‘റാണിക്കു വേണ്ടി മാത്രമല്ല, ജോർജ്കുട്ടിക്കു വേണ്ടിയും പാട്ട് ചെയ്തിരുന്നു, പക്ഷേ’; ദൃശ്യം 2 സംഗീതസംവിധായകൻ പറയുന്നു

anil-johnson
SHARE

വൻ വിജയം നേടി ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിൽ മുന്നേറുമ്പോൾ നായിക കഥാപാത്രമായ റാണിയുടെ ജീവിതം വരച്ചിടുന്ന ‘ഒരേ പകൽ’ എന്ന ഗാനം കൂടി പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. ആശങ്കയുടെ നിഴലിൽ ജീവിക്കുന്ന റാണി എന്ന വീട്ടമ്മയുടെ നിസഹായതയും ജീവിതത്തിലെ അനിശ്ചിതത്വവും ഒരു പാട്ടിലൂടെ പ്രതിഫലിപ്പിക്കുകയാണ് അനിൽ ജോൺസൺ എന്ന പ്രതിഭാധനനായ സംഗീത സംവിധായകൻ. വിനായക് ശശികുമാറിന്റെ വരികൾക്ക് അനിൽ ജോൺസൺ സംഗീതം നൽകിയ ഗാനം സൊനോബിയ സഫർ ആണ് ആലപിച്ചിരിക്കുന്നത്. പാട്ട് ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചുകഴിഞ്ഞു. ഈ ഗാനത്തിന്റെ മുഴുവൻ ക്രെഡിറ്റും ജീത്തു ജോസഫ് എന്ന സംവിധായകനു തന്നെയാണെന്നു പറയുകയാണ് അനിൽ ജോൺസൺ. പാട്ടു വിശേഷങ്ങൾ അനിൽ ജോൺസൺ മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു. 

ഫുൾ ഫ്രീഡം 

‘ദൃശ്യം 2ലെ മ്യൂസിക് നന്നായിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത് ജീത്തുവിനാണ്. ജീത്തു എനിക്ക് സ്ക്രിപ്റ്റ് അയച്ചു തന്നു, അനിലിന് എന്താണ് തോന്നുന്നത് അങ്ങനെ ചെയ്യൂ എന്നു പറഞ്ഞു. ഫ്രീഡം ആണ് ഒരു കലാകാരന് ഏറ്റവും അത്യാവശ്യം, അത് ജീത്തു തന്നിരുന്നു. ജീത്തുവിന്റെ സ്ക്രിപ്റ്റ് സമ്പൂർണമാണ്. ലാലേട്ടന്റെ കഥാപാത്രത്തിന്റെ സ്വഭാവത്തിലെ ഓരോ ചെറിയ സവിശേഷത പോലും അതിൽ എഴുതി വച്ചിട്ടുണ്ട്. ‌നമുക്ക് ഒരു കഥയുടെ സമ്പൂർണ്ണ വിവരണം കിട്ടുമ്പോൾ കമ്പോസ് ചെയ്യാൻ വളരെ എളുപ്പമാണ്. സിനിമയെപ്പറ്റി വളരെ വിശാലമായ ഒരു വിവരണം ജീത്തു തന്നിരുന്നു. ആറു വർഷങ്ങൾ കഴിഞ്ഞു ജോർജ്കുട്ടിയുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ഓരോ കാര്യങ്ങളും വളരെ വിശദമായി പറഞ്ഞു തന്നു. ഒരു വർക്ക് തുടങ്ങുന്നതിനു മുൻപ് ഞങ്ങൾ ഒരുമിച്ചിരുന്ന് എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും. എവിടെ സ്പീഡ് കൊടുക്കണം എവിടെ സ്ലോ ആകണം, എവിടെ ബാക്ഗ്രൗണ്ട് സ്കോർ കൊടുക്കണം അങ്ങനെയുള്ള എല്ലാ കാര്യങ്ങളും ചർച്ച ചെയ്താണ് ഒരു പാട്ടു ചെയ്യുന്നത്. ഞാൻ ജീത്തുവിനൊപ്പം എട്ടോളം സിനിമകൾ ചെയ്തു.  അത്രയും അടുപ്പമുണ്ട് ഞങ്ങൾ തമ്മിൽ. ജീത്തു മനസ്സിൽ ഉൾക്കൊള്ളുന്ന കഥയുടെ വൈബ് എനിക്ക് കിട്ടാറുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപ് തന്നെ ബാക്ഗ്രൗണ്ട് സ്കോറിനെക്കുറിച്ചുള്ള ഒരു രൂപരേഖ തയ്യാറാക്കും. അഭിനേതാക്കൾ അവരുടെ ഭാഗം ചെയ്തു കഴിയുമ്പോൾ നമുക്ക് കൂടുതൽ വ്യക്തത കിട്ടും. യഥാർഥത്തിൽ നമ്മളെ പ്രചോദിപ്പിക്കുന്നതും അവരാണ്.  

drishyam-2-new

സ്ത്രീജീവിതങ്ങളെ നിരീക്ഷിച്ചു

ചിത്രത്തിലെ ‘ഒരേ പകൽ’ എന്ന ഗാനം ചെയ്യാൻ തുടങ്ങുമ്പോൾ ജീത്തു പറഞ്ഞത് അനിൽ നിനക്ക് ചുറ്റും കാണുന്ന സ്ത്രീകളെ ഒന്ന് നിരീക്ഷിച്ചു നോക്കൂ എന്നാണ്. നമ്മൾ വളരെ തിരക്കിട്ട് ജോലി ചെയ്യുന്നവരാണ്. എന്നാൽ നമ്മുടെ വീട്ടിലെ സ്ത്രീകളെപ്പറ്റി നമ്മൾ ഓർക്കാറുണ്ടോ, അതിനെപ്പറ്റി ഒന്ന് ആലോചിച്ചു നോക്കൂ എന്ന് ജീത്തു പറഞ്ഞു. ഞാൻ എനിക്ക് അടുപ്പമുള്ള സ്ത്രീകളെ നിരീക്ഷിച്ചു നോക്കി. എന്റെ ഭാര്യയും എന്റെ മാനേജരും പിന്നെ പാട്ടു പാടിയ സൊനോബിയയും ഒക്കെയാണ് ഞാൻ കണ്ടു പരിചയിച്ച സ്ത്രീകൾ. അവരെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ അവരുടെ ജീവിതത്തിലെ പ്രയാസങ്ങളും അവരുടെ ഏകാന്തതയും പ്രതിസന്ധിഘട്ടങ്ങളുമൊക്കെ കണ്ടു മനസ്സിലാക്കാൻ സാധിച്ചു. അവരെ നിരീക്ഷിച്ച് അവർക്കു വേണ്ടിയാണ് ഞാൻ ഈ പാട്ട് ചെയ്തത്. എന്റെ ഭാര്യ ഞാൻ ജോലി ചെയ്യുന്ന സമയത്തു വീട്ടിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒന്നും അറിയിക്കാറില്ല. അവരെല്ലാം ഒരുപാട് കാര്യങ്ങൾ ഒറ്റയ്ക്കു ചെയ്യുന്നുണ്ട്. എന്റെ മാനേജർ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ ജോലിക്കാര്യങ്ങൾ നോക്കാറുണ്ട്. ഞാൻ പാട്ടു ചെയ്തിട്ട് ഇവരെയൊക്കെയാണ് കേൾപ്പിച്ചത്.  അവർക്കെല്ലാം ആ പാട്ട് ഇഷ്ടപ്പെട്ടു. അവർക്ക് കണക്റ്റ് ചെയ്യാൻ പറ്റുന്നുണ്ടായിരുന്നു. അങ്ങനെയാണ് എനിക്ക് ഈ പാട്ട് ജീത്തുവിനെ കേൾപ്പിക്കാൻ ധൈര്യമുണ്ടായത്. ദൃശ്യം ഒന്നാം ഭാഗത്തിലെ മ്യൂസിക്കും ചെയ്തിരുന്നതുകൊണ്ടു മീന എന്ന കഥാപാത്രം അനുഭവിക്കുന്ന ട്രോമാ എനിക്ക് അറിയാമായിരുന്നു.  ആറ് വർഷം കഴിഞ്ഞപ്പോഴേക്കും മീനയുടെ ജീവിതത്തിൽ ഒരു നിസംഗത ബാധിച്ചിരുന്നു. ഭാവി എന്താണെന്ന് അറിയില്ല. പണം ഉണ്ടായി, ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടു. പക്ഷേ സന്തോഷമില്ല. ജീവിതം എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല. കുട്ടികളുടെ ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠ, ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള കുറ്റബോധം ഇതെല്ലം പേറി ജീവിക്കുന്ന ഒരു വീട്ടമ്മയുടെ മനസ്സിനെ വരച്ചിട്ടാണ് ഈ പാട്ടു ചെയ്തത്.

ആ പെൺസ്വരത്തിലേയ്ക്ക്

പാട്ടിനു വരികൾ എഴുതിയത് വിനായക് ശശികുമാർ ആണ്. ‌വിനായകും ഞാനും ഒരുമിച്ചിരുന്ന് നായിക റാണിയുടെ മാനോവികാരങ്ങളെക്കുറിച്ചു ചർച്ച ചെയ്തു. അതിനനുസരിച്ചാണ് എഴുതിയത്. അതുപോലെ തന്നെ ഗായികയെ തിരഞ്ഞെടുത്തതും ഏറെ ശ്രദ്ധയോടെയായിരുന്നു. റാണിക്കു വേണ്ടി സ്വരം തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണമായിരുന്നു. ഒരുപാടു ലൗഡ് വോയ്സ് പറ്റില്ല, വളരെ ഇമോഷണൽ ആയിരിക്കണം എന്നിങ്ങനെ കുറെയേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടായിരുന്നു. പല ഗായികമാരുടെയും കവർ ഗാനങ്ങൾ കേട്ട് ഒടുവിൽ സൊനോബിയയുടെ ശബ്ദം വളരെ ചേർച്ചയുള്ളതായിത്തോന്നി.  അവരുടെ ശബ്ദം കേട്ടപ്പോൾ അതിലൊരു ആത്മാവുള്ളതായി അനുഭവപ്പെട്ടു. അങ്ങനെ സൊനോബിയയെ വിളിച്ച് ഒരു ഡെമോ ചെയ്തു തരുമോ എന്നു ചോദിച്ചു. അപ്പോഴും അവരെ തിരഞ്ഞെടുക്കാൻ കഴിയും എന്നൊരു പ്രതീക്ഷയും ഇല്ലായിരുന്നു. കാരണം, ജീത്തുവിന്റെ സിനിമയിലെ ഓരോ ചെറിയ കാര്യം പോലും അദ്ദേഹം വളരെ ശ്രദ്ധിച്ചാണ് തിരഞ്ഞെടുക്കുന്നത്. സൊനോബിയയുടെ ശബ്ദത്തിൽ ട്രാക്ക് പാടി കേട്ടപ്പോൾ ജീത്തു പറഞ്ഞത് ഞാൻ ഇങ്ങനെ ഒരു പാട്ടാണ് ആഗ്രഹിച്ചത് എന്നാണ്. അങ്ങനെയാണ് സൊനോബിയയെ തന്നെ തിരഞ്ഞെടുത്തത്. 

drishyam-2

ചെയ്ത പാട്ട് പിന്നീടു വേണ്ടെന്നു വച്ചു

ദൃശ്യത്തിനു വേണ്ടി ഞങ്ങൾ ഒരുപാട് ഈണങ്ങൾ ചെയ്തു നോക്കിയിരുന്നു. ജോർജ്കുട്ടികുട്ടിയുടെ ആംഗിളിലും പാട്ടു ചെയ്തു നോക്കി. പക്ഷെ ഒടുവിൽ ഈ പാട്ടു മതി എന്നു തീരുമാനിക്കുകയായിരുന്നു. ജോർജ്കുട്ടിയുടെ ആംഗിളിൽ ഒരു പാട്ട് നജീമിനെ വച്ച് ഞാൻ ചെയ്തിരുന്നു. പക്ഷെ സിനിമയിൽ അതിന്റെ ആവശ്യമില്ലായിരുന്നു. പാട്ടുകൾ വെറുതെ തിരുകിക്കയറ്റാന്‍ ഞങ്ങൾ തയ്യാറല്ലായിരുന്നു. കഥ ആവശ്യപ്പെടുന്നെങ്കിൽ മാത്രം പാട്ടു ചെയ്യുക അങ്ങനെയൊരു പോളിസിയാണ് ഞങ്ങൾക്കു രണ്ടുപേർക്കും ഉണ്ടായിരുന്നത്. റാണിയുടെ മാനസികാവസ്ഥ തുറന്നു കാണിക്കാൻ പറ്റുന്ന ഒരു പാട്ടായിരുന്നു ഇവിടെ വേണ്ടത്. അതു തന്നെയാണ് ഇവിടെ ചെയ്തത്. ജീത്തുവിന് ആവശ്യമുള്ളതാണ് ഞാൻ കൊടുത്തത്. ജീത്തുവിനൊപ്പം പ്രവര്‍ത്തിക്കുമ്പോൾ വളരെ മികച്ച അനുഭവമാണ് ലഭിക്കുക. അതുപോലെ ഈ പാട്ട് എന്നെ ഏൽപ്പിച്ചതിൽ ജീത്തുവിനോടും ലാലേട്ടനോടും ഈ സിനിമക്കായി പ്രവർത്തിച്ച എല്ലാവരോടും കടപ്പാടും സ്നേഹവും അറിയിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA