ADVERTISEMENT

‘ആരെങ്കിലും മോട്ടിവേറ്റ് ചെയ്താൽ ഞാൻ വല്ലാതങ്ങ് മോട്ടിവേറ്റഡ് ആകും’ ഇതു പറയുമ്പോൾ ജിപിയുടെ (ഗോവിന്ദ് പത്മസൂര്യ) വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കം. പിന്നെ ആത്മസംതൃപ്തിയുടെയും. ‌അപ്രതീക്ഷിതമായി ജീവിതത്തിൽ കയറിക്കൂടിയ ലോക്ഡൗൺ കാലത്തെ പരമാവധി  വിനിയോഗിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് ജിപി ഇപ്പോൾ. ലോക്ഡൗൺ പലരിലും പല മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ചിലർ പ്രതിസന്ധികളിൽ നിസ്സഹായരായി, മറ്റു ചിലർ ആ ദിനങ്ങളെയും പോസിറ്റീവ് ആയി കണ്ടു പല പരീക്ഷണങ്ങളും നടത്തി. കൃഷി, മരപ്പണി, പാചകം, പാട്ട് എന്നിങ്ങനെ തുടരുന്നു പരീക്ഷണങ്ങൾ. വിരസതയിൽ നിന്നും ആളുകൾ പതിയെ മാറിത്തുടങ്ങി, ചിന്തയിലും പ്രവൃത്തിയിലും വലിയ മാറ്റങ്ങളുണ്ടായി. അത്തരത്തിൽ ലോക്ഡൗൺ കാലത്ത് പാട്ടുകാരൻ എന്ന ലേബൽ സ്വന്തമാക്കിയായിരുന്നു ജിപിയുടെ മാറ്റം. സംഗീതസംവിധായകൻ സുദീപ് പാലനാടിന്റെ ഈണത്തിൽ ജിപി ആലപിച്ച ‘നിർമാണ’ എന്ന ഗാനം ഇപ്പോൾ പ്രേക്ഷകരിലേയ്ക്കെത്തിയിരിക്കുകയാണ്. പാടിയതും അഭിനയിച്ചതുമൊക്കെ ജിപി തന്നെ. ഇതു കേൾക്കുമ്പോൾ ‘ജിപി പാടുമായിരുന്നോ’ എന്ന് അതിശയിക്കേണ്ട. കാരണം, സാഹചര്യങ്ങൾ പലപ്പോഴും നമ്മെ പല രീതിയിൽ പരുവപ്പെടുത്തും. അങ്ങനെ ഈ ലോക്ഡൗൺ കാലം ജിപിയെ പാട്ടുകാരനാക്കി. കേവലമൊരു ആസ്വാദകനിൽ നിന്നും ഗായകനിലേയ്ക്കുള്ള വളർച്ചയെക്കുറിച്ച് ഗോവിന്ദ് പത്മസൂര്യ മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു.   

എന്നെ പാട്ടുകാരനാക്കിയ ലോക്ഡൗൺ

ഞാൻ വേഷമിട്ട ‘അല വൈകുണ്ഠപുരംലോ’ എന്ന ചിത്രം ഗംഭീര വിജയം നേടിയിരിക്കുന്നതിന്റെ സന്തോഷത്തിനിടയിലാണ് പെട്ടെന്ന് അപ്രതീക്ഷിതമായി ലോക്ഡൗൺ വന്നത്. ആ സമയത്ത് യഥാർഥത്തിൽ എനിക്കു മികച്ച കുറച്ച് ഓഫറുകളും ലഭിച്ചിരുന്നു. പക്ഷേ ലോക്ഡൗൺ ആയപ്പോൾ ആകെ ആശങ്കയായി. കാരണം, ഏറെ കാത്തിരുന്നതിനു ശേഷമാണ് ഒരു ബ്ലോക്ബസ്റ്റർ ഒക്കെ വരുന്നത്. അത് കഴിഞ്ഞ ഉടൻ തന്നെ ആകെ ലോക്ക് ആയപ്പോൾ സങ്കടം തോന്നി. പക്ഷേ ഞാൻ അതിനെക്കുറിച്ചോർത്തു വിഷമിച്ചില്ല, പകരം ഇനിയെന്ത് എന്നു മാത്രം ആലോച്ചിച്ചു. വളര പോസിറ്റീവ് ആയിട്ടാണ് ലോക്ഡൗൺ കാലത്തെ കണ്ടത്. സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കാൻ ധാരാളം സമയം കണ്ടെത്തി, സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി കൂടുതൽ ആശയവിനിമയം നടത്തി. പിന്നെ പല കാര്യങ്ങളും പരീക്ഷിക്കാനും അനുഭവിച്ചറിയാനും തുടങ്ങി. സുഹൃത്തുക്കള്‍ക്ക് സർപ്രൈസ് നൽകിയും അവരെ സന്തോഷിപ്പിച്ചുമൊക്കെ ഓരോ ദിവസവും മുന്നോട്ടു പോയി. ലോക്ഡൗൺ കാലത്തെ പരീക്ഷണങ്ങളിലൊന്നായാണ് സംഗീതവും കടന്നുവന്നത്. കുട്ടിക്കാലത്ത് ഞാൻ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ട്. അന്നത്തെ പാഠങ്ങളൊക്കെ ഉൾക്കൊണ്ട് ഓരോ ദിവസവും വെറുതെയൊന്നു പാടി നോക്കി. 

സുദീപിന്റെ കോളും എന്റെ പാട്ടും

പാട്ട് പരീക്ഷണങ്ങളൊക്കെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനിടയിൽ ഒരു ദിവസം സംഗീതസംവിധായകനും എന്റെ സുഹൃത്തുമായ സുദീപ് പാലനാട് ഫോണിൽ വിളിച്ചു. വെറുതെ വിശേഷങ്ങൾ ചോദിക്കുന്നതിനിടയിൽ അദ്ദേഹം എന്നോട് എന്തൊക്കെയാണ് ലോക്ഡൗൺ പരിപാടികളെന്നു തിരക്കി. വെറുതെ ഇങ്ങനെയൊന്നു പാടി നോക്കുകയായിരുന്നുവെന്നു ഞാൻ പറഞ്ഞപ്പോൾ ജിപി പാടുമോയെന്ന് ഏറെ അദ്ഭുതത്തോടെ സുദീപ് എന്നോടു തിരിച്ചു ചോദിച്ചു. അങ്ങനെ കുട്ടിക്കാലത്തെ കൊച്ചു സംഗീതജീവിതത്തെക്കുറിച്ച് ഞാൻ സുദീപിനോടു പങ്കുവച്ചു. അപ്പോൾ പിന്നെ എന്റെ പാട്ടു കേൾക്കണമെന്നായി സുദീപിന്റെ ആഗ്രഹം. അങ്ങനെ ഞാൻ ഒന്നു രണ്ടു പാട്ടുകൾ പാടിക്കൊടുക്കുകയും അദ്ദേഹത്തിന് ഏറെ ഇഷ്ടമാവുകയും ചെയ്തു. എങ്കിൽ നമുക്ക് ഒരു പാട്ടൊരുക്കാമെന്ന ആശയം അദ്ദേഹം തന്നെ മുന്നോട്ടു വയ്ക്കുകയും മറ്റു വിശേഷങ്ങളൊക്കെ പറഞ്ഞതിനു ശേഷം ഫോൺ വയ്ക്കുകയും ചെയ്തു. ഇത് ഏപ്രില്‍ മാസത്തിൽ സംഭവിച്ചതാണ്. പിന്നെ രണ്ടു മാസത്തോളം ഇക്കാര്യത്തെക്കുറിച്ചു യാതൊരു ചർച്ചയും ഉണ്ടായില്ല. പതിയെ ഞാൻ അത് മറക്കാനും തുടങ്ങി. ഒരു ദിവസം അപ്രതീക്ഷിതമായി എനിക്ക് സുദീപിന്റെ ഒരു വോയ്സ് മെസേജ് കിട്ടി. ഈ പാട്ടാണു നമ്മൾ പാടാൻ പോകുന്നതെന്ന് അറിയിച്ച് അദ്ദേഹം കമ്പോസ് ചെയ്ത പാട്ടിന്റെ ട്രാക്ക് എനിക്ക് അയച്ചു തന്നു. അത് കേട്ടപ്പോൾ എനിക്കാകെ അദ്ഭുതം തോന്നി. കാരണം, ഞാൻ അത് പ്രതീക്ഷിച്ചിരുന്നതേയില്ല. സുദീപും ഞാനും ഒരേ നാട്ടുകാരാണ്. ഒരു സിനിമയുടെ ഭാഗമായി പരിചയപ്പെട്ടവരാണു ഞങ്ങൾ. പിന്നെ എന്റെ സിനിമയോ അദ്ദേഹത്തിന്റെ പാട്ടുകളോ ഒക്കെ പുറത്തിറങ്ങുമ്പോൾ ഞങ്ങൾ പരസ്പരം വിളിക്കുകയും പ്രശംസിക്കുകയുമൊക്കെ ചെയ്യാറുണ്ട്. പക്ഷേ ഒരുമിച്ച് ഇത്തരത്തിലൊരു പാട്ട് ചെയ്യാൻ ‍ഞങ്ങൾക്ക് ഈ കോവിഡ് കാലം തന്നെ വേണ്ടിവന്നു. ഞാൻ പാട്ടുപ്രേമിയാണെന്ന് സുദീപിന് അറിയാമെങ്കിലും പാടുമെന്ന് അദ്ദേഹം അന്നാണ് തിരിച്ചറിഞ്ഞത്. 

ഏറെ പഠിച്ചു, ഒടുവിൽ പാടി

സുദീപ് കമ്പോസ് ചെയ്ത പാട്ട് അത്ര എളുപ്പത്തിൽ പാടാൻ എനിക്കു സാധിച്ചില്ല. പരിശീലനത്തിനായി ഞാൻ അദ്ദേഹത്തോടു കുറച്ചു സമയം ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ രണ്ടാഴ്ചക്കാലം പൂർണമായും വിനിയോഗിച്ച് പാടി പാടി പരിശീലിച്ചു. അവസാനം റെക്കോർഡ് ചെയ്തു. ചെയ്തത് നന്നായിട്ടുണ്ട് എന്ന വിശ്വാസമാണ് എനിയ്ക്കുള്ളത്. കുട്ടിക്കാലത്ത് പാട്ട് പഠിച്ചിട്ടുണ്ടെങ്കിലും പിന്നെ അതുമായി മുന്നോട്ടു പോകാൻ എനിക്കു സാധിച്ചില്ല. കലാപരമായി എന്ത് അഭ്യസിച്ചിട്ടുണ്ടെങ്കിലും അതിനെ സ്ഥിരമായി കൂടെക്കൂട്ടണം. നിരന്തരമായി പരിശീലിച്ച് മികവ് തെളിയിച്ചെങ്കിൽ മാത്രമേ അത് അത്രത്തോളം ഭംഗിയോടെ നിലനിൽക്കൂ. ലോക്ഡൗൺ വന്നപ്പോൾ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതു കൊണ്ട് പണ്ട് പഠിച്ച കാര്യങ്ങൾ പൊടിതട്ടിയെടുക്കാൻ ശ്രമിച്ചതാണ്. അങ്ങനെയാണ് ഞാൻ ഈ പാട്ടിലേയ്ക്കെത്തിയത്. 

പ്യൂപയിൽ നിന്നും പറക്കാം വിശാലതയിലേക്ക് 

പാട്ട് ചിത്രീകരിക്കുക എന്നത് വളരെ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. എന്റെ കസിനും ഞാനുമായി വളരെ ആത്മബന്ധം പുലർത്തുന്നയാളുമായ അരവിന്ദ് വേണുഗോപാൽ ആണ് ‘നിർമാണ’യുടെ സംവിധാനം നിർവഹിച്ചത്. ഞാനും അദ്ദേഹവും ചേർന്ന് ഒരു പരസ്യനിർമാണ കമ്പനി നടത്തുന്നുണ്ട്. കോവിഡ് വ്യാപിച്ചതോടെ ഞങ്ങൾക്കു പരസ്യങ്ങളൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ഞങ്ങളുടെ സംഘത്തിലുള്ള എല്ലാവരും വീട്ടിൽ വിരസമായിക്കഴിയവെയാണ് ഈ പാട്ടിന്റെ വിഡിയോ പ്രൊഡക്‌ഷനിലൂടെ എല്ലാവരെയുമൊന്ന് തിരികെ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിച്ചത്. നമുക്ക് നമ്മളെ തന്നെ പുന:സൃഷ്ടിക്കാം എന്നാണ് ‘നിർമാണ’യിൽ പറഞ്ഞു വയ്ക്കുന്നത്. പ്രകൃതിയോടിണങ്ങിയാണ് ഗാനം ചിത്രീകരിച്ചത്. അതിനു വേണ്ടി ഏതാനും ദിവസങ്ങൾ ഞങ്ങൾക്കു കാട്ടിൽ ചിലവഴിക്കേണ്ടി വന്നു. ലക്ഷ്യബോധമില്ലാതെ കാട്ടിൽ അകപ്പെട്ടു പോയ ആളെയാണ് പാട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. യഥാർഥത്തിൽ ലോക്ഡൗണിൽ പുറത്തിറങ്ങാനാകാതെ വീട്ടിൽ എല്ലാവരും അകപ്പെട്ടു പോയ അവസ്ഥയെ ആണ് ഇത് പ്രതീകവത്ക്കരിക്കുന്നത്. പക്ഷേ അതിനു മറ്റൊരു തലം കൂടിയുണ്ട്. കാരണം, ഈ സമയത്താണ് നമ്മൾ പ്രകൃതിയോടു കൂടുതൽ അടുത്തതും ചേർന്നു നിൽക്കാൻ തുടങ്ങിയതുമൊക്കെ. പ്യൂപയിൽ നിന്നും പറന്നുയരുന്ന ചിത്രശലഭം പോലെയാണ് ഗാനരംഗത്തിലെ കഥാപാത്രം. അതായത് ഈ കോവിഡ് കാലം മാനവരാശിയെ സംബന്ധിച്ച് ഒരു പ്യൂപ ദശയാണ്. അതിൽ നിന്നും നാളെയുടെ വിശാല ലോകത്തിലേയ്ക്കാണ് നമ്മൾ പറന്നുയരേണ്ടതെന്നു പറഞ്ഞു വയ്ക്കുകയാണ് പാട്ടിൽ. റഷീദ് പാറയ്ക്കലിന്റേതാണു വരികൾ.

ഇനിയുള്ള ഞാനും എന്റെ പാട്ടും

സംഗീതജീവിതത്തിലെ ഇനിയുള്ള എന്റെ ഭാവി എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ല. എപ്പോഴും പാട്ട് കേൾക്കാൻ ഇഷ്ടപ്പെടുന്നയാളാണു ഞാൻ. എവിടെ പോയാലും സംഗീതം ആസ്വദിച്ചു മാത്രമായിരിക്കും എന്റെ യാത്ര. പാടുന്നതിനേക്കാൾ അധികമായി കേട്ടിരിക്കാനാണ് ഇഷ്ടം. ഇപ്പോൾ പിന്നെ ഈ പാട്ട് നല്ല രീതിയിൽ തന്നെ മുന്നോട്ടു പോയാൽ, തുടർന്ന് എനിക്കു നല്ല അവസരങ്ങൾ ലഭിച്ചാൽ തീർച്ചയായും ഇനിയും പാടും. എന്നെ സംബന്ധിച്ചു പറഞ്ഞാൽ ആരെങ്കിലും ഒരു കാര്യത്തിനു പ്രചോദനം നൽകിയാൽ ഞാൻ അത് ചെയ്യാൻ തയ്യാറാകും. അതുപോലെയാണ് ഈ പാട്ട് ഉണ്ടായത്. ഒരാളുടെ സമ്മർദ്ദം ഉണ്ടായാൽ അറിയാതെയങ്ങു ചെയ്തു പോകും. ഇപ്പോൾ ഈ പാട്ട് ഉണ്ടാവാൻ തന്നെ ഒരു ലോക്ഡൗൺ കാലം വേണ്ടി വന്നു. അതുകൊണ്ടാണല്ലോ പഴയതൊക്കെ പൊടി തട്ടിയെടുക്കാനും പരീക്ഷിച്ചു നോക്കാനും എനിക്കു തോന്നിയത്. ഇനിയും ഇത്തരം അവസരങ്ങള്‍ ലഭിക്കുമോയെന്നും പാടാൻ കഴിയുമോയെന്നും കാത്തിരുന്നറിയാം. 

English Summary: Govind Padmasoorya opens up about his new song 'Nirmana'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com