സിനിമയ്ക്കായി പാട്ടു ചെയ്യുമ്പോൾ ആ സീനുമായി ചേർന്നു നിൽക്കണ്ടേ? പുത്തം പുതു കാലത്തിലെ പാട്ടിനെക്കുറിച്ച് ഗോവിന്ദ് വസന്ത

govind–vasantha
SHARE

മലയാളികള്‍ക്ക് അധികം പരിചയമില്ലാത്ത മ്യൂസിക് ബാന്‍ഡ് സംസ്‌കാരത്തിലേക്ക് കൈപിടിച്ച സംഗീതക്കൂട്ടങ്ങളിലൊന്നാണ് തൈക്കൂടം ബ്രിഡ്ജ്. ആവേശപ്പാട്ടുകളും ഓര്‍മകളുടെ ഈണങ്ങളുമായി വളരെ വേഗത്തില്‍ നമ്മുടെ ഇഷ്ടങ്ങളിലേക്ക് അവര്‍ ചേക്കേറി. അതിലൊരാള്‍ ഗോവിന്ദ് മേനോന്‍(ഗോവിന്ദ് വസന്ത) 96 എന്ന തമിഴ് സിനിമയിലൂടെ തെന്നിന്ത്യയുടെയൊന്നാകെ ഇഷ്ടം നേടി. ഹൃദയങ്ങളിന്നും കേട്ടുകൊണ്ടേിയിരിക്കുന്ന ആ പാട്ടിനു ശേഷം വീണ്ടും തമിഴില്‍ ആ നാടിന്റെ നിറഭംഗിയുള്ള മറ്റൊരു ഗാനവുമായി എത്തിയിരിക്കുകയാണ് ഗോവിന്ദ്. അതും സംഗീതത്തിനും സംഗീത സംവിധായകര്‍ക്കും അങ്ങേയറ്റം പ്രാധാന്യം നല്‍കുന്ന,  ആ ആവേശം കാലങ്ങള്‍ക്കു മുന്‍പേ പ്രേക്ഷകരിലും തീര്‍ത്ത ഗൗതം മേനോന്‍ ചിത്രത്തിലൂടെ. ചെറു ചിത്രങ്ങളുടെ കൂട്ടമായ ‘പുത്തം പുതു കാലൈ’ എന്ന സൃഷ്ടിയിലെ അവളും നാനും എന്ന കഥയിലെ ‘കണ്ണാ തൂത് പോടാ’ എന്ന പാട്ടിനെ കുറിച്ച്  ഗോവിന്ദ് വസന്ത മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു.

ഗൗതം മേനോന്‍ ചിത്രത്തിലേക്ക്

ഗൗതം മേനോന്റെ പടമുണ്ട് അതിലേക്ക് മ്യൂസിക് ചെയ്യാമോ എന്നു ചോദിച്ച് അദ്ദേഹത്തിന്റെ ടീമിലുള്ള ഒരാളാണ് വിളിച്ചത്. ഫോക്കും കര്‍ണാടികും ചേര്‍ന്ന തീം ആണെന്നു കേട്ടപ്പോള്‍ ഒത്തിരി ഇഷ്ടപ്പെട്ടു. ഞാന്‍ ഇതിനു മുന്‍പ് ചെയ്തിട്ടില്ലാത്ത തീം ആണെങ്കിലും അധികം പ്രയാസപ്പെടാതെ ചെയ്തു തീര്‍ക്കാനായി. അത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു എന്നു കേള്‍ക്കുന്നതില്‍ സന്തോഷം. പാട്ട് ചെയ്യുന്ന സമയത്തോ ചെയ്തു കഴിഞ്ഞോ ഞാന്‍ ഗൗതം മേനോനെ നേരിട്ട് കണ്ടിട്ടില്ല. ഫോണ്‍ വഴിയായിരുന്നു സംസാരിച്ചതൊക്കെയും. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ് എ.ആര്‍.റഹ്മാനും മണിരത്‌നവും പാട്ട് ഇഷ്ടപ്പെട്ടുവെന്ന് ഗൗതം മേനോനോട് പറഞ്ഞതറിഞ്ഞു. സന്തോഷം.

ആ സ്വരം

നമുക്കെല്ലാം അറിയാം ബോംബെ ജയശ്രീ എത്രമാത്രം പ്രഗത്ഭയായ സംഗീതജ്ഞ ആണെന്ന്. ഈ സിനിമ കണ്ടവര്‍ക്ക് അറിയാം ഈ സ്വരം എത്രമാത്രം പ്രധാനപ്പെട്ടതാണ് ആ ചിത്രത്തിലെന്ന്. ഒരു വിഷാദഛായയാണ് സിനിമയ്ക്ക് മൊത്തത്തില്‍. പശ്ചാത്തല സംഗീതവും അങ്ങനെ തന്നെയാണ് ചെയ്തിരിക്കുന്നത്. നമ്മളെ പിന്തുടരുന്ന സ്വരശൈലിയാണല്ലോ അവരുടേത്. മധ്യവയസ്‌കയായ ഒരു സ്ത്രീയുടെ സ്വരം കൂടിയാണ് വേണ്ടിയിരുന്നത്. അതുകൊണ്ടാണ് അവരെ തന്നെ പാടാന്‍ വിളിച്ചത്.

96 ഇറങ്ങിയ സമയത്ത് അത് ഒത്തിരി ഇഷ്ടപ്പെട്ടു എന്നു പറഞ്ഞ് ബോംബെ ജയശ്രീ എന്നെ വിളിച്ചിരുന്നു. അങ്ങനെ തുടങ്ങിയ ബന്ധമാണ്. ഇതിനു മുന്‍പ് രണ്ടു സിനിമകളില്‍ അവരെ കൊണ്ടു പാടിച്ചിരുന്നു. അവരുടെ സംഗീതപാരമ്പര്യത്തിന്റെയോ പ്രശസ്തമായ കരിയറിന്റെയോ ഭാരം നമ്മളിലേക്ക് തരാതെ തീര്‍ത്തും സാധാരണപ്പെട്ട ഒരു ഗായികയെ പോലെയാണ് പെരുമാറുമെന്നതാണ്. ബോംബെ ജയശ്രീയാണ് മുന്‍പിലെന്ന നമ്മുടെ അമ്പരപ്പിനെയും ടെന്‍ഷനേയും അവര്‍ തന്നെ മാറ്റിനിര്‍ത്തിത്തരും. വളരെ ലളിതമായ ഒരു ഗാനമാണിത്. അവര്‍ക്ക് വളരെ എളുപ്പത്തില്‍ പാടിത്തീര്‍ക്കാവുന്ന ഗാനം. കുറച്ചുകൂടി ഇന്‍സ്ട്രുമെന്റ്സ് ചേര്‍ത്തു കുറേക്കൂടി സങ്കീര്‍ണമായി ഈണമൊരുക്കാനുള്ള സാഹചര്യം ഇനിയും ആ ഗാനത്തിലുണ്ട്. പക്ഷേ സിനിമയ്ക്കായി ഒരു പാട്ട് ചെയ്യുമ്പോള്‍ അത് ആവശ്യപ്പെടുന്ന സാഹചര്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതാകണമല്ലോ. ഇവിടെ മിതത്വമുള്ള ഒരു ഗാനമാണ് വേണ്ടിയിരുന്നത്.

സുഹൃത്തുക്കള്‍ തന്ന സിനിമകള്‍

സിനിമ എന്നും ഇഷ്ടമുള്ളതു തന്നെയായിരുന്നു. അത് ഏത് ഇന്‍ഡസ്ട്രിയിലാകണം എന്നൊന്നും ഒരിക്കലും ചിന്തിച്ചിരുന്നില്ല. 2008ലാണ് ചെന്നൈയിലേക്ക് പോകുന്നത്. തൈക്കുടവും മറ്റ് സ്വതന്ത്ര പ്രോജക്ടുകളുമായി പോകുന്നതിനിടയില്‍ കിട്ടിയ സുഹൃത്തുക്കളിലൂടെയാണ് സിനിമകള്‍ എന്നിലേക്ക് വന്നത്. ആദ്യം ചെയ്ത ചിത്രത്തിലേയും ആദ്യം റിലീസായ 96ലേയും സംവിധായകരില്‍ തുടങ്ങി മലയാളത്തില്‍ ഏറെക്കാലത്തിനു ശേഷം ചെയ്യാന്‍ പോകുന്ന പടവെട്ട് എന്ന ചിത്രത്തിലെ വരെ സംവിധായകര്‍ അടുത്ത സുഹൃത്തുക്കളാണ്.

ഇത് പരുവപ്പെടുന്ന കാലം

ജീവിതത്തിലെ ഏറ്റവും ആത്മവിശ്വാസം തോന്നിയ സമയം ഏറ്റവും സന്തോഷം തോന്നിയ നിമിഷം എന്നൊന്നില്ല. കരിയറിലെ വഴിത്തിരിവ് 96 എന്ന ചിത്രമായിരുന്നു. ഞാന്‍ സ്വയം പരുവപ്പെട്ടുവരികയാണ് എന്നാണ് തോന്നിയിട്ടുള്ളത്. സംഗീതത്തെ കുറിച്ചായാലും ജീവിതത്തെ സംബന്ധിച്ചായാലും പത്തു വര്‍ഷം മുന്‍പ് ചിന്തിച്ച രീതിയിലല്ല ഞാന്‍ ഇന്ന് ചിന്തിക്കുന്നത്. തൈക്കൂടത്തിനൊപ്പമുള്ള ഓരോ നിമിഷവും അമൂല്യങ്ങളായി കാണുന്നയാളാണ് ഞാന്‍. എല്ലാവരും ഓര്‍ത്തിരിക്കുന്നുവെന്ന് നിങ്ങള്‍ പറഞ്ഞ തെക്കും കൂറടിയാത്തി എന്ന കവര്‍ വേര്‍ഷന്‍ എന്നെ സംബന്ധിച്ച് കുഞ്ഞിലെ മുതല്‍ക്കുള്ള ഓര്‍മകളുറങ്ങുന്ന പാട്ടാണ്. ചെറുപ്പത്തില്‍ അച്ഛനും അമ്മയും ഉറക്കുമ്പോഴും വെറുതെയിരിക്കുമ്പോഴുമെല്ലാം പാടിത്തന്ന പാട്ട്. അതാണു പിന്നീടു ഞാനൊരു ബാന്‍ഡുമായി പോയിത്തുടങ്ങിയപ്പോള്‍ ഒരു ഹിറ്റ് ആയി മാറിയത്. അങ്ങനെ ഓരോന്നും സംഭവിക്കുന്നതാണ്. മലയാളത്തില്‍ ചെയ്യുന്ന പടവെട്ട് എന്ന ചിത്രത്തില്‍ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത വിഭാഗങ്ങളിലുള്ള ഗാനങ്ങളാണുള്ളത്. അങ്ങനെ ഓരോ പ്രോജക്ടുകളും ഓരോ അനുഭവങ്ങളാണ്.

English Summary: Interview with music director Govind Vasantha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA