‘ലോക റെക്കോർഡ് അടിച്ച ഫീൽ’; ഉസൈൻ ബോൾട്ടിന്റെ വിഡിയോയിൽ സ്വന്തം ബിജിഎം കേട്ടതിനെക്കുറിച്ച് ജേക്സ് ബിജോയ്

usain-bolt-jakes-bejoy
SHARE

സ്വന്തം സംഗീതം ലോകം ഏറ്റെടുത്ത സന്തോഷത്തിലാണ് ജേക്സ് ബിജോയ്. ലോക റെക്കോർഡ് ജേതാവായ ഉസൈൻ ബോൾട്ട് കഴിഞ്ഞ ദിവസം തന്റെ ജീവിതയാത്ര പശ്ചാത്തലമാക്കിയ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയ്ക്ക് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയി ചേർത്തിരിക്കുന്നത് ടോവിനോ നായകനായ ‘കൽക്കി’ എന്ന സിനിമയ്ക്കുവേണ്ടി ജേക്സ് ബിജോയ് ഒരുക്കിയ ബിജിഎം ആയിരുന്നു. ഒരു മത്സരത്തിൽ പരാജയപ്പെട്ടതിന്റെ വിഡിയോയും പിന്നീട് ലോകറെക്കോർഡ് കരസ്ഥമാക്കുന്നതിന്റെ വിഡിയോയും ചേർത്ത് തയ്യാറാക്കിയ മോട്ടിവേഷൻ വിഡിയോയിലാണ് ഉസൈൻ ബോൾട്ട് കൽക്കിയുടെ ബിജിഎം ഉപയോഗിച്ചത്. തന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഇതിനെ കാണുന്നു എന്ന് ജേക്സ് ബിജോയ് മനോരമ ഓൺലൈനിനോടു പറഞ്ഞു. 

വിവരിക്കാനാകാത്ത സന്തോഷം

ടോവിനോ മെസ്സേജ് ചെയ്തപ്പോഴാണ് ഈ വിവരം അറിയുന്നത്. വളരെയധികം സന്തോഷം തോന്നി. ലോകം ആരാധിക്കുന്ന ബോൾട്ട് എന്റെ ഒരു ബിജിഎം തന്റെ മോട്ടിവേഷൻ വിഡിയോയ്ക്കു വേണ്ടി ഉപയോഗിച്ചത് കണ്ടപ്പോൾ ലോകറെക്കോർഡ് കിട്ടിയതുപോലെയാണ് തോന്നിയത്. കോടിക്കണക്കിനു ബിജിഎം ഉള്ളപ്പോൾ നമ്മുടെ തന്നെ മ്യൂസിക് അദ്ദേഹം തിരഞ്ഞെടുത്തത് വലിയ അംഗീകാരം തന്നെ. മുന്നോട്ടുള്ള യാത്രയിൽ ഇതൊരു പ്രചോദനമാണ്.    

എന്തുകൊണ്ടാണെന്ന് അദ്ദേഹം ഈ മ്യൂസിക് തെരഞ്ഞെടുത്തത് എന്നറിയില്ല. ഈ ബിജിഎം മുൻപുതന്നെ വൈറൽ ആയിരുന്നു. നാഷണൽ ലെവലിൽ ഇൻസ്പിറേഷൻ വിഡിയോകൾക്ക് ഈ ബിജിഎം ഉപയോഗിച്ച് കാണാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ ഈ ബിജിഎം ഉള്ള വിഡിയോ ഷെയർ ചെയ്തിരുന്നു. ബോൾട്ട് ഷെയർ ചെയുക എന്നുവച്ചാൽ അത് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ്.

അദ്ദേഹം ഇത് അറിഞ്ഞിരുന്നെങ്കിൽ

ഈ സന്തോഷം അറിയിക്കാൻ ഉസൈന്‍ ബോൾട്ടിനെ ബന്ധപ്പെടാൻ തീർച്ചയായും ശ്രമിക്കും. എന്റെ മാത്രമല്ല ഒരു നാടിന്റെ തന്നെ നന്ദി അദ്ദേഹത്തെ അറിയിക്കും. കോടിക്കണക്കിന് ആരാധകരുള്ള അദ്ദേഹം നമ്മുടെ മെസ്സേജ് കാണുമോ എന്ന് അറിയില്ല. എനിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരുപാടു മെസ്സേജ് വരുന്നുണ്ട്. മലയാളി ആയതിൽ അഭിമാനം ഉണ്ട് എന്നൊക്കെയുള്ള സന്ദേശങ്ങളാണ് അത്. ഈയൊരു ബിജിഎം അദ്ദേഹം ഉപയോഗിച്ചതിൽ എല്ലാവരും സന്തോഷത്തിലാണ്. അദ്ദേഹത്തിന്റെ പോസ്റ്റിൽ ഏറ്റവും കൂടുതൽ ടാഗ് ചെയ്തിരിക്കുന്നത് മലയാളികളാണ്. ആ ഒരു സന്തോഷം അദ്ദേഹത്തെ അറിയിക്കാൻ ശ്രമിക്കുക തന്നെ ചെയ്യും.

മലയാളസംഗീതം കടൽകടന്ന് ശ്രദ്ധിക്കപ്പെടുന്നു

എന്റെ സംഗീതം എന്നതിലുപരി നമ്മുടെ സംഗീതം ലോക ശ്രദ്ധ നേടിയതിൽ സന്തോഷമുണ്ട്. മുൻപും പല മലയാള ഗാനങ്ങളും മറ്റു താരങ്ങൾ ഉപയോഗിച്ച് കണ്ടിട്ടുണ്ട്. ഇത് പിന്നെ ഉസൈൻ ബോൾട്ട് ആണ് ഷെയർ ചെയ്തത് എന്നുള്ളത് ഒരു മഹത്തായ കാര്യം തന്നെയാണ്. കൽക്കിയുടെ ടീം വലിയ സന്തോഷത്തിലാണ്.

ഈ മ്യൂസിക്കിന്റെ പിറവി

കൽക്കിയുടെ സംവിധായകൻ പ്രവീൺ പ്രഭാറാം നായകന്റെ ഇൻട്രോഡക്ഷനുവേണ്ടി ഒരു ബിജിഎം വേണമെന്ന് പറഞ്ഞു. നല്ല മാസ്സ് ആയിത്തന്നെ മ്യൂസിക് വേണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതിലെ നായകൻ ജീവിതത്തിലെ പരാജയങ്ങളിൽ നിന്നും വിജയിച്ചു കയറുന്ന രീതിയിൽ ഒരു പ്രോഗ്രസ്സിവ് ഗ്രാഫ് ഉള്ള ഒരു ബിജിഎം ആയിരുന്നു വേണ്ടത്. ആ മ്യൂസിക്ക് ആ സിനിമക്ക് നല്ല ഗുണം ചെയ്തിരുന്നു. ലോയിൽ തുടങ്ങി കയറിക്കയറി പോകുന്ന  സ്വഭാവമാണ് പാട്ടിനുള്ളത്. ചില ദിവസത്തെ മൂഡിന് അനുസരിച്ചാണ് ചെയ്യുന്ന മ്യൂസിക് നന്നാകുന്നത്. ഈ ബിജിഎം ചെയ്യാൻ ഇരുന്ന ദിവസം നല്ല മൂഡ് ആയിരുന്നിരിക്കും.  

  

മുൻപേ വൈറൽ

ബിജിഎം നന്നായി വന്നു എന്ന് തോന്നിയിരുന്നു. ഡയറക്ടറും ടോവിനോയും മറ്റു അണിയറ പ്രവർത്തകരുമെല്ലാം വിളിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു.  പിന്നീട് അതിനു കേരളത്തിൽ നല്ല റീച്ച് ഉണ്ടായി. ലയൺ കിങ്ങിന്റെ ഒരു ചെറിയ വിഡിയോയിൽ വഴിയിൽ കൂട്ടം തെറ്റിപ്പോയ കുഞ്ഞുങ്ങളെ  രക്ഷിക്കാനായി അപ്പൻ സിംഹം വരുന്ന സീനിൽ ഈ ബിജിഎം ഉപയോഗിച്ചത് ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിരുന്നു. ആ വിഡിയോയിൽ ഈ മ്യൂസിക് കേട്ടപ്പോൾ എല്ലാവര്‍ക്കും ഒരു ഇമോഷണൽ കണക്ഷൻ കിട്ടി. പിന്നീട് കുറേനാൾ എല്ലാവരുടെയും സ്റ്റാറ്റസ് ഒക്കെ ആ വിഡിയോ ആയിരുന്നു. അങ്ങനെയായിരിക്കണം ഈ മ്യൂസിക്കിന് ഇത്രയും ലോകശ്രദ്ധ കിട്ടിയത്. ഈ ബിജിഎം ഒന്നുകൂടി പുതുക്കി ചെയ്യാൻ താല്പര്യമുണ്ട്.

2021 മികച്ച തുടക്കം

കഴിഞ്ഞ വർഷം ഈ സമയത്ത് ഞാൻ ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ സംഗീതം ഹിറ്റായതിന്റെ സന്തോഷത്തിലായിരുന്നു. ഇത്തവണ ഈ മ്യൂസിക്.  2021 സന്തോഷകരമായി തുടക്കം കുറിച്ചു എന്നുതന്നെ കരുതുന്നു. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒക്കെ വലിയ സന്തോഷമായി.  ഫെബ്രുവരിയിൽ റിലീസ് ചെയ്യുന്ന ഓപ്പറേഷൻ ജാവ എന്ന സിനിമക്കു വേണ്ടിയാണ് പുതുതായി മ്യൂസിക് ചെയ്തിരിക്കുന്നത്. പിന്നെ പൃഥ്വിരാജ് നിർമ്മിക്കുന്ന കുരുതി എന്ന സിനിമ, പൃഥ്വിരാജിന്റെ തന്നെ ജനഗണമന, മമ്മൂട്ടിയുടെ ഒരു സിനിമ അങ്ങനെ മറ്റു ചില ചിത്രങ്ങളുടെ മ്യൂസിക്കും ചെയ്‌തുകൊണ്ടിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA