'പാതിരാ വരെ നീണ്ട ഷൂട്ട്; ഏറെ സമ്മർദ്ദങ്ങൾ നേരിട്ടു'; പുതിയ ട്രാക്കിന്റെ അനുഭവങ്ങൾ പറഞ്ഞ് ഗൗരി ലക്ഷ്മി

gowery-song
SHARE

പക്ഷിച്ചിറകും മാൻകൊമ്പും തമ്മിൽ എന്തു ബന്ധം? ആദ്യ കേൾവിയിൽ പ്രത്യേകിച്ച് ബന്ധങ്ങൾ ഒന്നുമില്ലെന്നു തോന്നിയേക്കാം. എന്നാൽ അത് അങ്ങനെയല്ല. രണ്ടു ഗണത്തിൽപ്പെട്ട, രണ്ടു ജീവിതശൈലിയുള്ള, രണ്ടു വ്യത്യസ്ത രൂപങ്ങളുള്ള ഈ പക്ഷിയും മൃഗവും തമ്മിലും ബന്ധമുണ്ട്. എന്താ ഇവയ്ക്കു രണ്ടിനും പരസ്പരം സ്നേഹിച്ചുകൂടേ? ചോദിക്കുന്നത് ഗൗരിലക്ഷ്മിയാണ്. ‘ഗോഥ’യിലെ ‘ആരോ നെഞ്ചിൽ’ എന്ന വേറിട്ട പാട്ടിലൂടെ സ്വീകാര്യത നേടിയ ഗായിക ഗൗരി ലക്ഷ്മി. ചോദ്യം ചോദിക്കുന്നതാകട്ടെ ഈയടുത്ത കാലത്ത് പുറത്തിറക്കിയ ‘മാനേ’ എന്ന സ്വതന്ത്ര്യസംഗീത വിഡിയോയിലൂടെയും. ഗൗരി തന്നെ വരികളൊരുക്കി ചിട്ടപ്പെടുത്തി ആലപിച്ച വിഡിയോ ഏറെ വ്യത്യസ്തത നിറച്ചാണ് ആസ്വാദകർക്കരികിൽ എത്തിയിരിക്കുന്നത്. പുതിയ പാട്ടു വിശേഷങ്ങൾ ഗൗരി ലക്ഷ്മി മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു. 

സ്നേഹത്തിന് അതിർവരമ്പുകൾ എന്തിന്

വളരെ ലളിതമായാണ് പാട്ടിൽ ആശയം ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഭൂമിയിൽ ഓടി നടക്കുന്ന മാനും പറന്നു നടക്കുന്ന കിളിയെയും കുറിച്ചാണ് അതിൽ പറയുന്നത്. ഇവ രണ്ടും തികച്ചും വ്യത്യസ്തമായ ഗണത്തില്‍പ്പെട്ട ജീവജാലങ്ങൾ ആണല്ലോ. ഇവ തമ്മിലുള്ള സ്നേഹത്തെക്കുറിച്ചാണ് പാട്ടിൽ വരച്ചിടുന്നത്.  സ്നേഹം എന്ന വികാരത്തിന് യാതൊരു അതിർ വരമ്പുകളുടെയും ആവശ്യമില്ല. അത് പക്ഷികളും മൃഗങ്ങളും തമ്മിലാകാം, ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും ആണും പെണ്ണും തമ്മിലുമൊക്കെ ആകാം. അതിനെന്താണു കുഴപ്പം. സ്നേഹത്തിന് അതിർത്തികൾ നിശ്ചയിക്കേണ്ടതിന്റെ യാതൊരു ആവശ്യവുമില്ല എന്നാണ് പാട്ടിലൂടെ വ്യക്തമാക്കുന്നത്. വളരെ ലളിതമായ തരത്തിൽ തന്നെയാണ് അതിന്റെ വരികൾ എഴുതിയിരിക്കുന്നതും. ഒന്നു ശ്രദ്ധിച്ചാൽ ഏതൊരാൾക്കും അത് മനസ്സിലാകും. വ്യത്യസ്തമായ തരത്തില്‍ തയ്യാറാക്കിയ വിഡിയോയുടെ എല്ലാ ക്രെഡിറ്റും സംവിധായകൻ നാസിഫ് അപ്പുവിനു  തന്നെയാണ്. ഈ പാട്ട് ഈ തരത്തിൽ തന്നെ ചെയ്യണമെന്നും ഇങ്ങനെ ചെയ്തെങ്കിലേ അത് പൂർണമാകൂ എന്നും ആവര്‍ത്തിച്ചു പറഞ്ഞ് നാസിഫ് തന്നെയാണ് എനിക്കൊപ്പം നിന്ന് എന്നെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത്. ഈ വിഡിയോ അത്രയധികം സ്പേസ് ഉള്ള ഒന്നു തന്നെയാണ്. 

ആ അധ്വാനം ചെറുതല്ല

പാട്ട് കണ്ട് ആളുകൾ നല്ല പ്രതികരണങ്ങൾ അറിയിക്കുന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നു. ഞാൻ ഏറ്റവുമധികം സമയമെടുത്തു ചെയ്ത പാട്ടാണിത്. ചെറിയ എഫർട്ടല്ല ഈ പാട്ടിനു ആവശ്യമായി വന്നത്. ഏറെ നാളത്തെ പ്ലാനിങ്ങിനു ശേഷമാണ് പാട്ടൊരുക്കിയത്. ഏറെ സമ്മർദ്ദങ്ങള്‍ നേരിടുകയും ആരോഗ്യപരമായും മാനസികപരമായും ഏറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടിയും വന്നു. അർധരാത്രി കഴിഞ്ഞും ഷൂട്ടിങ് നീണ്ടു പോയിരുന്നു. അത്രയും പ്രയാസപ്പെട്ടു ചെയ്തതാണെങ്കിലും പാട്ട് ആളുകൾ സ്വീകരിച്ചതു കാണുമ്പോൾ ഒത്തിരി സന്തോഷം. ഞാൻ നടത്തിയ കഠിനപരിശ്രമത്തിന്റെ ഫലമാണ് ഈ അംഗീകാരമെന്ന് പൂർണമായും വിശ്വസിക്കുന്നു. 

എന്റെ പാട്ടുകൾ എന്റേതു തന്നെ

ഞാൻ ആദ്യമായി കമ്പോസ് ചെയ്യുന്ന പാട്ടല്ല ഇത്.  2012ൽ ‘കാസനോവ’ എന്ന ചിത്രത്തിലൂടെയായിരുന്നു എന്റെ അരങ്ങേറ്റം. ചിത്രത്തിൽ ‘സഖിയേ’ എന്നു തുടങ്ങുന്ന പാട്ട് ഞാൻ സ്വന്തമായി വരികളൊരുക്കി ചിട്ടപ്പെടുത്തിയതാണ്. യഥാർഥത്തിൽ സംഗീതസംവിധായികയായി തന്നെയായിരുന്നു എന്റെ കടന്നു വരവ്. അതു മാത്രമല്ല, ഞാൻ സ്വന്തമായി പുറത്തിറക്കിയ പാട്ടുകളെല്ലാം ഞാൻ തന്നെ വരികളെഴുതി ചിട്ടപ്പെടുത്തി പാടിയതു തന്നെയാണ്. 

ഞങ്ങൾ പാടുന്നു, അവർ കേൾക്കട്ടെ

വർഷങ്ങളായി ചലച്ചിത്ര ഗാനങ്ങൾ മാത്രം കേട്ടു ശീലിച്ച മലയാളികൾ മറ്റു പാട്ടുകൾ കേൾക്കാനും സ്വീകരിക്കാനും തുടങ്ങിയിട്ട് കുറച്ചു വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു. ഡിജിറ്റൽ യുഗമായതിനു ശേഷമാണ് ഇത്തരത്തിൽ മറ്റു വിഭാഗങ്ങളിലുള്ള പാട്ടുകൾ എല്ലാവരിലും എത്താൻ തുടങ്ങിയത് എന്നു തോന്നുന്നു. സ്വതന്ത്ര്യ സംഗീതരംഗത്തും പല വിഭാഗങ്ങളുണ്ട്. റോക് മ്യൂസിക്, റാപ് തുടങ്ങിയവയൊക്കെ അതിൽ ചിലതാണ്. ഇത്തരത്തിലുള്ള വിഭാഗങ്ങളിലെ പാട്ടുകളോട് മലയാളികൾക്ക് ഒരു പ്രത്യേക ചായ്‌വ് ഉണ്ടെന്ന് തോന്നുന്നു. ഇങ്ങനെ പറയുമ്പോഴും ഇപ്പോൾ ഞാൻ പുറത്തിറക്കിയ തരത്തിലുള്ള പാട്ടുകൾക്ക് ആസ്വാദകർ ഇല്ല എന്നല്ല അർഥം. തീർച്ചയായും ഈ വിഡിയോകൾ ആളുകൾ കാണുന്നു. കലാകാരന്മാരുൾപ്പെടെ നിരവധി പേർ പാട്ട് കണ്ട് എന്നെ പ്രശംസിക്കുകയും ചെയ്തു. അതിൽ ഒരുപാട് സന്തോഷവുമുണ്ട്. ഇപ്പോൾ റാപ് സോങ്ങുകൾക്കു വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. വളരെ മികച്ച റാപ്പര്‍മാരുണ്ട് മലയാളത്തിൽ. അത്തരം പാട്ടുകൾ കേൾക്കുമ്പോഴും ആളുകള്‍ അത് അംഗീകരിക്കുന്നതു കാണുമ്പോഴും ഒരുപാട് സന്തോഷം. പക്ഷേ എനിക്കു തോന്നിയ മറ്റൊരു കാര്യം, ഓരോ വിഭാഗത്തിലുള്ള പാട്ടുകളെ മാത്രം തിരഞ്ഞെടുത്ത് കേൾക്കാതെ ഏത് പാട്ടാണെങ്കിലും അത് കേൾക്കാനുള്ള ഒരു മനസ്സ് കാണിക്കണം. അത്തരം പാട്ടുകളെ സ്വീകരിക്കാൻ തയ്യാറാകുന്നതാണ് ഞങ്ങളെപ്പോലെ കലാരംഗത്തുള്ളവർക്കു ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരം.  

പാത മാറ്റുന്ന സംഗീതം

പിന്നണി ഗായകർ സ്വതന്ത്ര്യ സംഗീതവിഡിയോകൾ ഒരുക്കുന്നതിനു പിന്നിൽ പല കാരണങ്ങൾ ഉണ്ടായിരിക്കാം. അത് എന്തു തന്നെയായായും അവർ എടുക്കുന്ന ആ എഫോർട്ടിനെ ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ കാണുന്നത്. എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കിൽ ഞാൻ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് എന്റെ സ്വതന്ത്ര്യ സംഗീത വിഡിയോകൾക്കു തന്നെയാണ്. ‘ഗോഥ’യിലെ ‘ആരോ നെഞ്ചിൽ’ എന്ന പാട്ടു പാടിയതിനു ശേഷം എന്റെ ഇൻഡിപെൻഡൻഡ് സംഗീത വിഡിയോകള്‍ കാണുന്നവരുടെ എണ്ണം വർധിച്ചതായി ശ്രദ്ധയിൽപ്പെട്ടു. എന്റെ വിഡിയോയിലേയ്ക്ക് ആളുകളെ എത്തിക്കുന്നതിനുള്ള ഒപു പാത കൂടിയാണ് പിന്നണി ഗാനങ്ങൾ. മറ്റു ഗായകർ എന്തുകൊണ്ടാണ് എന്തുകൊണ്ടാണ് സ്വതന്ത്ര്യ സംഗീത രംഗത്തു നിലയുറപ്പിക്കാനായി ശ്രമിക്കുന്നത് എന്ന് എനിക്കറിയില്ല. ഒരുപക്ഷേ ഇതേ കാരണങ്ങളാകാം, അല്ലെങ്കിൽ മറ്റെന്തെങ്കിലും ആകാം. എന്തു തന്നെയായാലും ഗായകരുടെ ഇത്തരം സംരംഭങ്ങളെ വളരെയധികം സന്തോഷത്തോടെയാണ് ഞാൻ കാണുന്നത്. 

English Summary: Interview with musician  Gowry Lekshmi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA