ADVERTISEMENT

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജിൽ. ആ കാത്തിരിപ്പിന്റെ പ്രതീക്ഷകളിലേക്ക് എണ്ണ പകർന്നുകൊണ്ടാണ് ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ എത്തിയത്. കെട്ടിലും മട്ടിലും 'ഔട്ട് ഓഫ് ദ ബോക്സ്' ആയ ഗാനം ഇപ്പോഴും യുട്യൂബ് ട്രെൻഡിങ്ങിൽ മുന്നിൽ തന്നെയുണ്ട്. ആദ്യ കേൾവിയിൽ തന്നെ ആസ്വാദകരുടെ നാവിൻതുമ്പത്തുറയ്ക്കുന്ന കിംകിംകിം ഗാനം മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. ചലച്ചിത്രസംഗീതമേഖലയിൽ താരതമ്യേന പുതുമുഖമെന്നു വിളിക്കാവുന്ന രാം സുരേന്ദർ ആണ് പാട്ടിന് സംഗീതം നൽകിയത്. കീബോർഡ് പ്രോഗ്രാമർ എന്ന നിലയിൽ കാൽനൂറ്റാണ്ടായി സംഗീതമേഖലയിൽ നിറസാന്നിധ്യമാണ് സുഹൃത്തുക്കളുടെ പ്രിയപ്പെട്ട 'രാമേട്ടൻ'. ട്രെൻഡ് സെറ്ററായ ചെമ്പകമേ തുടങ്ങി ഒട്ടനവധി ഗാനങ്ങൾക്ക് പ്രോഗ്രാമിങ് ചെയ്ത അനുഭവസമ്പത്തുണ്ട് രാമിന്. ആദ്യ ചിത്രം ഹൗസ്ഫുൾ ആയിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ജാക്ക് ആന്റ് ജില്ലിനെ കിംകിംകിം ആണ്. രസിച്ചു കേൾക്കാൻ കഴിയുന്ന ഈ പാട്ടിനു പിന്നിലെ രസികൻ വിശേഷങ്ങളുമായി രാം സുരേന്ദർ മനോരമ ഓൺലൈനിൽ. 

യൂസഫ് ഇക്കാ, നന്ദി

ഇരിങ്ങാലക്കുടയാണ് എന്റെ സ്വേദശം. വീട്ടിൽത്തന്നെയുള്ള സ്റ്റുഡിയോയിലാണ് പ്രധാനമായും വർക്ക് ചെയ്യുന്നത്. ടിനി ടോമിന്റെ ഹൗസ്ഫുൾ ആയിരുന്നു ആദ്യചിത്രം. എന്റെ സുഹൃത്തു കൂടിയായ ലിൻസൺ ആന്റണി ആയിരുന്നു സംവിധാനം. അതിലേക്ക് ഒരു പാട്ടു ചയ്യാൻ പോയ ഞാൻ ചിത്രത്തിന്റെ മുഴുവൻ പശ്ചാത്തലസംഗീതം കൂടി ചെയ്താണ് മടങ്ങിയത്. ജാക്ക് ആന്റ് ജിൽ എന്ന സിനിമയിലും ഒറ്റ ഒരു പാട്ടു ചെയ്യാനായിരുന്നു ആദ്യത്തെ ധാരണ. എന്നാൽ, പിന്നീടത് മൂന്നു പാട്ടായി. അതിൽ ആദ്യഗാനം തന്നെ പ്രേക്ഷകർ ഏറ്റെടുത്തതിൽ ഒരുപാടു സന്തോഷം. ലെൻസ്മാൻ യൂസഫ് ഇക്ക വഴിയാണ് എനിക്ക് ഇത്രയും വലിയ ഒരു അവസരം ലഭിച്ചത്. അദ്ദേഹമാണ് എന്നെ സന്തോഷ് ശിവന് പരിചയപ്പെടുത്തിയത്. സത്യത്തിൽ എനിക്ക് ഇത്രയും വലിയ എൻട്രി കിട്ടിയതിനു കാരണ് യൂസഫ് ഇക്കയാണ്. 

പാട്ട് കലക്കണം ട്ടാ!

സന്തോഷ് ശിവൻ സാറിന്റെ അടുത്തേക്ക് എന്നെ കൊണ്ടുപോകുന്നത് യൂസഫ് ഇക്കയാണ്. എന്തൊക്കെ ചെയ്യണം, എങ്ങനെയൊക്കെ പെരുമാറണമെന്നൊക്കെ എന്നെ പറഞ്ഞു പഠിപ്പിച്ചാണ് എന്നെ കൂട്ടിക്കൊണ്ടു പോകുന്നത്. പക്ഷേ, സത്യം പറയാലോ, അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ എന്റെ കാറ്റു പോയി. യോദ്ധ കാലഘട്ടം മുതൽ ആരാധനയോടെ നോക്കിക്കണ്ടിരുന്ന വ്യക്തിയല്ലേ. അതിന്റെ ഒരു ഇഫക്ട്. അദ്ദേഹം പാട്ടിനെക്കുറിച്ച് സംസാരിച്ചു. നല്ല ineresting ആയി ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കിംകിംകിം എന്ന പാട്ടിന്റെ വരികൾ മുൻപെ എഴുതി പൂർത്തിയാക്കിയിരുന്നു. വരികൾ ഏൽപ്പിച്ചിട്ടു അദ്ദേഹം ഒന്നുകൂടി പറഞ്ഞു, 'പാട്ട് കലക്കണം'! വരികൾ കിട്ടിയതിന്റെ പിറ്റേ ദിവസം തന്നെ ഞാൻ പല്ലവി ട്യൂൺ ചെയ്ത് അയച്ചു കൊടുത്തു. പക്ഷേ, അനുപല്ലവി ശരിയാകാൻ കുറെ കഷ്ടപ്പെട്ടു. മെലഡി ആയാണ് ആദ്യം അതു ചിട്ടപ്പെടുത്തിയത്. എന്റെ നായികയ്ക്കുള്ള പാട്ട് ഇങ്ങനെയല്ല എന്നായിരുന്നു സാറിന്റെ പ്രതികരണം. പെട്ടെന്ന് വന്ന് ഞെട്ടിച്ച് പാടണം എന്നൊക്ക പറഞ്ഞു. ഞാൻ വീണ്ടും ആശയക്കുഴപ്പത്തിലായി. പിന്നീട് അദ്ദേഹം റഫറൻസൊക്കെ തന്നു. അങ്ങനെ മൂന്നാമതു ചെയ്ത ട്യൂണാണ് ഫൈനലൈസ് ചെയ്തത്. ബിജിഎം അദ്ദേഹത്തിന് വലിയ ഇഷ്ടമായി. അതു അദ്ദേഹം തുറന്നു പറയുകയും ചെയ്തു. 

നമുക്ക് ലൗ മോഡിൽ ഇട്ടാലോ

പൂങ്കുന്നത്തെ പ്രവീൺ വർക്ക് സ്റ്റേഷൻ എന്ന സ്റ്റുഡിയോയിൽ വച്ചായിരുന്നു പാട്ടിന്റെ റെക്കോർഡിങ്. മെലഡിയായി കംപോസ് ചെയ്ത ഈ പാട്ടിന് ക്യാരക്ടർ കൊടുത്തത് മഞ്ജു വാരിയർ ആണ്. മറ്റൊരു ഗായികയെ വച്ച് പാടിപ്പിക്കാം എന്നൊരു ആലോചന ഉണ്ടായിരുന്നെങ്കിലും ഒടുവിൽ അതു മഞ്ജുവിലേക്ക് എത്തി. മഞ്ജു ഓപ്പൺ ത്രോട്ടിലാണ് (open throat) ആദ്യം ഈ പാട്ട് പാടിയത്. അത് അൽപം ലൗഡ് ആയിരുന്നു. അതൊന്നു മാറ്റിപ്പിടിക്കണമെന്നു സന്തോഷ് സർ നിർദേശിച്ചു. നമ്മൾ ക്യാമറയിൽ ഷൂട്ടിങ് മോഡ് ഒക്കെ മാറ്റില്ല അങ്ങനെയൊരു ഷിഫ്റ്റ് ആണ് പിന്നീട് മഞ്ജുവിൽ സംഭവിച്ചത്. നമുക്ക് ലൗ മോഡിൽ ഇട്ടാലോ എന്നു പറഞ്ഞ് മഞ്ജു ഒന്നു പാടി. അത് ഗംഭീരമായിരുന്നു. അതോടെ പാട്ടിന്റെ മൂഡ് സെറ്റായി. പിന്നെ, ഓരോ ഫൺ എലമെന്റും എവിടെ ചേർക്കാം എന്നുള്ള ആലോചനയായി. 'ഡിഷ്്ക്യൂം' ആയിരുന്നു അതിൽ ആദ്യം എത്തിയത്. അതു മുതൽ പാട്ടിന്റെ ആർമാദങ്ങൾ തുടങ്ങി. പിന്നെ കുസൃതിയും കുറുമ്പും നിറയുന്ന ശബ്ദങ്ങളെത്തി. ഹലേ.. ഹയ്യോ.. അങ്ങനെ ഓരോ പരീക്ഷണങ്ങൾ. മഞ്ജുവും സന്തോഷ് ശിവനും ചേർന്ന് ആ പാട്ടിന്റെ ലെവൽ മാറ്റി. ഞാൻ പോലും അദ്ഭുതപ്പെട്ടുപോയി. മഞ്ജു വാരിയർ, സന്തോഷ് ശിവൻ, ഹരിനാരായണൻ എന്നിങ്ങനെ എല്ലാവരും ചേർന്നാണ് ആ പാട്ടിനെ ഇങ്ങനെ മാറ്റിയത്.

ഈ സിനിമയ്ക്ക് യോജിച്ചത് ഈ പാട്ട്

പാട്ടിന്റെ വിജയം ഞാൻ തീർച്ചയായും ആസ്വദിക്കുന്നുണ്ട്. എന്നെ ഇത്രയും കാലം കൊണ്ടു നടന്ന സുഹൃത്തുക്കൾ അവരുടെ സ്വന്തം പാട്ടു പോലെ ഈ പാട്ടിനെ കാണുകയും സന്തോഷിക്കുകയും ചെയ്യുന്നതു കാണുമ്പോൾ എനിക്കും അത് ഇരട്ടി സന്തോഷം തരുന്നു. എനിക്കു വർക്ക് തരാറുള്ള ഓഡിയോ കമ്പനികൾ, എന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്ന സുഹൃത്തുക്കൾ അങ്ങനെ എല്ലാവർക്കും ഈ വിജയം നൽകിയ സന്തോഷം വളരെ വലുതാണ്. പിന്നെ, എന്റെ ഏറ്റവും മികച്ച പാട്ടൊന്നുമല്ല ഇത്. പക്ഷേ, ഈ സിനിമയ്ക്ക് ഇങ്ങനെയൊരു പാട്ടായിരുന്നു വേണ്ടിയിരുന്നത്. സിനിമയ്ക്ക് വേണ്ട പാട്ടാണ് ചെയ്തത്. നഴ്സറിയിൽ പഠിക്കുന്ന കുട്ടിക്കു പോലും പാടാൻ കഴിയുന്ന ഒന്ന്. എനിക്ക് കഴിവ് തെളിയിക്കാൻ പറ്റുന്ന പാട്ടുകൾ പിന്നീട് എപ്പോഴെങ്കിലുമൊക്കെ കിട്ടും. ഈ സിനിമയ്ക്ക് ഇങ്ങനെയൊരു പാട്ടാണ് യോജിക്കുന്നത്. അതുകൊണ്ട് ചെയ്തു. ചിത്രത്തിൽ ഇനി രണ്ടു പാട്ടുകൾ കൂടി ചെയ്തിട്ടുണ്ട്. അതിലൊന്ന് ഒരു നാടൻ പാട്ടാണ്. പിന്നെ, ഒരു പാർട്ടി സോങ്. അതും വൈകാതെ പ്രേക്ഷകരിലേക്കെത്തും. 

English Summary: Interview with music director Ram Surendar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com