'ഈ ഒഴിവാക്കൽ ഗൗരവമുള്ളത്; ഇനിയും മിണ്ടാതിരിക്കുന്നതെങ്ങനെ'? കവർ പതിപ്പുകളിൽ ക്രെഡിറ്റ് വയ്ക്കാതിരിക്കുന്നനെതിരെ പാട്ടെഴുത്തുകാർ

rachana
SHARE

പുതിയ കാലത്തിന്റെ പാട്ടുശീലങ്ങളിലൊന്നാണ് പാട്ടുകളുടെ 'കവർ' പതിപ്പ്. ഒറിജിനൽ പാട്ടുകളുടെ ഭംഗി നഷ്ടപ്പെടുത്തുന്ന ശ്രമങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ചിലതൊക്കെ ഒറിജിനലിനെക്കാൾ ജനപ്രീതി നേടാറുമുണ്ട്. ഇങ്ങനെയിറക്കുന്ന പാട്ടുകളിൽ പലപ്പോഴും അവയുടെ ഒറിജിനലിന് പിന്നിൽ പ്രവർത്തിച്ചവരുടെ വിവരങ്ങൾ ക്രെഡിറ്റിൽ കൊടുക്കാൻ പലരും സൗകര്യപൂർവം മറക്കും. എന്നാൽ, കവർ പതിപ്പിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരുടെ പേരും അവരുടെ സമൂഹമാധ്യമവിലാസം വരെ പാട്ടിന്റെ വിവരണത്തിലുണ്ടാകും. ഈ പ്രവണതയ്ക്കെതിരെ തുറന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ പാട്ടെഴുത്തുകാരുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയായ 'രചന'. പാട്ടുകൾ ഏതു ഭാഷയിലോ ഗണത്തിലോപ്പെട്ടതാകട്ടെ, കവർ ചെയ്യുമ്പോൾ അതിന്റെ ഒറിജിനലിന്റെ ക്രെഡിറ്റ് കൂടി ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനയാണ് ഇവർ മുൻപോട്ടു വയ്ക്കുന്നത്. ഇത് പെട്ടെന്നൊരു തോന്നലിലുണ്ടായ വികാരപ്രകടനമല്ലെന്നും പാട്ടുകൾ ഉപയോഗിക്കുമ്പോൾ പിന്തുടരേണ്ട നല്ല ശീലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണെന്നും പാട്ടെഴുത്തുകാർ പറയുന്നു. 

ആ പാട്ടെഴുതിയത് ആരാണെന്ന് അറിയുമോ?

ഒറിജിനലിനേക്കാൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നതും പങ്കുവയ്ക്കപ്പെടുന്നതും പലപ്പോഴും കവർ പതിപ്പുകളാണ്. ആ പാട്ടുകളെ ജനകീയമാക്കുന്നതിൽ കവർ പതിപ്പുകൾക്ക് പ്രത്യേക പങ്കുമുണ്ട്. എന്നാൽ ഒറിജിനലിന്റെ സ്രഷ്ടാക്കളെ അവഗണിച്ചുകൊണ്ടുള്ള ഈ ആഘോഷം ന്യായമല്ലെന്നാണ് മലയാളത്തിലെ മുതിർന്ന ഗാനരചയിതാവായ ഷിബു ചക്രവർത്തി പറയുന്നത്. "ഞാനൊക്കെ പഴയകാല പാട്ടെഴുത്തിന്റെ അവസാന കണ്ണികള്‍ എന്നു പറയാവുന്ന കൂട്ടത്തിലാണ്. ഷിബു ചക്രവര്‍ത്തി-ഔസേപ്പച്ചന്‍ എന്നോ ഷിബു ചക്രവര്‍ത്തി-ശ്യാം എന്നോ ഒക്കെ പറയുന്ന തരത്തില്‍ എന്റെ പേരൊക്കെ സാധാരണ ജനങ്ങള്‍ക്ക് അറിയാം. നമുക്കൊക്കെ ആ പ്രിവിലജ് കിട്ടിയിട്ടുണ്ട്. അതേസമയം, ജോസഫിലെ 'പൂമുത്തോളെ' എന്ന പാട്ട് ആരാണ് എഴുതിയത് എന്നു 100 പേരോട് ചോദിച്ചാല്‍ അതില്‍ അഞ്ചു പേരെങ്കിലും മറുപടി പറഞ്ഞാല്‍ അദ്ഭുതമാണ്. എത്രയോ ആഘോഷിക്കപ്പെട്ട പാട്ടാണ്...! എന്നിട്ടും അതെഴുതിയത് ആരാണെന്ന് പലര്‍ക്കും അറിയില്ല. എഴുത്തുകാരുടെ കാര്യത്തില്‍ മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നത്. പക്ഷേ, എഴുത്തുകാരുടെ കാര്യത്തില്‍ ഇതു കൂടുതലാണ്," ഷിബു ചക്രവർത്തി പറയുന്നു. 

rafeeq-shibu-chakravarthy-harinarayan

ഈ 'ഒഴിവാക്കൽ' ഗൗരവമുള്ളത്

ഇപ്പോൾ നടക്കുന്നത് 'ഗൗരവമായ ഒഴിവാക്കൽ' ആണെന്ന് ഷിബു ചക്രവർത്തി ചൂണ്ടിക്കാണിക്കുന്നു. "ഇവിടെ ആരും തന്നെ പാട്ടിന്റെ ക്രെഡിറ്റ് വയ്ക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ഒരാളുടെ വര്‍ക്ക് എടുത്ത് ഉപയോഗിക്കുമ്പോള്‍ അവരുടെ ക്രഡിറ്റ് വയ്ക്കുക എന്നത് സാമാന്യ മര്യാദയാണ്. നമുക്ക് അങ്ങനെയൊരു കള്‍ച്ചര്‍ ഉണ്ടായിരുന്നു. പണ്ട് നമ്മള്‍ ഒരു പാട്ടു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് അതിന്റെ ക്രിയേറ്റേഴ്സ് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗൗരവമായ ഒഴിവാക്കലാണ് നടക്കുന്നത്. ആദ്യമൊക്കെ കുഴപ്പമില്ല എന്നു പറഞ്ഞു വിട്ടിരുന്നു. പക്ഷേ, ഇപ്പോള്‍ വന്നു വന്ന് പാട്ടിന്റെ ക്രഡിറ്റേ വയ്ക്കുന്നില്ല," അദ്ദേഹം പറഞ്ഞു. 

ഉദാഹരണത്തിന് ഞാനെഴുതിയ ചിത്രം എന്ന സിനിമയിലെ 'ഈറന്‍ മേഘം' എന്ന പാട്ടിന്റെ ഒരു കവര്‍. ലക്ഷക്കണക്കിനു പേര്‍ കണ്ട വിഡിയോ ആണ് അത്. ഓര്‍ക്കസ്ട്ര വായിച്ചിരിക്കുന്നവരുടെ മുതല്‍ പ്രൊഡക്ഷനിലെ പിള്ളേരുടെ വരെ പേര് ക്രെഡിറ്റില്‍ കൊടുത്തിട്ടുണ്ട്. പാട്ട് എഴുതിയത് ആരാണെന്നു മാത്രമില്ല. അതേസമയം എന്റെ വരികള്‍ മലയാളത്തിലും ഇംഗ്ലിഷിലും കൊടുത്തിട്ടുണ്ട്. നമ്മുടെ പാട്ട് ഒരാളെടുത്തു ഉപയോഗിക്കുകയും അതിനു ക്രെഡിറ്റ് തരാതിരിക്കുകയും ചെയ്യുന്നത് അപമാനിക്കുന്നതിന് തുല്യമാണ്.  ഷിബു ചക്രവർത്തി ചൂണ്ടിക്കാട്ടി.  

ഇത് 'രചന'യുടെ അഭിപ്രായം

കവർ സോങ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോൾ അതു സൃഷ്ടിച്ചവരുടെ പേരുകൾ കൂടി ചേർക്കുന്നത് നല്ല ഒരു കീഴ്‍വഴക്കം ആകുമെന്നാണ് 'രചന'യുടെ പക്ഷം. ഇതിനെക്കുറിച്ച് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് പറയുന്നതിങ്ങനെ– "പ്രത്യേകിച്ച് ഏതെങ്കിലും ഒരു വ്യക്തിക്കെതിരല്ല ഈ അഭിപ്രായം. പാശ്ചാത്യരാജ്യങ്ങളിൽ പാടുന്നതും പെർഫോം ചെയ്യുന്നതും മ്യൂസിക് കൊടുക്കുന്നതും ഒരാൾ തന്നെയായിരിക്കും. ആളുടെ പേരിൽ അതങ്ങനെ പോകും. നമ്മുടെ നാട്ടിലെ രീതി അങ്ങനെയല്ല. പല മഹാന്മാരായ വ്യക്തികളും കഷ്ടപ്പെട്ട് എഴുതി വേറെ ആളുകൾ ട്യൂൺ ചെയ്ത് പോപ്പുലർ ആയിട്ടുള്ള പാട്ടുകളാണ് ഇവിടെയുള്ളത്. അത് കവർ ചെയ്യുമ്പോൾ പാട്ടിന്റെ ഒറിജിനലിന് പിന്നിൽ പ്രവർത്തിച്ചവരുടെ പേരുകൾ കൂടി വയ്ക്കുക എന്നതാണ് സാമാന്യ മര്യാദ. അതു കാണിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. ഞങ്ങളുടെ അഭിപ്രായത്തെ സമൂഹമാധ്യമങ്ങളിൽ പലരും ഏറ്റെടുത്തിട്ടുണ്ടാകും. ഒരു ക്യാംപയിൻ നടത്താനൊന്നും ഉദ്ദേശമില്ല. ഇങ്ങനെയൊരു അഭിപ്രായം രേഖപ്പെടുത്തിയെന്നു മാത്രം."

ധാർമികതയ്ക്കപ്പുറമുള്ള സഹായ ഹസ്തം

പാട്ടിന്റെ ക്രെഡിറ്റ് കൊടുക്കുക എന്നത് ഒരു പ്രതിബദ്ധതയുടെ ഭാഗമാണ്. പിന്നെ, അതുവഴി ഇപ്പോൾ സജീവമല്ലാത്ത എഴുത്തുകാർക്കും മ്യൂസിക് ഡയറക്ടേഴ്സിനു കൂടി ചെറിയൊരു വരുമാനം ലഭിക്കും. തുച്ഛമാണെങ്കിലും അവർക്ക് അതു വലിയ സഹായമാണ്. അങ്ങനെ സംഭവിക്കണമെങ്കിൽ ഒറിജിനൽ ക്രെഡിറ്റ് വിഡിയോയിൽ വേണം. ഒരു പാട്ടെടുത്തു ചെയ്യുമ്പോൾ ധാർമികതയ്ക്കൊപ്പം ഇങ്ങനെയൊരു സഹായം കൂടി അതിലുണ്ടെന്ന് കവിയും പാട്ടെഴുത്തുകാരനുമായ ബി.കെ ഹരിനാരായണൻ പറയുന്നു.  

"ഒരു കവർ വേർഷൻ ചെയ്യുമ്പോൾ ഒറിജിനൽ ക്രെഡിറ്റ്സ് കൊടുത്താൽ മാത്രമേ സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്യുമ്പോൾ കിട്ടുന്ന റവന്യൂ വിഭജിക്കപ്പെടുകയുള്ളൂ. നമ്മുടെ പേര് അതിലുണ്ടെങ്കിൽ മാത്രമേ അതിൽ നിന്നുള്ള റവന്യൂ നമുക്ക് കിട്ടുകയുള്ളൂ. അതായത്, ഇക്കാര്യം ഞങ്ങളുടെ ഉപജീവനമാർഗത്തേയും സ്പർശിക്കുന്നു. ഇതിനെക്കുറിച്ചു പലർക്കും അറിയില്ല. അതേസമയം, കൃത്യമായി ക്രെഡിറ്റ് കൊടുത്ത് പാട്ടുകൾ അപ്‍ലോഡ് ചെയ്യുന്നവരുമുണ്ട്. സോഷ്യൽ മീഡിയ പുതിയ പ്ലാറ്റ്ഫോമാണ്. അതു പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു മാധ്യമമാണ്. ആദ്യ കാലങ്ങളിൽ കയ്യിലുള്ളതെല്ലാം പലരും ആദ്യമാദ്യം പോസ്റ്റ് ചെയ്തു. പക്ഷേ, ഇനിയുള്ള കാലത്ത് അതിനെല്ലാം നിയമം വരും," വിഷയത്തിന്റെ നിയമവശങ്ങളെക്കുറിച്ച് ഷിബു ചക്രവർത്തി പറഞ്ഞു തുടങ്ങി. 

ഇനിയും മിണ്ടാതിരിക്കുന്നതെങ്ങനെ?

ഇത് വെറുമൊരു ഇമോഷണൽ പ്രകടനമല്ലെന്ന് 'രചന' പറയുന്നു. "ഇതിൽ ആരെയും മോശമായി പറയുകയോ ചിത്രീകരിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല. ഇത്രയും കാലം മിണ്ടാതിരുന്നു. ഇനിയെങ്കിലും ഇക്കാര്യം പറഞ്ഞില്ലെങ്കിൽ ശരിയാകില്ല. ഇഷ്ടം പോലെ വയ്ക്കാൻ ഇത് മാർക്കറ്റിൽ നിന്ന് വാങ്ങിക്കൊണ്ടു വന്നതല്ലല്ലോ. ഇതൊരു ക്രിയേറ്റീവ് പ്രോപ്പർട്ടിയാണ്. നമ്മുടെ ഒരു പാട്ട് നമ്മുടെ മാത്രമല്ലല്ലോ! ഐപിആർഎസ് പ്രകാരം നാലു പേരാണ് പാട്ടിന്റെ കോപ്പിറൈറ്റ് അവകാശികൾ. മ്യൂസിക് ഡയറക്ടർ, പാട്ടെഴുതുന്ന വ്യക്തി, നിർമാതാവ്, പബ്ലിഷർ/ മ്യൂസിക് കമ്പനി എന്നിവർക്കാണ് പാട്ടിന്റെ അവകാശം. ഇവർക്കാണ് ഐപിആർഎസ് പ്രകാരമുള്ള പെയ്മന്റ് പോകുന്നത്. ഇതിനെക്കുറിച്ചു ബോധവൽക്കരണം കൂടി ആവശ്യമാണ്. ക്രെഡിറ്റില്ലാതെ പാട്ട് അപ്‍ലോഡ് ചെയ്യപ്പെട്ടാൽ അതു ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ആസ്വാദകർ ഉണ്ടാകേണ്ടതിന് ബോധവൽക്കരണം ആവശ്യമാണ്," ഷിബു ചക്രവർത്തി പറഞ്ഞു.  

കവർ ചെയ്യാൻ കൂടുതലായും തിരഞ്ഞെടുക്കുന്നത് സിനിമാപ്പാട്ടുകളാണ്. നമുക്ക് നാടകഗാനങ്ങളുടെയും ഫെസ്റ്റിവൽ ഗാനങ്ങളും ലളിതഗാനങ്ങളുടെയും സുവർണകാലമുണ്ടായിരുന്നു. ഇങ്ങനെയുള്ള എല്ലാ വഴികളും അടഞ്ഞടഞ്ഞ് ഇപ്പോൾ സിനിമയിൽ മാത്രമാണ് എവിടെയെങ്കിലുമൊക്കെ ഒരു പാട്ടു വരുന്നത്. അതും പണ്ടത്തെപ്പോലെ തീവ്രമായ രംഗത്തിനു വേണ്ടി ഒരുക്കുന്നതുമല്ല. അതായത്, സിനിമയുടെ ആ സ്പെയ്സും പാട്ടിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനിയുള്ളത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ്. അവിടെ പാട്ടിന് കൃത്യമായ ഇടം ഉണ്ടാക്കിയെടുത്തില്ലെങ്കിൽ അതും നഷ്ടപ്പെടും. പാട്ടുകൾ ഇല്ലാതെയാകും. സംഗീതം മനുഷ്യനെ വിട്ടു പോകുമെന്നല്ല ഉദ്ദേശിച്ചത്. പക്ഷേ, ഞാനുണ്ടാക്കുന്നത് എവിടെ കാണിക്കും? അതിന് ഒരു ഇടം വേണ്ടേ? അങ്ങനെ തുറന്നു കിട്ടിയിരിക്കുന്ന സ്പെയ്സ് ആണ് സോഷ്യൽ മീഡിയ. ആ ഇടത്തിൽ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരെ കൃത്യമായി അടയാളപ്പെടുത്തേണ്ടതുണ്ട്, ഷിബു ചക്രവർത്തി കൂട്ടിച്ചേർത്തു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA