ADVERTISEMENT
Maradona2

കാൽപ്പന്തുലോകത്തെ കണ്ണീരിൽ മുക്കി ഡിയേഗോ മറഡോണ യാത്രയാകുന്നു. ഇതിഹാസം കളമൊഴിയുന്ന വാർത്ത വിശ്വസിക്കാനോ ആശ്വസിക്കാനോ കഴിയാതെ ആരാധകരും അടുപ്പക്കാരും വിതുമ്പുകയാണ്. മറഡോണയ്ക്കു പകരം മറ്റൊരു പേര് കൂട്ടിച്ചേർത്തു വായിക്കാൻ ഫുട്ബോൾ ലോകത്തിനാകില്ല. കാരണം അത്രമേൽ ആഴത്തിലാണ് അദ്ദേഹം സ്വന്തം പേര് ചരിത്രത്തിൽ കൊത്തി വച്ചത്. 2012ൽ കണ്ണൂരിൽ എത്തിയ മറഡോണയെ കാണാൻ ആയിരങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ഒഴുകിയെത്തിയത്. അന്ന് സ്പാനിഷിൽ പാട്ടു പാടിയ മലയാളി ഗായകന്‍ ചാൾസ് ആന്റണിയെയും കേരളം മറക്കില്ല. ഗായകന്റെ പാട്ടു കേട്ട് ആസ്വദിച്ച മറഡോണ അന്ന് ഒപ്പം ചേർന്ന് താളം മുറിയാതെ പാടിക്കയറി. മറഡോണയ്ക്കൊപ്പം പാടിയ ആദ്യ ഇന്ത്യക്കാരൻ എന്ന ഖ്യാതിയും പിന്നീട് ചാൾസിനെ തേടിയെത്തി. തുടർന്ന് അദ്ദേഹവുമായി വലിയ ആത്മബന്ധം സൂക്ഷിച്ച ചാൾസിന് പ്രിയ സെലിബ്രിറ്റി സുഹൃത്തിന്റെ വിയോഗം താങ്ങാനാകുന്നതിലും അപ്പുറമാണ്. മറഡോണയ്ക്കൊപ്പമുണ്ടായ നല്ല നിമിഷങ്ങളെക്കുറിച്ച് ചാൾസ് ആന്റണി മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു.  

ഐഡൻഡിറ്റി സമ്മാനിച്ച സെലിബ്രിറ്റി സുഹൃത്ത്

എന്റെ പ്രിയപ്പെട്ട സെലിബ്രിറ്റി സുഹൃത്തുക്കളിലൊരാളാണ് മറഡോണ. അദ്ദേഹത്തിന്റെ ഈ വിയോഗത്തെക്കുറിച്ചു സംസാരിക്കാൻ എനിക്കു വാക്കുകൾ കിട്ടുന്നില്ല. കാരണം, അത്രമാത്രം കനത്ത ആഘാതമേൽപ്പിച്ചാണ് അദ്ദേഹം വിടപറയുന്നത്. യഥാർഥത്തിൽ എനിക്കൊരു ഐഡന്റിറ്റി തന്നെ സമ്മാനിച്ച വ്യക്തിയാണ് അദ്ദേഹം. 2012ൽ മറഡോണ കണ്ണൂരിൽ വന്നപ്പോൾ ഞാൻ വേദിയിൽ സ്പാനിഷ് പാട്ടു പാടി. അന്ന് അദ്ദേഹവും എനിയ്ക്കൊപ്പം പാടി. മറഡോണയ്ക്കൊപ്പം പാട്ടു പാടിയ ആദ്യ ഇന്ത്യക്കാരൻ എന്ന നിലയിലാണ് പിന്നീടു ഞാൻ അറിയപ്പെട്ടതു തന്നെ. അതിനു ശേഷം ഒരുപാട് വേദികളിൽ ഞാൻ പാടിയെങ്കിലും മറഡോണയ്ക്കൊപ്പം പാടിയ ആൾ എന്ന നിലയിലാണ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുൾപ്പെടെ പലപ്പോഴും മറ്റുള്ളവർ എന്നെ തിരിച്ചറിഞ്ഞത്. 

വർഷങ്ങൾക്കിപ്പുറവും മായാത്ത സ്നേഹം

Maradona1

മറഡോണയുമായി എനിക്ക് വളരെ വലിയ ഒരു ആത്മബന്ധമുണ്ടായിരുന്നു. കണ്ണൂരിൽ വച്ച് ഒരുമിച്ച് പാടി സന്തോഷിച്ച് അദ്ദേഹം തിരിച്ചു പോയതിനു ശേഷം 2017ലാണ് പിന്നീടു ഞങ്ങൾ തമ്മിൽ കണ്ടത്. അത് കൊൽക്കത്തിയിൽ വച്ചായിരുന്നു. ഒരു ചാരിറ്റി ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായാണ് അദ്ദേഹം അന്ന് കൊൽക്കത്തയിലെത്തിയത്. സൗരവ് ഗാംഗുലിയാണ് എന്നെയന്ന് അവിടേയ്ക്കു കൊണ്ടുപോയത്. മത്സരം തുടങ്ങുന്നതിനു മുൻപ് പാടാനായി ഞാൻ വേദിയിലേയ്ക്കെത്തി. മന്ത്രിമാർ ഉൾപ്പെടെ പല പ്രമുഖരും അന്ന് വേദിയിലുണ്ടായിരുന്നു. മറഡോണ അന്ന് വേദിയിൽ കയറി നേരെ വന്നത് എന്റെയടുത്തേയ്ക്കാണ്. അന്ന് എനിക്കു ഹസ്തദാനം നൽകിയതിനു ശേഷമാണ് അദ്ദേഹം വേദിയിൽ ഇരുന്നതു പോലും. അതു കണ്ടപ്പോൾ എനിക്കാകെ അദ്ഭുതം തോന്നി. കാരണം അത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം എന്നെ മറന്നില്ലല്ലോ.

പാട്ടിനെ പ്രണയിച്ച ഇതിഹാസം 

പരിപാടിയുടെ ഭാഗമായി മൂന്നു ദിവസം ഞാൻ അദ്ദേഹത്തോടൊപ്പം കൊൽക്കത്തയിൽ ഉണ്ടായിരുന്നു. മത്സര ദിനത്തിലും തുടർന്ന് ആഹാരം കഴിക്കുന്ന സമയത്തുമൊക്കെ ഞാൻ പാട്ടു പാടി.‌ അപ്പോഴൊക്കെ അദ്ദേഹം എനിയ്ക്കൊപ്പം തന്നെയുണ്ടായിരുന്നു. പാട്ടു പാടുന്നതിലും ആസ്വദിക്കുന്നതിലും അദ്ദേഹം കാണിക്കുന്ന ആ താത്പര്യവും ഇഷ്ടവും മറ്റൊന്നിലും പ്രകടിപ്പിക്കുന്നതായി ഞാൻ കണ്ടില്ല. പരിപാടിയുടെ ഭാഗമായി മറ്റു പല കാര്യങ്ങൾക്കു വേണ്ടിയും അദ്ദേഹത്തെ ക്ഷണിച്ചപ്പോഴും അതിലൊന്നും അദ്ദേഹത്തിനു വലിയ താത്പര്യം ഇല്ലായിരുന്നു. പാട്ടിനോട് അദ്ദേഹത്തിനു വല്ലാത്തൊരു ഇഷ്ടമായിരുന്നു.  ഞാൻ ഓരോ പാട്ടും പാടുമ്പോഴും എന്റെയടുത്ത് വന്ന് അദ്ദേഹവും ഒപ്പം പാടി. മറഡോണയെ പാട്ടു പാടാൻ അല്ലല്ലോ ഇവിടെ വിളിപ്പിച്ചത് എന്നോർത്ത് പരിപാടിയുടെ സംഘാടകർ പോലും അന്ന് അമ്പരന്നു. കണ്ണൂരിൽ വന്ന ദിവസം അദ്ദേഹം വളരെ ദു:ഖത്തിലിരിക്കുന്ന അവസ്ഥയിലും പാട്ട് കേട്ടപ്പോഴാണ് അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞത്. അന്ന് മന്ത്രിമാരെ പോലും കടത്തി വിടാതിരുന്നപ്പോഴും എന്നെയാണ് അദ്ദേഹത്തിന്റെ മുറിയിൽ പ്രവേശിപ്പിച്ചത്. ഞാൻ അടുത്തു ചെന്നു പാട്ടു പാടിയപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് തനിയെ മാറി. വീണ്ടും പ്രസരിപ്പോടെ തിരികെ വന്നു. പാട്ടിനോടു വല്ലാത്ത ഒരു ഇഷ്ടം അദ്ദേഹത്തിനുണ്ടായിരുന്നു എന്നതിൽ യാതൊരു സംശയവുമില്ല. 

ഈ നഷ്ടം തീരില്ല

Maradona4

ഒരു സംഗീതജ്ഞൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും പറയുമ്പോൾ മറഡോണയുടെ ഈ അപ്രതീക്ഷിത വിയോഗം എനിക്കു തീരാ നഷ്ടം തന്നെയാണ്. ഇനിയും ഒരുപാട് വേദികളിൽ അദ്ദേഹത്തെ കൊണ്ടു വരണമെന്നു പലരും പദ്ധതിയിട്ടിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം അത്ര പ്രധാനപ്പെട്ടതു തന്നെയായിരുന്നു. ലോകത്ത് കാൽപ്പന്തു കളിയിൽ വിഖ്യാതരായ പലരുമുണ്ട്. പക്ഷേ, അവരാരും മറഡോണയ്ക്കു പകരമാകില്ല. മറഡോണ എന്ന വാക്കിനു പകരം മറഡോണ മാത്രം. അദ്ദേഹത്തിന്റെ പിറന്നാളിനു ഞാൻ സ്പാനിഷിൽ പാട്ടു പാടി ആശംസകൾ അറിയിച്ചിരുന്നു. ഇന്നലെ ആകസ്മികമായി അദ്ദേഹത്തിന്റെ വിയോഗവാർത്തയെത്തിയപ്പോൾ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഞാൻ മറ്റൊരു ഗാനവും ഒരുക്കി. വളരെ കുറഞ്ഞ സമയം കൊണ്ടാണ് പാട്ടൊരുക്കിയത്. അദ്ദേഹത്തോടുള്ള എല്ലാ സ്നേഹവും ആദരവും പ്രകടിപ്പിച്ച് ഈ പാട്ടും ഞാൻ സമർപ്പിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com