‘സലിൽദാ ട്യൂൺ മൂളി കേൾപ്പിച്ചപ്പോൾ ദാസേട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകി’; കാതിൽ തേൻമഴയായ് വന്ന പാട്ടിനെക്കുറിച്ച് ജയരാജ്

jayaraj-salil
SHARE

‘കാതിൽ തേൻമഴയായ് പാടൂ കാറ്റേ കടലേ....’, ഈ വരികൾ അറിയാതെയെങ്കിലും മൂളാത്ത മലയാളികൾ ഉണ്ടോ? കണ്ണടച്ചിരുന്ന് മനസ്സു കൊടുത്തു കേട്ടിരിക്കാൻ മലയാളിക്ക് ഈ ഈണം സമ്മാനിച്ചത് ഇതിഹാസ സംഗീതജ്ഞൻ സലീൽ ചൗധരിയാണ്. ‘തുമ്പോളി കടപ്പുറം’ എന്ന ചിത്രത്തിലൂടെയാണ് പാട്ട് തേൻമഴപൊഴിച്ച് മലയാളികൾക്കരികിലെത്തിയത്. ഈ പാട്ടൊരുക്കി നാലു മാസങ്ങൾ കഴിഞ്ഞപ്പോഴാണ് സലീൽ ചൗധരി വിടവാങ്ങിയത്. എങ്കിലും ഒരുക്കിയ ഗാനങ്ങളെല്ലാം കേള്‍വിക്കാരന്റെ മനസ്സില്‍ അദ്ദേഹം കൊരുത്തുവച്ചു. ‘തുമ്പോളി കടപ്പുറ’ത്തിന്റെ സംവിധായകൻ ജയരാജിന് പ്രിയപ്പെട്ട സലീൽദായെക്കുറിച്ച് ഒരുപാട് ഓർമകളുണ്ട്. തന്റേതുമാത്രമായി സൂക്ഷിക്കുന്ന, ഇതുവരെ മറ്റാരോടും പറയാത്ത ചില പ്രിയ നിമിഷങ്ങൾ. സലീൽ ചൗധരിയുടെ തൊണ്ണൂറ്റിയഞ്ചാം ജന്മവാർഷികത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകൾ ജയരാജ് മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു. 

  

‘സലിൽദായോടൊപ്പം അടുത്തിടപഴകാൻ കഴിഞ്ഞത് എന്റെ 'തുമ്പോളി കടപ്പുറം' എന്ന സിനിമയിലൂടെയാണ്. അതൊരു വല്ലാത്ത കൂടിച്ചേരലായിരുന്നു. ആ സിനിമയുടെ നിർമാതാവ് മഹാരാജ ശിവാനന്ദൻ സലിൽദായെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു. ഞാൻ ഈ ഒരു സജഷൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷമായി. കുറേ കാലങ്ങൾക്കു ശേഷം സലിൽ ദാ മലയാളത്തിലേക്ക് വരികയാണ്. ആ സിനിമയുടെ കോംപോസിഷനിൽ ഏറ്റവും സമയം എടുത്തു ചെയ്ത പാട്ട് ഇന്നും ആൾക്കാർ ഏറെ ഇഷ്ടപ്പെടുന്ന ‘കാതിൽ തേന്മഴയായ്’ ആണ്. അന്ന് ആ പാട്ടിന് വേണ്ടി പല ട്യൂണുകളും ഇടുന്നു, ഒഎൻവി സർ വരികൾ എഴുതുന്നു, എത്ര ചെയ്തിട്ടും അങ്ങോട്ട് ശരിയായി വരുന്നില്ല. 

അങ്ങനെ ആകെ ഒരു കൺഫ്യൂഷനിൽ ഇരിക്കുമ്പോൾ ഒരു രാത്രി ഞാൻ സലിൽദായോട് പറഞ്ഞു, ‘സലിൽദാ ഈ കോംപോസിഷൻ എല്ലാം മറക്കൂ, അങ്ങേക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും വരികൾ മനസ്സിലുണ്ടെങ്കിൽ അതൊന്നു മൂളൂ’ എന്ന്.  അപ്പൊ അദ്ദേഹം പറഞ്ഞു ബംഗാളിയിൽ അടുത്തിടെ എഴുതിയ ഒരു കവിതയുണ്ട്, ‘ബാലോബാഷി ബോലേ, ബാലോബാഷി ബോലേ നാ’.  ‘ഞാൻ നിന്നെ സ്നേഹിക്കുന്നു അതുകൊണ്ടു ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറയുന്നില്ല’ എന്നാണ് ആ വരികളുടെ അർഥം. അത് അദ്ദേഹം എഴുതി ട്യൂൺ ചെയ്ത ഒരു കവിതയാണ്, ഞാൻ പറഞ്ഞു ഇത് മനോഹരമായ ഒരു ട്യൂൺ ആണ്, നമുക്ക് ഇത് ചെയ്താലോ, അദ്ദേഹം പറഞ്ഞു എനിക്ക് വിരോധമില്ല എന്ന്. അങ്ങനെ ആ ട്യൂൺ ഒഎൻവി സാറിനെ കേൾപ്പിച്ചു, അദ്ദേഹം വരികൾ എഴുതിക്കൊണ്ടു വന്നു‘"കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ’, അത് വളരെ മനോഹരമായ ഒരു പാട്ടായിരുന്നു. 

സലിൽദായുടെ പാട്ടുകൾ കേൾക്കുമ്പോൾ നമുക്ക് അറിയാം അത് അദ്ദേഹത്തിന്റെ പാട്ടാണെന്ന്. മദനോത്സവത്തിലേത് ആയാലും എന്റെ സിനിമയിലെ ഓളങ്ങളേ എന്ന പാട്ടായാലും എല്ലാറ്റിലും സലിൽദായുടെ കയ്യൊപ്പുണ്ട്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു ഈ പാട്ടു വ്യത്യസ്തമായിരിക്കട്ടെ, അദ്ദേഹത്തിന്റെ ഐഡന്റിറ്റി ബ്രേക്ക് ചെയ്തിട്ടൊരു പാട്ടു ചെയ്യാം എന്ന്. ആ പാട്ടു നന്നായി കംപോസ് ചെയ്യപ്പെട്ടു. എവിഎംസി സ്റ്റുഡിയോയിൽ ഞങ്ങൾ പാട്ടു റെക്കോർഡ് ചെയ്യാൻ ഇരിക്കുമ്പോൾ പാടാനായി ദാസേട്ടൻ വന്നു. ദാസേട്ടനും സലിൽദായും വർഷങ്ങളായുള്ള സ്നേഹവും സൗഹൃദവുമാണ്. കണ്ടപ്പോഴേ രണ്ടുപേരും ആശ്ലേഷിച്ചു. സലിൽദാ ട്യൂൺ മൂളി കേൾപ്പിച്ചപ്പോൾ, വരികൾ നോക്കിയിരുന്ന ദാസേട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകി എന്നിട്ടു പറഞ്ഞു ‘കരയിക്കാനായിട്ട് സലിൽദാ വരും’. അതൊരു വലിയ കോംപ്ലിമെന്റ് ആയിരുന്നു, അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആ വാക്കുകളിലുണ്ടായിരുന്നു.  ‌

ആ പാട്ടു പാടിത്തീരുമ്പോഴേക്കും, അതു സൂപ്പർ ഹിറ്റ് ആകുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചു, ആ പാട്ട് കാലങ്ങളോളം സഞ്ചരിക്കുകയാണ്. ഇന്നും കോവിഡ് കാലത്തും ആൾക്കാർ അതെടുത്തു കവർ വേർഷൻ ചെയ്യുന്നത് കാണുമ്പോൾ ഞാൻ ആ നിമിഷങ്ങളിലേക്ക് മടങ്ങിപ്പോകും. സലിൽദാ പാടിയ മറ്റെല്ലാ പാട്ടുകളെക്കാളും കൂടുതൽ ഇന്നും പുതിയ തലമുറയിലൂടെ ഈ പാട്ട് പുനർജനിച്ചുകൊണ്ടിരിക്കുന്നു. ആ പാട്ടിന്റെ വർക്ക് കഴിഞ്ഞു സലിൽദാ മടങ്ങുമ്പോൾ നിർമാതാവ് പറഞ്ഞു: ഒരു ചെറിയ ഗിഫ്റ്റ് എനിക്ക് അദ്ദേഹത്തിനു കൊടുക്കണം, അങ്ങനെ അദ്ദേഹം സലിൽദാക്ക് ഒരു സ്വർണ്ണമോതിരം സമ്മാനിച്ചു. അങ്ങനെ ഒരു ഗിഫ്റ്റ് ആരും അദ്ദേഹത്തിന് അതുവരെ കൊടുത്തിട്ടുള്ളതായി തോന്നുന്നില്ല. അതുകഴിഞ്ഞു ഒരു നാല് മാസങ്ങളോളം കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ മരണവാർത്ത അറിയുന്നത്. ഈ പാട്ടു കേൾക്കുമ്പോഴെല്ലാം ഞാൻ ആ നിമിഷങ്ങളിലേക്കു മടങ്ങിപ്പോകും, ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവങ്ങളാണ് അതെല്ലാം. അദ്ദേഹത്തെ എന്നെന്നും ഓർക്കാൻ അദ്ദേഹം നമുക്ക് തന്നിട്ടുപോയ സമ്മാനമാണ്  ‘കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ’ എന്ന ഗാനം. 

വളരെ സ്നേഹസമ്പന്നനായ വ്യക്തിയായിരുന്നു അദ്ദേഹം. സലിൽദാക്ക് മലയാളത്തോട് വല്ലാത്ത ഒരു അടുപ്പമുണ്ടായിരുന്നു. വരുമ്പോഴൊക്കെ വയലാറിനെക്കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നു. വയലാറും അദ്ദേഹവും ഒരുമിച്ചു കംപോസ് ചെയ്തതും കാറിൽ യാത്ര ചെയ്തതും എല്ലാം പറയും.  മലയാളത്തോട് വളരെ അടുത്ത ബന്ധം അദ്ദേഹം സൂക്ഷിച്ചിരുന്നു. എന്റെ സിനിമയിലേക്കു വിളിച്ചത് അദ്ദേഹത്തിന് വലിയ സന്തോഷമായി. ദാസേട്ടനും അദ്ദേഹവുമായി നിന്ന് എടുത്ത ഒരു ചിത്രം ഞാൻ എപ്പോഴും വളരെ പ്രിയപ്പെട്ടതായി സൂക്ഷിച്ചിട്ടുണ്ട്.  ഈ സംഭവങ്ങളൊക്കെ ഞാൻ വളരെ സ്വകാര്യ സന്തോഷമായി സൂക്ഷിച്ചിരുന്നതാണ്, വളരെ പഴ്സനലും ഇമോഷനലുമായ ചില കാര്യങ്ങൾ. എനിക്ക് അദ്ദേഹത്തിന്റെ മക്കളോട് ഇപ്പോഴും അടുപ്പവും സൗഹൃദവുമുണ്ട്’.

പ്രിയപ്പെട്ട സലിൽദായെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ മലയാളികളുടെ പ്രിയ സംവിധായകന്റെ സ്വരം വിറപൂണ്ടു. പാട്ടിനെ വളരെയേറെ സ്നേഹിക്കുന്ന ജയരാജ് എന്ന സംവിധായകന്റെ വാക്കുകളിൽ മൺമറഞ്ഞുപോയ സലിൽദായോടുള്ള ആദരവും സ്നേഹവും തുടിച്ചുനിന്നു.

English Summary: Director Jayaraj shares memories of legend Salil Chowdhury

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.