ഇനി മുതൽ ശ്രുതി നമ്പൂതിരിയല്ല, ശ്രുതി ശരണ്യം; ഞാൻ തിരുത്തുന്നു

shruthy-namboothiri
SHARE

'ആലായാൽ തറ വേണോ?

അടുത്തൊരമ്പലം വേണോ

ആലിന്നു ചേർന്നൊരു കുളവും വേണോ'

ഗായകൻ സൂരജ് സന്തോഷും എഴുത്തുകാരിയും സംവിധായികയുമായ ശ്രുതിയും ചേർന്നൊരുക്കിയ ഈ പാട്ട്, കാലങ്ങളായി ആഘോഷിച്ചു പാടിയ വരികളെ പൊളിച്ചെഴുതാനുള്ള ധീരമായ കാൽവയ്പായിരുന്നു. ഈ തിരുത്തിയെഴുത്ത് ഒരു വിഭാഗം സംഗീതാസ്വാദകർ സ്വീകരിച്ചപ്പോൾ മറുവിഭാഗത്ത് നിന്ന് കടുത്ത വിമർശനങ്ങളുമുണ്ടായി. പാട്ടിന്റെ വരികളിലെ വരേണ്യതയും അരാഷ്ട്രീയവും തിരുത്തപ്പെടുമ്പോൾ അതു തിരുത്തണമെന്നു പറയുന്നവരും സ്വയം തിരുത്തലിന് തയ്യാറാകുന്നുണ്ടോ എന്ന ചോദ്യവും ഉയർന്നു. പാട്ടിന്റെ ക്രെഡിറ്റിൽ വരികളെഴുതിയത് 'ശ്രുതി നമ്പൂതിരി' എന്നു ചേർത്തതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു എഴുത്തുകാരിക്കു നേരെ ചോദ്യങ്ങൾ ഉയർന്നത്. 

ഈ വിമർശനങ്ങളിൽ നിന്ന് മാറിനിൽക്കാതെ സ്വന്തം നിലപാടു വ്യക്തമാക്കുകയാണ് ശ്രുതി. "'ഈ പേര്... അതൊരു തെറ്റാണ്, അത് തിരുത്തപ്പെടേണ്ടതാണ് എന്നുള്ള ബോധ്യത്തോടു കൂടിത്തന്നെയാണ് ഞാനത് തിരുത്തുന്നത്. ഇനി മുതൽ ശ്രുതി നമ്പൂതിരി എന്നല്ല ശ്രുതി ശരണ്യം എന്നാകും രേഖപ്പെടുത്തുക," ശ്രുതി മനോരമ ഓൺലൈന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. പാട്ടിനെക്കുറിച്ചും അതിനു നേരെ ഉയർന്ന വിമർശനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ് ശ്രുതി ശരണ്യം മനോരമ ഓൺലൈനിൽ. 

എന്തുകൊണ്ടിത് തിരുത്തി ചെയ്തുകൂടാ?

സൂരജ് മസാല കോഫിക്കു വേണ്ടി 'ആലായാൽ തറ വേണം' എന്ന പാട്ട് നേരത്തെ ചെയ്തിട്ടുണ്ട്. സ്വതന്ത്രമായി ആ പാട്ട് ഒരിക്കൽ കൂടി ചെയ്യണമെന്നുണ്ടായിരുന്നു. ആ ഒരു കാര്യം ഞങ്ങളുടെ സംഭാഷണത്തിൽ വന്നപ്പോൾ ഞാൻ അവനോടു പറഞ്ഞു, അതിനകത്ത് വളരെയധികം അരാഷ്ട്രീയ സംഗതികളുണ്ട്. ആ പാട്ട് ശ്രദ്ധിച്ചു നോക്കിയാൽ മനസിലാകും എന്ന്. ഇക്കാര്യം സൂരജിനും കൺവിൻസ് ആയി. ഈ പാട്ട് വേണമെങ്കിൽ ചെയ്യാതിരിക്കാമെന്ന ഒരു ഓപ്ഷനുണ്ട്. പക്ഷേ, സൂരജ് പറഞ്ഞു, എനിക്ക് ഇത് ചെയ്യണം. എന്തുകൊണ്ടിത് തിരുത്തി ചെയ്തുകൂടാ എന്ന് സൂരജ് തിരിച്ച് എന്നോടു ചോദിച്ചു. അങ്ങനെയാണ് ഈ ആശയത്തിലേക്ക് എത്തുന്നത്. 

തിരുത്തിയെഴുതുന്നതിൽ തെറ്റില്ല

ഗ്രന്ഥകർതൃത്വം ഇല്ലാത്ത പാട്ടാണ് ഇത്. അതുകൊണ്ട് ഈ പാട്ട് തിരുത്തി എഴുതുന്നതിലും വായിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും തെറ്റില്ല. തീർച്ചയായും ഈ പാട്ട് ഒരിക്കലും അധ്വാനിക്കുന്ന ഒരു ജനവിഭാഗത്തിന്റെ പാട്ടൊന്നുമല്ല. വരേണ്യവർഗത്തിന്റെ തിരുവാതിരപ്പാട്ടാണ്. അങ്ങനെയാണ് നമ്മൾ കാലഘട്ടത്തിന്റെ മൂല്യത്തിന് അനുസരിച്ച് മാറ്റിയെഴുതാൻ തീരുമാനിക്കുന്നത്. സൂരജും ഞാനും കുറെ ദിവസങ്ങളെടുത്താണ് ഇതു ചെയ്തത്. വീണ്ടും വീണ്ടും തിരുത്തി. ഒരുപാടു സമയമെടുത്താണ് പാട്ടിന്റെ വരികൾകൾ ഫൈനലലൈസ് ചെയ്തത്. 

കാവാലം നാരാണയപ്പണിക്കർക്ക് മനസിലാകും

കാവാലം നാരായണപ്പണിക്കർ ഒരുപാടു പാട്ടുകൾ തിരുത്തിയെഴുതിയിട്ടുള്ള ഒരാളാണ്. എന്റെയോമ കുഞ്ഞിത്തായീ എന്നു പറയുന്ന ഒരു പാട്ടുണ്ട്. കുട്ടനാട് ഭാഗത്ത് ആരെങ്കിലും മരണപ്പെട്ടാൽ പാടുന്ന പാട്ടാണ്. ഇത് അധകൃതരുടെ പാട്ടാണ്. ഇതിനെയൊക്കെ അദ്ദേഹം തിരുത്തിപ്പാടിയിട്ടുണ്ട്. അങ്ങനെ ചെയ്തിട്ടുള്ള കാവാലത്തിന് ഇത് മനസിലാകും. എന്തുകൊണ്ട് ഈ കാലഘട്ടത്തിന് അനുസരിച്ച് ഇത് തിരുത്തിപ്പാടിയെന്നത് അദ്ദേഹത്തിന് മനസിലാകും. 

എന്റെ പ്രിവിലജുകളെക്കുറിച്ച് തിരിച്ചറിവുണ്ട്

പേരിനൊപ്പമുള്ള ജാതിപ്പേരിൽ അരാഷ്ട്രീയ സംഗതികളുണ്ടെന്ന തിരിച്ചറിവ് എനിക്കുണ്ട്. അതിന്റെ പ്രിവിലജുകളെക്കുറിച്ചുള്ള തിരിച്ചറിവുണ്ട്. അതു മുറിക്കുമ്പോഴുള്ള പ്രിവിലജുകളെക്കുറിച്ചും എനിക്ക് തിരിച്ചറിവുണ്ട്. ആ അറിവോടു കൂടിത്തന്നെയാണ് ഞാൻ ഇത്രകാലം ഈയൊരു ഇൻഡസ്ട്രിയിൽ നിലനിന്നതും. ഈ ജാതിവാൽ എന്റെ മേൽ ആരോപിക്കപ്പെട്ടത് ഈയോരു ബോധമൊക്കെ എനിക്ക് ഉണ്ടാകുന്നതിന് മുൻപാണ്. അത് എന്റെ കുറ്റമല്ല. പക്ഷേ, എനിക്ക് തിരുത്താനുള്ള ഒരു അവസരം ആയിട്ടാണ് ഞാനിപ്പോൾ ഈ സമയത്തെ കാണുന്നത്. ഇത് തിരുത്തപ്പെടുക തന്നെ ചെയ്യും. തിരുത്തുമ്പോഴും അതിന് ദുർവ്യാഖ്യാനങ്ങളുണ്ടാകും. അവരോടെനിക്ക് പറയാനുള്ളത് എന്റെ സൈദ്ധാന്തിക നിലപാടാണ്. 

ഇനി മുതൽ ശ്രുതി ശരണ്യം

നിങ്ങൾ സത്താവാദം വിടൂ. Performativity യുടെ അടിസ്ഥാനത്തിൽ സംസാരിക്കൂ. Essentialist പോയിന്റ് ഓഫ് വ്യൂവിൽ നിന്നു മാറി എന്താണ് എന്റെ ടെക്സ്റ്റ് പറയുന്നത് അതിനെക്കുറിച്ച് സംസാരിക്കൂ. കാരണം സത്താവാദം എടുത്തുനോക്കുകയാണെങ്കിൽ ശ്രുതി എന്ന പേരിനും ഇതേ പ്രശ്നമുണ്ട്. ശ്രുതി എന്നു പറയുന്നത് ഒരു വേദിക് സ്കൂളിന്റെ ഭാഗമായിട്ടുള്ള പേരാണ്. അതിലും എന്റെ ജാതിയും സമുദായവും വിളിച്ചു പറയുന്നുണ്ട്. എനിക്കുള്ള അപേക്ഷയാണിത്. തിരുത്തേണ്ടത് എന്റെ കൂടെ ആവശ്യമാണ്. ആരെയും പേടിച്ചിട്ടോ അതല്ലെങ്കിൽ വിവാദങ്ങളിൽ നിന്ന് മാറി നിൽക്കാനോ വേണ്ടി ചെയ്യുന്നതല്ല. കൃത്യമായ ബോധ്യത്തോടെ ചെയ്യുന്നതാണ്. എന്റെ രാഷ്ട്രീയം എനിക്ക് പറയണമെങ്കിൽ, എന്റെ നിലപാടുകളെ എനിക്ക് പറയണമെന്നുണ്ടെങ്കിൽ ഈ പേര് അതൊരു തെറ്റാണ്, അത് തിരുത്തപ്പെടേണ്ടതാണ് എന്നുള്ള ബോധ്യത്തോടു കൂടിത്തന്നെയാണ് ഞാനത് തിരുത്താൻ തയ്യാറാകുന്നതും തിരുത്തുന്നതും. അത് ഈ നിമിഷം മുതൽ തിരുത്തപ്പെട്ടിട്ടുണ്ട്. ഇനി ഇവിടെ മുതലുള്ള വർക്കുകളിൽ ശ്രുതി ശരണ്യം എന്നായിരിക്കും.

വേരുകളിൽ നിന്നു തുടങ്ങാം

പൂമുഖവാതിൽക്കൽ സ്നേഹം തുളുമ്പുന്ന പൂന്തിങ്കളാകുന്നു ഭാര്യ പോലെ നിരവധി സിനിമാപ്പാട്ടുകളുണ്ട്, ഇതു പോലെ തിരുത്തപ്പെടേണ്ടത്. എന്നാൽ അതിനാദ്യം സിനിമ തിരുത്തപ്പെടണം. പക്ഷേ, തിരുത്തുമ്പോൾ ഗ്രാസ്റൂട്ടിൽ നിന്ന് വേണമല്ലോ. സ്ത്രീപക്ഷ രാഷ്ട്രീയവും ദളിത് രാഷ്ട്രീയവും ഒക്കെ അത്രയധികം കത്തിനിൽക്കുന്ന ഈയൊരു കാലഘട്ടത്തിൽ നമ്മുടെ വേരുകളിൽ നിന്നു തിരുത്തൽ തുടങ്ങണമെന്നാണ് എന്റെ അഭിപ്രായം. പൂമുഖവാതിൽക്കൽ എന്നൊരു പാട്ടിന്റെ പ്രശ്നങ്ങൾ എല്ലാവർക്കും അറിയാം. അതല്ല, അതിനും മുൻപുള്ള ടെക്സ്റ്റുകളിൽ നിന്ന് തിരുത്തിത്തുടങ്ങണമെന്നാണ് എനിക്ക് തോന്നുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA