ADVERTISEMENT

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലെ ഒരു രംഗം. നാടകത്തിലേക്കു വേണ്ടി ഒരു പാട്ടിന് ഈണമിടാനിരിക്കുകയാണ് ജയറാമിന്റെ റോയ് എന്ന കഥാപാത്രം. വരികളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി ഒരു കൈ നോക്കിയാൽ അതിമനോഹരമായ ഈണമാക്കാമെന്നു നിർദേശിച്ച് രംഗപ്രേവശം ചെയ്യുന്ന നായിക, ഒടുവിൽ ആ വരികൾ തെറ്റു തിരുത്തി പാടുന്നു. 

പിൻ നിലാവിൻ പൂ വിടർന്നു

പൊൻവസന്തം നോക്കി നിന്നൂ

ശാരദേന്ദുമുഖീ 

ഇന്നെൻ പ്രേമസായൂജ്യം

വെറും നാലുവരി പാട്ടിലൂടെ മലയാളികളുടെ മനം കവർന്ന ആ ശബ്ദത്തിന് ഉടമയാണ് പിന്നണിഗായികയും സംഗീത അധ്യാപികയുമായ സിന്ധുദേവി. 1999ലാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ റിലീസ് ചെയ്യുന്നത്. അതിനും ഒരു ദശാബ്ദം മുൻപു തന്നെ പിന്നണിഗാനരംഗത്തേക്ക് സിന്ധുദേവി എത്തിയിരുന്നു. കോട്ടയം കുഞ്ഞച്ചനിലെ ഹൃദയവനിയിലെ ഗായികയോ, സൈന്യത്തിലെ ബാഗി ജീൻസും മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിലെ വള നല്ല കുപ്പിവള തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദമായത് സിന്ധുവായിരുന്നു. തരംഗിണി സ്റ്റുഡിയോയിൽ മലയാളത്തിലെ മുൻനിര സംഗീതസംവിധായകരുടെ ഗാനങ്ങൾക്ക് ട്രാക്ക് പാടി ഈ രംഗത്തേക്ക് കടന്നു വന്ന സിന്ധുദേവി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി അഞ്ഞൂറിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. അവയിൽ പല പാട്ടുകളും മലയാളികൾക്ക് പ്രിയങ്കരമാണെങ്കിലും അവ പാടിയത് സിന്ധുവാണെന്ന് പലർക്കും അറിയില്ല. 

ഒരു കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും പ്രതിഭാധനരായ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ച ഈ ഗായികയെ ഒടുവിൽ ചലച്ചിത്രപ്രേമികളുടെ കൂട്ടായ്മയായ മലയാളം മൂവി ആന്റ് മ്യൂസിക് ഡാറ്റാബേസിലെ (എം3ഡിബി) സുഹൃത്തുക്കൾ തേടിച്ചെന്നു. പിന്നണിഗാനരംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും പാട്ടും സംഗീത അധ്യാപനവുമായി കുവൈത്തിലുണ്ട് സിന്ധുദേവി എന്ന ഗായിക. പാടിയ ഗാനങ്ങളുടെ പേരിൽ വർഷങ്ങൾക്കു ശേഷം ആരാധകർ തേടിയെത്തിയപ്പോൾ ഗായികയ്ക്ക് അമ്പരപ്പും ആനന്ദവും! ചലച്ചിത്രപിന്നണിഗാനരംഗത്തെ ഓർമകളുമായി സിന്ധുദേവി മനോരമ ഓൺലൈനിൽ. 

ആദ്യ ഗാനം എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ

വെളിച്ചമില്ലാതെ വീഥി (1984) എന്ന സിനിമയ്ക്കുവേണ്ടി ഒരു ചെറിയ കുട്ടിയുടെ ശബ്ദം അന്വേഷിച്ചാണ് ഒരിക്കൽ കെ.പി ഉദയഭാനു സർ വീട്ടിലെത്തിയത്. അന്ന് ഞാൻ ആകാശവാണിയിൽ പാടുന്നുണ്ട്. ആ പരിചയത്തിലാണ് ഉദയഭാനു സർ വീട്ടിലെത്തിയത്. സിനിമയുടെ കാര്യം അച്ഛനോടു സംസാരിച്ചു. വന്നു പാടി നോക്കൂ... സംവിധായകനും നിർമാതാവിനും ഇഷ്ടപ്പെട്ടാൽ സിനിമയിൽ പാടാമെന്ന് സർ പറഞ്ഞതിനുസരിച്ച് ഞാനും അച്ഛനും പോയി. അവർക്ക് ശബ്ദം ഇഷ്ടപ്പെട്ടു. മദ്രാസിലെ എവിഎം സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്. പെട്ടെന്ന് പാടാനിരിക്കുന്ന മുറിയിലേക്ക് ജാനകിയമ്മ കയറി വന്നു. അവർക്കൊപ്പമായിരുന്നു എനിക്ക് പാടേണ്ടിയിരുന്നത്. അതെത്ര അമൂല്യനിമിഷമായിരുന്നെന്ന് പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത്. അന്നു ഞാൻ ചെറിയൊരു കുട്ടിയല്ലേ! അങ്ങനെയൊരു അവസരം കിട്ടാൻ ഞാനെന്തു പുണ്യമാണ് ചെയ്തതെന്ന് എനിക്കറിയില്ല! 'മുത്തൊരുക്കി മുത്തൊരുക്കി' എന്ന ഗാനമാണ് അന്നു ഞാൻ പാടിയത്. ഒരു സിനിമയിൽ സ്വതന്ത്രമായി പാടുന്നത് മോഹൻ സിത്താരയ്ക്കു വേണ്ടിയാണ്. ചിത്രം 'മാമലകൾക്കപ്പുറത്ത്'. അതും പാടുന്ന സമയത്ത് ആ പാട്ട് സിനിമയിൽ എന്റെ ശബ്ദത്തിൽ വരുമെന്ന് എനിക്കറിയില്ലായിരുന്നു. 'വള നല്ല കുപ്പി വള', 'ഉച്ചാല് തിരുമലവാ' എന്നീ രണ്ടു പാട്ടുകൾ ആ സിനിമയിൽ പാടി. 

ആകാശവാണിയിലെ കുട്ടി പാട്ടുകാരി

sindhu-devi-singers

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെആകാശവാണിയിലെ ബാലകലാസഖ്യം എന്ന ഗ്രൂപ്പിൽ അംഗമായിരുന്നു. അവിടെ പഠിപ്പിക്കാനെത്തുന്നത് എം.ജി രാധാകൃഷ്ണൻ, ഉദയഭാനു, പെരുമ്പാവൂർ ജി രവീന്ദ്രനാഥ് തുടങ്ങിയ പ്രഗൽഭരായ സംഗീതസംവിധായകരായിരുന്നു. അന്ന് ഗാനമേളകളിലും പാടുമായിരുന്നു. കൂടാതെ മോഹൻ സിത്താരയ്ക്കു വേണ്ടി കുറെ ജിങ്കിൾസ് പാടിയിട്ടുണ്ട്. അങ്ങനെ എല്ലാവർക്കും അറിയാമായിരുന്നു. തരംഗിണിയിൽ പല ഗായകർക്കും വേണ്ടി ട്രാക്ക് പാടാനും പോകാറുണ്ട്.  നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്  എന്ന സിനിമയിൽ ജെറി അമൽദേവിനു വേണ്ടി  ആയിരം കണ്ണുമായ്, ലാത്തിരി പൂത്തിരി എന്ന ഗാനങ്ങൾക്ക് ട്രാക്ക് പാടിയാണ് ആ മേഖലയിൽ തുടക്കമിടുന്നത്. ഓർക്കസ്ട്രയ്ക്കൊപ്പം ലൈവായി പാടി റെക്കോർഡ് ചെയ്യുമ്പോൾ തെറ്റുകൾ വരുത്താതെ നോക്കണം. ഞാൻ അക്കാര്യം വളരെയധികം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടാവാം പല സംഗീതസംവിധായകരും എന്നെ സ്ഥിരമായി വിളിച്ചിരുന്നത്.

ട്രാക്കാണെന്ന് കരുതി പാടിയ ഹിറ്റുകൾ

ട്രാക്ക് പാടിയ കൂട്ടത്തിൽ പാടിയതാണ് 'ഹൃദയവനിയിലെ ഗായിക' എന്ന കോട്ടയം കുഞ്ഞച്ചനിലെ സൂപ്പർഹിറ്റ് ഗാനം. ഞാൻ പാടിയത് സിനിമയിൽ എടുക്കുമോ എന്ന് എനിക്ക് അറിയില്ലായിരുന്നു. സിനിമയുടെ ക്രെഡിറ്റിൽ പേര് എഴുതി വന്നപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. പിന്നീട്, സ്റ്റുഡിയോയിൽ പോയപ്പോൾ അറിഞ്ഞു, ദാസേട്ടൻ പറഞ്ഞിട്ടാണ് എന്റെ വോയ്സ് തന്നെ ആ പാട്ടിന് ഉപയോഗിച്ചത് എന്ന്. അതൊരു വലിയ ഭാഗ്യം. അതുപോലെ, ജോൺസൺ മാഷിന്റെ റീറെക്കോർഡിങ് നടക്കുമ്പോൾ അതിലെ ഹമ്മിങ് പാടാൻ എന്നെയാണ് വിളിക്കാറുള്ളത്. ഞാൻ 1992ൽ തിരുവനന്തപുരത്തു നിന്നു മദ്രാസിലേക്ക് പോയപ്പോഴും റീറെക്കോർഡിങ്ങിന് അദ്ദേഹം എന്നെ വിളിക്കാറുണ്ട്. അങ്ങനെ ഒരു ദിവസം എനിക്ക് മാഷുടെ ഒരു കോൾ വന്നു. ഒരു പാട്ടുണ്ട്, റെക്കോർഡിങ്ങിന് എത്തണം എന്നു മാത്രം പറഞ്ഞു. സ്റ്റുഡിയോയിലെത്തിയപ്പോൾ നന്നായി പാടണം എന്നൊരു ഓർമ്മപ്പെടുത്തൽ. വേറെയൊന്നും പറഞ്ഞില്ല. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്. പിന്നീട്, സിനിമ ഇറങ്ങിയപ്പോഴാണ് ഞാൻ പാടിയ ഭാഗം തന്നെ അദ്ദേഹം സിനിമയിൽ ഉപയോഗിച്ചെന്ന് അറിയുന്നത്. 

അച്ഛന്റെ ഉപദേശവും അമ്മൂമ്മ നൽകിയ നിധിയും

sindhu-devi-yesudas

എന്റെ അച്ഛൻ ഒരു ആക്ടറായിരുന്നു. വലിയ നടനൊന്നും ആയിരുന്നില്ല. ചെറിയ വേഷങ്ങളൊക്കെ ചെയ്തിട്ടുണ്ട്. അച്ഛന് സിനിമയിൽ കുറെ സുഹൃത്തുക്കളുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ആരോടും എന്നെക്കുറിച്ച് പറഞ്ഞിട്ടില്ല. അല്ലാതെ വരുന്ന അവസരങ്ങൾ മതി എന്നായിരുന്നു അച്ഛന്റെ നിലപാട്. എനിക്ക് കഴിവുണ്ടെങ്കിൽ എന്നെത്തേടി അവസരങ്ങൾ എത്തിക്കോളുമെന്ന് അച്ഛൻ എപ്പോഴും പറയാറുണ്ട്. നന്നായി പ്രാക്ടീസ് ചെയ്യണമെന്നു പറയും അച്ഛൻ. എന്റെ അമ്മൂമ്മ നന്നായി പാടും. അമ്മൂമ്മയുടെ മൂന്നു തലമുറ പിന്നിലേക്കും ഈ സംഗീത അഭിരുചിയുണ്ട്. കൊട്ടാരത്തിലെ വീണ വിദുഷി ആയിരുന്നു എന്റെ അമ്മൂമ്മയുടെ മുതുമുത്തശ്ശിയെന്ന് കേട്ടിട്ടുണ്ട്. രാജാവിന്റെ പതക്കം നേടിയിട്ടുള്ള ആളായിരുന്നു ആ അമ്മൂമ്മ. അവർ ഉപയോഗിച്ചിരുന്ന വീണ് തലമുറകൾ കൈമാറി ലഭിച്ചത് എനിക്കാണ്. എന്റെ മുത്തശ്ശി ആ വീണ എനിക്ക് സമ്മാനിച്ചു. ഒരു നിധി പോലെ ഞാനിപ്പോഴും അതു സൂക്ഷിച്ചിട്ടുണ്ട്. ഏകദേശം ഇരുന്നൂറു വർഷമെങ്കിലും പഴക്കം ആ വീണയ്ക്കുണ്ട്. അമ്മൂമ്മയുടെ നിർബന്ധമായിരുന്നു എന്നെ പാട്ടു പഠിപ്പിക്കണം എന്നുള്ളത്. എന്നാൽ, പുറത്തു പോയി പഠിക്കാൻ സമ്മതിക്കില്ല. അങ്ങനെ വീട്ടിൽ സംഗീത അധ്യാപകനെ വിളിച്ചു വരുത്തി പഠിപ്പിച്ചു. സംഗീതസംവിധായകൻ ശരത്തിന്റെ അമ്മാവൻ രാജൻലാൽ സാറാണ് എന്നെ വീട്ടിൽ വന്നു പഠിപ്പിച്ചുകൊണ്ടിരുന്നത്. ഗുരു വെങ്കടാചലം, ഇരിഞ്ഞാലക്കുട വിജയകുമാർ, പ്രൊഫസർ ഓമനക്കുട്ടി ടീച്ചർ തുടങ്ങി നിരവധി പേരുടെ കീഴിൽ സംഗീതം അഭ്യസിക്കാൻ കഴിഞ്ഞു. അന്നു പഠിച്ച ആ പാഠങ്ങളാണ് എന്നെയും ഒരു സംഗീത അധ്യാപികയാക്കിയത്. കുട്ടികൾക്ക് ഇന്ന് എന്തെങ്കിലും പറഞ്ഞു കൊടുക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിനു കാരണം എന്നെ പഠിപ്പിച്ച ഗുരുക്കൻമാരാണ്. 

യേശുദാസിനൊപ്പം ഗാനമേളകൾ

അവിചാരിതമായാണ് യേശുദാസ് സാറിനൊപ്പം ഗാനമേളകളിൽ പാടാൻ അവസരം ലഭിച്ചത്. ഒരു ദിവസം ഞാൻ കോളജിൽ ഇരിക്കുമ്പോൾ പെട്ടെന്ന് അമ്മ വന്ന് എന്നെ സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ വണ്ടിയുമായി എത്തി. കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് യേശുദാസ് സാറിനൊപ്പം തമിഴ്നാട്ടിൽ ഒരു പ്രോഗ്രാം ചെയ്യാനാണ് എന്നെ വിളിച്ചതെന്നു മനസിലായത്. സ്കൂളിൽ പഠിക്കുന്ന കാലം മുതലെ ഞാൻ തമിഴ്നാട്ടിൽ പരിപാടികൾക്ക് പാടാൻ പോകാറുണ്ടായിരുന്നു. അതുകൊണ്ട് തമിഴ് പാട്ടുകൾ എനിക്ക് നന്നായി അറിയാമായിരുന്നു. ദാസേട്ടൻ തന്ന ലിസ്റ്റിൽ ഉണ്ടായിരുന്ന ഭൂരിപക്ഷം പാട്ടുകളും എനിക്ക് അറിയാവുന്നതായിരുന്നു. അങ്ങനെ ദാസേട്ടന്റെയും പ്രഭ ചേച്ചിയുടെയും ഒപ്പം അവരുടെ കാറിലാണ് ഞാൻ പരിപാടിക്ക് പോയത്. അന്ന് ശരിക്കും പാടേണ്ടിയിരുന്നത് സുജാതയായിരുന്നു. അന്ന് അവർക്ക് എന്തോ അസുഖമായിരുന്നു. അതിനുശേഷം ദാസേട്ടന്റെ നിരവധി പരിപാടികളിൽ ഞാൻ പാടി.

ആ ജന്മദിനം മറക്കാൻ കഴിയില്ല

ആദ്യമായി ഇന്ത്യക്ക് പുറത്ത് ഒരു പരിപാടിക്ക് വരുന്നത് ദാസേട്ടന് ഒപ്പമാണ്. കുവൈത്തിലായിരുന്നു  ആദ്യത്തെ പരിപാടി. അതൊന്നും മറക്കാൻ കഴിയില്ല. ആ സമയത്തായിരുന്നു എന്റെ ജന്മദിനം. പാസ്പോർട്ടിൽ നിന്ന് ദാസേട്ടൻ അതു മനസിലാക്കി എനിക്ക് സർപ്രൈസ് തന്നു. എന്റെ ജന്മദിനം അദ്ദേഹം സ്റ്റേജിൽ അനൗൺസ് ചെയ്തു. ഹാപ്പി ബർത്ത്ഡേ പാടി ആശംസകൾ നേർന്നു. അതെല്ലാം ഇപ്പോൾ ആലോചിക്കുമ്പോൾ ഞാനെത്ര ഭാഗ്യം ചെയ്ത വ്യക്തിയാണെന്ന് തോന്നിപ്പോകുന്നു.  അത്രയും വലിയൊരു മനുഷ്യൻ നമുക്കു വേണ്ടി ബർത്ത്ഡേ ഗാനം പാടുക... ആശംസകൾ നേരുക... എനിക്കായി ബർത്ത്ഡേ കേക്ക് തയ്യാറാക്കി വയ്ക്കുക... ശരിക്കും ഒരു മോളെപ്പോലെയാണ് ദാസേട്ടനും പ്രഭ ചേച്ചിയും എന്നെ കരുതിയത്. അത്രയും സ്നേഹമായിരുന്നു. ആ സ്നേഹത്തിന് എങ്ങനെ നന്ദി പറയുമെന്ന് അറിയില്ല. അതൊരു ഭാഗ്യസമയമായിരുന്നെന്ന് പറയാം. അല്ലെങ്കിൽ എന്നെപ്പോലെ ഒരു സാധാരണ കുട്ടിയെ അദ്ദേഹത്തോടൊപ്പം പാടാൻ വിളിക്കുക എന്നു പറഞ്ഞാൽ മഹാഭാഗ്യമല്ലേ!

ആ പാട്ടു വരാഞ്ഞതിൽ മാത്രം സങ്കടം

sindhu-devi-family

ദാസേട്ടന്റെ നിർദേശപ്രകാരമാണ് 1992ൽ ഞാൻ ചെന്നൈയിലേക്ക് വന്നത്. അതു വഴി, തമിഴിലും തെലുങ്കിലും പാടാൻ എനിക്ക് അവസരം ലഭിച്ചു. ഇളയരാജ സർ, കീരവാണി സർ, ഗംഗൈ അമരൻ സർ, ടി എം സൗന്ദരരാജൻ സർ തുടങ്ങി എത്രയോ പ്രതിഭകൾക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു. എന്റെ അച്ഛനും അമ്മയും എന്തു പുണ്യം ചെയ്തിട്ടാണ് എനിക്കീ അവസരങ്ങൾ ലഭിച്ചതെന്ന് അറിയില്ല. തങ്കക്കിളി എന്ന ചിത്രത്തിലെ ഗാനമാണ് ഇളയരാജ സാറിനു വേണ്ടി ആദ്യം പാടിയത്. ആ ദിവസം തന്നെയായിരുന്നു 'പാണ്ഡിയനിൽ രാജിയത്തിൽ' (പാണ്ഡ്യൻ) എന്ന സൂപ്പർഹിറ്റ് ഗാനവും പാടിയത്. അത് ഇളയരാജ സാറിനൊപ്പം ഒരേ വോയ്സ് ബൂത്തിൽ നിന്ന് പാടി റെക്കോർഡ് ചെയ്യുകയായിരുന്നു. പാട്ട് എല്ലാവരും ഓകെ പറഞ്ഞു. എനിക്ക് വലിയ സന്തോഷമായിരുന്നു. രാജ സാറിനൊപ്പം പാടിയല്ലോ എന്ന സന്തോഷം! പക്ഷേ, സിനിമയിൽ ആ പാട്ട് എന്റെ വോയ്സിൽ ആയിരുന്നില്ല. ചിത്ര ചേച്ചിയും മനോയും പാടിയ വെർഷൻ ആണ് വന്നത്. രാജാ സാറിന്റെ ശബ്ദവും ഉണ്ടായിരുന്നില്ല. എനിക്ക് വളരെ സങ്കടം തോന്നി. എന്തുകൊണ്ടാണ് ആ പാട്ട് വരാതിരുന്നത് എന്ന ചോദ്യം ബാക്കിയായി. ഞാനും അച്ഛനും കൂടി രാജാ സാറിന്റെ അടുത്തു പോയി ചോദിച്ചു. എന്റെ ഭാഗത്തു നിന്നു വന്ന തെറ്റാണെങ്കിൽ ഇനി പാടുമ്പോൾ തിരുത്താമല്ലോ എന്നോർത്താണ് അതു ചോദിച്ചത്‌. സർ പക്ഷേ, ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിനു പോലും വലിയ സങ്കടമായി. 'എങ്കിട്ടെ കേക്കാതെ,' എന്നു പറഞ്ഞു എന്നെ വിട്ടു. ആ പാട്ട് അദ്ദേഹം കാസറ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്റെ ശബ്ദം മാറ്റിയതിൽ അദ്ദേഹത്തിന് സങ്കടം ഉണ്ടായിരുന്നെന്ന് തോന്നി.  

കുവൈത്തിലെ ജീവിതം

ഭർത്താവ് രമേശ് എനിക്ക് പൂർണ പിന്തുണയാണ് നൽകുന്നത്. അദ്ദേഹം കുവൈത്തിലാണ് ജോലി ചെയ്യുന്നത്. ഞാനും കുവൈത്തിലാണ്. മക്കൾ ഹരിഹരൻ, ഹരികൃഷ്ണൻ. വിവാഹത്തിനുശേഷം നാട്ടിൽ നിന്നു പോന്നതോടെ സിനിമയിൽ സജീവമല്ലാതെയായി. പക്ഷേ, കുവൈത്തിലെ ആളുകളും വലിയ പ്രോത്സാഹനമാണ് നൽകുന്നത്. ഇവിടെയും സംഗീതപരിപാടികളിൽ സജീവമാണ്. നാട്ടിൽ നിന്നു ഗായകർ ഇവിടേക്ക് പരിപാടികൾ അവതരിപ്പിക്കാൻ വരുമ്പോൾ അവർക്കൊപ്പം പാടാറുണ്ട്. ഓൺലൈനായി കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. എന്റെ സ്വന്തം പ്രൊഡക്ഷനിൽ നാലു ആൽബങ്ങൾ ചെയ്തു. അതിനു വേണ്ടി സംഗീതം ചെയ്തതും ഞാൻ തന്നെയാണ്. അങ്ങനെ സംഗീതത്തിൽ തന്നെയാണ് ജീവിതം ഇപ്പോഴും. 

English Summary: Interview with singer Sindhu Devi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com