‘സംഗീത ലോകത്ത് ജാതീയമായ വേർതിരിവുകളുണ്ട്, പക്ഷേ’; ശ്രീവത്സൻ ജെ മേനോൻ പറയുന്നു

sreevalsan-j-menon
SHARE

അമ്മയുടെ നെഞ്ചിലാനന്ദനിര്‍വൃതിയായി മാറിയ മകനെ കുറിച്ചുള്ള ഈ പാട്ട് ആദ്യം കേട്ട അന്നുതൊട്ടെ നമ്മുടെ പ്ലേ ലിസ്റ്റിലുണ്ട്. ‘ജലശയ്യയില്‍ തളിരമ്പിളി...’ ഒരു പ്രത്യേക ഇമ്പമുള്ള ഗാനമാണ്, കേള്‍ക്കാനും അങ്ങനെ തന്നെ, ഒരു പ്രത്യേക അനുഭൂതി. മനുഷ്യ സ്‌നേഹത്തിനുള്ളിലെ അപൂര്‍വ്വതകളെ, വിരഹത്തെയൊക്കെ സംവദിക്കാന്‍ കെല്‍പ്പുള്ള അനശ്വര സ്വരത്തിനുടമ കല്യാണി മേനോന്‍ പാടിയ പാട്ടിന് ഈണമൊരുക്കിയത് ശ്രീവല്‍സന്‍.ജെ.മേനോനാണ്. കര്‍ണാടിക് സംഗീത ലോകത്തെ പ്രതിഭാസാന്നിധ്യമായ, പ്രൊഫസര്‍ കൂടിയായ അദ്ദേഹത്തിന്റേതാണ് ഈണമെന്നത് മറ്റൊരു ആശ്ചര്യം. ഹിറ്റുകളുടെ മലയാള ചലച്ചിത്ര സംഗീത ലോകത്ത് ശ്രീവല്‍സന്‍.ജെ.മേനോന്‍ അത്രകണ്ട് സജീവമല്ലെങ്കിലും പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ഒട്ടനവധി മലയാള സിനിമകള്‍ക്ക് സംഗീതം ചെയ്തിട്ടുമുണ്ട്. മനോജ് കാന സംവിധാനം ചെയ്യുന്ന ഖെദ്ദ എന്ന ചിത്രമാണ് അക്കൂട്ടത്തില്‍ ഏറ്റവും പുതിയത്. ചലച്ചിത്ര സംവിധാനത്തിലേക്കുള്ള തയ്യാറെടുപ്പിലുമാണ് ശ്രീവല്‍സന്‍.ജെ.മേനോന്‍. ജലശയ്യയില്‍ എന്ന പാട്ടിന്റെ സൃഷ്ടിയെ കുറിച്ചും വേദികള്‍ താണ്ടുന്ന സംഗീത ജീവിതത്തെ കുറിച്ചും ശ്രീവല്‍സന്‍.ജെ.മേനോന്‍ മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു. 

എന്റെ സൃഷ്ടിയായി തോന്നാത്ത ഗാനം

അത് മറ്റാരുടേയോ പാട്ടായിട്ടാണ് എനിക്കിപ്പോഴും തോന്നാറുള്ളത്. അങ്ങനെയൊരീണം വേണമെന്നൊന്നും അത് ചെയ്യുമ്പോഴോ അതിനു മുന്‍പോ ചിന്തിച്ചിരുന്നില്ല. ചില കാര്യങ്ങളെക്കുറിച്ചു നമ്മള്‍ പറയാറില്ലേ...അത് അങ്ങനെ സംഭവിച്ചു പോയി എന്താണ് കാര്യമെന്ന് അറിയില്ല എന്ന്. ഈ പാട്ടിന്റെ കാര്യത്തില്‍ എനിക്കങ്ങനെയാണ്. അത് ഞാന്‍ ചെയ്ത പാട്ടാണ് എന്നു പോലും ചില നേരങ്ങളില്‍ പറയാന്‍ തോന്നാറില്ല. എന്റെ സംഗീത അഭിരുചികളിലോ ചിന്തകളിലോ ഇല്ലാത്ത ഒരു തരം പുതു ഈണമായിരുന്നു അത്. ഞാന്‍ തേടി ചെല്ലുംമുന്‍പേ ആ ഈണം എന്നിലേക്ക് എത്തുകയായിരുന്നു.

മനോരമയുടെ ഒരു സംഗീത ആല്‍ബം ഞാന്‍ ചെയ്തിരുന്നു. അതിന്റെ റിവ്യൂ ഒരു പത്രത്തില്‍ എഴുതിയത് രൂപേഷ് പോള്‍ ആയിരുന്നു. അതുവഴിയുള്ള സൗഹൃദമാണ് രൂപേഷിന്റെ ആദ്യ ചിത്രമായ ലാപ്‌ടോപ്പില്‍ സംഗീതം ചെയ്യാന്‍ എന്നെ ക്ഷണിച്ചത്. അതിനു മുന്‍പ് ഞാന്‍ ആല്‍ബങ്ങളിലൊക്കെ സംഗീതം ചെയ്തിരുന്നെങ്കിലും ഒരു സിനിമയില്‍ ആദ്യമായിട്ടായിരുന്നു. 

അമ്മയുടെ സ്‌നേഹം, മകനുമായുള്ള അവരുടെ അഗാധമായ ആത്മബന്ധം എന്നിവയെ കുറിച്ചു പറഞ്ഞ വരികള്‍ പാടാന്‍ ഒരുപാട് അനുഭവങ്ങളുള്ള ഒരു അമ്മയുടെ പക്വതയാര്‍ന്ന സ്വരം വേണമായിരുന്നു. അങ്ങനെയാണ് കല്യാണി മേനോനെ ഗായികയായി കണ്ടെത്തിയത്. ആകര്‍ഷണീയമായ പിന്തുടരുന്ന സ്വരമാണ് അവരുടേത്. അതിനേക്കാളുപരി സ്വതസിദ്ധമായ ആലാപന സിദ്ധിയുള്ള ഗായികയാണവര്‍. അതുകൊണ്ടു തന്നെ റെക്കോര്‍ഡിങും ആ പാട്ടു പോലെ ഒരൊഴുക്കില്‍ അങ്ങനെ പോയി. 

ഈ ഗാനം ഒരുപാട് ആളുകൾക്കു പ്രിയപ്പെട്ടതാണ്. പ്രത്യേക മൂഡ് ആണ്, പ്രത്യേക ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോഴും പുതിയ തലമുറയിലെ പാട്ടുകാര്‍ ആ ഗാനത്തിന് കവര്‍ വേര്‍ഷനുകള്‍ ചെയ്യുമ്പോള്‍ സന്തോഷമുണ്ട്. മറവിയിലേക്ക് ആ ഗാനം പോയില്ല എന്നത് വലിയ കാര്യമാണ്. 

തേടിയെത്തുന്ന സിനിമകള്‍ക്കായി സംഗീതം

എന്നിലേക്ക് വരുന്ന സിനിമകള്‍ എല്ലാം ചെയ്യാറുണ്ട്. മനോജ് കാനയുടെ, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിറയുടെ സംഗീത സംവിധാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ തന്നെ പുതിയ ചിത്രമായ ഖെദ്ദയ്ക്കും സംഗീതമൊരുക്കുന്നുണ്ട്. ടി.ഡി. ദാസന്‍ 6ബി, സ്വപാനം, ലോഹം, ഒറ്റാല്‍, അമീബ(പശ്ചാത്തല സംഗീതം), തുടങ്ങി കലാപരമായും പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചതുമായ കുറച്ചധികം ചിത്രങ്ങളില്‍ ഈണമിടാനായി. പക്ഷേ സിനിമ മാത്രം ലക്ഷ്യമിട്ടൊരു യാത്ര ചെയ്തിട്ടില്ല. അതിനുള്ള സാഹചര്യം ഇല്ലെന്നു പറയുന്നതാകും ശരി. കാരണം എന്റെ പ്രധാന മേഖലയും ശ്രദ്ധയും കര്‍ണാടിക് സംഗീതമാണ്. കച്ചേരികള്‍ അവതരിപ്പിക്കാറുണ്ട് നിരന്തരം. അതിനു വേണ്ടിയുള്ള പഠനവും പരിശീലനവും തന്നെ വളരെ സമയമെടുത്ത് ചെയ്യേണ്ടുന്ന ഒന്നാണ്. അതിനൊപ്പം ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗവുമുണ്ട്. അതുകൊണ്ടു തന്നെ സിനിമ എന്നും ഇഷ്ടപ്പെടുന്ന, ആഗ്രഹമുള്ള ഒരു മേഖലയാണെങ്കിലും അതു മാത്രം ലക്ഷ്യമിട്ട് മുന്നോട്ടു പോകാനുള്ള സാഹചര്യമില്ല. എന്നിട്ടും ഒരു സിനിമയ്ക്കു സംവിധാനം നിര്‍വ്വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

പുരസ്‌കാരങ്ങള്‍, അംഗീകാരങ്ങള്‍

അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല, കിട്ടിയില്ല എന്നൊന്നുമുള്ള പരാതി പോയിട്ട് അങ്ങനെയൊരു ചിന്ത തന്നെയില്ല. അടിസ്ഥാനപരമായി ഞാന്‍ വലിയ ആകാംക്ഷയുള്ള ആളല്ല. എക്‌സൈറ്റഡ് ആയ ആളല്ല എന്നു കൂടുതല്‍ മനസ്സിലാക്കാന്‍ പറയാം. ഒരു തവണ കിട്ടിയാല്‍ അതില്‍ സംതൃപ്തരാകാറില്ല മനുഷ്യര്‍. അങ്ങനെയുള്ള ആളായിരുന്നുവെങ്കില്‍ ഒരുപക്ഷേ അങ്ങനെയൊക്കെ തോന്നിയേനെ. ഒരുതരം ലഹരി പോലെയാണ് അവാര്‍ഡ്. ചെറിയൊരു പുരസ്‌കാരം കിട്ടുമ്പോള്‍ സംസ്ഥാന പുരസ്‌കാരത്തോടായിരിക്കും ആകാംക്ഷ. അത് കുറേ കിട്ടി കഴിയുമ്പോള്‍ ദേശീയ അവാര്‍ഡിനോട് കൗതുകമാകും. പിന്നെ തോന്നും ഓസ്‌കര്‍ കിട്ടിയില്ലല്ലോ അതാണല്ലോ വലുതെന്ന്. ഇതിപ്പോള്‍ അങ്ങനെയൊന്നും ചിന്തിക്കാത്തതിനാല്‍ തന്നെ ജോലിയും ജീവിതവും സംഗീതവും ഒരു ആദി താളത്തിലങ്ങ് പോകുകയാണ്. ഈ മൂന്നു കാര്യങ്ങളെ കുറിച്ചല്ലാതെ മറ്റൊന്നും മനസ്സില്‍ വരാറില്ല. ചിലര്‍ക്ക് പുരസ്‌കാരങ്ങള്‍ പ്രോത്സാഹനമായി തോന്നാറുണ്ട്. എനിക്ക് അങ്ങനെയൊന്നുമില്ല. നമുക്കുള്ള പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നമ്മളെ തേടി വരും.

ജീവിതത്തെ നയിക്കുന്നതും, നാളെയും എന്നെ സംബന്ധിച്ച് കര്‍ണാടിക് കച്ചേരികളാണ്. ഓരോ വേദിയും നന്നായി പാടുക എന്നതാണ് എല്ലായപ്പോഴും മനസ്സിലുള്ളത്. കോവിഡിനു മുന്‍പേ എല്ലാ മാസവും കച്ചേരികള്‍ വിവിധയിടങ്ങളില്‍ അവതരിപ്പിച്ചിരുന്നു. കോവിഡ് കാലമായതോടെ അതില്ലാതായി. കോവിഡ് കാലത്ത് ജീവിത മാര്‍ഗം തന്നെ മുടങ്ങിപ്പോയ ഒരുപാട് കലാകാരന്‍മാരുടെ കഥ കേട്ടിരുന്നു. കാര്‍ഷിക സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ഒരു സ്ഥാപനത്തിന്റെ നേതൃസ്ഥാനത്താണ് ഞാന്‍. കൃത്യമായൊരു വരുമാനം മാസംതോറും കിട്ടുന്നുണ്ട്. അന്നേരമാണ് ഞാനെത്രമാത്രം വേദികളും കലാരംഗത്തെ എന്റെ സഹപ്രവര്‍ത്തകരുമായും മാനസ്സികമായി അടുപ്പത്തിലാണെന്നു മനസ്സിലാക്കിയത്. പൈസയില്ലാതെ പോകുന്നത് മാത്രമല്ല പ്രശ്‌നം വേദികള്‍ നമ്മില്‍ നിന്ന് അകന്നു പോകുന്നതും വലിയ സങ്കടമാണ്. ആത്യന്തികമായി ഒരു കലാകാരന്‍ മാത്രമായിരിക്കുമ്പോള്‍ നമുക്ക് തോന്നുന്നതാണ്. അന്നേരം അവാര്‍ഡുകളേയോ മറ്റ് അംഗീകാരങ്ങളേയോ കുറിച്ചായിരിക്കില്ല മറിച്ച്, എന്നാണ് എനിക്കിനി ആളുകള്‍ ഇഷ്ടത്തോടെ കേള്‍ക്കാനെത്തുന്ന വേദിയിലെ പാട്ടുകാരനാകാന്‍ കഴിയുമെന്നാണ്.

എന്റെ ആ ഘട്ടം കഴിഞ്ഞു

സമൂഹത്തെ ഉദ്ധരിക്കാനുള്ളതല്ല കര്‍ണാടിക് സംഗീതം. അത് സ്പിരിച്വല്‍ ആയ ഒന്നാണ്. പ്രത്യേകിച്ച് ക്ലാസിക്കല്‍ കലകളുടെ കാര്യത്തില്‍. സിനിമയ്ക്കു സമൂഹത്തിന്റെ കണ്ണാടിയായി അതിനെ പ്രതിഫലിപ്പിക്കാന്‍ സാധിക്കും. പക്ഷേ ക്ലാസിക്കല്‍ സംഗീതം മനുഷ്യന്റെ ആത്മീയ സഞ്ചാരത്തിനും തിരിച്ചറിവിനുമുള്ളതാണ്. നമുക്ക് വേണമെങ്കില്‍ ഒരു സമരപ്പന്തലില്‍ പോയിരുന്നു കര്‍ണാടിക് കച്ചേരികള്‍ അവതരിപ്പിക്കാം, ഏതെങ്കിലും കവിതകളെടുത്ത് ആ രീതിയില്‍ പാടുകയുമാകാം. അതിലൊന്നും തെറ്റില്ല. പക്ഷേ ഓരോ കലയ്ക്കും ഓരോ ലക്ഷ്യമുണ്ട്. അത് അവിടെ സാധ്യമാകുന്നില്ല. ഉള്ളിലേക്കുള്ള പ്രയാണമാണ് കര്‍ണാടിക് സംഗീതം. അതുകൊണ്ടു തന്നെ ക്ഷേത്രങ്ങളും അതിനു സമാനമായ വേദികളും വിട്ടിറങ്ങണം കര്‍ണാടിക് സംഗീതജ്ഞർ എന്നു പറയുന്നതിനോട് എനിക്കു യോജിപ്പില്ല. കാരണം അത് ആ കലയുടെ സ്വഭാവത്തിനും ഉദ്ദേശത്തിനും യോജിച്ചതല്ല. കര്‍ണാടിക് സംഗീതജ്ഞനായ ടി.എം.കൃഷ്ണ സാമൂഹിക പ്രശ്‌നങ്ങളെയും കര്‍ണാടിക് സംഗീതത്തില്‍ വരേണ്ട മാറ്റങ്ങളെ കുറിച്ചും നിരന്തരം അഭിപ്രായപ്പെടുന്നൊരാളാണ്. എല്ലാത്തിനോടും എനിക്ക് യോജിപ്പില്ല എങ്കിലും അദ്ദേഹത്തിലെ സംഗീതജ്ഞനോടും സമൂഹത്തോട് സംവദിക്കാനുള്ള അദ്ദേഹത്തിന്റെ മനസ്സിനോടും അങ്ങേയറ്റം ആദരവുണ്ട്.

അതേസമയം കര്‍ണാടിക് സംഗീത ലോകത്തെ ജാതീയമായ വേര്‍തിരിവുകളേയും വിഭജനങ്ങളേയും ശ്രദ്ധിച്ചിട്ടുള്ളയാളാണു ഞാന്‍. പക്ഷേ അക്കാര്യത്തില്‍ കര്‍ണാടിക് സംഗീതത്തിന്റെ നാടായ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കേരളം എഴുപത് വര്‍ഷം മുന്‍പിലാണ് എന്നാണെന്റെ അഭിപ്രായം. അങ്ങനെയല്ലായിരുന്നുവെങ്കില്‍ യേശുദാസിനെ പോലൊരു ക്ലാസിക്കല്‍ സംഗീതജ്ഞനെ നമുക്ക് കിട്ടുകയില്ല. വിഭജനങ്ങള്‍ നടത്തുന്നവര്‍ക്ക് താല്‍ക്കാലികമായേ ഒരു കലാകാരനെ മാറ്റിനിര്‍ത്താന്‍ കഴിയൂ. ഒരു കലയെ പഠിച്ച് സ്‌നേഹിച്ച് അതൊരു സപര്യയായി കാണുന്നവരെ തേടി എന്നായാലും അംഗീകാരം വരും. കാലം അതാണ് തെളിയിച്ചിട്ടുള്ളത്.

English Summary: Interview with musician Sreevalsan J. Menon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA