ADVERTISEMENT

കെ.എസ്.ചിത്രയെന്ന പേരു കേൾക്കുമ്പോൾ കാതിൽ തേന്മഴയായി പാടുന്ന മധുരസ്വരത്തിനൊപ്പം, ലാളിത്യവും വിനയവും കസവിട്ട നിഷ്കളങ്ക ചിരികൂടി സംഗീതപ്രേമികളുടെ മനസ്സിലെത്തും. പ്രതിഭയുടെ കയ്യൊപ്പിനു മകുടം ചാർത്തുന്ന എളിമയുടെ വലുപ്പം കൂടിയാകുമ്പോൾ അതു കെ.എസ്.ചിത്രയായി. അഞ്ചര വയസ്സിലാണ് ആകാശവാണിയിലൂടെ പ്രേക്ഷകർ ‘ചിത്രാനാദം’ ആദ്യമായി കേൾക്കുന്നത്. നാലു പതിറ്റാണ്ടിലേറെയായി ആ നാദം ചലച്ചിത്രഗാനങ്ങളിലൂടെ ആരാധകലക്ഷങ്ങളെ തഴുകുന്നു. ഇതിനിടെ, 3 ഭാഷകളിലായി 6 ദേശീയ പുരസ്കാരങ്ങൾ. തലമുറകൾ ഹൃദയത്തോടു ചേർക്കുന്ന ഗാനങ്ങളിലൂടെ 36 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ; അതും ബംഗാളിയും ഒഡിയയും ഉൾപ്പെടെ വ്യത്യസ്ത ഭാഷകളിൽ. 

ഫലം നിറഞ്ഞ മരച്ചില്ലയെന്ന പോലെ, ഓരോ പുരസ്കാര നിറവിലും ആരാധകരുടെ പ്രിയപ്പെട്ട ‘ചിന്നക്കുയിൽ’ കൂടുതൽ വിനയാന്വിതയാകുന്നു. അതുകൊണ്ടുകൂടിയാണ്, പത്മഭൂഷൺ പട്ടികയിലെ ‘കൃഷ്ണൻ നായർ ശാന്തകുമാരി ചിത്ര’യെന്ന പേര് എല്ലാവരുടെയും ആഹ്ലാദമായി മാറുന്നത്. പത്മഭൂഷൺ പ്രഭയിൽ കെ.എസ്.ചിത്ര മനോരമയോടു സംസാരിക്കുന്നു.

-- ആദ്യമായി ലഭിച്ച അവാർഡ് ഓർമയുണ്ടോ. പത്മഭൂഷൺ പട്ടികയിൽ പേരു കണ്ടപ്പോൾ എന്തു തോന്നി?

ആദ്യമായി ലഭിച്ചതു ഫിലിം ക്രിട്ടിക്സ് അവാർഡാണ്. ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയിലെ ‘ആയിരം കണ്ണുമായി’ എന്ന പാട്ടിനാണതു ലഭിച്ചത്. പത്മ പുരസ്കാരം പ്രഖ്യാപിക്കുന്ന ദിവസം ഉച്ചയോടെ ഡൽഹിയിൽനിന്നു വിളിച്ച് പേരിന്റെ പൂർണരൂപവും മറ്റും തിരക്കിയിരുന്നു. വൈകിട്ട് അവാർഡ് പ്രഖ്യാപിച്ചപ്പോൾ ശരിക്കും ഞെട്ടി. 

ദേശീയ ചലച്ചിത്ര പുരസ്കാരമൊക്കെ ഏതെങ്കിലുമൊരു പാട്ടിന്റെ മികവു പരിഗണിച്ചാണല്ലോ നൽകുന്നത്. പത്മഭൂഷൺ രാജ്യം നൽകുന്ന അംഗീകാരമാണ്. അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷം. അംഗീകാരത്തിനൊപ്പം ഉത്തരവാദിത്തം കൂടിയായി പുരസ്കാരത്തെ കാണുന്നു.

--ഒരുപാടു പേർക്ക് ഏകാന്തതകളിൽ കൂട്ട്  ചിത്രയുടെ പാട്ടാണ്. ഒറ്റയ്ക്കാകുമ്പോഴും യാത്ര ചെയ്യുമ്പോഴും ചിത്ര കേൾക്കുന്ന പാട്ട് ഏതാണ്?

മെലഡി ഗാനങ്ങളാണ് എപ്പോഴും കേൾക്കുന്നത്; പ്രത്യേകിച്ചൊരു പാട്ടെന്നില്ല. ഗസലുകളും ധാരാളം കേൾക്കും. റിയാലിറ്റി ഷോകളുടെ ഭാഗമായതിനു ശേഷം പങ്കെടുക്കുന്ന കുട്ടികൾ അയച്ചുതരുന്ന പാട്ടുകൾ കേൾക്കുക, അവ തിരുത്തി അയച്ചു കൊടുക്കുക, നിർദേശങ്ങൾ നൽകുക എന്നിവയൊക്കെയാണ് ഇപ്പോൾ യാത്രകളിലെ ശീലം. 

--ലോക്ഡൗൺ ദിനങ്ങൾ എങ്ങനെ ചെലവഴിച്ചു?

സത്യം പറഞ്ഞാൽ എനിക്കു ബോറടിച്ചിട്ടേയില്ല. സിംഗപ്പൂരിൽ റിയാലിറ്റി ഷോയുടെ ഷൂട്ട് കഴിഞ്ഞ് കഴിഞ്ഞ വർഷം മാർച്ച് രണ്ടിനാണു തിരിച്ചെത്തിയത്. വിദേശയാത്ര കഴിഞ്ഞെത്തിയവരുടെ വീടുകൾക്കു മുന്നിൽ പതിക്കുന്ന പോസ്റ്റർ എന്റെ വീട്ടിലും ചെന്നൈ കോർപറേഷൻ പതിച്ചു. ഞാനും വിജയേട്ടനും (ഭർത്താവ് വിജയ് ശങ്കർ) കൂടെയുള്ള രണ്ടുപേരും പിന്നെ വീടിനുള്ളിലൊതുങ്ങി. ആദ്യത്തെ ഒരാഴ്ച നന്നായി ഉറങ്ങി. തിരക്കുകൾക്കിടയിൽ ലഭിച്ച ബ്രേക്ക് പോലെ ആസ്വദിച്ചു. പിന്നീട് മനസ്സിനെ അസ്വസ്ഥമാക്കുന്ന വാർത്തകൾ കേട്ടുതുടങ്ങി.  

അതിനിടെയാണ് എസ്പിബി സർ വിളിച്ചത്. അദ്ദേഹം തെലുങ്കിൽ തയാറാക്കിയ കോവിഡ് ബോധവൽക്കരണ ഗാനങ്ങൾ മലയാളത്തിലാക്കി വോയ്സ് മെസേജ് ചെയ്യണമെന്നു പറയാനായിരുന്നു വിളി. അതിൽ കോവിഡ് മുന്നണിപ്പോരാളികളെ അഭിവാദ്യം ചെയ്യുന്ന പാട്ട് ഞാൻ പാടുകയും ചെയ്തു. എസ്പിബി സാറിന്റെ സംഗീതത്തിൽ അവസാനമായി ഞാൻ പാടിയ പാട്ട്.

നമുക്കും എന്തെങ്കിലുമൊക്കെ ചെയ്തുകൂടേ എന്ന ചിന്ത വന്നു. പാട്ടുകാരുടെ വാട്സാപ് ഗ്രൂപ്പിൽ അതു പങ്കുവച്ചു. അങ്ങനെയാണ്, ‘ലോകം മുഴുവൻ സുഖം പകരാനായ്’ എന്ന കൂട്ടായ്മയുടെ പാട്ടു പിറന്നത്. ശ്രുതിയും താളവും സെറ്റ് ചെയ്ത് അയച്ചുകൊടുത്തതിനനുസരിച്ച് എല്ലാവരും പാടുകയായിരുന്നു. അതിനു സമൂഹമാധ്യമങ്ങളിൽ ലഭിച്ച വലിയ സ്വീകരണം ആവേശമായി. ശ്രീകുമാരൻ തമ്പി സാറിന്റെ ഭാര്യ രാജിച്ചേച്ചി എഴുതി, ശരത് സംഗീതസംവിധാനം നിർവഹിച്ച കോവിഡ് ആൽബം ആ ആവേശത്തിന്റെ ബലത്തിൽ ചെയ്തതാണ്. എസ്പിബി സാറും ശങ്കർ മഹാദേവൻ സാറും അതിൽ പാടി. 

പിന്നീട് ഇത്തരം ഒരുപാടു ശ്രമങ്ങളുടെ ഭാഗമായി. യുഎസ് ആസ്ഥാനമായ എജുരാഗ എന്ന സംഗീത പോർട്ടൽ വഴി ഓൺലൈൻ സംഗീത ക്ലാസ് തുടങ്ങി. അതു തുടരുന്നു. പിന്നെ, ചെറിയ വ്യായാമമൊക്കെയായി എനിക്കു വേണ്ടി കുറച്ചുസമയം ചെലവഴിക്കാനായി.

 

---ചെന്നൈയിലേക്കു മാറിയതു കരിയറിൽ വലിയ നേട്ടമായി. എന്നാൽ, നാട്ടിൽനിന്നു മാറിനിൽക്കുന്നതിന്റെ നഷ്ടങ്ങൾ എന്തൊക്കെയാണ്?

ബന്ധുക്കളെ കാണാനോ അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട അവസരങ്ങളിൽ ഒപ്പമുണ്ടാകാനോ കഴിയുന്നില്ലെന്നതാണു വലിയ നഷ്ടം. ഏറ്റവും അടുത്തയാളുകളുടെ വിവാഹത്തിലുൾപ്പെടെ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. അതുതന്നെയാണ് ഏറ്റവും മിസ് ചെയ്യുന്നത്. എങ്കിലും, നാട്ടിലെത്തുന്ന സമയങ്ങളിൽ എല്ലായിടത്തും ഓടിയെത്തി ആ കുറവു നികത്താൻ പരമാവധി ശ്രമിക്കാറുണ്ട്. 

---എസ്പിബിയും കൈതപ്രവും ഇത്തവണ പത്മ പുരസ്കാരപ്പട്ടികയിലുണ്ട്. അവർക്കൊപ്പമുള്ള അനുഭവം?

എസ്പിബി സാറിനൊപ്പം ഒട്ടേറെ പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചു. സംഗീതത്തിൽ മാത്രമല്ല, സ്വഭാവത്തിലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും ഒരുപാടു കാര്യങ്ങൾ അദ്ദേഹത്തിൽനിന്നു പഠിച്ചു. അമേരിക്കയിൽ ഒരു സ്റ്റേജ് പ്രോഗ്രാമിനു പോയ അനുഭവം പറയാം. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണു സംഗീതപരിപാടി. ആദ്യ രണ്ടു ദിവസത്തെ പ്രോഗ്രാം കഴിഞ്ഞ് മൂന്നാമത്തെ വേദിയിലെത്തി. എല്ലാവരും ക്ഷീണിച്ചിരുന്നു. ഹോട്ടലിലെത്തിയപ്പോൾ എസ്പിബി സാറിനുള്ള മുറി റെഡിയാണ്. മറ്റുള്ളവരുടേത് ക്ലീനിങ് നടക്കുകയാണെന്നും ഉടൻ കൈമാറുമെന്നും അറിയിച്ചു. എന്നാൽ, എല്ലാവരുടെയും മുറിയുടെ താക്കോൽ ലഭിക്കുന്നതുവരെ എസ്പിബി സർ അവിടെയിരുന്നു. മുറിയിൽ പോകാൻ എല്ലാവരും നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല. ഞാൻ പോയാൽ താക്കോൽ കിട്ടാൻ ഇനിയും വൈകുമെന്നായിരുന്നു മറുപടി. 

‘എന്റെ കുട്ടികൾ’ എന്നാണ് ഒപ്പമുള്ളവരെ വിശേഷിപ്പിച്ചിരുന്നത്. ഇത്രയും ഉന്നതസ്ഥാനത്തിരിക്കുന്ന ഒരാൾ കൂടെയുള്ളവരോടു കാണിച്ചിരുന്ന കരുതലും വാത്സല്യവും അത്രയ്ക്കു വലുതായിരുന്നു. പ്രോഗ്രാമുകൾക്കു മുൻപ് സമ്പൂർണ റിഹേഴ്സൽ, വേദിയിൽ കയറുന്നതിനു മുൻപ് എല്ലാവരും ചേർന്നുള്ള പ്രാർഥന എന്നിവയെല്ലാം സാറിനു നിർബന്ധമായിരുന്നു. കൂടെയില്ലെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. 

പാട്ടെഴുത്തുകാരനാകുന്നതിനു മുൻപേ കൈതപ്രം തിരുമേനിയെ അറിയാം. പാങ്ങോട് ക്ഷേത്രത്തിൽ പൂജാരിയായിരിക്കെ അദ്ദേഹത്തിൽനിന്നു പ്രസാദം സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മനോഹരമായ ഒട്ടേറെ രചനകളുടെ ശബ്ദമാകാൻ കഴിഞ്ഞതു ഭാഗ്യം. ഓഡിയോ ട്രാക്സ് എന്ന കമ്പനി സ്വന്തമായി തുടങ്ങിയപ്പോൾ ആദ്യ ആൽബത്തിനു പാട്ടെഴുതിത്തന്നത്  അദ്ദേഹമാണ്. 

എസ്.ജാനകിയുമായി പ്രത്യേക ആത്മബന്ധമുണ്ടെന്നു തോന്നിയിട്ടുണ്ട്...

ജാനകിയമ്മ ഇപ്പോൾ വിളിച്ചതേയുള്ളൂ. എന്നെ ‘കണ്ണമ്മാ’ എന്നാണു വിളിക്കുന്നത്. നേരിൽ കണ്ടിട്ട് ഒരുപാടു നാളായി. എന്നാൽ, വോയ്സ് മെസേജുകളും വിഡിയോ കോളുകളുമായി അടുത്തുതന്നെയുണ്ട്. പാടിത്തുടങ്ങിയ കാലത്ത് ജാനകിയമ്മയുടെയും സുശീലാമ്മയുടെയും പാട്ടുകൾ കേട്ടാണു പഠിച്ചത്. അവരുടെ എക്സ്പ്രഷനൊക്കെ വലിയ ഇഷ്ടമാണ്. സുശീലാമ്മയോടും വലിയ ആരാധനയാണ്.

ജാനകിയമ്മയുടെ അടുത്തിരിക്കുമ്പോൾ അമ്മയുടെ വാത്സല്യം നമുക്ക് അനുഭവപ്പെടും. സംസാരിക്കുന്നതിലും നമ്മളെ തൊടുന്നതിലുമൊക്കെയുണ്ട് ഒരു അമ്മവാത്സല്യം. അമ്മയെപ്പോലെ, ജാനകിയമ്മ ചോറുരുട്ടിത്തരും. ഹൈദരാബാദിൽ പോയാൽ ഒരു ഉരുളയെങ്കിലും കഴിക്കാതെ വിടില്ല. അടുക്കളയിൽ കയറി, ആന്ധ്രാ സ്റ്റൈലിൽ നല്ല എരിവുള്ള സ്പെഷൽ ചട്നി നെയ്യൊക്കെ ചേർത്ത് ഉരുട്ടി വായിൽ വച്ചുതരും.

ഒരു നവരാത്രി ഉത്സവത്തിനാണു ജാനകിയമ്മയുമായുള്ള ബന്ധം ആരംഭിക്കുന്നത്. അന്നെനിക്ക് ഏറെ അടുപ്പമുള്ള നന്ദിനിച്ചേച്ചിയെ ജാനകിയമ്മ വീട്ടിലേക്കു ക്ഷണിച്ചിരുന്നു. നന്ദിനിച്ചേച്ചിക്കൊപ്പം ക്ഷണിക്കപ്പെടാത്ത അതിഥിയായാണു ഞാൻ പോയത്. ജാനകിയമ്മയോടുള്ള ഇഷ്ടം കാരണമാണ് ഒപ്പം കൂടിയത്. പരിചയപ്പെടുത്തിയപ്പോൾ, ഞാൻ അമ്മയ്ക്കു വേണ്ടി നേരത്തേ പാടിയ ട്രാക്ക് കേട്ട കാര്യം ഓർമിച്ചു. പാട്ടുപാടാൻ പറഞ്ഞപ്പോൾ ഒരു കീർത്തനം പാടി. അന്നു ജാനകിയമ്മ തന്ന സമ്മാനം ഇന്നും ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട് – യൂണിബോൾ വൈറ്റ് പെൻ, വൈറ്റ് ആൽബം, അതിന്റെ പുറത്ത് ജാനകിയമ്മ ഒപ്പിട്ട ഫോട്ടോ, അകത്തു നിറയെ ഹാൻഡ്കർച്ചീഫുകൾ, കണ്ണാടിയടപ്പുള്ള പാത്രത്തിൽ പ്രസാദം. എന്തൊരു സന്തോഷമായിരുന്നു. ഇപ്പോൾ ഓർക്കുമ്പോഴും അതേ സന്തോഷം.

---എപ്പോഴും ചിരിക്കുന്ന ചിത്രയ്ക്കു ദേഷ്യം വരുന്നത് എപ്പോഴാണ്?

ചെറിയ വട്ട് എന്നൊക്കെ വിളിക്കാവുന്ന രീതിയിൽ അടുക്കും ചിട്ടയുമൊക്കെ കുറച്ചു കൂടുതലുള്ളയാളാണ്. അടുക്കിവയ്ക്കുന്ന വസ്തുക്കൾ ചെറുതായി മാറിപ്പോയാലും ദേഷ്യം വരും.

---ഒരുപാടു ഭാഷകളിൽ പാടി. ഇനി ഏതെങ്കിലും  ഭാഷയിൽ പാടാൻ മോഹമുണ്ടോ?

പുതിയ ഭാഷകൾ പഠിക്കാൻ ഇഷ്ടമാണ്. കന്നഡയിൽ ഒട്ടേറെ പാട്ടുകൾ പാടിയെങ്കിലും ഒഴുക്കോടെ സംസാരിക്കാനാവില്ല. കന്നഡ പാട്ടുകൾക്കായി പോകുമ്പോൾ എന്നോട് എല്ലാവരും തെലുങ്കിലോ തമിഴിലോ ആണു സംസാരിക്കുക. കന്നഡയിൽ നിന്നു റിയാലിറ്റി ഷോകൾക്കും മറ്റും ക്ഷണം ലഭിക്കാറുണ്ട്. എന്നാൽ, ഭാഷ നന്നായി വഴങ്ങാത്തതിനാൽ പോകാറില്ല. 

ചിരിച്ചുകൊണ്ടു തന്നെയാണ് 

ചിത്ര അഭിമുഖം അവസാനിപ്പിച്ചത്. 

അനേകായിരം മനോഹര ഗാനങ്ങൾക്കൊപ്പം 

ആരാധകലക്ഷങ്ങൾ ഹൃദയത്തോടു 

ചേർത്തുവയ്ക്കുന്ന അതേ ചിരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com