ദലേർ മെഹന്തിയുടെ ഭാര്യയും പാട്ടിലേക്ക്; പിന്നണിയിൽ നിന്ന് അരങ്ങിലേക്കുള്ള യാത്ര ഇങ്ങനെ

taran-mehendi
SHARE

പഞ്ചാബി പോപ് ഗായകൻ ദലേർ മെഹന്തിയുടെ പത്നിയും പാടിത്തുടങ്ങി. തരൺ കൗർ മെഹന്തി ഇതേവരെ ദലേറിന്റെ പിന്നണിയിൽ നിന്നു മാത്രമാണ് പ്രവർത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ സംഗീത ആൽബം പ്രൊഡ്യൂസ് ചെയ്തും, പരിപാടികളുടെ മേൽനോട്ടം നിർവഹിച്ചും ഇത്രയും കാലം വിലസി. ഹിന്ദുസ്ഥാനി സംഗീതം പരിശീലിക്കുന്ന തരൺ ഇപ്പോൾ പാട്ടിന്റെ ലോകത്താണ്. പാടാനുള്ള ധൈര്യം തന്നത് കോവിഡ് കാലമെന്ന് തരൺ പറയുന്നു. 

∙ രാജ്യാന്തര വനിതാ ദിനമായ മാർച്ച് എട്ടിന് പുറത്തിറക്കിയ ‘ലോക സമസ്ത സുഖിനോ ഭവന്തു’ എന്ന ആൽബത്തെ കുറിച്ച്?

സർവ ലോകത്തിനും സുഖം ഭവിക്കട്ടെ എന്ന മന്ത്രം ആദ്യം കേട്ടത് യോഗ ക്ലാസിലാണ്. യോഗ ടീച്ചർ ഈ മന്ത്രം ദിവസേന ഉരുവിടുമായിരുന്നു. ആ സമയത്ത് മനസ്സിലെ ആധികളും ആശങ്കളും ഒഴിയുമായിരുന്നു. ഇടയ്ക്കിടെ ഈ മന്ത്രം വീണ്ടും ഉരുവിടും. സ്വന്തം നിലയിൽ സംഗീതം ചെയ്തു പാടി എന്നതാണ് പ്രധാനം. കൂടാതെ, ആ ഗാനവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ വിഡിയോ സംവിധാനം ചെയ്തതും ഞാൻ തന്നെയാണ്. 

∙ പാട്ടും ലോക്ഡൗണും

എല്ലാവരും സ്വന്തം വീടുകളിൽ കൂടുതൽ സമയം ചെലവിട്ടു എന്നതാണ് കോവിഡ് ലോക്ഡൗൺ കാലത്തെ പ്രത്യേകത. ദലേറിനും എനിക്കും കാര്യമായ പരിപാടികളൊന്നുമുണ്ടായിരുന്നില്ല. ലോക്ഡൗൺ കാലത്താണ് സംഗീത സംവിധായകനായ ലിയോ സൗണ്ട് ഞങ്ങൾക്കൊപ്പം എത്തിയത്. അത് ലോക്ഡൗണിലെ ഭാഗ്യമെന്ന് കരുതുന്നു. സ്റ്റുഡിയോ സമുച്ചയത്തിൽ താമസിക്കുന്ന ലിയോ ഒരു സംഗീത ശകലം വായിക്കുന്നത് കേട്ടാണ് ഞാൻ അവിടേക്ക് എത്തുന്നത്. കേട്ടപ്പോൾ ഇഷ്ടം തോന്നി. യോഗ ക്ലാസിൽ പരിശീലിച്ച ലോക സമസ്ത സുഖിനോ ഭവന്തു എന്ന സംസ്കൃത മന്ത്രം ലിയോയുടെ സംഗീതത്തിനൊപ്പം മൂളി. ഞാൻ പാടട്ടെ എന്ന് ലിയോയോട്് അഭ്യർഥിച്ചു. അദ്ദേഹം അനുമതി തന്നതോടെ ലിയോ വായിച്ച മ്യൂസിക്കിനൊപ്പം ലോക സമസ്ത സുഖിനോ ഭവന്തു എന്ന മന്ത്രം ആവർത്തിച്ച് ആലപിച്ചു. അങ്ങനെയാണ് ലോക്ഡൗണിൽ ഈ സംഗീത ആൽബം പിറന്നത്. ഞാൻ പാടുന്നത് കേട്ടാണ് ദലേർ സ്റ്റുഡിയോയിലേക്ക് എത്തുന്നത്. അദ്ദേഹത്തിനും പാട്ട് ഇഷ്ടമായി. 

∙ പാട്ടിലെ ജാപ്പനീസ് മന്ത്രം

ലോക്ഡൗണിൽ എല്ലാവരും ആകുല ചിത്തരായിരുന്നു. രോഗം വരുമോ, മരിക്കുമോ, ജോലി നഷ്ടപ്പെടുമോ എന്നിങ്ങനെ ആശങ്കകളുടെ പട്ടിക നീളുന്നു. ആശങ്കകളിൽ നിന്ന് ആശ്വാസമായാണ് ഈ ആൽബം. ജാപ്പനീസ് ബുദ്ധിസ്റ്റ് മന്ത്രമായ ‘നം മ്യോഹോ രംഗേ ക്യോ’ എന്നതും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ടിബറ്റൻ പാത്രങ്ങളും മണികളും ഗിറ്റാറുകളും പ്രകൃതിയുടെ ശബ്ദങ്ങളും ഗാനത്തിന് ശക്തമായ ധ്യാന പ്രഭാവലയം സൃഷ്ടിക്കുന്നു.

ജാപ്പനീസ് മന്ത്രവുമായി ബന്ധപ്പെട്ട് മറ്റൊരു കഥയുണ്ട്. കോളജിൽ ബുദ്ധിസ്റ്റായ ഒരു സഹപാഠിയുണ്ടായിരുന്നു. അവർ ഇടയ്ക്കിടെ ‘നം മ്യോഹോ രംഗേ ക്യോ’ എന്ന് ഉരുവിടും. മനസ്സിലെ അധമ വികാരങ്ങൾ ഒതുക്കി മനസ്സ് പുതുക്കി മുന്നേറാൻ ഈ മന്ത്രം ഉപകരിക്കുമത്രെ. കോളജിൽ പഠിക്കുന്ന കാലത്ത് മറ്റുള്ളവരുടെ കണ്ണിൽ‌ പൊടിയിടാൻ ജാപ്പനീസ് ഭാഷയിലെ ഈ മന്ത്രം പ്രത്യേക രീതിയിൽ പറയുന്നതായിരുന്നു ഹോബി. ഇതു മനസ്സിലാകാതെ കൂട്ടുകാർ ചോദിക്കും ഏതു ഭാഷയാണെന്ന്. പിന്നീടാണ് ഈ മന്ത്രത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതും ഉരുവിട്ടു തുടങ്ങിയതും. 

∙ ദലേറിന്റെ പോപ് ആൽബക്കൂട്ടിൽ നിന്ന് ഒരു ധ്യാന മന്ത്രം എങ്ങനെ?

പഞ്ചാബി ധ്യാന സൂക്തങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു തറവാട്ടിലാണ് ഞാൻ പിറന്നത്. അവിടെ എപ്പോഴും മുഴങ്ങിയിരുന്നത് കീർത്തനങ്ങൾ മാത്രം. അവിടെ നിന്നാണ് ആധ്യാത്മിക സംഗീതത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. ഹിന്ദുസ്ഥാനിയിലെ ബൈരഗി ഭൈരവ് രാഗത്തിലാണ് ലോക സമസ്ത എന്ന ശ്ലോകം ചിട്ടപ്പെടുത്തിയത്. ഈ രാഗത്തിൽ ഒട്ടേറെ ഭജനുകളുണ്ട്. ആകുല മനസ്സിനെ ശാന്തമാക്കാൻ ഈ രാഗത്തിന് കഴിവുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പാട്ടിനോടുള്ള കമ്പമാണ് ദലേറിലേക്ക് അടുപ്പിച്ചത്. ദലേറി മെഹന്തിയുടെ കമ്പനിയായ ഡി-റെക്കോർഡ്‌സിന്റെ മേൽനോട്ടക്കാരി എന്ന നിലയിലാണ് ഞാൻ അറിയപ്പെടുന്നത്. ഏതു പ്രതിസന്ധിയിലും മുഖത്തൊരു പുഞ്ചിരി അവശേഷിപ്പിക്കുന്നതാണ് ദലേറിന്റെ പ്രത്യേകത. വ്യക്തി ജീവിതത്തിലെ ആശങ്കകളെ അകറ്റാൻ ആ പുഞ്ചിരി മാത്രം മതിയല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'പ്രിയപ്പെട്ട ചിത്ര ചേച്ചിക്കായി ഈ പാട്ട്'; പിറന്നാൾ സമ്മാനവുമായി രാജലക്ഷ്മി

MORE VIDEOS
FROM ONMANORAMA