ഉപദ്രവമാകുന്ന പാട്ടൊരിക്കലും ചെയ്തിട്ടില്ല; 'ലജ്ജാവതി...' സിനിമയ്ക്കാവശ്യമായ ഗാനം; മനസ്സ് തുറന്ന് കൈതപ്രം

kaithapram.jpg.image.845.440
കൈതപ്രം ദാമോദരൻ നമ്പൂതിരി. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ
SHARE

മനസ്സിലൊരൽപം ഗൃഹാതുരത്വമുണർന്നാൽ, ഒന്നു മൂളിയാൽ മലയാളികളുടെ ചുണ്ടിലെത്തുന്ന പാട്ടുകളിൽ അൽപം ‘കൈതപ്രത്തം’ ഉണ്ടാകും. പാട്ടിനുള്ളിലെ പ്രകൃതിയും വിങ്ങലും വിരഹവും വിശ്വാസവും ശൂന്യതയുമെല്ലാം ശ്രോതാവിന്റെ ഹൃദയത്തിൽ തൊടും; സ്രഷ്ടാവിന്റെ തൂലിക കൊതിച്ചതു പോലെ തന്നെ. മൂന്നരപ്പതിറ്റാണ്ടായി മലയാളത്തിനും മലയാളികൾക്കും ഭാഷാനൈർമല്യം പകർന്നു നൽകുന്ന ആ നാദമയൂഖത്തിന്, ദേവദുന്ദുഭിക്ക് രാജ്യം നൽകിയ സ്നേഹശീർഷകമാണ് ‘പത്മശ്രീ’.

‘പൂവട്ടക തട്ടിച്ചിന്നി, പൂമലയിൽ പൂമഴ ചിന്നി... പൂക്കൈത കയ്യുംവീശി ആ മല ഈ മല പൂമല കേറി...’ വരികളിൽ പാട്ടിന്റെ പൂക്കളം തീർത്താണ് കൈതപ്രം സിനിമാഗാനരംഗത്തേക്ക് അരങ്ങേറിയത്. പാട്ടെഴുതിയും പാടിയും സംഗീതം നൽകിയും അഭിനയിച്ചും സംവിധാനം ചെയ്തും മലയാളസിനിമയിൽ സർവവ്യാപിയായ കൈതപ്രം ദാമോദരൻ നമ്പൂതിരി ജീവിതം പറയുന്നു. 

മലയാളത്തിന്റെ, കേരളീയതയുടെ തനിമ നിറഞ്ഞ വരികളാണു ഗാനങ്ങളിലേറെയും. നാട്ടിലെത്തുമ്പോൾ ഇപ്പോഴും കുട്ടിക്കാലത്തെത്താറുണ്ടോ? 

എന്റെ പാട്ടുകളിൽ എന്റെ ജീവിതമടക്കി വച്ചിട്ടുണ്ട് പലപ്പോഴും. മഴവെള്ളം പോലെയാണെനിക്കു കുട്ടിക്കാലം. നാടൻ എഴുത്തുമാഷായ ചന്തൂട്ടി മാഷായിരുന്നു ആദ്യ ഗുരു. അതാണെന്റെ അടിസ്ഥാനം. സ്കൂൾ പഠനത്തെക്കാൾ ആസ്വദിച്ച കാലം അതായിരുന്നു. പയ്യന്നൂരിൽ ഞാൻ കണ്ടുവളർന്ന നാട്. ഓടിനടക്കാനും പുഴയിൽ തുള്ളിക്കളിക്കാനും ലഭിച്ച അവസരങ്ങൾ. വൈകിട്ട് അമ്മ വിളിക്കാനെത്തും വരെ പുഴയിലായിരിക്കും. അതുപോലെ അനുഭവിച്ച കുട്ടിക്കാലം. അതെന്നെ അറിയാതെ കവിയാക്കി. പിന്നീട് ആസ്വദിച്ചുള്ള വായന തുടങ്ങി. 10–ാം വയസ്സിൽ തുടങ്ങിയ തുടർച്ചയായ വായന. കയ്യെത്തും ദൂരെത്തന്നെയാണെനിക്കു കുട്ടിക്കാലം.. ‘എനിക്കു വേണം പുഴവെള്ളത്തിൽ തുള്ളിത്തുളുമ്പുന്നൊരു ബാല്യം..’ ‘വണ്ണാത്തിപ്പുഴയുടെ തീരത്ത്..’ 

ഇതൊക്കെ തിരിച്ചുപോകാൻ പറ്റാത്ത സുന്ദരകാലമെങ്കിലും ഒന്നു കണ്ണടച്ചിരുന്നാൽ ആ കാലത്തെത്തും. തെയ്യത്തിന്റെ താളം, ചെണ്ടയുടെ താളം, ഗ്രാമത്തിന്റെ സജീവത അനുഭവിച്ചറിഞ്ഞതാണിതൊക്കെ. അമ്മയെക്കുറിച്ചുള്ള ഓർമകൾ ആത്മീയമായ ബന്ധമാണ്. അച്ഛനും അങ്ങനെ. പോയാലും പോകാത്ത ബന്ധം. ഗായിക ചിത്ര പറയും, ‘മാമ്പൂമണവും കുളിരും മാടിവിളിക്കെ... കുറുമൊഴിയുടെ കവിളിതളിൽ കുങ്കുമമേറ്റു...’ കേൾക്കുമ്പോൾ നാവിൽ ആ രുചിയെത്തുമെന്ന്. ‘ദൂരെദൂരെ സാഗരം തേടി, പോക്കുവെയിൽ പൊൻനാളം...’ ഇതൊക്കെ അനുഭവങ്ങളിൽനിന്നു ലഭിക്കണം. ജോൺസണുമൊന്നിച്ചുള്ള പാട്ടുകളെല്ലാം കേരളീയത നിറഞ്ഞുനിൽക്കുന്നവയാണ്. 

സിനിമയിലെത്തും മുൻപത്തെ എഴുത്ത്...

തരംഗിണിയിലായിരുന്നു തുടക്കം. ആകാശവാണിയിലും എഴുതി. അന്നവിടെ ചിത്ര എത്തിയത് ഓർക്കുന്നു. ചിത്ര അന്നു കൊച്ചുകുട്ടിയാണ്. മിനി കോറൽ എന്ന ഗ്രൂപ്പുണ്ടായിരുന്നു. എം.ജി.രാധാകൃഷ്ണൻ ചേട്ടന്റെ കൈ പിടിച്ചാണു ചിത്ര വന്നത്. എന്റെ പാട്ടാണ് അന്നു ചിത്ര പാടിയത്. ‘അമ്മാത്തെ പടിഞ്ഞാറ്റേ തേവാരം, പന്തിവിളക്കിൽ‍ പടുതിരി കത്തി...’ അവിടെയിരുന്ന് ആ സമയത്ത് ഞാൻ എഴുതി നൽകിയ പാട്ടാണ്. റേഡിയോ ഗാനങ്ങൾ അന്നുമുതലുണ്ട്. കാവാലം സാറിന്റെ നാടക ട്രൂപ്പ്. അടുത്ത വളർച്ച അവിടെനിന്നാണ്. മനസ്സിലെ ദൃശ്യങ്ങൾ പുറത്തുവന്നു. ഉള്ളിലുള്ള കവിതയും സംഗീതവും ദൃശ്യമായി പുറത്തുവന്നു. അതിന്റെ മൂർത്തീഭാവമാണു സിനിമ. കഴിഞ്ഞ 35 വർഷമായി അതു തുടരുന്നു. 

മക്കളിൽ കൂടുതലിഷ്ടം ആരോടാണ് എന്നതു‌ പോലെ, പറയാൻ പ്രയാസമാണെങ്കിലും ഇതുവരെ എഴുതിയതിൽ ഹൃദയത്തോടു ചേർത്തുനിർത്തിയ വരികൾ...? 

നാടോടിത്തമുള്ള വരികളാണിഷ്ടം. ‘കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ..’ എന്ന ‘ദേശാടന’ത്തിലെ ഗാനം ഏറെ ഇഷ്ടമാണ്. ‘അമര’ത്തിലെ വരികളും വളരെ പ്രിയപ്പെട്ടതാണ്. ‘വികാരനൗകയുമായ് തിരമാലകളാടിയുലഞ്ഞു..’ അത് ഒഴിവാക്കിയാലോ എന്ന് ആലോചനയുണ്ടായിരുന്നു. ഷൂട്ടിങ്ങിനു ശേഷമായിരുന്നു അത്. ഭരതൻ പറഞ്ഞു – ‘അതു മുറിക്കരുത്. മുറിച്ചെടുത്താൽ രക്തം വരും. ജീവനുള്ള വരികളാണവ’. എന്റെ മുന്നിൽവച്ചാണതു പറഞ്ഞത്. എനിക്കു കിട്ടിയ വലിയൊരു അവാർഡായിരുന്നു അത്. ചില സിനിമകൾ അതിലെ പാട്ടിന്റെ പേരിൽ ഓർമിക്കപ്പെടുമ്പോൾ, ആസ്വാദകർ അതു തുറന്നുപറയുമ്പോൾ അതിലും വലുതല്ല എനിക്കു മറ്റൊന്നും. 

ഇതുവരെ മുന്നൂറ്റൻപതിലേറെ സിനിമകൾക്കായി പാട്ടുകളെഴുതി. തൊണ്ണൂറുകളിൽ ഒരേസമയം ഒട്ടേറെ പ്രധാനപ്പെട്ട സിനിമകൾ. തിരക്കിന്റെ കാലത്തെ എങ്ങനെ കൈകാര്യം ചെയ്തു?

തൊണ്ണൂറുകളിൽ 10 സിനിമകൾ വരെ ഒന്നിച്ചു വന്നിട്ടുണ്ട്. പൂക്കാലം വരവായി, ഞാൻ ഗന്ധർവൻ, അമരം, വിദ്യാരംഭം ഒക്കെ വരുന്നത് ഏതാണ്ട് ഒരേ സമയത്താണ്. ഒരു ചിത്രത്തിലേത് എഴുതി പൂർത്തിയാക്കിയ ശേഷമേ അടുത്തതിലേക്കു കടക്കൂ. ഒരിക്കലും രണ്ടു സിനിമകൾ‍ക്കായി ഒന്നിച്ചെഴുതില്ല. അതിനാൽ ഏകാഗ്രത നഷ്ടപ്പെടുന്ന പ്രശ്നമില്ല. ഓരോ സിനിമയ്ക്കും കഥാസന്ദർഭങ്ങളിലെ വ്യത്യസ്തത മനസ്സിരുത്തി ഉൾക്കൊണ്ട ശേഷമാണു രചന. അതിനെ പരമാവധി നന്നാക്കണം. സാഹചര്യങ്ങളിലേക്ക് ഇഴുകിച്ചേർന്നെഴുതും. അന്നും അങ്ങനെ; ഇന്നും അങ്ങനെ തന്നെ.

ഗാനരചനയ്ക്കൊപ്പം സംഗീത സംവിധാനത്തിലും മികവു തെളിയിച്ചു.  ഇരുവിഭാഗത്തിലും സംസ്ഥാന പുരസ്കാരത്തിന് അർഹനായി. എഴുത്തും സംഗീതവും ഒന്നിച്ചു  കൊണ്ടുപോകുന്നതിൽ അധികഭാരം തോന്നിയിട്ടുണ്ടോ?

സംഗീതം എപ്പോഴുമെന്റെ ഉള്ളിലുണ്ട്. എന്നാൽ, മറ്റുള്ളവർ ചെയ്യുമ്പോൾ ഞാനൊരിക്കലും ഇടപെടാറില്ല. പക്ഷേ, മിക്കവരും എന്റെ അഭിപ്രായം തേടാറുണ്ട്. ജോൺസൺ എപ്പോഴും ടെംപോ സെറ്റ് ചെയ്യാൻ എന്നെ വിളിക്കും. ‘വെള്ളാരപ്പൂമല മേലെ...’യിലാണ് ഞങ്ങൾ തുടങ്ങിയത്. എഴുതുമ്പോൾത്തന്നെ താളം മനസ്സിലുണ്ട്. അതിൽ കൂടുതലോ കുറവോ വന്നാൽ പ്രശ്നമാണ്. ലിറിക് സംവിധായകർ ചിന്തിക്കാത്ത രീതിയിലേക്കു കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. ജോൺസണെന്നെ വലിയ വിശ്വാസമാണ്. ചോദ്യം ചെയ്യില്ല. റിക്കോർഡ് ചെയ്യുമ്പോൾ ഞാനുണ്ടാകണമെന്നു പറയും. ‘കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി..’യിലൊക്കെ വേഗം കൂടുന്ന ടെംപോയെ ലിറിക്കോടു കൂടി പിടിച്ചുനിർത്തിയാണു ചെയ്തിട്ടുള്ളത്. സംഗീതം ആവശ്യത്തിനു മാത്രമേ ഞാൻ ചെയ്യൂ. സംഗീതം കൂടിയാലും പ്രശ്നമാകും. ചില പുതിയ ആളുകളുടെ കയ്യിൽനിന്നു സംഗീതം പിടിവിട്ടു പോകുന്നതുപോലെ തോന്നിയിട്ടുണ്ട്.

‘വേളിക്കു വെളുപ്പാൻ കാലം 

താലിക്കു കുരുത്തോല, 

കോടിക്കു കന്നിനിലാവ്, 

സിന്ദൂരത്തിനു മൂവന്തി

കോലോത്തെ തമ്പ്രാട്ടിക്ക് 

മനംപോലെ മംഗല്യം...’

പല്ലവിയിൽത്തന്നെ കാര്യങ്ങൾ പറഞ്ഞുകഴിയണം. സംവിധായകനെയും സിനിമയെയും മനസ്സിലാക്കണം. സിനിമയ്ക്ക് ഉപദ്രവമാകുന്ന പാട്ടൊരിക്കലും ചെയ്തിട്ടില്ല. ‘ലജ്ജാവതി...’ സിനിമയ്ക്കാവശ്യമായ ഗാനമാണ്. ആ പാട്ടില്ലെങ്കിൽ സിനിമ മുന്നോട്ടുപോകില്ല. എഴുത്തും സംഗീതവും എനിക്കു വലിയ പുഴയുടെ സമാന്തരമായൊഴുകുന്ന കൈവഴികൾ‍ പോലെയാണ്. അധികഭാരമല്ല. നന്നായാൽ ആസ്വാദകർ ഏറ്റെടുക്കും. ആശങ്കകളില്ല. 

ഒരു വർ‍ഷത്തോളമായി ലോക്ഡൗൺ നിയന്ത്രണങ്ങൾ. ഈ കാലത്ത് എഴുത്ത് എങ്ങനെയായിരുന്നു? 

ലോക്ഡൗൺകാലത്ത് രോഗാവസ്ഥ കുറച്ചൊക്കെ ബാധിച്ചിരുന്നു. എഴുത്ത് ആ സമയത്തും ഒപ്പമുണ്ടായിരുന്നു. ഒരു ഗദ്യപുസ്തകം, ഒരു കവിത എന്നിവ ഇറങ്ങാനുണ്ട്. പുസ്തകത്തിൽ, ഇതുവരെ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ്. അതൊക്കെ സംഘടിപ്പിക്കുന്നു. ഒന്നു രണ്ടു തിരക്കഥകൾ മനസ്സിലുണ്ട്. നിലവിൽ ഇറങ്ങേണ്ട ഒരു ചിത്രമുണ്ട്. അതിനു ശേഷം അടുത്തതിലേക്കു കടക്കും. 

പുരസ്കാര ചർച്ചകൾ മുൻപും ഉണ്ടായിട്ടുണ്ടല്ലോ, ഇത്തവണ പ്രതീക്ഷിച്ചിരുന്നോ? 

മൂന്നു വർഷം മുൻപു വലിയ ചർച്ചകൾ വന്നിരുന്നു. പല ആളുകളും വ്യക്തിപരമായി സൂചന തന്നിരുന്നു. അന്നു ഞാനും പ്രതീക്ഷിച്ചിരുന്നു. പിന്നീടു വിവരമൊന്നുമുണ്ടായില്ല. ഇക്കുറി അമിത പ്രതീക്ഷയോ ആകാംക്ഷയോ ഉണ്ടായിരുന്നില്ല. കഴിഞ്ഞ 25ന് ഉച്ചയ്ക്കു വീട്ടിലിരിക്കുമ്പോഴാണ് ഔദ്യോഗികമായി വിവരമറിയുന്നത്. വൈകിട്ട് മള്ളിയൂരിലെ ദിവാകരൻ നമ്പൂതിരിപ്പാട് വിളിച്ചു. എന്റെയും ചിത്രയുടെയും പേരുണ്ടെന്ന വിവരം പറഞ്ഞു. പിന്നീടു മാധ്യമങ്ങളിലെല്ലാം വാർത്ത വന്നു. സന്തോഷം. അമിത ആഹ്ലാദമില്ല. രാജ്യത്തിന്റെ വലിയ പദവിക്ക് അർഹനാക്കിയതിൽ സന്തോഷം. 

സംഗീതം വെറുതേ പാടാനുള്ളതല്ല. സംഗീതം സാന്ത്വനത്തിനുള്ളതാണ്. കുട്ടികളോടു ഞാൻ പറയാറുണ്ട്, സിനിമയിൽ പാടുകയല്ല ജീവിതലക്ഷ്യം. പഠിക്കുന്നതു സമൂഹത്തിനു നൽകണം. മ്യൂസിക് തെറപ്പിയിലൂടെ കഴിഞ്ഞ കുറെ വർഷങ്ങളായി ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ തുടരണമെന്നാണ് ആഗ്രഹം. അർഹമായ കാര്യങ്ങൾ ഉചിതമായ സമയത്ത് ലഭിക്കുമെന്നു തന്നെയാണു കരുതുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA