‘അറിയാതെ ചോദിച്ചു ഏത് കൈലാസ്’, തീവണ്ടിക്ക് പാട്ടൊരുക്കിയ ആളെന്നു മറുപടി, അന്ന് പറ്റിയ അമളിയും പുതിയ പാട്ടും; അയ്റാൻ അഭിമുഖം

kailasmenon-ayraan
SHARE

ഈറൻ നിലാവ് പോലെ പെയ്തിറങ്ങുന്ന പ്രണയാനുഭവമാണ്  ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’ എന്ന ചിത്രത്തിലെ ‘അലരേ നീയെന്നിലെ...’ എന്ന മനോഹര ഗാനം. ഈ റൊമാന്റിക് ഗാനം പോലെ തന്നെ പാട്ടുകാരനെയും ആസ്വാദകർ ഹൃദയത്തോടു ചേർത്തു കഴിഞ്ഞു. ഗാനം ആലപിച്ചിരിക്കുന്നത് യുവ ഗായകൻ അയ്റാൻ (അർജുൻ) ആണ്. സംഗീതസംവിധായകൻ കൈലാസ് മേനോനൊപ്പം ഒരു പാട്ട് പാടാൻ കഴിഞ്ഞതിലും,  ഇത്രയും  പ്രേക്ഷക സ്വീകാര്യത ലഭിച്ചതിലും ഗായകൻ ഏറെ സന്തുഷ്ടനാണ്. കൈലാസ് മേനോൻ തനിക്ക് നൽകിയത് ഒരു പാട്ട് മാത്രമല്ല ജീവിതം കൂടിയാണെന്ന് അയ്റാൻ പറയുന്നു. ഗായകന്റെ ഓരോ വാക്കിലും  ആ സന്തോഷം നിറയുന്നു. ഏറെ നാളത്തെ കഷ്ടപ്പാടിന്റെ ഫലമാണ് അയ്റാന്റെ ഈ വിജയം. ‘കക്ഷി: അമ്മിണിപിളള’ എന്ന മലയാള ചിത്രത്തിലെ  ‘തു ഹി റാണി...’ ആണ് ആദ്യ ഗാനം. ഇതു കൂടാതെ  നിരവധി ഹിന്ദി പാട്ടുകളുടെ കവർ പതിപ്പുകളും  ഒരുക്കിയിട്ടുണ്ട്. പുതിയ പാട്ടു വിശേഷങ്ങളുമായി അയ്റാൻ മനോരമ ഓൺലൈനിനൊപ്പം.

പാട്ടിലേക്ക്

ആസിഫ് അലി കേന്ദ്രകഥാപാത്രമായി എത്തിയ ‘കക്ഷി: അമ്മിണിപിളള’ എന്ന ചിത്രത്തിലാണ് ആദ്യമായി പാട്ട് പാടുന്നത്. പാട്ട് ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടിരുന്നു. സംഗീതസംവിധായകൻ കൈലാസ് ചേട്ടനും ഈ പാട്ട് കേട്ടിട്ടാണ് എന്നെ  വിളിക്കുന്നത്. ‘കക്ഷി :അമ്മിണിപിളള’യിലെ ഗാനം പാടാൻ എനിക്ക് അവസരം തന്നത് സംഗീതസംവിധായകൻ അരുൺ മുരളീധരൻ ആയിരുന്നു. അരുൺ വഴിയാണ് കൈലാസ് ചേട്ടനിലേക്ക് എത്തുന്നത്. 2020 ലെ പുതുവർഷ പുലരിയിലാണ് കൈലാസ് ചേട്ടന്റെ  വിളി ആദ്യമായി എത്തുന്നത്. ഡിസംബർ 31നു പുതുവർഷാഘോഷം കഴിഞ്ഞ് ഉറങ്ങാൻ കിടന്നപ്പോൾ വളരെ വൈകിയിരുന്നു. അതുകൊണ്ടു തന്നെ രാവിലെ അതിന്റെ ക്ഷീണവും ഉണ്ടായിരുന്നു. പത്ത് മണിയോടെയാണ് കൈലാസ് ചേട്ടന്റെ ഫോൺ വരുന്നത്. ഫോണിൽ ഒരു സ്റ്റുഡിയോയുടെ പേരായിരുന്നു. ആരാണെന്ന് മനസ്സിലായില്ലെങ്കിലും കോൾ എടുത്തു. ആരാണെന്നു ചോദിച്ചപ്പോൾ ഞാൻ കൈലാസ് ആണെന്നായിരുന്നു മറുപടി. ആളെ മനസ്സിലാകാതെ 'ഏത് കൈലാസ് ?' ആണെന്ന് ഞാൻ ചോദിച്ചു. ഞാന്‍ തീവണ്ടിയിലും, എടക്കാട് ബറ്റാലിയനിലും സംഗീതം നൽകിയ കൈലാസ് ആണ്. അപ്പോഴാണ് ശരിക്കും പറ്റിയ അമളി മനസ്സിലായത്. പെട്ടന്നു തന്നെ കൈലാസ് ചേട്ടനോട് ക്ഷമ ചോദിച്ചു. അയ്യോ കൈലാസ് ചേട്ട മനസ്സിലായില്ല അറിയാതെ പറ്റിപോയതാണെന്ന് പറഞ്ഞപ്പോൾ കുഴപ്പമില്ലെന്നായിരുന്നു മറുപടി. കൊച്ചിയിൽ ഉണ്ടെങ്കിൽ കെ സെവൻ സ്റ്റുഡിയോയിലേക്കു വേഗം എത്താൻ ആവശ്യപ്പെട്ടു. അവിടെ വച്ചാണ് പാട്ടിന്റെ റെക്കോർഡിങ് നടന്നത്. 

‘അലരേ’  പാട്ട് പിറവി

‘അലരേ...’ എന്ന ഗാനത്തിന്റെ തുടക്കം 2020 ജനുവരി ഒന്നിനാണ്. മറ്റൊരു ചിത്രത്തിലേക്ക് ആണ് ഈ ഗാനം ആദ്യം പരിഗണിച്ചിരുന്നത്. പക്ഷെ ആ സിനിമ  നടന്നില്ല. പിന്നീടാണ്  'മെമ്പർ രമേശൻ ഒൻപതാം വാർഡ്' എന്ന ചിത്രത്തിന്റെ സംവിധായകൻ ഈ ഗാനം കേൾക്കുന്നത്. അദ്ദേഹത്തിന് പാട്ട്  ഇഷ്ടപ്പെട്ടു. പുതിയ ചിത്രത്തിനു വേണ്ടി പാട്ടിന്റെ വരികളിൽ ചെറിയ മാറ്റങ്ങൾ വരുത്തി, റെക്കോർഡ് ചെയ്ത് ഒരു വർഷത്തിനു ശേഷമാണ്  റിലീസ് ചെയ്തിരിക്കുന്നത്. കൈലാസ് ചേട്ടനെ ആദ്യമായി കാണുമ്പോൾ  വലിയൊരു സമ്മർദ്ദം  ഉണ്ടായിരുന്നു. ആൾ എങ്ങനെയാണെന്ന് അറിയാത്തതിന്റെ ആശങ്ക എന്നെ വല്ലാതെ അലട്ടി. റെക്കോർഡിങ് ബൂത്തിൽ എത്തിയപ്പോൾ ഒന്നും പാടാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ. ആദ്യ ടേക്കിൽ പാട്ട് ശരിയായില്ല. പിന്നെ ഒന്നും നോക്കിയില്ല കൈലാസ് ചേട്ടന്റെ അടുത്ത് ചെന്ന് ഒരു ചായകുടിക്കാമെന്നു പറഞ്ഞു. അങ്ങനെ സ്റ്റുഡിയോയുടെ തൊട്ടടുത്തുളള ചായക്കടയിൽ പോയി ചായകുടിച്ച് ഞങ്ങൾ കുറേ നേരം സംസാരിച്ചു. ഒരു ചായയും കടിയും കഴിച്ചതോടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. കൈലാസ് ചേട്ടനു മുന്നിൽ തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് ഉണ്ടായിരുന്ന പേടി മാറാൻ ആ സൗഹൃദ സംഭാഷണം ഏറെ സഹായിച്ചു. പിന്നെ സ്റ്റുഡിയോയിൽ വന്നപ്പോൾ എല്ലാം എളുപ്പമായിരുന്നു. രണ്ടാമത്തെ ടേക്കിന് പാട്ട് നന്നായി തന്നെ പാടാൻ സാധിച്ചു. ഞാൻ പാടിയതിനു ശേഷമാണ് നിത്യ മാമ്മൻ പാടിയത്.

ഒപ്പം നിന്ന കൈലാസ് ചേട്ടൻ

എന്നെപ്പോലെ തന്നെ തുടക്കകാരായ ഗായകർക്കെല്ലാം മികച്ച പിന്തുണ നൽകുന്ന വ്യക്തിയാണ് കൈലാസ് ചേട്ടൻ. ശരാശരി ഗായകരെപ്പോലും മികച്ച രീതിയിൽ പാടിക്കാൻ കഴിയുന്ന സംഗീത സംവിധായകൻ. ഈ പാട്ട് പാടുമ്പോൾ തന്നെ എനിക്കു വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. കൈലാസ് ചേട്ടന്റെ പാട്ടുകളെല്ലാം തന്നെ ഹിറ്റുകളാണ്. അദ്ദേഹത്തോടൊപ്പം നിത്യ മാമ്മനും കൂടി വന്നപ്പോൾ എനിക്ക് അത് കൂടുതൽ ആത്മവിശ്വാസം നൽകി. പാട്ട് എല്ലാവർക്കും ഇഷ്ടമായി എന്നറിയുന്നതിൽ വലിയ സന്തോഷം തോന്നുന്നു.

പുതിയ പ്രൊജക്ട്

ബി.കെ.ഹരിനാരായണന്റെ വരികൾക്ക് കൈലാസ് ചേട്ടൻ തന്നെ സംഗീതം നൽകിയ ഗാനം പാടിയിട്ടുണ്ട്. അത് ഒരു റൊമാന്റിക് സോളോ ആണ്. ഇതു കൂടാതെ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ മസാല കോഫി സ്ഥാപകനും ഗായകനുമായ വരുൺ സുനിലിനൊപ്പം ഒരു ഗാനം ചെയ്യുന്നുണ്ട്.  കല്യാൺ കാതിൻ സംഗീതസംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രത്തിലെ രണ്ടു പാട്ടുകൾ ആലപിച്ചു കഴിഞ്ഞു. മിൻമിനിയ്ക്കും ശ്രുതി ശിവദാസിനൊപ്പമാണ് ആ ഗാനങ്ങൾ പാടിയിരിക്കുന്നത്. 

മിൻമിനിയ്ക്കൊപ്പം പാട്ട്

മിൻമിനി ചേച്ചിയോടൊപ്പം പാടിയതിനെക്കുറിച്ചു പറയാൻ വാക്കുകളില്ല. എ.ആർ.റഹ്മാനു വേണ്ടി പാടിയ വ്യക്തിയോടൊപ്പം ഒരു ഗാനം ആലപിക്കുക എന്നത് എല്ലാവർക്കും കിട്ടുന്ന അവസരമല്ല. എന്നെപ്പോലൊരു തുടക്കകാരനെ സംബന്ധിച്ച് ആ ഗാനം വലിയൊരു കാര്യമാണ്. ചേച്ചിയ്ക്കും എന്റെ പാട്ട് ഇഷ്ടമായിരുന്നു. എന്റെ സുഹൃത്ത് ജോണത്തൺ വഴിയാണ് തെലുങ്ക് സിനിമയിൽ പാടാൻ അവസരം ലഭിച്ചത്. ജോണത്തണിന് മിൻമിനി ചേച്ചിയുമായി അടുത്ത ബന്ധമുണ്ട്. ഞങ്ങൾ പാടിയ പാട്ട്  മുത്തശ്ശിയും പേരക്കുട്ടിയും തമ്മിലുളള ബന്ധത്തിന്റെ ആഴം വിവരിക്കുന്നതാണ്.

രാഷ്ട്രപതിയ്ക്ക് മുന്നിൽ പാടി

രാഷ്ട്രപതിയ്ക്കു മുന്നിൽ ഒരു ഗാനം ആലപിക്കാനുളള അവസരം എനിക്കു ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതി റാം നാഥ് കോവിന്ദ് നെഫർറ്റിറ്റി ആഡംബര കപ്പൽ ഉദ്ഘാടനം ചെയ്യാൻ കൊച്ചിയിലെത്തിയപ്പോഴായിരുന്നു സംഭവം. രാഷ്ട്രപതിയും ഭാര്യയും മകളും കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടായിരുന്ന വേദിയിലാണ് ഗാനം ആലപിച്ചത്. ‘അഭി നാ ജാവോ...’ എന്ന മുഹമ്മദ് റഫിയുടെ ഹിറ്റ് ഗാനമാണ് പാടിയത്. രാഷ്ട്രപതിയുടെ ഭാര്യ രണ്ടാമതും ഈ ഗാനം ആലപിക്കാൻ എന്നോട് ആവശ്യപ്പെടുകയുമുണ്ടായി. അവരെല്ലാം എന്റെ പാട്ട്  ഏറെ ആസ്വദിച്ചു. 

അച്ഛന്റെ സംഗീതം എന്നിലേയ്ക്ക്

സംഗീത മേഖലയിലേയ്ക്ക്് എത്താനുളള പ്രധാന കാരണം അച്ഛൻ ആണ്. അച്ഛൻ നന്നായി പാടും. അദ്ദേഹത്തിന്റെ പാട്ടുകൾ എന്റെ വളർച്ചയിൽ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒന്നാം ക്ലാസ് മുതൽ അച്ഛൻ മുഹമ്മദ് റഫിയുടെ സംഗീതം കേൾപ്പിക്കുമായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ എനിക്ക് സംഗീതത്തിൽ വലിയ താത്പര്യം ജനിപ്പിച്ചു. സ്‌കൂൾ കാലഘട്ടത്തിൽ രണ്ടു വർഷത്തോളം ചേറ്റൂർ രാധാകൃഷ്ണന്റെ കീഴിൽ സംഗീതം പഠിച്ചിരുന്നു. പാലക്കാട് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. കേയമ്പത്തൂരിലായിരുന്നു ബിരുദ പഠനം. പിന്നീട് ബാംഗ്ലൂർ ഇൻഫോസിസിൽ ജോലി ലഭിച്ചു. എന്റെ വഴി ഇതല്ലെന്ന തിരിച്ചറിവിന്റെ നിമിഷത്തിലാണ് ജോലി ഉപേക്ഷിച്ചത്. ഈ തീരുമാനത്തിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് അച്ഛനും അമ്മയുമാണ്. ജോലി ഉപേക്ഷിച്ച ശേഷം കൂടുതൽ സമയം സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ലൈവ് ഷോകളും കവർ ഗാനങ്ങളുമായി സംഗീതത്തിൽ സജീവമായി നിന്നു. എന്റെ കവർ ഗാനങ്ങൾ കണ്ടിഷ്ടപ്പെട്ടാണ് സംഗീത സംവിധായകൻ അരുൺ മുരളീധരൻ അസിസ്റ്റ് ചെയ്യാൻ വിളിക്കുന്നത്. തുടർന്ന് അദ്ദേഹത്തോടൊപ്പം കുറച്ചു നാൾ ജോലി ചെയ്തിരുന്നു. ലൈവ് ഷോകളും മറ്റുമായി തിരക്കുകളായതോടെ അരുൺ ചേട്ടന്റെ അടുത്തു നിന്ന് മാറിനിൽക്കേണ്ടി വന്നു. ഞങ്ങൾ തമ്മിലുളള സൗഹൃദത്തിലൂടെയാണ് കക്ഷി: അമ്മിണിപിളളയിലേക്ക് അദ്ദേഹം എന്നെ പാടാൻ വിളിച്ചത്.

ഇനിയും പാടണം മികച്ച പാട്ടുകൾ

ഒരുപാട് സ്വപ്നങ്ങൾ ഉണ്ട് എനിക്ക്. അതിൽ സംഗീതം തന്നെയാണ് ഏറ്റവും വലിയ സ്വപ്നം. സിനിമയിൽ നല്ല പാട്ടുകളുടെ ഭാഗമാകാനാണ് ഇപ്പോഴത്തെ ആഗ്രഹം. വളരെ ചുരുക്കം സുഹൃത്തുക്കൾ മാത്രമേ എനിക്കുള്ളു. ഈ മേഖലയിൽ അവരാണ് മറ്റൊരു പ്രധാന പിന്തുണ. ഞാൻ കൂടുതലും ഹിന്ദി കവർ ഗാനങ്ങളാണ് ചെയ്തിരിക്കുന്നത്. സ്വന്തമായി പാട്ടു ചെയ്യാനുളള തയ്യാറെടുപ്പിലാണിപ്പോൾ.  

കുടുംബം

പാലക്കാട് പട്ടാമ്പിയാണ് സ്വദേശം. ഇപ്പോൾ കൊച്ചിയിലാണ് താമസം. അച്ഛൻ കൃഷ്ണൻ റെയിൽവെയിൽ ടി.ടി.ആർ ആയിരുന്നു. അമ്മ വിനോദിനി അധ്യാപികയാണ്. സഹോദരി ഐശ്വര്യ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA