ADVERTISEMENT

മാസ്കിൽ നിന്നൊരു മുക്തി, വൈറസിൽ നിന്നൊരു മോചനം. ഇതു മാത്രമായിരിക്കും ഇപ്പോൾ മാനവരാശിയുടെ ഏറ്റവും വലിയ ആഗ്രഹവും പ്രാർഥനയും. മനസമാധാനം കെടുത്തിയ കാലമായി അടയാളപ്പെടുത്തപ്പെട്ട് 2020 മറയുമ്പോൾ ഏറെ പ്രതീക്ഷയോടെ 2021നെ വരവേൽക്കുകയാണ് ലോകം. അപ്പോഴും പക്ഷേ ആശങ്കയുടെ കരിനിഴൽ അവിടിവിടങ്ങളിലായി പ്രത്യക്ഷപ്പെടുന്നു. അതിജീവനം അതിദൂരത്താണോ എന്ന തുടരുന്ന ആശങ്ക. മനം മടുപ്പിക്കുന്ന നാളുകൾ അവസാനിച്ചിട്ടില്ല. മഹാമാരിയോടുള്ള പോരാട്ടത്തിൽ അതിജീവനത്തിനൊപ്പം ഉപജീവനമാർഗം കൂടി തിരയുകയാണ് പലരും. വ്യാപാരസ്ഥാപനങ്ങളിലെയും ഓഫിസുകളിലെയും മറ്റു തൊഴിൽ മേഖലകളിലെയും പ്രവർത്തനങ്ങൾ പുനരാരംഭിച്ചുവെങ്കിലും കലാ രംഗത്തെ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. പരിപാടികൾ പലതും ഓൺലൈൻ ആയി നടക്കുന്നുണ്ടെങ്കിലും പഴയ ഒരു കാലത്തിലേയ്ക്കു തിരിച്ചെത്താൻ കൊതിക്കുകയാണ്, മടങ്ങി വരവിന്റെ കാലം സ്വപ്നം കാണുകയാണ് കലാകാരന്മാർ. 2021ൽ കരിയറിലെ പ്രതീക്ഷകളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും അതിലുപരി അതിജീവനത്തെക്കുറിച്ചും സംഗീത സംവിധായകൻ ഗോപി സുന്ദർ പറയുന്നതിങ്ങനെ.  

ആദ്യം വേണ്ടത് അതിജീവനം

കഴിഞ്ഞ വർഷം യഥാർഥത്തിൽ ഒരു ശപിക്കപ്പെട്ട വർഷമായിരുന്നു. ഇനി അത്തരത്തിലോരു വർഷം ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ. ഈ പുതുവർഷത്തിലെ ഏറ്റവും വലിയ ആഗ്രഹം മാസ്കിൽ നിന്നും മുക്തി നേടുക എന്നതു തന്നെയാണ്. ഒന്നു നന്നായി ശ്വസിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ്. എപ്പോഴും മാസ്ക് ധരിക്കുന്നതു കൊണ്ട് വലിയ അസ്വസ്ഥത അനുഭവപ്പെടുന്നു. കോവിഡിനും ലോക്ഡൗണിനും മുൻപു വരെ നമ്മൾ എങ്ങനെയാണ് ജീവിച്ചിരുന്നതെന്നും നാം എത്രത്തോളം സൗഭാഗ്യത്തിലായിരുന്നുവെന്നും ഇക്കഴിഞ്ഞ വർഷം തിരിച്ചറിഞ്ഞു. ഈയൊരു ദുരവസ്ഥയെ അതിജീവിക്കുന്നതിനെക്കുറിച്ചു മാത്രമേ ഇപ്പോൾ ചിന്തിക്കുന്നുള്ളു. സംഗീതരംഗം പഴയതുപോലെയാകണമെന്നും ആളുകൾ പാട്ടുകൾ ഏറ്റെടുത്ത് അവ ആസ്വദിക്കണം എന്നുമൊക്കെ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനേക്കാളുപരി നമ്മുടെ അതിജീവനമാണ് പ്രധാന ലക്ഷ്യം. 

എല്ലാം മടങ്ങി വരട്ടെ

ഷോപ്പിങ് മാളുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളുമെല്ലാം പ്രവര്‍ത്തിക്കാൻ തുടങ്ങിയെങ്കിലും തിയറ്ററുകൾ മാത്രം ഇതുവരെ തുറന്നിട്ടില്ല. അക്കാര്യത്തിൽ ഒരു തീരുമാനമാകാതെ മറ്റൊന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ. എല്ലാം പഴയതു പോലെ തിരിച്ചു വരട്ടെ. വാക്സീൻ വരണം, വൈറസ് അകലണം, തിയറ്ററുകൾ തുറക്കണം. എങ്കിൽ മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി അകലൂ. മറ്റു സ്ഥാപനങ്ങളും ഓഫിസുകളുമൊക്കെ പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും കലാരംഗം മാത്രം അത്രത്തോളം ഉണർന്നിട്ടില്ല. എങ്കിലും പതിയെ പരിപാടികളും മറ്റുമെല്ലാം തുടങ്ങി വരുന്നു. പക്ഷേ അവയ്ക്കെല്ലാം വളരെയധികം നിയന്ത്രണങ്ങളുമുണ്ട്.  

അവര്‍ക്കും ജീവിക്കണ്ടേ

കോവിഡ് കലാരംഗത്തെയൊന്നാകെ തളർത്തിയിരിക്കുകയാണ്. ഞാൻ ഇൻഡിപെൻഡൻഡ് ആയി മ്യൂസിക് വിഡിയോകൾ ചെയ്ത് അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും അതുവഴി മോശമല്ലാത്ത ഒരു വരുമാനം കിട്ടുകയും ചെയ്യുന്നുണ്ട്. പക്ഷേ പാവപ്പെട്ട ഒരുപാട് കലാകാരന്മാരുണ്ട്. അന്നന്നത്തെ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവർ. സത്യത്തിൽ അവരൊക്കെ ഇപ്പോൾ എന്താണു ചെയ്യുന്നതെന്നോ എങ്ങനെയാണു ജീവിക്കുന്നതെന്നോ ഒന്നും അറിയില്ല. ചിലരൊക്കെ മുൻകൈ എടുത്ത് അവരെ സഹായിക്കുന്നുണ്ട്. ഞാൻ പുതിയ പാട്ടുകൾ പുറത്തിറക്കുമ്പോള്‍ പുതിയ കലാകാരന്മാർക്ക് അവസരങ്ങൾ കൊടുക്കുന്നുണ്ട്. അതൊക്കെയല്ലേ ഇപ്പോൾ ചെയ്യാൻ സാധിക്കൂ. എങ്കിലും സർക്കാർ തന്നെ അവരുടെ കാര്യത്തിൽ കൂടുതല്‍ ശ്രദ്ധ ചെലുത്തി ആ കലാകാരന്മാർക്കു വേണ്ടി എന്തെങ്കിലും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. 

പ്രതീക്ഷിക്കാം ഏറെ

ഇപ്പോൾ ഭൂരിഭാഗം ആളുകളും പുറത്തിറങ്ങി നടക്കുന്നുണ്ടെങ്കിലും അതൊന്നും ഒട്ടും സുരക്ഷിതമല്ല. എല്ലാവരും സ്വയം കരുതൽ സ്വീകരിക്കുക. അവനവനെ സംരക്ഷിക്കുക, അതാണ് പ്രധാനമായും ചെയ്യേണ്ടത്. ഇനിയിപ്പോൾ ഈ പുതുവർഷത്തിലും നല്ലതു വരട്ടെയെന്നു പ്രതീക്ഷിക്കാം. വൈറസിനെ അതിജീവിച്ച്, മാസ്കിൽ നിന്നും മുക്തി നേടി, നന്നായി ശ്വസിക്കാനും മനസമാധാനത്തോടെ ജീവിക്കാനുമുള്ള ഒരു കാലം വരട്ടെ. പഴതുപോലൊരു ജീവിതം തിരിച്ചു കിട്ടട്ടെ. അതിജീവനം മാത്രം ലക്ഷ്യം വയ്ക്കുക. എല്ലാവർക്കും നന്മകൾ നേരുന്നു.

English Summary: Interview with music director Gopi Sundar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com