ADVERTISEMENT

'പൂമുടിച്ച് പുതുമനെപോലെ ദീപാവലിക്ക് പുതുമയ്, കണ്ണീരും മുത്താകും വരും' രചന എസ് രമേശൻ നായർ, സംഗീതം മധു ബാലകൃഷ്ണൻ. നെറ്റി ചുളിക്കണ്ട വായിച്ചത് ശരി തന്നെയാണ്. ബെൻസി പ്രൊഡക്ഷൻസ് നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ‘മൈ ഡിയർ മച്ചാൻസ്’ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയ ഗായകൻ മധു ബാലകൃഷ്ണൻ സംഗീത സംവിധാനത്തിലേക്ക് ചുവടുവയ്ക്കുകയാണ്. പിന്നണി ഗാനരംഗത്തേക്ക് ചുവടുവച്ചതിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ താൻ ചെയ്ത പാട്ട് പ്രിയപ്പെട്ട ചിത്രചേച്ചിയോടൊപ്പം പാടിയതിന്റെ സന്തോഷം മനോരമ ഓൺലൈനോട് പങ്കുവയ്ക്കുകയാണ് മധു ബാലകൃഷ്‌ണൻ.

സിനിമാ സംഗീതസംവിധാനത്തിലെ ഹരിശ്രീ

സംഗീതസംവിധാനം എനിക്കു പുതിയ മേഖല അല്ല. മുൻപ് ആൽബങ്ങളൊക്കെ ചെയ്തിട്ടുണ്ട്. പ്രണയഗാനങ്ങളും ഭക്തിഗാനങ്ങളുമൊക്കെയായിരുന്നു അവ.  സിനിമയ്ക്കുവേണ്ടി ആദ്യമായാണ് സംഗീതം ചെയ്യുന്നത്. എന്റെ വളരെ അടുത്ത സുഹൃത്തും സൗണ്ട് എൻജിനീയറുമായ ഷിയാസ് ആണ് എന്നോട് ‘മൈ ഡിയർ മച്ചാൻസ്’ എന്ന സിനിമയെപ്പറ്റി പറയുന്നത്. അദ്ദേഹം നിർബന്ധിച്ചിട്ടാണ് ഈ പാട്ട് ചെയ്യാൻ തീരുമാനിച്ചത്. ഈ സിനിമ നിർമ്മിച്ച ബെൻസി പ്രോഡക്‌ഷനു വേണ്ടി വർക്കുകൾ ചെയ്യുന്നത് ഷിയാസാണ്. അങ്ങനെയാണ് ഈ പാട്ട് ചെയ്യാൻ ഇടയായത്. ഇങ്ങനെ ഒരു അവസരം ഒരുക്കിത്തന്ന ഷിയസിനോടും, എന്നെ വിശ്വസിച്ച് ഇത് ഏൽപ്പിച്ച പ്രൊഡ്യൂസർ ബിൻസിയോടും, എന്റെ ആദ്യ ഗാനം പാടിയ ചിത്രചേച്ചിയോടും, രമേശൻ നായർ സാറിനോടും, മറ്റെല്ലാ അണിയറ പ്രവർത്തകരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.

ആദ്യാനുഭവം

‘മൈ ഡിയർ മച്ചാൻ’സിന്റെ സംവിധായകൻ പറഞ്ഞത് പാലക്കാട് കൽപ്പാത്തിയുള്ള ഒരു അഗ്രഹാരം അടിസ്ഥാനമാക്കിയുള്ള കഥയാണ് ചിത്രത്തിന്റേത് എന്നാണ്. അഗ്രഹാരത്തിന്റെ മൂഡ് ഉണ്ടാക്കുന്ന പാട്ടുവേണം എന്നും അറിയിച്ചു. വരികളെഴുതിയ എസ്.രമേശൻ നായർ തമിഴും മലയാളവും വളരെ നന്നായി കൈകാര്യം ചെയ്യുന്നയാളാണ്. അദ്ദേഹം തമിഴിലും മലയാളത്തിലും ഒരുപോലെ മനോഹരമായി വരികൾ എഴുതും. എന്റെ ചില ഭക്തിഗാനങ്ങൾക്കു വേണ്ടി അദ്ദേഹം വരികൾ കുറിച്ചിട്ടുണ്ട്. ഈ പാട്ടിന് തമിഴും മലയാളവും കലർന്ന വരികൾ ആണ്. ഞാൻ സംഗീതം ചെയ്ത പാട്ട് ചിത്ര ചേച്ചിയോടൊപ്പം പാടാൻ കഴിഞ്ഞത് വലിയൊരു സന്തോഷമാണ്. മറ്റൊരു പ്രത്യേകതയുള്ളതു ഞാൻ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നിട്ടു 25 വർഷം പൂർത്തിയാവുകയാണ്.  ഞാൻ ആദ്യമായി പാടിയത് ചിത്രചേച്ചിയോടൊപ്പമാണ്. അതൊരു തമിഴ് ഗാനമായിരുന്നു. ഇപ്പോഴിതാ ഞാൻ ആദ്യമായി സംഗീതം നൽകിയ പാട്ടും ചിത്രച്ചേച്ചി പാടുന്നു. അതൊരു വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്. അത് മനോഹരമായി ചേച്ചി പാടി തന്നു. പ്രദീപ് ടോം ആണ് ഈ പാട്ടിന്റെ കീബോർഡ് പ്രോഗ്രാമിങ് ചെയ്തത്.

പാട്ടിനു മികച്ച സ്വീകാര്യത

പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സാഹചര്യത്തിന് അനുയോജ്യമായ പാട്ടാണ് എന്നാണ് ഓഡിയോ ലോഞ്ചിൽ കണ്ടപ്പോൾ എല്ലാവരും പറഞ്ഞത്. ‘മധു വളരെ നന്നായി ചെയ്തിട്ടുണ്ട്, ഒരു ഗായകൻ മാത്രമല്ല ഒരു സംഗീത സംവിധായകനും മധുവിലുണ്ടെന്ന് പാട്ടുകേട്ടപ്പോൾ മനസ്സിലായി, ഈ മേഖലയിലും നല്ലൊരു ഭാവി ഉണ്ടാകട്ടെ’ എന്നാണ് ചിത്രച്ചേച്ചി പറഞ്ഞത്. അത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു. ഓഡിയോ ലോഞ്ച് ചെയ്തു മൂന്നു ദിവസം കഴിഞ്ഞപ്പോൾ യൂട്യൂബിൽ പത്തുലക്ഷം ആളുകൾ അത് കണ്ടു എന്നുള്ളതാണ് ഏറ്റവും സന്തോഷം തോന്നിയ കാര്യം. നമ്മൾ ആദ്യമായി ചെയ്‌ത പാട്ട് മറ്റുള്ളവർക്ക് സ്വീകാര്യമാകുന്നത് കാണുമ്പോഴാണല്ലോ സംതൃപ്തി ഉണ്ടാകുന്നത്.  

എളുപ്പം ഏത്

പാട്ട് പാടുന്നതും സംഗീതസംവിധാനവും രണ്ടും വ്യത്യസ്തമാണ്. രണ്ടും എളുപ്പമല്ല എന്നാൽ ബുദ്ധിമുട്ടാണ് എന്നു പറയാൻ പറ്റില്ല. പാട്ടു പാടുന്നതും സംഗീതം ചെയ്യുന്നതും ആസ്വദിച്ചു തന്നെയാണ്. ഒന്ന് ഒരാൾ ചെയ്തു വച്ചത് മേമ്പൊടികൾ ചേർത്ത് പാടുകയാണ്. സംവിധാനം ആകുമ്പോൾ ക്രീയേറ്റീവ് വർക്കാണ്.  അത് നമ്മുടെ സൃഷ്ടിയാണ്. അത് ജനങ്ങൾ സ്വീകരിക്കുന്നത് വലിയ കാര്യമാണ്.  

ഗായകരിലെ സംഗീതസംവിധായകർ

മിക്ക ഗായകരിലും ഒരു സംഗീത സംവിധായകനുണ്ട്. ഗായകർ അനേകം പാട്ടുകൾ പാടി ശീലിച്ചവരാണ്. പാടുമ്പോൾ പാട്ടുകാർ അവരുടേതായ പുതുമകൾ കൊണ്ടുവരുമല്ലോ, അത് പാട്ട് അറിഞ്ഞാൽ മാത്രമേ കഴിയൂ. പാടണമെങ്കിൽ രാഗങ്ങളെപ്പറ്റിയൊക്കെ അടിസ്ഥാന വിവരം ഉണ്ടാകണം. വെസ്റ്റേൺ ആണെങ്കിലും കർണ്ണാട്ടിക്ക് ആണെങ്കിലും മിനിമം അറിവുണ്ടാകണം. അങ്ങനെ അറിവുള്ളവർക്ക് മ്യൂസിക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകില്ല.

അവസരം കിട്ടിയാൽ ഇനിയും ചെയ്യും

സംഗീതം ചെയ്യുന്നത് ഇഷ്ടമാണ്. കൂടുതൽ പാട്ടുകൾ ചെയ്യാൻ നിലവിൽ പദ്ധതിയിട്ടിട്ടില്ല. അവസരങ്ങൾ വന്നാൽ തീർച്ചയായും ചെയ്യും. ഒരുപാടുപേർ ഇക്കാര്യം ചോദിക്കുന്നുണ്ട്. എല്ലാം ഒത്തുവന്നാൽ ചെയ്യാം. ശ്രോതാക്കൾ എന്റെ ഈ പാട്ട് സ്വീകരിക്കും എന്ന് കരുതുന്നു.  ഇത്രയും ആളുകൾ ഈ പാട്ട്  കണ്ടതിൽ വളരെ സന്തോഷമുണ്ട്. അതൊരു ഭാഗ്യമായി കരുതുന്നു. നമ്മൾ ചെയ്യുന്ന ഒരു വർക്ക് പ്രേക്ഷകർ സ്വീകരിക്കുമ്പോഴാണല്ലോ അത് പൂർണ്ണമാകുന്നത്. ജനങ്ങൾ ആണ് ഒരു കലാകാരനെ വളർത്തുന്നത്. എല്ലാം ആസ്വാദകരുടെ കയ്യിലാണ്. കലാകാരന്റെ ശക്തിയും വളവും അവരാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും എന്നോടൊപ്പം ഉണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com