ADVERTISEMENT

ആദ്യ സിനിമയിലേക്ക് ‘ഓട്ടർഷ’ പിടിച്ചാണ് വൈശാഖ് സുഗുണൻ എത്തിയത്; പാട്ടെഴുതാനായി. ആളെ നിങ്ങളറിയും. യു ട്യൂബിൽ തരംഗമായ ‘ബേങ്കി ബേങ്കി ബൂം’ എന്ന കണ്ണൂർ പാട്ടും കോവിഡ് കാലത്ത് കേരളത്തിന്റെ അതിജീവന ഗാനമായ റിട്ടേൺ സോങ്ങും പിറവിയെടുത്തത് ഈ അധ്യാപകന്റെ മാന്ത്രിക വിരലുകളിൽ നിന്നാണ്. കവിതയെയും ഗാനരചനയെയും ഒരുപോലെ സ്നേഹിക്കുന്ന, സിനിമയോട് അഭിനിവേശമുള്ള, അധ്യാപനത്തെ ഹൃദയത്തോടു ചേർത്തുവയ്ക്കുന്ന വൈശാഖ് തന്റെ പാട്ടുവിശേഷങ്ങൾ മനോരമ ഓൺലൈൻ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

∙ ഓട്ടർഷ എന്ന ചിത്രത്തിലൂടെയായിരുന്നല്ലോ സിനിമാഗാനരചനയുടെ തുടക്കം. സിനിമയിലേക്കുള്ള വഴി തുറന്നതെങ്ങനെയാണ്?

ഏതൊരു മലയാളിയേയും പോലെ എന്റെയും ജീവിതത്തെ വളരെയേറെ സ്വാധീനിച്ച മാധ്യമമായിരുന്നു സിനിമ. സിനിമ കാണുകയെന്നത് നൂറ് ശതമാനം ആത്മാർഥതയോടെ ചെയ്യുന്ന, ചെയ്യേണ്ടുന്ന ഒരു കാര്യമായിരുന്നു എനിക്ക്. കോളജ് പഠനകാലത്താണ് ഗാനരചനയിൽ താൽപര്യം ഉണ്ടാവുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ സിനിമാഗാനങ്ങളോടാണ് കൂടുതൽ ഇഷ്ടവും ആവേശവും. വാക്കുകളുടെ ഒരു മലവെള്ളപ്പാച്ചിലാണ് ഗിരീഷേട്ടന്റെ പാട്ടുകളിൽ. പഠനകാലത്ത് കവിതകൾ എഴുതുമായിരുന്നു. പുത്തഞ്ചേരിയുടെ പാട്ടുകളോടുള്ള സ്നേഹം പിന്നീട് പാട്ടുകൾ എഴുതാനുള്ള പ്രചോദനമായി. പിന്നെ ജനങ്ങളിലേക്ക് ഏറ്റവും പെട്ടെന്ന് എത്തുന്നതും കൂടുതൽ കാലം നിൽക്കുന്നതും പാട്ടുകളാണ് എന്നുള്ളതും ഈ മേഖലയോട് കൂടുതൽ താൽപര്യമുണ്ടാക്കി. സംഭാഷണങ്ങളേക്കാൾ പാട്ടുകളാണല്ലോ ആളുകളുടെ ഓർമയിൽ തങ്ങിനിൽക്കുന്നത്. 

സിനിമയിൽ പാട്ടെഴുതാൻ  അവസരം ചോദിച്ച്  പല സിനിമക്കാർക്കും മെസേജുകൾ അയയ്ക്കാറുണ്ട്. മറുപടിയായി ലഭിക്കുന്ന ഒരു ‘ഓക്കെ’ പോലും നൽകുന്ന സന്തോഷം വളരെ വലുതാണ്. ഭൂരിഭാഗം പേരും റിപ്ലൈ തരാറില്ല. അവർ കാണുന്നുണ്ടോ എന്നു പോലും അറിയില്ല. പയ്യന്നൂർ കോളജിൽ ഞങ്ങളുടെ സീനിയറായിരുന്ന സുബീഷേട്ടനോടും (നടൻ സുബീഷ് സുധി) ഇതുപോലെ അവസരം ചോദിച്ചു മെസ്സേജ് അയച്ചിരുന്നു. ഉടൻ തന്നെ എന്റെ നമ്പർ ചോദിച്ച് തിരിച്ചു വിളിച്ചു. ‘ക്ഷമയോടെ കാത്തിരിക്കൂ, അവസരം വരും. നമുക്ക് നോക്കാം’ എന്നു മാത്രമാണ് പറഞ്ഞത്. എങ്കിലും ആ സമാധാനിപ്പിക്കൽ എനിക്കുണ്ടാക്കിയ ആവേശം വലുതാണ്. തുടർന്നാണ് കണ്ണൂരിൽ ഷൂട്ട് ചെയ്ത  ‘ഓട്ടർഷ’എന്ന സിനിമയിലേക്ക് കണ്ണൂർ ഭാഷയിൽത്തന്നെ ഒരു പാട്ട് വേണമെന്നു പറഞ്ഞ് സുബീഷേട്ടൻ വിളിക്കുന്നത്.

‘എന്റെ അക്ഷരങ്ങൾക്ക് ഒരിക്കൽ ശബ്ദമുണ്ടാകും’ എന്ന് ഞാനെന്റെ ചുവരിൽ എഴുതിയിട്ട വാക്കുകൾ സാധ്യമായ നിമിഷമായിരുന്നു അത്. പയ്യന്നൂരിൽനിന്ന് സിനിമയിലേക്കുള്ള എന്റെ ദൂരം കുറച്ചത് സുബീഷേട്ടനാണ്. തുടർന്ന് ‘ഓട്ടർഷ’യുടെ സംവിധായകൻ സുജിത്ത് വാസുദേവ് സാർ വിളിക്കുകയും ചെന്നൈയിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ശരത് സാറാണ് പാട്ട് ചെയ്യുന്നതെന്ന് പറഞ്ഞു. സ്വപ്നലോകത്തെ ബാലഭാസ്കരനായിരുന്നു തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ. ആദ്യത്തെ പാട്ട് തന്നെ ശരത് സാറിനൊപ്പം എന്നതാണ് ഈ യാത്രയിലെ ഏറ്റവും തിളക്കമുള്ള കാര്യം. ഒരു പാട്ടുകൂടി ഓട്ടർഷയ്ക്കുവേണ്ടി എഴുതാനുള്ള അവസരവും ലഭിച്ചു. 

vaisakh3

ആദ്യസിനിമയിൽത്തന്നെ രണ്ട് സംഗീതസംവിധായകരുടെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചു. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടിയ പാട്ടിന്റെ (പുലരിപ്പൂ പോലെ) സംഗീത സംവിധായകനായ വിശ്വജിത്ത് ആണ് എന്റെ രണ്ടാമത്തെ പാട്ടിന് സംഗീതം നൽകിയത്. അങ്ങനെ ആദ്യത്തെ യാത്ര ‘ഓട്ടർഷ’യിലായിരുന്നെങ്കിലും ബെൻസിന്റെ അനുഭൂതിയായിരുന്നു. എന്റെ പാട്ട് ഓക്കെ ആണെന്ന് സുജിത്ത് സാർ തീരുമാനിച്ച സമയമാണ് എനിക്ക് ഗാനരചയിതാവെന്ന പേരു തന്നത്.

∙ സയനോരയുടെ മ്യൂസിക് ബാൻഡിനു വേണ്ടിയെഴുതിയ ബേങ്കി ബേങ്കി ബൂം എന്ന പാട്ടിലെ വരികളും ആദ്യമായി ഗാനരചന നിർവഹിച്ച ഓട്ടർഷയിലെ വരികളും കണ്ണൂർ സ്ലാങ്ങിൽ ആണല്ലോ.

സയനോരയുടെ മ്യൂസിക് ബാൻഡായ ‘ദിൻചിക്ക്നാഷൻ’ തയാറാക്കിയ പാട്ടാണ് ‘ബേങ്കി ബേങ്കി ബൂം ബൂം’ കണ്ണൂർ ഭാഷയിൽത്തന്നെ വേണമെന്ന് തീരുമാനിച്ച പാട്ടായിരുന്നു അത്. നേരത്തേ സൂചിപ്പിച്ചപോലെ എന്റെ ആദ്യത്തെ പാട്ടും കണ്ണൂർ ഭാഷയിലുള്ള തായിരുന്നു. കണ്ണൂർക്കാരനായതുകൊണ്ടു മാത്രം എനിക്ക് കിട്ടിയതാണ് ‘ഓട്ടർഷ’യിലെ പാട്ട് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ആ സിനിമയുടെ ഭാഗമായിത്തന്നെയാണ് സയനോരയെ പരിചയപ്പെട്ടതും ‘ബേങ്കി ബേങ്കി’യിലേക്കെത്തിയതും. വളരെ രസമുള്ള മ്യൂസിക്കായിരുന്നു ഈ പാട്ടിന്. ‘ലഡുവിന്റെ മുകളിലൊരു മുന്തിരി വയ്ക്കുന്ന’ പണി മാത്രമേ പാട്ടിൽ എനിക്ക് ചെയ്യാൻ ഉണ്ടായിരുന്നുള്ളൂ. അത്രയും ക്യാച്ചിയായ മ്യൂസിക് ആയിരുന്നു അത്. അതുകൊണ്ടുതന്നെ  വരികൾക്കും അത്രയേറെ ലാളിത്യം ഉണ്ടായിരുന്നു. പിന്നെ നമ്മുടെ നാട്, നമ്മുടെ ആൾക്കാർ അങ്ങനെ വളരെ ഫ്രീയായ സ്പേസിൽ ഹൃദയത്തോടു ചേർന്നുനിന്ന് എഴുതിയ പാട്ടാണ് ഈ കണ്ണൂർപാട്ട്.

∙ കേരളത്തിന്റെ അതിജീവന ഗാനമായ റിട്ടേൺ സോങ്ങിൽ എത്തിയതിനെക്കുറിച്ച്? 

റിട്ടേൺ ശരിക്കും സുബീഷേട്ടന്റ ടീമിലേക്കുള്ള റിട്ടേണായിരുന്നു. സുബീഷേട്ടൻ എന്നെ വിളിച്ച്, കോവിഡിന്റെ പ്രയാസങ്ങളൊക്കെ മാറും എന്ന രീതിയിൽ ഒരു പരിപാടി ആലോചനയിലുണ്ട്, നീ എഴുതണം എന്നു പറഞ്ഞു. എല്ലാവർക്കും എനർജി കൊടുക്കാൻ പറ്റുന്ന വരികളാവണമെന്നു കൂടി ഓർമിപ്പിച്ചു.  അതിൽ പ്രതീക്ഷയും അതിജീവനവുമൊക്കെ ഉണ്ടാവണമെന്ന കാര്യവും തുടർചർച്ചയിൽ കടന്നുവന്നു. പിന്നീടാണ് ഇതൊരു മ്യൂസിക് ആൽബം ആയി മാറുന്നത്. ബി.ടെക്കിന്റെ സംവിധായകൻ മൃദുൽ നായരാണ് സംവിധാനം ചെയ്തത്. ആ പാട്ടിന്റെ കൂട്ടായ്മ വലിയ സുഹൃദ് ബന്ധങ്ങളാണ് ഉണ്ടാക്കിയത്. മെക്സിക്കൻ അപാരതയിലെ പാട്ടുകൾ ചെയ്ത മണികണ്ഠൻ അയ്യപ്പയാണ് പാട്ടിനു സംഗീതം നൽകിയത്. വിനീത് ശ്രീനിവാസൻ അതു പാടിയപ്പോൾ എനിക്കുണ്ടായ സന്തോഷത്തിന് അതിരുണ്ടായില്ല. വലിയൊരു ടീമിന്റെ ഭാഗമാകാനായി എന്നതാണ് റിട്ടേണിനെ എനിക്ക് സ്പെഷൽ ആക്കുന്നത്. ലോകം മുഴുവൻ ഇന്ന് നേരിടുന്ന വലിയൊരു പ്രതിസന്ധിയെ നമ്മൾ നേരിടും എന്നുള്ള പ്രതീക്ഷയാണ് റിട്ടേൺ. അതുകൊണ്ടുതന്നെയാണ് റിട്ടേൺ കേരളത്തിന്റെ അതിജീവന ഗാനമായി എല്ലാവരും ഏറ്റെടുത്തതും.

∙ കണ്ണൂർ സോങ്ങും റിട്ടേൺ സോങ്ങും ഏറെ തരംഗം സൃഷ്ടിച്ചിരുന്നല്ലോ. ഗായകരുടെയും സംഗീത സംവിധായകരുടെയും പേരുകൾ ആഘോഷിക്കപ്പെടുമ്പോൾ ഗാനരചയിതാക്കൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

അങ്ങനെയൊരു ചിന്ത ഇല്ല. ഒരു പാട്ട് നന്നാവുമ്പോൾ, എല്ലാവരും ആസ്വദിക്കുമ്പോൾ സ്വാഭാവികമായും അതിന്റെ അണിയറയിൽ ഉള്ളവരെക്കുറിച്ചും അന്വേഷണമുണ്ടാകും. യൂട്യൂബിൽ ഒരു പാട്ട് കേൾക്കുമ്പോൾ അതിന്റെ ഡിസ്ക്രിപ്ഷനിൽ പാട്ടിന്റെ അണിയറ പ്രവർത്തകരുടെ മുഴുവൻ വിവരങ്ങളും കാണാം. അതുകൊണ്ടുതന്നെ പാട്ടിനു വേണ്ടി അധ്വാനിച്ച എല്ലാവരെയും നമുക്ക് അറിയാൻ സാധിക്കും. ഗായകനും ഗാനരചയിതാവിനും സംഗീത സംവിധായകനുമപ്പുറം പലരും ഈ പാട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.

∙ ഒരുപാട് അംഗീകാരങ്ങൾ തേടി വന്ന മാഗസിൻ എഡിറ്ററും കവിയുമായിരുന്നല്ലോ കോളജ് കാലത്ത്. കവിതയിൽനിന്ന് ഗാനരചനയിലേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ച്?

vaisakh-1

സ്കൂൾ കാലത്തുതന്നെ കവിതകൾ എഴുതുമായിരുന്നു. കവിതകൾ ആണോ എന്നു പോലും തിരിച്ചറിയാനാവാത്ത പരുവത്തിൽ ഉള്ളവയെ കവിത എന്നു പേരിട്ടു വിളിച്ചത് അധ്യാപകരാണ്. അവരുടെ പ്രോത്സാഹനവും പിന്തുണയും തന്നെയാണ് എഴുതാനുള്ള  പ്രേരണ. മലയാളം മെയിൻ എടുത്ത് പഠിച്ചതുകൊണ്ടുതന്നെ കോളജ് പഠനകാലത്തും കവിതയും സാഹിത്യവുമായി ചേർന്നുതന്നെയാണ് സഞ്ചരിച്ചത്. പഠിച്ച കലാലയങ്ങളൊക്കെത്തന്നെ (പയ്യന്നൂർ കോളജ്, ബ്രണ്ണൻ കോളജ്, കാലടി സംസ്കൃത സർവകലാശാല) ഇതിനു നല്ല വളക്കൂറുള്ള മണ്ണായിരുന്നു. കൂടുതലും വളരെ ചെറിയ കവിതകൾ എഴുതാനാണ് ശ്രമിച്ചത്. പോക്കറ്റിൽ കൊണ്ടുനടക്കാൻ കഴിയുന്ന തരത്തിലുള്ള രചനകളോടാണ് എനിക്ക് താൽപര്യം. 12 വരിയിൽ കൂടുതൽ സിനിമാഗാനവും വളരുന്നില്ലല്ലോ. അതുകൊണ്ടുതന്നെ ചെറുതിന്റെ സൗന്ദര്യം രണ്ടിലും കൃത്യമായി അവതരിപ്പിക്കാൻ സാധിക്കുന്നു. ചുരുക്കിപ്പറയുന്നതും ലളിതമായി പറയുന്നതും ഒരു ഗുണമായാണ് എനിക്ക് തോന്നുന്നത്. എന്റെ പല കവിതകളിലും സിനിമയും കടന്നുവരുന്നു എന്നുള്ളതാണ് എനിക്കുതന്നെ മനസ്സിലാക്കാൻ കഴിഞ്ഞ ഒരു കാര്യം.

സിനിമയും പരിസ്ഥിതിയും ബന്ധിപ്പിച്ചുകൊണ്ട് പുതിയൊരു സ്റ്റൈലിൽ എഴുതണമെന്ന് നിരന്തരം തോന്നിക്കൊണ്ടിരുന്നു. ‘ഫിൽമിക്കോളജി’ എന്ന് ഞാൻ തന്നെ അതിനു പേരും നൽകി. അങ്ങനെയാണ് ‘ഭാരതസിംഹം’ എന്ന കവിത ഉണ്ടാകുന്നതും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവരുന്നതും. ‘നരസിംഹം’ എന്ന സിനിമയുടെ പാരിസ്ഥിതിക വായനയായിരുന്നു അത്. കോളജ് പഠനകാലത്ത് പുറത്തിറങ്ങിയ ആ കവിതയ്ക്ക് ഒരുപാടു പേരുടെ പ്രശംസയും നിരൂപണങ്ങളും ലഭിച്ചിട്ടുണ്ട്. ഭാരതപ്പുഴയെ സംരക്ഷിക്കാൻ വരുന്ന പ്രകൃതിസ്നേഹിയായ മനുഷ്യനാണ് ഇന്ദുചൂഡൻ എന്ന രീതിയിലാണ് കവിത. എഴുത്തിനിടയിലും സംസാരത്തിനിടയിലും കടന്നുവരുന്ന സിനിമ എന്നെ എവിടെയൊക്കെയോ കടന്നാക്രമിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു. ആ തിരിച്ചറിവ് ഗാനരചനാ വഴിയിലേക്ക് വെളിച്ചമായി.

 പുരസ്കാരങ്ങളെക്കുറിച്ച്

കോളേജ് പഠനകാലത്ത്, അന്തരിച്ച മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിൽ നിന്ന് ‘സാഹിത്യ പ്രതിഭാ’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ പുനലൂർ ബാലൻ കലാലയ കവിത പുരസ്കാരം, എ എൻ പ്രദീപ്കുമാർ സ്മാരക കലാലയ കവിതാപുരസ്കാരം, കടമ്മനിട്ട സ്മാരക കലാലയ കവിതാ പുരസ്കാരം,ദേശാഭിമാനി സാഹിത്യ പുരസ്കാരം, അകം മാസികാ പുരസ്കാരം, അങ്കണം കലാലയ കവിതാ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

∙ ‘ഒയലിച്ച’ എന്ന പേര് മാഗസിനു തിരഞ്ഞെടുക്കാനുള്ള കാരണം? 

പയ്യന്നൂർ കോളജ് കാലത്താണ് മാഗസിൻ എഡിറ്റർ ആവുന്നത്. വളരെ വ്യത്യസ്തങ്ങളായ മാഗസിനുകൾ ചെയ്യുന്ന ഒരു ക്യാംപസായിരുന്നു അത്. കേരളത്തിലെതന്നെ ഏറ്റവും മികച്ച കോളജ് മാഗസിനുകൾക്കുള്ള പുരസ്കാരങ്ങൾ ഇവിടുത്തെ മാഗസിനുകൾക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മാഗസിൻ എഡിറ്ററായി വരുന്ന ആൾക്ക് ഭൂതകാലം ഒരു വെല്ലുവിളിയാണ്. ഒരു പ്രത്യേക തീമുമായി ബന്ധപ്പെട്ടാണ് പൊതുവിൽ മാഗസിൻ ചെയ്യാറ്.

magazine-img

‘ഒയലിച്ച’ എന്നത് നാട്ടിൽ പ്രാദേശികമായി ഉപയോഗിക്കുന്ന ഒരു വാക്കാണ്. മനുഷ്യന്റെ പ്രയാസങ്ങളെ, അലച്ചിലുകളെ, ഉഴറലുകളെ എല്ലാം ഒയലിച്ചയായി പറയാറുണ്ട്. സ്വന്തമായി തൊഴിലിടങ്ങൾ ഇല്ലാത്തവർ, ജോലിയാവശ്യത്തിനായി എന്നും അലയേണ്ടി വരുന്നവർ, പലായനം ചെയ്യപ്പെടുന്നവർ ഇവരുടെയൊക്കെ ജീവിതമാണ് ഒയലിച്ചയിലൂടെ അവതരിപ്പിച്ചത്. മികച്ച മാഗസിനുള്ള കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പുരസ്കാരമടക്കം നിരവധി അവാർഡുകൾ ആ മാഗസിന് ലഭിച്ചിരുന്നു.

∙ അധ്യാപകനാണ്, ഒപ്പം ഗാനരചയിതാവും. കരിയറും പാഷനും എങ്ങനെയാണ് ബാലൻസ് ചെയ്ത് മുന്നോട്ടു കൊണ്ടുപോകുന്നത്?.

അധ്യാപകൻ ആകണം എന്നുള്ള ആഗ്രഹം ചെറുപ്പം തൊട്ട് എനിക്കുണ്ടായിരുന്നു. വീട്ടിൽ ആരും അധ്യാപകരായിരുന്നതു കൊണ്ടല്ല, പഠിപ്പിച്ച അധ്യാപകരുടെ സ്നേഹവും പിന്തുണയും തന്നെയായിരുന്നു അത്തരമൊരു ആഗ്രഹം വളരാൻ കാരണം. കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സെന്റ്. മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലാണ് ജോലി ചെയ്യുന്നത്. കുട്ടികളുടെ സർഗ്ഗാത്മകതയ്ക്ക് പരമാവധി പ്രോത്സാഹനം നൽകുന്ന ഒരു സ്ഥാപനമാണിത്. അതുകൊണ്ടുതന്നെ അധ്യാപകനായിരിക്കുക എന്നുള്ളതാണ് ഏറ്റവും ആസ്വദിക്കുന്ന കാര്യം. കൂടുതൽ പഠിക്കാനുള്ള അവസരമാണ് അധ്യാപനത്തിലൂടെ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ആദ്യത്തെയും അവസാനത്തെയും പരിഗണന അധ്യാപനത്തിനു തന്നെയാണ്. കരിയറിന്റെ കൂടെ പാഷനും വളർത്താനുള്ള സാഹചര്യം ലഭിക്കുന്നുണ്ട്. നല്ല പ്രോത്സാഹനം സ്ഥാപനം നൽകുന്നുണ്ട്.

∙ കണ്ണൂർ എന്നു കേൾക്കുമ്പോൾ ആ നാടിനെ അത്രമേൽ പരിചയമില്ലാത്ത ആളുകൾക്കു പൊതുവേ ഒരുൾഭയം തോന്നാറുണ്ട്. നാടിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ തുടച്ചു നീക്കാനാണോ നാടിന്റെ നന്മയെക്കുറിച്ചുള്ള വരികൾ തിരഞ്ഞെടുത്തത്?.

ഒരുപാടു നന്മകളുള്ള നാടാണ് കണ്ണൂർ. എന്നാൽ കേരളത്തിലെ മറ്റു ജില്ലകളിൽനിന്നു വരുന്നവർ ഈ നാടിനെ ഭയപ്പാടോടുകൂടി കണ്ടിരുന്നു. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും നാടായി ചിത്രീകരിക്കപ്പെടുന്നത് എന്നെപ്പോലെ എല്ലാ കണ്ണൂരുകാർക്കും പ്രയാസമുണ്ടാക്കിയ കാര്യമാണ്. എന്നാൽ ഈ നാട്ടിൽ ഒന്നു വന്നു പോയവർക്ക് കണ്ണൂരിന്റെ സ്നേഹവും കരുതലും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടാവും. സ്നേഹിച്ചവർക്ക് ചങ്ക് പറിച്ചു കൊടുക്കുന്ന, പലതരം വിഭവങ്ങൾ കൊണ്ടു വയറ് നിറയ്ക്കുന്ന, കുന്നോളം സ്നേഹം കൊടുക്കുന്ന  ഒരു നാടാണിത്. കണ്ണൂരിന്റെ നന്മയെ തുറന്നു കാണിക്കാൻ ഈ പാട്ടിന് സാധിച്ചു എന്നുള്ളതിൽ വലിയ സന്തോഷമുണ്ട്. ഒരു പാട്ടിലൂടെ ഒരു നാടിന്റെ ചിത്രം തന്നെ മാറിമറിയുന്നു എന്നുള്ളത് വലിയ നേട്ടം തന്നെയാണ്. പാട്ടിനു താഴെ ഇപ്പോഴും കമന്റു ചെയ്യുന്ന പലരും കണ്ണൂരിന്റെ സ്നേഹം അറിഞ്ഞവരാണ്.

∙ ഒരു കവിതാ സമാഹാരം പ്രതീക്ഷിക്കാമോ?

കോളജ് പഠനകാലം മുതൽ എഴുതിയ കവിതകളൊക്കെ സമാഹരിച്ച് ഒരു പുസ്തകമിറക്കണം എന്നു കരുതിയിട്ട് നാളുകളേറെയായി. അതിന്റെ പണി ഏകദേശം പൂർത്തിയായതുമാണ്. കോവിഡിന്റെ  പ്രയാസം മാറിക്കഴിഞ്ഞാൽ ഉടൻ കവിതാസമാഹാരം പുറത്തിറക്കാൻ ആലോചിക്കുന്നുണ്ട്. സിനിമയും പ്രകൃതിയും സാധാരണക്കാരായ മനുഷ്യരുടെ പ്രയാസങ്ങളും കുട്ടികളുടെ ചിന്തകളുമൊക്കെയാണ് പല കവിതകളിലും കടന്നുവരുന്നത്. അതുകൊണ്ടുതന്നെ എല്ലാവർക്കും തൊട്ടു നോക്കാവുന്ന കവിതകളായി ഇവ മാറുമെന്ന് പ്രതീക്ഷയുണ്ട്. കവിതാസമാഹാരത്തിന്റെ പേരു തന്നെ പ്രശസ്തമായ ഒരു സിനിമയിലെ സംഭാഷണ ശകലമാണ് എന്നതും പ്രത്യേകതയാണ്.

∙ മുൻപെഴുതിയ ഒരു കവിത ‘നമുക്കൊരു യാത്ര പോയാലോ’ അടുത്തിടെ കന്നടയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടല്ലോ. സമകാലിക പ്രസക്തി നഷ്ടപ്പെടാത്ത ആ വിഷയത്തെക്കുറിച്ചും വീട്ടിൽപ്പോലും സുരക്ഷിതരല്ലാത്ത പെൺമക്കളെക്കുറിച്ചും എന്താണ് പറയാനുള്ളത്? 

vaisakh2

മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ‘നമുക്കൊരു യാത്ര പോയാലോ?’ എന്ന കവിതയുടെ കന്നട മൊഴിമാറ്റം ഈയടുത്താണ് പുറത്തിറങ്ങിയത്. ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. നമ്മുടെ കവിത മറ്റൊരു ഭാഷ സംസാരിക്കുന്നതും മറ്റുള്ളവരുടെ അടുത്തേക്കു കൂടി ചെല്ലുന്നുവെന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. വീടുകളിൽ പോലും സുരക്ഷിതരല്ലാത്ത നമ്മുടെ മക്കളെക്കുറിച്ചുള്ള ആവലാതിയാണ് ഈ കവിത. സ്വന്തം അച്ഛനാൽ ഗർഭം ധരിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ ആത്മഹത്യയാണ് കവിതയുടെ പ്രമേയം. അവതരണത്തിലെ പരീക്ഷണം ഇഷ്ടമായി എന്ന് പലരും പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു യാത്ര പോകുന്നതും ആ യാത്രയിൽ കാണുന്ന കാഴ്ചകളും ഒടുവിൽ നമ്മെ നടുക്കുന്ന ഒരു ഭീകരദൃശ്യവുമാണ് പ്രസ്തുത  കവിത. ഏറെ പ്രിയപ്പെട്ട കവി, ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത ജിനേഷ് മടപ്പള്ളി   മരിക്കുന്നതിനു ദിവസങ്ങൾക്കു മുന്നേ എന്നെ വിളിക്കുകയും ഈ കവിതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇന്നും ഈ കവിത വായിക്കുകയും കാണുകയും ചെയ്യുമ്പോൾ പ്രിയപ്പെട്ട ജിനേഷ് മടപ്പള്ളിയെയാണ് ഓർമ വരിക.

∙ ഏതൊക്കെയാണ് പുതിയ പ്രോജക്ടുകൾ?

പുതിയ പാട്ടുകളുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. കോവിഡ് കാലം ആയതിനാൽ എല്ലായിടത്തുമുള്ള പ്രതിസന്ധി ഈ മേഖലയെയും ബാധിച്ചിട്ടുണ്ട്. കൂടുതലായും മ്യൂസിക് ആൽബങ്ങളാണ് വരുന്നത്. സിനിമ മേഖലയിലുള്ളവർ തന്നെ ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരം പ്രോജക്ടുകളുടെ ഭാഗമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ.

∙ കുടുംബം?

ഭാര്യ നവ്യ, അച്ഛൻ, അമ്മ സഹോദരൻ എന്നിവരടങ്ങുന്നതാണ് കുടുംബം. 

English Summary:  Interview with lyricist Vaisakh Sugunan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com