സംഗീതം നൽകി.

സിനിമയിൽ സംഗീതസംവിധായകന്റെ സ്ഥാനം സാങ്കേതികവിദഗ്ധർ കയ്യടക്കുന്നതായി ജയചന്ദ്രൻ കരുതുന്നു. സംഗീതത്തിൽ വിവരമുള്ളവരെ മാത്രമേ മ്യൂസിക് കംപോസർ എന്നു വിളിക്കാനാവൂ. മറ്റുള്ളവർ മ്യൂസിക് ടെക്നിഷ്യൻസ് ആണ്. എല്ലാവരും എ.ആർ.റഹ്മാനെയാണു മാതൃകയാക്കുന്നത്. അദ്ദേഹം മികച്ച സംഗീതജ്ഞനും അതിനൊപ്പം സാങ്കേതികവിദഗ്ധനുമാണ്.

സംഗീതത്തിൽ പുതുമയാണു വേണ്ടത്. ഇരുപത്തഞ്ചാം വർഷത്തിലും ഈ വെല്ലുവിളി നേരിടാൻ തനിക്കു സാധിക്കുന്നുണ്ടെന്ന് ജയചന്ദ്രൻ കരുതുന്നു. ഇനിയിപ്പോൾ കഴിവു തെളിയിക്കേണ്ട കാര്യമില്ല. ചെയ്യുന്നതു വ്യത്യസ്തമായിരിക്കണം. സഹകരിക്കാൻ സാധിക്കുന്നവർക്കൊപ്പം പാട്ടു ചെയ്യണം. ഇടിച്ചുകയറി സിനിമ സംഘടിപ്പിക്കുന്ന രീതി അന്നും ഇന്നുമില്ല – ജയചന്ദ്രൻ നയം വ്യക്തമാക്കുന്നു.

കോവിഡ് പ്രതിസന്ധി സംഗീതലോകത്തെ സാരമായി ബാധിച്ചു. ഗായകരും സംഗീത സംവിധായകരും കേരളത്തിലും സംഗീതോപകരണങ്ങൾ വായിക്കുന്നവർ ചെന്നൈയിലെ സ്റ്റുഡിയോയിലുമാണ്. വിഡിയോ കോളിലൂടെയാണു നിർദേശം നൽകുന്നത്. ഗായകരെ പാട്ടു പഠിപ്പിക്കുന്നതും വിഡിയോ കോളിലൂടെത്തന്നെ. ‘വാതിൽക്കല് വെള്ളരിപ്രാവി’ൽ തുർക്കിയിലെ കലാകാരന്മാർ ബഗ്ലാമ, ഡുഡുക്, അറബിക് ക്ലാരനറ്റ് എന്നീ സംഗീതോപകരണങ്ങൾ വായിച്ചിട്ടുണ്ട്. അവർ റിക്കോർഡ് ചെയ്ത് അയച്ചുതരികയായിരുന്നു.

കോവിഡ് പ്രതിസന്ധി തന്നെയും ബാധിച്ചതായി ജയചന്ദ്രൻ പറയുന്നു. സംഗീതരംഗത്തുള്ളവരുടെ മുഖ്യ വരുമാനം സ്റ്റേജ് പരിപാടികളിൽനിന്നും റിയാലിറ്റി ഷോകളിൽ നിന്നുമാണ്. സിനിമയ്ക്കു സംഗീതം നൽകുന്നതു കൊണ്ടോ പാടുന്നതു കൊണ്ടോ അത്ര വലിയ വരുമാനമില്ല. സ്റ്റേജ് ഷോകൾ പൂർണമായും മുടങ്ങി. ഗായകരുടെയും ഓർക്കസ്ട്രക്കാരുടെയും വരുമാനം നിലച്ചു. റിക്കോർഡിങ് വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നതാണ് ആശ്വാസം. ‘പത്തൊൻപതാം നൂറ്റാണ്ട്’, ‘കുർബാനി’, ‘സ്റ്റാർ’ എന്നിവയാണു ജയചന്ദ്രൻ സംഗീതം നൽകുന്ന പുതിയ ചിത്രങ്ങൾ.

സ്വന്തം ഗാനങ്ങളിൽ എം. ജയചന്ദ്രന്  ഏറ്റവും ഇഷ്ടം ഇവ

1 അമ്മ മഴക്കാറിനു കൺനിറഞ്ഞു (മാടമ്പി)

2 പിന്നെ എന്നോടൊന്നും പറയാതെ (ശിക്കാർ)

3 കൊണ്ടോരാം... (ഒടിയൻ)

4 പാട്ടിൽ ഈ പാട്ടിൽ (പ്രണയം)

5 രാക്കിളി തൻ വഴി മറയും... (പെരുമഴക്കാലം)

6 ഹൃദയത്തിൻ മധുപാത്രം... (കരയിലേക്ക് ഒരു കടൽദൂരം)

7 കാത്തിരുന്നു കാത്തിരുന്നു...(എന്ന് നിന്റെ മൊയ്തീൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA