‘ആ ഭാഗമൊക്കെ ചിരിച്ചാണ് പാടിയത്’, പാളുവ ഭാഷയുടെ ചേലായി മാറിയ ശബ്ദം; ഹരിത ബാലകൃഷ്ണൻ അഭിമുഖം

haritha-song
SHARE

വരികളിലും ഈണത്തിലും വിപ്ലവം സൃഷ്ടിച്ച പാളുവ ഭാഷയുടെ ചന്തമുളള ഗാനം നമുക്ക് പാടി തന്ന ഗായികയാണ് ഹരിത ബാലകൃഷ്ണൻ. ഏറെ വെല്ലുവിളികൾ ഉളള ഗാനത്തെ അനായസമായി ആസ്വാദ്യകരമാക്കിയതിൽ ഹരിതയുടെ പങ്ക് ചെറുതല്ല. മഹത്തായ ഭാരതീയ അടുക്കള (ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ) എന്ന ചിത്രത്തിനു പുറമെ അനുഗ്രഹീതൻ ആന്റണിയിലെ നീയേ... എന്നു തുടങ്ങുന്ന ഗാനവും ഹരിതയാണ് ആലപിച്ചിരിക്കുന്നത്. മലയാളികളുടെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന ഗാനങ്ങൾ സമ്മാനിച്ച ഹരിത ബാലകൃഷ്ണൻ തന്റെ പുതിയ പാട്ടുകളുടെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു.   

ഒരു കൊടം പാറ്.. ഗാനത്തിലേക്ക്

ഈ പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നത് മൃദുല ദേവി മാം ആണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് മാത്യുസ് പുളിക്കൻ. മാത്യുവിനെ എനിക്ക്  അഞ്ച് വർഷത്തോളമായി അറിയാമായിരുന്നു. ഞങ്ങൾ ഒരുമിച്ച് പരസ്യ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പരസ്യ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. ഇതു കൂടാതെ മാത്യു പുളിക്കനൊപ്പം മുൻപ് ബാക്ക് ഗ്രൗണ്ട് സ്‌കോറിലൊക്കെ പാടിയിട്ടുണ്ട്. ഇതു കൂടാതെ മഹത്തായ ഭാരതീയ അടുക്കള (ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ) സംവിധായകനായ ജിയോ ബേബി ചേട്ടന്റെ ആദ്യ ചിത്രമായ രണ്ട് പെൺകുട്ടികളിലെ ചെറിയൊരു ഭാഗത്ത് പാടുകയും അതിലൊരു കഥാപാത്രമായ അഞ്ജു കുര്യനു വേണ്ടി ഡബ്ബിങ്ങും ചെയ്തിരുന്നു. ഈ ടീമുമൊത്ത് ഇതിനു മുൻപും വർക്ക് ചെയ്ത് പരിചയമുണ്ടായിരുന്നു. അങ്ങനെ ഈ പാട്ടു വന്നപ്പോൾ രണ്ടും മാസം മുൻപ് മാത്യു എന്നെ വിളിക്കുന്നത്. എല്ലാം വളരെ പെട്ടന്നായിരുന്നു. ഇന്ന് വിളിച്ചിട്ട് നാളെ റെക്കോർഡിങ്ങിന് എത്താൻ പറയുകയായിരുന്നു. 

റെക്കോർഡിങ്ങ് അനുഭവം  

പാട്ടിന്റെ വരികൾ തന്നപ്പോൾ തന്നെ പുതുമ ഉണ്ടായിരുന്നു. ഇതുവരെ കേൾക്കാത്തതും മലയാളത്തിൽ ഇതുവരെ പുറത്തിറങ്ങാത്ത തരത്തിലുള്ള വരികളായിരുന്നു അത്. ഇതു കണ്ടപ്പോൾ തന്നെ വളരെ താത്പര്യം തോന്നി. പാടാനും രസമായിരുന്നു. ദലിത് കമ്മ്യൂണിറ്റിയുടെ പാളുവ ഭാഷയാണെന്ന് മനസ്സിലാക്കി. എല്ലാവർക്കും പാടി നടക്കാൻ പറ്റുന്ന ഒട്ടും സങ്കീർണ്ണമല്ലാത്ത വളരെ ലളിതമായിട്ടുളള മാത്യുവിന്റെ നല്ലൊരു മെലഡിയാണിത്. റെക്കോർഡിങ്ങ് അനുഭവം ഏറെ മികച്ചതായിരുന്നു. ചെറിയ പാട്ടാണെങ്കിലും സമയമെടുത്ത്, ഒരുപാട് പരിശ്രമിച്ച് അതിലെ ഓരോ വാക്കിന്റെയും അർത്ഥം മനസ്സിലാക്കി ഈണവും ഭാവങ്ങളും കൊടുത്താണ് പൂർത്തിയാക്കിയത്. പാട്ടിന്റെ ഈണം മാത്രമല്ലാതെ ഇടയ്ക്ക് സംസാരിക്കുന്നത് പോലെയുളള എക്‌സ്പ്രഷൻ വരുന്നുണ്ട്. പിന്നെ കോറസ് ഭാഗം ഞങ്ങളെല്ലാവരും ഒരു ടീമായിട്ടാണ് വർക്ക് ചെയ്തത്. വോക്കൽ ആക്കി മാത്രം ഇറക്കാനിരുന്ന പാട്ട് കുറെ സംഭവങ്ങൾ കൂട്ടിച്ചേർത്ത് ഇപ്പോൾ കേൾക്കുന്ന രീതിയിൽ ആക്കി എന്നതാണ് വാസ്തവം.

വെല്ലുവിളി

പാട്ടിന്റെ ഈണം പ്രശ്‌നമൊന്നുമില്ലായിരുന്നു. വരികളായിരുന്നു വെല്ലുവിളി. കൃത്യമായ ഭാഷ പ്രയോഗങ്ങൾ സ്ഫുടതയോടെ പറയണമായിരുന്നു. എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വ്യക്തതയോടെ പാടേണ്ടതിന് പല ടേക്കുകൾ വേണ്ടിവന്നു. ആ പാട്ടിനെ ഉൾക്കൊണ്ട് അതിന് വേണ്ട എക്‌സ്പ്രഷൻ കൊടുക്കണം. ചില സ്ഥലങ്ങളിൽ ചിരിച്ചും മറ്റു ചിലയിടത്ത് ഇമോഷൻ കൊടുത്തുമൊക്കെ പാടണം. യഥാർഥത്തിൽ അഭിനയിച്ചു പാടേണ്ട പാട്ടാണിതെന്നു പറയാം. എന്ത് കട്ടു ചേല് കട്ടു... എന്നൊക്കെ പാടുമ്പോൾ ചിരിച്ചു തന്നെയാണ് പാടുന്നത്. ഭാഷ വ്യത്യസ്മാണ് മലയാളികൾ ആദ്യമായി കേൾക്കുകയാണ്. നമ്മുടെ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ നന്നായി തന്നെ ആശയവിനിമയം ചെയ്യണം എന്നൊരു വെല്ലുവിളി ഉണ്ടായിരുന്നു. വെല്ലുവിളി ആയിരുന്നെങ്കിലും അവസാനം അതു മികച്ച രീതിയിൽ തന്നെ വന്നു. 

അനുഗ്രഹീതൻ ആന്റണിയിലെ ‘നീയേ... ’

നാല് വർഷം  മുൻപേ ആസൂത്രണം ചെയ്ത പാട്ടാണിത്. രണ്ട് വർഷം മുൻപ് ഈ ഗാനം റെക്കോർഡ് ചെയ്തിരുന്നു. നമ്മുടെ  സ്വന്തം രചന പോലെ കണ്ട് പാടിയ ഗാനമാണിത്. വളരെയധികം അടുപ്പം തോന്നിയ പാട്ട്. അതിനു പുറമെ അനുഗ്രഹീതൻ ആന്റണിയിൽ ഡബ്ബിങ്ങും ചെയ്തിരുന്നു. അതു കൊണ്ട് തന്നെ ആ സിനിമയിലെ പിന്നണിപ്രവർത്തകരുമായി വളരെയധികം അടുത്തുനിൽക്കുന്ന വ്യക്തിയാണു ഞാൻ. മനു മഞ്ജിത്ത് ആണ് ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. റെക്കോർഡിങ്ങ് സമയത്ത് ഓരോ വരികൾക്കും കൊടുക്കേണ്ട ഭാവം ചേട്ടൻ പറഞ്ഞു തരുമായിരുന്നു. സംഗീത സംവിധായകൻ അരുൺ മുരളീധരൻ എന്റെ അടുത്ത സുഹൃത്താണ്. പാട്ടുകാരിയും സംഗീതസംവിധായകനും പോലെ അല്ല. നമ്മുടെ സ്വന്തം പാട്ടെന്ന രീതിയിലാണ് ഞാൻ ഇതിനെ കാണുന്നത്. ഞാൻ ഈ പാട്ട് പാടി പരിശീലിച്ച അത്രയുമധികം മറ്റൊരു പാട്ടും പരിശീലിച്ചിട്ടില്ല. സംവിധായകൻ പ്രിൻസ് ജോയ്, സണ്ണി വെയ്ൻ ഇവരൊക്കെ സഹോദരന്മാരെപ്പോലെ ഒപ്പം നിന്നു പിന്തുണ നൽകി. വളർന്നു വരുന്ന ഗായിക എന്ന നിലയിൽ സണ്ണിവെയ്‌നെ പോലുളളവരുടെ ഭാഗത്തു നിന്നു കിട്ടിയ പ്രോത്സാഹനം എടുത്തു പറയേണ്ടതാണ്.

haritha-new
ഹരിത ബാലകൃഷ്ണൻ

ഡബ്ബിങ്ങ്

2016 ൽ രണ്ട് പെൺകുട്ടികൾ എന്ന ചിത്രത്തിലാണ് ഡബ്ബിങ്ങ് ചെയ്ത് തുടങ്ങിയത്. അതു കഴിഞ്ഞ് ഒന്നു രണ്ട് ഹ്രസ്വ ചിത്രത്തിൽ ഡബ്ബ് ചെയ്തിരുന്നു. പിന്നീട് അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിനു വേണ്ടിയും. അതിലെ പാട്ട് ചെയ്ത ശേഷമാണ് ഡബ്ബിങ്ങ് ചെയ്യുന്നത്. എന്റെ ശബ്ദം ചിത്രത്തിലെ നായിക ഗൗരിയുമായി ചേരുമോ എന്ന് സംവിധായകൻ പ്രിൻസ് ജോയ് പരീക്ഷിച്ചു നോക്കി. യോജിക്കുമെന്നു ബോധ്യപ്പെട്ടതോടെ ഡബ്ബ് ചെയ്യാൻ തീരുമാനിച്ചു. ബിഗ് ബ്രദറിലും ഡബ്ബിങ്ങ് ചെയ്തിരുന്നു. അനുഗ്രഹീതൻ ആന്റണി ചെയ്ത സ്റ്റുഡിയോയിൽ തന്നെയായിരുന്നു ബിഗ് ബ്രദറിന്റെ ഡബ്ബിങ്ങ് നടന്നത്. അവിടെ വച്ച് സംവിധായകൻ സിദ്ദിഖ് ശബ്ദം കേട്ട്് ഇഷ്ടപ്പെട്ടിട്ടാണ് ബിഗ് ബ്രദറിൽ ഡബ്ബ് ചെയ്യാൻ അവസരം തന്നത്. അതിൽ ഗാഥയ്ക്ക് വേണ്ടിയാണ് ശബ്ദം നൽകിയത്. മെമ്പർ രമേശൻ ഒൻപതാം വാർഡ് എന്ന ചിത്രത്തിൽ നായിക ഗായത്രി അശോകിനു വേണ്ടിയും സ്വരമായിട്ടുണ്ട്. 

ട്രൂ കളേഴ്‌സ് വിഡിയോ

ലോക്ക് ഡൗണിൽ സ്റ്റീഫൻ ചേട്ടനൊപ്പം വർക്ക് ചെയ്തിരുന്നു. അദ്ദേഹവുമായി വർഷങ്ങളായുള്ള പരിചയമാണ്. രണ്ടു വർഷമായിട്ട് ഒരുമിച്ച് സ്‌റ്റേജ് ഷോകളും മറ്റും ചെയ്യുന്നു. കർണ്ണാട്ടിക് മ്യൂസിക് ചെയ്യാനും കേൾക്കാനും കംപോസ് ചെയ്യാനും സ്റ്റീഫൻ ചേട്ടന്  ഇഷ്ടമാണ്. അങ്ങനെയാണ് ട്രൂ കളേഴ്‌സ് വിഡിയോയിലേക്ക് ഞാനും വരുന്നത്. എന്റെ കരിയറിലെ വലിയ ചലഞ്ച് ആയിരുന്നു ആ ഗാനം. മധു ബാലകൃഷ്ണൻ ചേട്ടനാണ് കൂടെ ഉണ്ടായിരുന്നത്. ഒരു മാസം നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ആ പാട്ട് പഠിച്ചത്. സ്റ്റീഫൻ ചേട്ടൻ വളരെയധികമായി പിന്തുണയ്ക്കുകയും മാർഗനിർദ്ദേശങ്ങൾ നൽകുകയുമൊക്കെ ചെയ്യാറുണ്ട്. എന്റെ സംഗീത മേഖലയിലെ വളർച്ചയ്ക്കു സഹായിച്ചത് സ്റ്റീഫൻ ദേവസിയും ഫോർ മ്യൂസിക്കും ആണ്.

ഡബ്ബിങ്ങ്, ജോലി ഒപ്പം സംഗീതവും

മൂന്നാം ക്ലാസ് മുതലാണ് സംഗീതം പഠിച്ചു തുടങ്ങിയത്. കെ.പി.എസി രവി സാറാണ് ഗുരു. സ്വദേശം കാഞ്ഞിരപ്പിളളിയാണ്. 15 വർഷം സംഗീതം പഠിച്ചു. ചെന്നൈയിൽ എ.ആർ റഹ്മാൻ സാറിന്റെ അക്കാദമിയായ കെ.എം.മ്യൂസിക്ക് കൺസർവേറ്ററി വോക്കൽ ട്രെയിനിങ്ങ് എടുത്തിട്ടുണ്ട്. സച്ചിൻ ശങ്കർ മന്നത്തിന്റെ കീഴിലാണ് വോക്കൽ ട്രെയിനിങ്ങ് ചെയ്തത്. ജോലിയുടെ ഭാഗമായിട്ടാണ് എറണാകുളത്തേക്ക് എത്തിയത്. അഞ്ചു വർഷമായി ജോലി ചെയ്യുന്നുണ്ട്. ഒപ്പമാണ് ആദ്യ സിനിമ. പാട്ടിലൂടെയാണ് സിനിമയിലേക്ക് വന്നത്. പാട്ടു പാടുന്നത് കൊണ്ട് ഡബ്ബിങ്ങ് ശ്രദ്ധിക്കാറുണ്ട്. ഡബ്ബ് ചെയ്യാൻ താത്പര്യമുണ്ടോ എന്ന് ജിയോ ബേബി ചേട്ടൻ ചോദിച്ചതിനെ തുടർന്ന് വെറുതെയൊന്നു ശ്രമിച്ചു നോക്കിയതാണ്. അത് വിജയിച്ചു. അപ്പോൾ ഒരു ആത്മവിശ്വാസം തോന്നുകയും ചെയ്തു. 2015ൽ ചെയ്തതിനേക്കാൾ ശബ്ദത്തിൽ കുറച്ചു കൂടി വ്യത്യാസങ്ങൾ വന്നതായി ഇപ്പോൾ തോന്നുന്നു. ഡബ്ബിങ്ങിനെക്കുറിച്ചു കുറച്ചുകൂടി പഠിക്കുകയും അതിൽ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു. പിന്നീട് ഡബ്ബിങ്ങും പാട്ടും ഒരുമിച്ച് കൊണ്ട് പോകാൻ പറ്റുമെന്ന ആത്മവിശ്വാസം തോന്നി. പാട്ടുകാരി ആയതു കൊണ്ട് വോയ്‌സ് സ്‌ട്രെയ്ൻ ചെയ്യാതെയുളള ഡബ്ബിങ്ങ് ചെയ്യാനാണ് താത്പര്യം. സംവിധായകരോട് ഇക്കാര്യം സംസാരിക്കാറുണ്ട്. ഡബ്ബിങ്ങ് അവസരങ്ങൾ വന്നാലും ശബ്ദത്തിനെ ബാധിക്കാതെ മുന്നോട്ട് പോകാനാണ് താത്പര്യം. 

കുടുംബം 

വീട്ടിൽ അച്ഛനും അമ്മയുമുണ്ട്. ചേച്ചിയും ഭർത്താവും കുട്ടികളും ഓസ്‌ട്രേലിയയിൽ താമസിക്കുന്നു. അച്ഛൻ ചെറുതായി പാടും അച്ഛന്റെ കുടുംബത്തിലുളളവരും പാടും. അങ്ങനെയാണ് സംഗീതം എന്നിലെത്തിയത് എന്നു തോന്നുന്നു. 

സ്വപ്നം 

ഞാൻ എ.ആർ റഹ്മാന്റെ കടുത്ത ആരാധികയാണ്. എനിക്ക് ഏറ്റവും ഇഷ്ടമുളള സംഗീത സംവിധായകൻ ആണ്. സാറിനു വേണ്ടി പാടുക എന്നതാണ് വലിയ സ്വപ്നം. അതു സാധിക്കുമെന്നു വിചാരിക്കുന്നു.

ഭാവിപദ്ധതികൾ

2016ൽ എആർ റഹ്മാൻ സാറിന്റെയും വിദ്യാസാഗർ സാറിന്റെയും മാഷ് അപ്പ് ചെയ്തിരുന്നു. അതിനു ശേഷം കവർ പതിപ്പുകൾ ചെയ്തിട്ടില്ല. പക്ഷെ ഏതാനും പാട്ടുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. വൈകാതെ പാട്ട് പ്രേക്ഷകർക്കരികിലെത്തും. കവർ ഗാനവും കർണാടിക് സംഗീതവുമൊക്കെ അതിൽ ഉണ്ടാകും.

English Summary: Interview with singer Haritha Balakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA