ADVERTISEMENT

സംഗീത ചക്രവർത്തി ജി.ദേവരാജൻ മലയാളികളുടെ സ്വകാര്യ അഭിമാനമാണ്. അദ്ദേഹം ഈണമിട്ട ഗാനങ്ങളുടെ തിളക്കം പതിറ്റാണ്ടുകൾക്കു ശേഷവും കൂടുന്നതല്ലാതെ തെല്ലും മങ്ങിയിട്ടില്ല. ദേവരാജൻ മാസ്റ്ററുമായി അടുപ്പമുള്ളവർക്കു പറയാൻ ഒരുപാടു കഥകൾ ഉണ്ട്. വലിയ കടുംപിടിത്തക്കാരനാണ് അദ്ദേഹം എന്നു പലരും പറയാറുണ്ട്. എന്നാൽ യഥാർഥത്തിൽ മാസ്റ്റർ അങ്ങനെ ആയിരുന്നോ? 

തിരുവനന്തപുരത്തു കരമനയിൽ ദേവരാജൻ മാസ്‌റ്റർ വീടെടുത്തു താമസിച്ചിരുന്ന കാലം. സിനിമയുടെ ബഹളത്തിൽ നിന്ന് അകന്നു സംഗീതത്തെക്കുറിച്ചു പുസ്തകങ്ങൾ രചിക്കുകയും പുതിയ തലമുറയിൽപ്പെട്ട ഗായകരെ പരിശീലിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. വിധു പ്രതാപ് ഉൾപ്പെടെയുള്ളവരെ അക്കാലത്തു മാസ്റ്റർ പരിശീലിപ്പിച്ചെടുത്തതാണ്.

g-devarajan-3
ചിത്രം: ബി.ജയചന്ദ്രൻ

ആ സമയത്തു ദേവരാജൻ മാസ്റ്ററുടെ ചലച്ചിത്ര അനുഭവങ്ങൾ എഴുതുന്നതിനു പല പത്രപ്രവർത്തകരും ശ്രമിച്ചുവെങ്കിലും അദ്ദേഹം പിടി കൊടുത്തില്ല. സംഗീതത്തെക്കുറിച്ച് അറിയാത്ത ചില പത്രക്കാർ ചോദിക്കുന്ന വിവരക്കേടുകൾ കേട്ടു മടുത്തുവെന്നും അതിനാൽ ഇന്റർവ്യൂ നൽകുന്ന പ്രശ്നമില്ലെന്നുമുള്ള പിടിവാശിയിലായിരുന്നു അദ്ദേഹം. മലയാള ചലച്ചിത്ര സംഗീതത്തിന്റെ 50 വർഷം മൂന്നു ദിവസത്തെ സംഗീത പരിപാടിയിലൂടെ ആഘോഷിക്കുകയെന്നതു അക്കാലത്തു മാസ്റ്ററുടെ വലിയ സ്വപ്നമായിരുന്നു. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് 1994 ഓഗസ്‌റ്റ് 20,21,22 തീയതികളിൽ തിരുവനന്തപുരം സെനറ്റ് ഹാളിൽ ഈ പരിപാടി അരങ്ങേറി. യേശുദാസും ജയചന്ദ്രനും ഉൾപ്പെടെ  മിക്കവാറും എല്ലാ പിന്നണി ഗായകരും അതിൽ പങ്കെടുത്തു. നൗഷാദ്, ഉഷ ഖന്ന തുടങ്ങിയവരും എത്തി. ദേവരാജൻ മാസ്റ്റർക്ക് അല്ലാതെ മറ്റാർക്കും സംഘടിപ്പിക്കാൻ സാധിക്കാത്ത പരിപാടി ആയിരുന്നു അത്. 

ആദ്യകാല ഗായികമാരായ ജാനമ്മ ഡേവിഡ് (എല്ലാരും ചൊല്ലണ്...,കുയിലിനെത്തേടി...), ജിക്കി (കദളി വാഴക്കയ്യിലിരുന്ന്.....) തുടങ്ങിയവരുടെ ഇന്റർവ്യൂകൾ ഒന്നാം പേജിൽ നൽകി കൊണ്ടാണ് ഈ പരിപാടിക്കു മനോരമ അക്കാലത്തു പിന്തുണ നൽകിയത്. മൂന്നു ദിവസവും പത്രത്തിന്റെ ഒന്നാം പേജി‍ൽ ഗായകരുടെ ഇന്റർവ്യൂ വന്നു. ഒപ്പം വാർത്തയും ഒട്ടേറെ ചിത്രങ്ങളും.

മറ്റു പല പത്രങ്ങളെക്കാൾ മികച്ച കവറേജ്. ഇതു ദേവരാജൻ മാസ്റ്റർ പോലും പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു. അതിൽ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. പരിപാടിയുടെ സ്മരണിക ഇറങ്ങിയപ്പോൾ അതിൽ വിറയ്ക്കുന്ന കരങ്ങളോടെ സ്വന്തം കയ്യക്ഷരത്തിൽ അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തി തന്നു. രോഗം ഏൽപിച്ച ആഘാതം മാസ്‌റ്ററുടെ ശരീരത്തെ ആഴത്തിൽ ബാധിച്ചെങ്കിലും അചഞ്ചലമായ ആ മനസ്സിനെ തെല്ലും ബാധിച്ചിരുന്നില്ല. 

സംഗീത പരിപാടിക്കു നൽകിയ പിന്തുണയുടെ പിൻബലത്തിലാണ് അദ്ദേഹത്തോട് മനോരമ ഞായറാഴ്ച പതിപ്പിനു വേണ്ടി ഇന്റർവ്യൂ ചോദിച്ചത്.‘‘ഞാൻ ഇന്റർവ്യൂ കൊടുക്കില്ലെന്ന് അറിഞ്ഞു കൂടേ’’ എന്നായിരുന്നു അറുത്തു മുറിച്ച മറുപടി. മാസങ്ങൾ കഴിഞ്ഞുവെങ്കിലും ഞങ്ങൾ പിന്മാറിയില്ല.‘‘നിങ്ങളോടുള്ള സ്നേഹത്തിന് ഒരു കുറവുമില്ല...പക്ഷെ ഇന്റർവ്യൂ മാത്രം ചോദിക്കരുത്.നടപ്പില്ല....’’ എന്നായിരുന്നു പിന്നീടുള്ള പ്രതികരണം. 

g-devarajan-1
ചിത്രം: ബി.ജയചന്ദ്രൻ

എങ്കിലും പ്രതീക്ഷ കൈവിട്ടില്ല. ദിവസങ്ങൾ നീണ്ട നിർബന്ധത്തിന് ഒടുവിൽ മാസ്റ്റർ അർധ സമ്മതം മൂളി. പക്ഷെ അദ്ദേഹം ഉപാധി വച്ചു. ചോദ്യങ്ങൾ മുൻകൂട്ടി എഴുതി നൽകണം. ഇന്റർവ്യൂ ലഭിക്കാനായി ഞങ്ങൾ എന്തിനും തയാറായിരുന്നു. സമയം പാഴാക്കാതെ ചോദ്യങ്ങൾ എഴുതി എത്തിച്ചു. ഇനി എന്നാണ് ഇന്റർവ്യൂ എടുക്കാൻ എത്തേണ്ടത് എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു.‘‘ചോദ്യങ്ങളുടെ മറുപടി ഞാൻ എഴുതിത്തരും. അതു മാറ്റം വരുത്താതെ പത്രത്തിൽ കൊടുക്കണം. അതിനു പറ്റില്ലെങ്കിൽ വേണ്ട..’’

മനോരമ ഞായറാഴ്ച പതിപ്പിന്റെ കവർ സ്റ്റോറിയായി വരേണ്ട സ്വന്തം ഇന്റർവ്യൂ ദേവരാജൻ മാസ്റ്റർ തന്നെ എഴുതിയാൽ എന്തായിരിക്കും സ്ഥിതി. പക്ഷെ അദ്ദേഹത്തെ പിണക്കാൻ നിവൃത്തിയില്ല. ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി എഴുതി തുടങ്ങിയതായും അറിയിച്ചു. ഇനി തലയൂരാൻ നിവൃത്തിയില്ല. എന്തെങ്കിലും പറഞ്ഞാൽ മാസ്റ്റർ പിണങ്ങും.

അങ്ങനെ മുഴുവൻ ഉത്തരങ്ങളും എഴുതിക്കഴിഞ്ഞപ്പോൾ മാസ്റ്റർ വിളിച്ചു. ഇതിൽ കാര്യമായ മാറ്റം വരുത്താതെ നൽകണം. വായിച്ചു നോക്കിയപ്പോൾ  പകുതിയും പത്രത്തിനു വേണ്ടാത്ത കാര്യങ്ങളാണ്. കുറെക്കാര്യങ്ങൾ ഉപയോഗിക്കാം. മാസ്റ്ററുടെ സഹായി മധുവിനു ഞങ്ങളുടെ പ്രയാസം മനസ്സിലായി. സ്നേഹിക്കുന്നവർക്കായി എന്തു വിട്ടു വീഴ്ചയും ചെയ്യുന്ന മാസ്റ്ററുടെ മനസ്സ് മധു നന്നായി മനസ്സിലാക്കിയിരുന്നു. അത് ഉപയോഗിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. ഇന്റർവ്യൂവിനു വേണ്ടിയാണെന്നു പറയാതെ മാസ്റ്ററുമായി ഞങ്ങൾ പല തവണ കൂടിക്കാഴ്ച നടത്തി. പഴയ കഥകൾ പലതും അദ്ദേഹം സ്നേഹപൂർവം വിവരിച്ചു. അതിന് അനുസരിച്ച് ഇന്റർവ്യൂ തയാറാക്കി.. പുതിയ രൂപത്തിലാണ് ഇന്റർവ്യൂ വരികയെന്ന് അദ്ദേഹത്തോടു പറഞ്ഞില്ല.

ഇനി മാസ്റ്ററുടെ ഫോട്ടോ എടുക്കണം. സ്വന്തം പടം എടുപ്പിക്കാൻ താൽപര്യമില്ലാത്തയാളാണു ദേവരാജൻ മാസ്റ്റർ. ഈ ദൗത്യം ഏറ്റെടുത്തതു മനോരമയുടെ മുൻ ഫോട്ടോ എഡിറ്റർ ബി.ജയചന്ദ്രൻ ആയിരുന്നു. കരമനയിലെ വീട്ടിൽ എത്തിയപ്പോൾ ബട്ടൺസ് പോയ ഷർട്ടും ഇട്ട്  അലസനായി പടത്തിനു പോസ് ചെയ്യുന്ന ദേവരാജൻ മാസ്റ്ററെയാണു ജയചന്ദ്രനു നേരിടേണ്ടി വന്നത്. ഇതൊക്കെ മതി...വേണമെങ്കിൽ പടം എടുത്തു കൊള്ളൂ... എന്ന നിലപാട്. മാസ്റ്ററെ നിർബന്ധിക്കാതെ തന്നെ കുറെ പടങ്ങൾ എടുത്തു. പിന്നെ കുറെ നേരം ഞങ്ങൾ വിശേഷങ്ങൾ പറഞ്ഞിരുന്നു. ഇതിനിടെ പല ആംഗിളിൽ ജയചന്ദ്രൻ പടങ്ങൾ എടുക്കുന്നുണ്ടായിരുന്നു. വീടിന്റെ ടെറസ്സിലേക്കു പോയാൽ കൂടുതൽ വെളിച്ചം ഉണ്ടെന്നും നല്ല പടം കിട്ടുമെന്നും സ്നേഹപൂർവം നിർബന്ധിച്ചപ്പോൾ ദേവരാജൻ മാസ്റ്റർ തയാറായി. ടെറസിൽ വെയിലായതിനാൽ കുട എടുത്തു കൊള്ളാൻ നിർദേശിച്ചു. അവിടെ എത്തിയതോടെ ജയചന്ദ്രൻ വിവിധ പോസുകൾ നിർദേശിച്ചു. നടികളെ പോലെ ഞാൻ ഇനി പോസ് ചെയ്യണമോ എന്നു ചോദിച്ചെങ്കിലും കുടപിടിച്ചും കസേരയിൽ ഇരുന്നും പല പോസുകളിൽ പടമെടുക്കുന്നതിന് അദ്ദേഹം വഴങ്ങി. സ്നേഹത്തിനു മുന്നിൽ അദ്ദേഹം കീഴടങ്ങുമെന്നു ബോധ്യപ്പെട്ടത് അന്നാണ്.

g-devarajan-2
ചിത്രം: ബി.ജയചന്ദ്രൻ

ഇന്റർവ്യൂ അച്ചടിച്ചു വന്നപ്പോൾ മാസ്റ്ററുടെ പ്രതികരണം എന്തായിരിക്കുമെന്ന് ആശങ്ക ഉണ്ടായിരുന്നു. മാസ്റ്റർ എഴുതി തന്നതിനു പകരം, നേരിട്ടു പറഞ്ഞ കാര്യങ്ങളാണ് ഇന്റർവ്യൂവിൽ ഉൾപ്പെടുത്തിയിരുന്നത്. എഴുതി നൽകിയതേ നൽകാവൂ എന്നു കൽപിച്ച മാസ്റ്റർ എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു ഭയം. പക്ഷെ അദ്ദേഹത്തെ നേരിട്ടു കണ്ടപ്പോൾ മുഖം തെളിഞ്ഞു കണ്ടതോടെ ആശ്വാസമായി.‘‘അഭിമുഖം നന്നായിട്ടുണ്ട്....’’ എന്നായിരുന്നു പ്രതികരണം.’ ഒരുപക്ഷെ ദേവരാജൻ മാസ്റ്ററുടെ ജീവിതത്തിലെ അവസാന 15 വർഷക്കാലത്തു പ്രസിദ്ധീകരിച്ച ഏക ഇന്റർവ്യൂ അത് ആയിരുന്നുവെന്നു തോന്നുന്നു. 

മാസ്റ്ററെ കുറിച്ചു പറയാൻ ഒരുപാട് കഥകൾ ഉണ്ട്. അടുപ്പമുള്ളവരോട് അദ്ദേഹം കാട്ടുന്ന സ്നേഹം നേരിട്ടറിയണം. ഒരിക്കൽ കരമനയിലെ വീട്ടിൽ ഞങ്ങൾ കുശലം പറഞ്ഞിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സഹായി മധു സ്ഥലത്തില്ല. ‘‘ഇപ്പോൾ വരാം’’ എന്നു പറഞ്ഞു മാസ്റ്റർ അകത്തേക്കു പോയി. അടുക്കളയിൽ പാത്രം കഴുകുന്നതിന്റെയും മറ്റും ശബ്ദം കേൾക്കാം. ശാരീരിക അവശതയുള്ള മാസ്റ്റർ എന്തോ പാചകം ചെയ്യുകയാണോയെന്ന് സംശയം തോന്നി. കുറെ കഴിഞ്ഞപ്പോൾ ഒരു സ്റ്റീൽ പ്ലേറ്റിൽ ഏതാനും അരിയുണ്ടകളുമായി അദ്ദേഹം എത്തി.

‘‘ഞാൻ പരവൂരിൽ പോയപ്പോൾ കൊണ്ടു വന്ന അരിയുണ്ടയാണ്. നല്ല രുചിയുണ്ട്........നിങ്ങളെപ്പോലുള്ളവർക്കു തരാനാണു കൊണ്ടു വന്നത്...........കഴിച്ചു നോക്കൂ......’’ പതിവു ചിരിയോടെ അദ്ദേഹം നിർബന്ധിച്ചു. സ്വന്തം നാട്ടിൽ പോയപ്പോൾ വേണ്ടപ്പെട്ടവർ നൽകിയ അരിയുണ്ട കഴിക്കാൻ അർഹരായി ഞങ്ങളെ അദ്ദേഹം കണക്കാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ ആഹ്ലാദം തോന്നി. സംഗീതത്തിന്റെ ആഴം കണ്ട ആ മനുഷ്യന്റെ സ്നേഹത്തിന്റെ ആഴം തെളിയിക്കുന്ന പല സംഭവങ്ങളിൽ ഒന്നായിരുന്നു അത്. 

പി‍ൽക്കാലത്തു മാസ്റ്റർ തിരുവനന്തപുരത്തെ വീടു വിട്ടു ചെന്നൈയിലേക്കു താമസം മാറ്റി. അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരമാണു പിന്നീടു വിജെടി ഹാളിൽ ആദരാഞ്ജലികൾ ഏറ്റു വാങ്ങാനായി എത്തിയത്.

English Summary: Memories of legend G. Devarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com