ADVERTISEMENT

കോട്ടയത്തു മീനച്ചിലാറിന്റെ തീരത്തുനിന്നു പാട്ടിന്റെ മറ്റൊരുനദി ഒഴുകിയെത്തിയിരുന്നു, കേരളം മുഴുവൻ. ജയവിജയ എന്ന അഞ്ചക്ഷരക്കൂട്ട് പാട്ടിന്റെ മഹാപ്രവാഹമായി ഒഴുകിത്തുടങ്ങിയതും തെക്കേയിന്ത്യയാകെ പാടിനിറഞ്ഞതും ഇവിടെനിന്നാണ്. പാതിയിൽ നിർത്തിയ പാട്ടുപോലെ ഇരട്ട സഹോദരൻ വിജയൻ അകാലത്തിൽ പൊലിഞ്ഞിട്ടും പേരിനൊപ്പം ഇപ്പോഴും സഹോദരനെ ചേർത്തുനിർത്തുന്നുണ്ട്, ജയൻ. 

ജയന്റെ മകൻ മനോജ് കെ. ജയനായി, നടനായി നമുക്കൊപ്പം തന്നെയുണ്ട്. അദ്ദേഹം ഉൾപ്പെടെ ജയന്റെ മക്കൾ ആരും പാട്ടിന്റെ വഴിയേ നടന്നില്ല. അതിനു കൂടെയുള്ളത് ജീവനോളം ജയൻ സ്നേഹിക്കുന്ന സഹോദരന്റെ മകൻ മഞ്ജുനാഥാണ്.  ജയനച്ഛൻ എന്നാണു മഞ്ജുനാഥ് അദ്ദേഹത്തെ വിളിക്കുന്നതും.  കോട്ടയം വയലായിലെ മഞ്ജുനാഥിന്റെ വീട്ടി‍ൽ കെ.ജി.ജയൻ എത്തുമ്പോഴൊക്കെ അവിടെ പാട്ടിന്റെ സ്നേഹമഴ പെയ്തുകൊണ്ടേയിരിക്കും. 

∙അയ്യപ്പഭക്തിഗാനവഴി

ഗായകനും സംഗീതസംവിധായകനുമാണു മഞ്ജുനാഥ്. അയ്യപ്പഭക്തിഗാനങ്ങളാണു ജയവിജയ ദ്വയത്തിന്റെ കൈയൊപ്പുപതിഞ്ഞു മലയാളികൾക്കു ലഭിച്ചത്. പന്തളത്തു നിന്ന് പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര പമ്പയിൽ എത്തുമ്പോൾ സന്നിധാനത്ത് ജയവിജയന്മാരുടെ കച്ചേരി പതിവായിരുന്നു. 30 വർഷം ഇരട്ട സഹോദരങ്ങൾ ഒരുമിച്ചും വിജയന്റെ മരണശേഷം 14 വർഷം ജയൻ തനിച്ചും പാടി. പിന്നീടു മഞ്ജുനാഥും മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ അയ്യപ്പ ഭക്തിഗാനങ്ങൾ പാടി. ശബരിമലയിലെ ആ സംഗീത അനുഭവം ഒരു മഹാഭാഗ്യമായാണ് മഞ്ജുനാഥ് കരുതുന്നത്.  അച്ഛൻപാടിയ വേദികളിൽ അച്ഛനൊപ്പം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ജയനച്ഛനൊപ്പം പാടുന്നത് സ്വപ്നതുല്യമായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു.

ജയവിജയന്മാർ ഈണം നൽകിയ അയ്യപ്പഭക്തി ഗാനങ്ങൾ കോർത്തിണക്കി ‘അയ്യപ്പ ഗാനാമൃതം’ എന്ന ഭക്തിഗാനസുധ അവതരിപ്പിച്ചാണു മഞ്ജുനാഥിന്റെ സംഗീതത്തുടക്കം. ശബരിമല, ഗുരുവായൂർ, വൈക്കം, മള്ളിയൂർ തുടങ്ങിയ മഹാക്ഷേത്രങ്ങൾ ഉൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഈ പരിപാടി അവതരിപ്പിച്ചിരുന്നു. യുഎഇയിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള മണ്ഡല-മകരവിളക്ക് ആചരണങ്ങളുടെ ഭാഗമായി വിവിധ വേദികളിലും അയ്യപ്പ ഗാനാമൃതം അവതരിപ്പിച്ചു. 

∙സിനിമാവഴി

manjunath-wife
ഭാര്യ ഗിരിജയ്ക്കൊപ്പം മഞ്ജുനാഥ്

ഇതുവരെ  നാലു മലയാള സിനിമകൾക്കു സംഗീത സംവിധാനം നിർവഹിച്ചു. ക്ലിയോപാട്ര ആണ് ആദ്യചിത്രം. മനോജ് കെ ജയൻ, വിനീത് എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിലെ‘‘ആതിര തിങ്കളേ പാൽക്കുടം താ...’’ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു. കെ.എസ് ചിത്ര ആണ് ആ ഗാനം ആലപിച്ചത്. ‘ദൂരെ’, ‘കുപ്പിവള’ എന്നീ സിനിമകൾക്കും ഈണം നൽകി. ‘കുപ്പിവള’ എന്ന ചിത്രത്തിലെ "കലയുടെ കവിത തൻ" എന്ന് തുടങ്ങുന്ന ഗാനത്തിന് വയലാർ രാമർമ്മ സാംസ്കാരിക വേദിയുടെ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ഈ ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിച്ചിട്ടുമുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന ‘ഉടുമ്പ് ബിജു’വാണ് പുതിയ സിനിമ. ലോക്ഡൗൺ കാരണം മറ്റു പ്രവർത്തനങ്ങൾക്ക് അൽപം താമസം വന്നെങ്കിലും ചിത്രത്തിനായി എം.ജി.ശ്രീകുമാർ ആലപിച്ച ഗാനത്തിന്റെ റെക്കോർഡിങ് കഴിഞ്ഞു.

∙പാട്ടിനൊപ്പം പാചകവും

അച്ഛൻ വിജയനും വല്യച്ഛൻ ജയനുമാണു  സംഗീതത്തിലെ ആദ്യ ഗുരുക്കന്മാർ. കച്ചേരികളുടെ തിരക്കിനിടയിലും മഞ്ജുനാഥിനെ പഠിപ്പിക്കാൻ ഇരുവരും സമയം കണ്ടെത്തിയിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വയലിൻ പഠിക്കാൻ മോഹമുദിച്ചു. അങ്ങനെ, കോട്ടയം കലാക്ഷേത്രം മാത്യുവിന് കീഴിൽ ഏഴു വർഷത്തോളം വയലിൻ അഭ്യസിച്ചു. കൊച്ചിൻ ആർട്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ വയലിനിൽ (വെസ്റ്റേൺ) തുടർപഠനവും നടത്തി. 

പാട്ടിനു പുറമെ പാചകത്തോടും ഇക്കാലത്തു കമ്പംകയറി. ഹോട്ടൽ മാനേജ്മെൻറ് പഠിച്ചു. നാടൻപാചകം മുതൽ കോൺടിനെന്റൽ വിഭവങ്ങളടക്കം ഒരുക്കി രുചിയുടെ ലോകത്തായി. പക്ഷേ പാട്ട് അപ്പോഴും കൂടെയുണ്ടായിരുന്നു.  1997 ൽ ചെന്നൈ കലാപീഠത്തിൽ ഏഴുവർഷം ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 

 

∙കാസറ്റുകാലവും ആൽബങ്ങളുടെ കാലവും

‘ദിവ്യവിരുന്ന്’ എന്ന ക്രിസ്തീയ ഭക്തിഗാന കാസറ്റാണ് ആദ്യം. അപ്പോഴേക്ക് ആൽബങ്ങളുടെ കാലമായി. ‘പ്രിയസഖി’ എന്ന പ്രണയഗാന ആൽബം പുറത്തിരക്കി.  ഇതിലെ, ‘ഹൃദയവനി തേടി...’ എന്ന ഗാനം ആലപിക്കുകയും ചെയ്തു. ടെലിവിഷൻ പരിപാടികളിലെ നിത്യസാന്നിധ്യമായിരുന്നു മഞ്ജുനാഥിന്റെ ആൽബങ്ങൾ. അയ്യപ്പഭക്തിഗാന സമാഹാരമായ ‘വൃശ്ചികമാസം’ തുടർന്നു പുറത്തിറക്കി.  ‘ശ്രീകോവിൽ’ എന്ന ഭക്തിഗാന കാസറ്റിൽ ഗാനങ്ങൾ ആലപിച്ചു. ‘സന്താനഗോപാല മൂർത്തേ’ എന്ന പൂർണത്രയീശ ഭക്തിഗാന കാസറ്റും ശ്രദ്ധേയമായി. എസ്. രമേശൻ നായരുടെ രചനയിൽ മഞ്ജുനാഥ് ഈണം നൽകിയതായിരുന്നു ഇത്.  വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, രാജലക്ഷ്മി എന്നിവരാണ് ഇതിലെ ഗാനങ്ങൾ ആലപിച്ചത്. ചലച്ചിത്രരംഗത്തു കൂടുതൽ സജീവമാകാനാണ് ശ്രമം. ഒപ്പം ജയവിജയ സംഗീതപാരമ്പര്യം കൂടുതൽ ഉയരങ്ങളിലെത്തിക്കാനും.

∙കുടുംബം

രാജമ്മയാണു മഞ്ജുനാഥിന്റെ അമ്മ. ഗായികയും സംഗീതാധ്യാപികയുമായ ഗിരിജയാണു മഞ്ജുനാഥിന്റെ ഭാര്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com