തട്ടത്തിൻ മറയത്തെ പെണ്ണേ, അനു എഴുതിയപ്പോൾ പിറന്നത് ഒരു സിനിമാപ്പേരും ഒരു പാട്ടെഴുത്തുകാരിയും

anu-thattathin-marayath
SHARE

അക്ഷരങ്ങളുടെ മറനീക്കി 'തട്ടത്തിന്‍ മറയത്തിലൂടെ' തെളിഞ്ഞു വന്നൊരു പാട്ടെഴുത്തുകാരിയുണ്ട്, അനു എലിസബത്ത് ജോസ്. അനു എങ്ങനെ എഴുത്തുകാരിയായി എന്നുകേട്ടാല്‍ ആര്‍ക്കും അതിശയം തോന്നിയേക്കാം. അക്ഷരങ്ങളെ എങ്ങനെയും പടച്ചുവിട്ട് എഴുത്തുകാരന്‍ എന്നു പേരെടുക്കുവാന്‍ കൊതിക്കുന്നവരുടെ ഇടയിലേക്കാണ് യാതൊരു താല്‍പര്യവുമില്ലാതെ വന്ന് 'കൊള്ളാവുന്ന പാട്ടെഴുത്തുകാരിയെന്ന്' പേരെടുത്തത്. എഴുത്തുവഴിയില്‍ പറയാന്‍ വലിയ പാരമ്പര്യങ്ങളില്ല. മലയാളികളുടെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരെപോലെ കുട്ടിക്കാലം മുതല്‍ അക്ഷരങ്ങളുടെയോ കവിതകളുടെയോ വിശാലമായ ലോകവും കൂട്ടിന് ഉണ്ടായിരുന്നില്ല. പേരിനുപോലും ഒരു കവിത എഴുതിയിട്ടില്ല എന്നതാണ് സത്യം. സിനിമ പാട്ടെഴുതുന്നതിനു മുന്‍പ് അങ്ങനെ പാട്ടെഴുതിയ ശീലവും ഇല്ല. അങ്ങനെയൊരാള്‍ പാട്ടെഴുത്തുകാരിയാകാനും കൊതിച്ചിരുന്നില്ല. എന്നിട്ടും സിനിമാപാട്ടുകളെഴുതി. പുതുതലമുറയിലെ അസല്‍ പാട്ടെഴുത്തുകാരിയെന്ന് പേെരടുക്കുകയും ചെയ്തു. എഴുതിയ പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങളും ഒന്നിനും പിറകെ ഒന്നായി വന്നു. സ്ത്രീകള്‍ സജീവമല്ലാത്ത മലയാള പാട്ടെഴുത്തു ശാഖയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകളെഴുതിയ സ്ത്രീയെന്ന വിശേഷണവും അനുവിന് തന്നെയാണ്. 'തട്ടത്തിന്‍ മറയത്തിലെ' 'മുത്തുച്ചിപ്പിപോലെ' എന്ന ഒരൊറ്റ ഗാനം മതി അനു എലിസബത്ത് ജോസെന്ന പാട്ടെഴുത്തുകാരിയെ ഇഷ്ടപ്പെടാന്‍.

കേള്‍ക്കുമ്പോള്‍ കൗതുകവും അതിനേക്കാളേറെ അതിശയവും തോന്നിയേക്കാം. ഇങ്ങനെ ഒരാള്‍ എങ്ങനെ പാട്ടെഴുത്തുകാരിയായെന്ന്. അതിന് കൃത്യമായ മറുപടി പറയാന്‍ അനുവിനും അറിയില്ല. പാട്ടെഴുതാന്‍ അവസരത്തിനായി കാത്തിരുന്ന് അവസരം കിട്ടാത്തവര്‍ക്കിടയിലാണ് പാട്ടെഴുതണമെന്ന മോഹമേ ഇല്ലാതെ അനു പാട്ടെഴുത്തുകാരിയായത്. അനുപോലും അറിയാതെ ഉള്ളിലെ പാട്ടെഴുത്തുകാരി എപ്പോഴൊക്കയോ രൂപപ്പെട്ടിട്ടുണ്ടാകാം. 'കുട്ടിക്കാലം മുതലേ എല്ലാത്തരം ഗാനങ്ങളും കേള്‍ക്കുന്ന ശീലമുണ്ടായിരുന്നു. പ്രത്യേകിച്ച് പഴയ സിനിമാഗാനങ്ങള്‍. എന്റെ വലിയ കരുത്ത് അതു മാത്രമാണ്,' അനു എലബിസത്ത് ജോസ് പറയുന്നു. എന്തായാലും അനുവിന്റെ വരവോടെ പെണ്‍ പാട്ടെഴുത്തുകാര്‍ക്ക് ഇതൊരു വലിയ പിന്തുണയായി.

'തട്ടത്തിന്‍ മറയത്തെ പെണ്ണേ

നിന്‍ കണ്ണില്‍ എന്നെ ഞാന്‍ കണ്ടേ...'

അക്ഷരങ്ങളുമായി അത്ര ബന്ധമില്ലാത്ത അനു എങ്ങനെ പാട്ടെഴുത്തുകാരിയായെന്ന് ചോദിച്ചാല്‍ അനുവിന്റെ കോളജ്പഠന കാലത്തേക്ക് പോകേണം. മൂന്നാം വര്‍ഷ ബിടെക്ക് വിദ്യാര്‍ത്ഥിനിയായിരുന്ന അനുവിനോട് ഒരു പാട്ടെഴുതാമോ എന്ന് ആദ്യമായി ചോദിക്കുന്നത് സീനിയറായിരുന്ന നാരായണന്‍ ഉണ്ണിയാണ്. പരന്ന വായനയോ കുത്തിക്കുറിച്ചുപോലുമോ മുന്‍ പരിചയങ്ങളില്ലാത്ത അനു സൗഹൃദംകൊണ്ട് ഉണ്ണി ചേട്ടനോട് 'യെസ്' മൂളി. വലിയ ശ്രമങ്ങളൊന്നുമില്ലാതെ എങ്ങനെയൊക്കയോ അത് പൂര്‍ത്തിയാക്കി എന്നുമാത്രം. പാട്ടിന്റെ, എഴുത്തിന്റെ ആദ്യ അനുഭവം അതായിരുന്നു. ആല്‍ബം പുറത്തിറങ്ങിയപ്പോഴും അത് കോളജ് കാലത്ത് ഒരു സുഖമുള്ള ഓര്‍മയായി സൂക്ഷിച്ചു.

'തട്ടത്തിന്‍ മറയത്തി'ല്‍ പാട്ടെഴുതാന്‍ നമുക്കൊരു പെണ്‍കുട്ടി വേണമെന്ന വിപ്ലവാത്മകമായ തീരുമാനമെടുക്കുന്നത് സംവിധായകന്‍ വിനീത് ശ്രീനിവാസനാണ്. അങ്ങനെ ആരുണ്ടെന്ന അന്വേഷണം ഗായകന്‍ സച്ചിന്‍ വാര്യരോടും അസിസ്റ്റന്റ് ഡയറക്ടര്‍ ഗണേശ്‌രാജിനോടും വിനീത് ശ്രീനിവാസന്‍ നടത്തിയപ്പോള്‍ രണ്ടുപേരും പറഞ്ഞത് അനു എലിസബത്ത് ജോസെന്ന ഇരുപത്തൊന്നുകാരിയുടെ പേരാണ്. കാരണം രണ്ടു പേരുടെയും കോളജ് കാലഘട്ടത്തിലെ സുഹൃത്തായിരുന്നു അനു. പഠനകാലത്ത് പാട്ടെഴുതിയത് അവര്‍ക്ക് അറിയുകയും ചെയ്യാം. അങ്ങനെ അവരുടെ നിര്‍ദേശ പ്രകാരം പാട്ടെഴുതാന്‍ എത്തുമ്പോഴും അനു പ്രതീക്ഷിച്ചിരുന്നില്ല ജീവിതത്തിലെതന്നെ പുതിയ തുടക്കമാണ് ഇതെന്ന്.

വിനീത് ശ്രീനിവാസന്‍ സിനിമയുടെ മുഴുവന്‍ കഥയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ഉള്ളിലൊരു പേടി, ഇത് തന്നെ കൊണ്ട് പറ്റുന്ന പണിയാണോ? അപ്പോഴും ഒരു കൗതുകം കൊണ്ട് ഒന്ന് ശ്രമിച്ചു നോക്കാന്‍ തന്നെയായിരുന്നു തീരുമാനം. വിനീത് ശ്രീനിവാസന്‍ താന്‍ ദൃശ്യവത്ക്കരിക്കാന്‍ ഉദ്ദേശിക്കുന്ന ദൃശ്യങ്ങളടക്കം പറഞ്ഞതോടെ അനുവിനും ഒരു രസമൊക്ക തോന്നി തുടങ്ങി. ഷാന്‍ റഹ്‌മാന്‍ സംഗീതവും നല്‍കിയതോടെ അതുമായി നേരെ വീട്ടിലേക്ക് മടങ്ങി. അപ്പോഴും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. എഴുതാനുള്ള ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. മിക്ക ദിവസങ്ങളിലും വിനീത് ശ്രീനിവാസന്‍ പാട്ടെന്തായി എന്നു ചോദിച്ചു വിളിക്കുമ്പോഴും ഉത്തരം കിട്ടാതെ വലഞ്ഞു. ഇതിനിടയില്‍ ജോലിയുടെ തിരക്കും. കാര്യം മനസിലായതോടെ വിനീത് കുറച്ചുകൂടി ഗൗരവമായി സംസാരിക്കാന്‍ തുടങ്ങി. അങ്ങനെ വിനീത് ശ്രീനിവാസന്റെ നിര്‍ബന്ധത്തിന് വഴങ്ങി അനു എഴുതിയ ആദ്യ ഗാനമായിരുന്നു 'തട്ടത്തിന്‍ മറയത്തേ പെണ്ണേ.' പാട്ടു വായിച്ച് വിനീതിന് ഇഷ്ടപ്പെട്ടതോടെ അടുത്ത പാട്ടിലേക്കും കടന്നു. ഒടുവില്‍ ആ വരിയില്‍ നിന്ന് സിനിമയുടെ പേരും പിറന്നു എന്നത് മറ്റൊരു കൗതുകം.

'മുത്തുച്ചിപ്പിപോലെ കത്തിനുള്ളില്‍ വന്നൊരു കിന്നാരം' എന്ന ഗാനവും ഈണത്തിനൊത്ത് എഴുതുമ്പോഴും വിനീത് ശ്രീനിവാസന്‍ പകര്‍ന്നു നല്‍കിയ ദൃശ്യങ്ങളായിരുന്നു മനസില്‍, അനു എലിസബത്ത് പറയുന്നു. 'ശ്യാമാംബരം' എന്ന ഗാനം എഴുതുമ്പോഴാണ് ഏറെ പ്രയാസപ്പെട്ടത്. സംഗീതം കേട്ടപ്പോള്‍ ഏറെ ഇഷ്ടം തോന്നിയ ഗാനമാണെങ്കിലും പാട്ടെഴുതിയത് അത്ര എളുപ്പമായിരുന്നില്ല. വരികളൊന്നും എത്ര ചിന്തിച്ചിട്ടും മനസില്‍ വരുന്നില്ല. പദസമ്പത്തെല്ലാം കഴിഞ്ഞ രണ്ടു പാട്ടുകളോടെ കഴിഞ്ഞു പോയ അവസ്ഥ. ഇനി എന്തെഴുതണമെന്ന്് പരതി നടന്നു. ചെന്നൈയില്‍ ബീച്ചിനോട് അടുത്താണ് താമസം. രാവിലെ ഉണര്‍ന്ന് കടല്‍ത്തീരത്തു പോയിരിക്കും. ഇനി എനിക്ക് ഇങ്ങനെ ആണെങ്കിലോ പാട്ടു വരുന്നത്, അനു തന്റെ പാട്ടെഴുത്തിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവച്ചു. ഒടുവില്‍ ആ ഇരിപ്പുകള്‍ വെറുതേ ആയില്ല. അനുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കഷ്ടപ്പെട്ടെഴുതിയ ആ പാട്ടും ശ്രദ്ധേയമായി.

'രക്ഷകാ നീ കണ്ടതില്ലെന്‍

ഉള്ളം നീറുന്ന നൊമ്പരം

എന്‍ നായകാ...'

പ്രണയവും വിരഹവും മാത്രമല്ല ഉള്ളുതൊടുന്ന ഗാനങ്ങളും വഴങ്ങുമെന്ന് അനു കാട്ടി തന്ന ഗാനമായിരുന്നു 'കടല്‍ കടന്നൊരു മാത്തുകുട്ടി'-യിലെ ഷഹബാസ് അമന്‍ സംഗീതം നല്‍കിയ 'രക്ഷകാ നീ'. സമയമെടുത്ത,് പ്രിയപ്പെട്ട ഏകാന്തതകളില്‍ നിന്ന് പാട്ടെഴുതുന്ന അനുവിന് പുതിയൊരു അനുഭവമായിരുന്നു ഷഹബാസ് അമന്‍. തന്റെ പടത്തിലേക്ക് പാട്ടെഴുതാന്‍ സംവിധായകന്‍ രഞ്ജിത്ത് വിളിക്കുമ്പോള്‍ അനു ഇവിടെതന്നെ വന്നിരുന്ന് പാട്ടെഴുതണം എന്നു മാത്രമാണ് ആവശ്യപ്പെട്ടത്. തന്നെ കൊണ്ട് ഒരിക്കലും നടക്കാത്ത കാര്യം. എല്ലാവരുടെയും സാന്നിധ്യത്തില്‍ പാട്ടെഴുതുന്നത് ഇത്തിരിബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തായാലും വിളിച്ച സ്ഥിതിക്ക് പോയി നോക്കാന്‍ തന്നെയായി തീരുമാനം. ചെന്നപ്പോഴാകട്ടെ ഓരോ നിമിഷവും സംഗീതസാന്ദ്രം. ഗസല്‍ പാടി ഷഹബാസ് അമന്‍ അനുവിനെ സ്വീകരിച്ചു. യാത്രകളും പാട്ടും പറച്ചിലുമൊക്കെയായി ഷഹബാസുമായി വന്ന മാനസിക അടുപ്പം പാട്ടിലേക്ക് വേഗം കൊണ്ടെത്തിച്ചു.

ഒരു പ്രാര്‍ത്ഥനാഗീതംപോലെ ഉള്ളു നിറയ്ക്കുന്ന ഗാനം പാടിയ ശ്വേതമോഹനും പ്രിയപ്പെട്ടതായി. 'പാട്ടെഴുത്തൊക്കെ എനിക്ക് വീട്ടിലിരുന്നാണ്. റെക്കോര്‍ഡിംഗുകള്‍ക്ക് പോകുന്നതും വളരെ കുറവാണ്. അതുകൊണ്ടു തന്നെ പാട്ടുകാരുമായും അത്ര അടുപ്പം ഒന്നുമില്ല. എന്നാല്‍ 'രക്ഷകാ' എന്ന ഗാനം പാടിയ ശേഷം ശ്വേത മോഹന്‍ എന്നെ വിളിച്ചപ്പോള്‍ എനിക്കൊരു ഞെട്ടലായിരുന്നു' അനു എലിസബത്ത് പറയുന്നു.

നല്ല പാട്ടെഴുതിയാല്‍ സ്ത്രീകള്‍ക്കും തുറന്ന അവസരങ്ങള്‍ സിനിമാലോകത്തുണ്ടെന്ന് കാട്ടിത്തന്ന എഴുത്തുകാരികൂടിയാണ് അനു എലിസബത്ത് ജോസ്. പതിറ്റാണ്ടുകള്‍   പിന്നിട്ട മലയാള സിനിമാസംഗീതത്തില്‍ തുടര്‍ച്ചയായി പാട്ടുകളെഴുതാന്‍ അവസരം കിട്ടിയ പാട്ടെഴുത്തുകാരിയെ പാട്ടുകളാണ് തേടി പോയതെന്നത് മറ്റൊരു അതിശയം. ഷാന്‍ റഹ്‌മാനൊപ്പം 'തിര,' 'ഒരു വടക്കന്‍ സെല്‍ഫി' (''പാര്‍വണവിധുവേ') രാഹുല്‍ സുബ്രഹ്‌മണ്യത്തോടൊപ്പം 'ഫിലിപ്പ് ആന്‍ഡ് ദ മങ്കിപെന്‍,' സച്ചിന്‍ വാര്യരോടൊപ്പം 'ആനന്ദം' (''പയ്യെ വീശും,' 'നിലാവില്‍ എല്ലാമേ') ഇഫ്തികാര്‍ അലിയോടൊപ്പം 'ജൂണ്‍' (''ഉയരും') തുടങ്ങിയ ഗാനങ്ങളും രചിച്ചത് അനുവാണ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA