ADVERTISEMENT

‘നായാട്ട്’ എന്ന ചിത്രത്തിലെ ‘അപ്പലാളെ’ എന്ന അതിമനോഹരമായ നാടൻ പാട്ട് ആസ്വദിക്കാത്തവർ ചുരുക്കമായിരിക്കും. വരികളിലൂടെയും ഈണത്തിലൂടെയും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി നാരായണൻ. ഭർത്താവ് വിഷ്ണു വിജയ് ഈണം പകർന്ന  ഗാനം മധുവന്തിയുടെ സംഗീത വഴിയിൽ പുതിയൊരു ഹിറ്റ് ആയി ചേർക്കപ്പെട്ടു. സംഗീത പാരമ്പര്യമുളള വീട്ടിൽ നിന്നുമാണ് പിന്നണി ഗാനരംഗത്തേക്കുളള മധുവന്തിയുടെ കടന്നുവരവ്. പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ അച്ഛൻ രമേഷ് നാരായണൻ മധുവന്തിയുടെ പാട്ടുകൾ വിലയിരുത്തുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യാറുണ്ടെന്ന് ഗായിക പറയുന്നു. ഇത് മധുവന്തിയുടെ മുന്നോട്ടുളള യാത്രയ്ക്ക് കൂടുതൽ ഊർജ്ജം പകരുന്നു. നായാട്ടിന് ‌പുറമെ അടുത്തിടെ തിയറ്ററുകളിൽ എത്തിയ ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ ‘ചിരമഭയമീ...’ എന്നു തുടങ്ങുന്ന  ഗാനവും മധുവന്തിയാണ് ആലപിച്ചിരിക്കുന്നത്. രണ്ട് ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷം ഗായികയുടെ വാക്കുകളിൽ തെളിയുന്നു. ഗപ്പിയിലെ തനിയെ മിഴികൾ... അമ്പിളിയിലെ ആരാധികേ... തുടങ്ങിയ ഗാനങ്ങളിലൂടെ മധുവന്തി മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞതാണ്. വിഷ്ണുവും മധുവന്തിയും ഒരുമിക്കുന്ന പാട്ടുകളെല്ലാം തന്നെ ഏറെ ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ ഇതെല്ലാം ഭാഗ്യമാണെന്ന് ഗായിക പറയുന്നു. പുതിയ പാട്ടു വിശേഷങ്ങൾ മധുവന്തി നാരായണൻ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

മികച്ച പ്രതികരണവുമായി ‘അപ്പലാളെ’

‘അപ്പലാളെ’ എന്ന ഗാനത്തിനു ലഭിക്കുന്ന മികച്ച പ്രേക്ഷകപ്രതികരണങ്ങൾ എനിക്കും വിഷ്ണുവിനും ഏറെ സന്തോഷം പകരുന്നു. അൻവർ അലിയാണ് പാട്ടിനു വരികൾ കുറിച്ചത്. ഈ ഗാനം റഫ് മിക്‌സ് ചെയ്തത് ചെന്നൈയിലെ സ്റ്റുഡിയോയിൽ ആയിരുന്നു. ആ സമയത്ത് എല്ലാം പറഞ്ഞു തന്ന് വിഷ്ണു കൂടെ തന്നെ  ഉണ്ടായിരുന്നു. ഇപ്പോൾ നിങ്ങളൊക്കെ കേൾക്കുന്ന ഗാനം തിരുവനന്തപുരത്തെ വീട്ടിലെ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണ്. തിരുവനന്തപുരത്ത് ‌റെക്കോർഡിങ് നടക്കുന്ന സമയത്ത് വിഷ്ണു ഒപ്പമുണ്ടായിരുന്നില്ല. ഞാൻ പാടി കേൾപ്പിക്കുമ്പോൾ ഫോണിലൂടെയാണ് ഓരോ കാര്യങ്ങളും വിഷ്ണു പറഞ്ഞു തന്നു കൊണ്ടിരുന്നത്. നേരത്തെ പാടിയതു കൊണ്ട് തന്നെ അധികം ടെൻഷനൊന്നുമില്ലാതെ പാടിത്തീർക്കാൻ കഴിഞ്ഞു. വിഷ്ണു ഈണം നൽകിയ ശേഷമാണ് അൻവർ അലി വരികളൊരുക്കിയത്. ഈ ഗാനത്തിനു പിന്നിൽ മനോഹരമായ ഒരു കെട്ടുകഥയുണ്ട്. ലക്ഷദ്വീപിലെ ആളുകൾ നീരാളിക്കു പറയുന്ന മറ്റൊരു പേരാണ് ‘അപ്പലാളെ’. ഇതു സംബന്ധിച്ച് നാട്ടിൻപുറത്ത് നിലനിൽക്കുന്ന ഒരു കെട്ടുകഥയുമായി ബന്ധപ്പെട്ടു വരുന്ന നാടൻപാട്ടാണിത്. 

വേദനിപ്പിച്ച കമന്റ്

‘അപ്പലാളെ’ പുറത്തിറങ്ങിക്കഴിഞ്ഞപ്പോൾ അതിനു താഴെ വന്ന ഒരു കമന്റ് ഒരുപാട് പേർ ശ്രദ്ധിച്ചിരുന്നു. ‘ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് ഞാനും എന്റെ അമ്മയും അനിയത്തിയും സഹോദരന്മാരും ആണ്. ഇതിൽ അഭിനയിച്ച എന്റെ അമ്മ മരിച്ചിട്ട് ഇന്ന് 3 ദിവസം. ഞങ്ങൾക്ക് ഇങ്ങനെ ഒരു അവസരം തന്ന എല്ലാവർക്കും നന്ദി’. എന്നതായിരുന്നു ആ കമന്റ്. ഇത് സത്യമാണ്. ഈ ഗാനത്തിന്റെ ചിത്രീകരണത്തിന് ഒരു നാടൻ പാട്ട് സംഘത്തിനെ ആവശ്യമായിരുന്നു. തിരച്ചിലിന് ഒടുവിലാണ് അമ്പലപ്പുഴ പന്തിരുകുലം എന്ന സംഘത്തിലെത്തിയത്. ഇവരെല്ലാവരും പാട്ടുകാരാണ്. ഞാനും വിഷ്ണുവും ചേർന്നാണ്  ചിത്രീകരണ സമയത്ത്  അവർക്ക് പാട്ടിന്റെ വരികളും പാടുന്ന രീതിയുമൊക്കെ പഠിപ്പിച്ച് കൊടുത്തത്.അതിൽ ഒരാളുടെ അമ്മ പാട്ട് റിലീസ് ചെയ്യുന്നതിന് മുൻപ് മരിച്ചു. അത് ഒരു സങ്കടകരമായ കാര്യമായിരുന്നു.

വിഷ്ണുവും മധുവന്തിയും ഒരുമിക്കുമ്പോഴുളള ഹിറ്റുകൾ

ഞങ്ങൾ ഒരുമിക്കുമ്പോഴുളള ഗാനങ്ങൾ ആളുകൾ ഏറ്റെടുക്കുന്നുവെന്നത് ഒരു ഭാഗ്യമാണ്. ഇത്തരം ഗാനം സ്വീകരിക്കപ്പെടുന്നതിലൂടെ ആളുകൾ കുറച്ചു കൂടി റൊമാന്റിക് ട്രാക്ക് ഇഷ്ടപ്പെടുന്നുവെന്നാണ് ഞാൻ കരുതുന്നത്. വിഷ്ണു തന്റെ പാട്ടുകളിൽ കൂടുതൽ ടെക്നിക്കൽ ഉപകരണങ്ങളെക്കാൾ ലൈവ് സംഗീതോപകരണങ്ങളാണ് ഉപയോഗിക്കുന്നത്. പാട്ടിനു വേണ്ട സംഗതികൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കി അതിനനുസരിച്ചുളള സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നു. ഇത് ഗാനം കൂടുതൽ ആസ്വദ്യകരമാകാൻ സഹായിക്കുന്ന ഘടകങ്ങളാണ്. 

വിഷ്ണുവിനൊപ്പമുളള റെക്കോർഡിങ്

സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ആണ് നായാട്ടിലെ ഗാനം ചെയ്യുന്നതിന് വിഷ്ണുവിനെ വിളിച്ചത്. വിഷ്ണുവിനൊപ്പം പാടാനാരിക്കുമ്പോൾ കൂടുതൽ ഫ്രീ ആയി ചെയ്യാൻ പറ്റും. ടെൻഷൻ തോന്നുകയേ ഇല്ല. ‘അപ്പലാളെ’യുടെ റഫ് മിക്‌സിങ്ങ് ചെന്നൈയിലെ സ്റ്റുഡിയോയിൽ വച്ചാണ് നടത്തിയത്. എല്ലാം കൃത്യമായി പറഞ്ഞു തന്ന് വിഷ്ണു കൂടെ നിൽക്കും. ചെന്നൈയിലെ ഞങ്ങളുടെ റെക്കോർഡിങ് കൂടുതലും ടു ബാർക്യൂസ്റ്റുഡിയോയിൽ ആണ് ചെയ്യുന്നത്. ഞങ്ങളുടെ സുഹൃത്തായ സുജിത്ത് ശ്രീധറാണ് ഈ സ്റ്റുഡിയോ നടത്തുന്നത്. ഞങ്ങളുടെ മിക്ക വർക്കുകളും അവിടെയാണ് ചെയ്തിട്ടുളളത്. ‘അപ്പലാളെ’ എന്ന ഗാനം ഞങ്ങൾ ഒരുപാട് പ്രതീക്ഷയോടെയാണ് ഒരുക്കിയത്. അതിനു മികച്ചൊരു ഫലം ലഭിക്കുകയും ചെയ്തതിൽ വളരെയധികം സന്തോഷം ഉണ്ട്.  വിഷ്ണുവിന്റെ കൂടെ റെക്കോർഡ് ചെയ്ത പാട്ടുകളിൽ കൂടുതലും കൂടെ ഉണ്ടായിരുന്നത് ഞങ്ങളുടെ  സുഹൃത്തുക്കൾ തന്നെയായിരുന്നു. നമ്മുടെ കൂടെയുളളവർ നല്ല സുഹൃത്തുക്കളായിരിക്കുമ്പോൾ വളരെ രസകരമായി ചെയ്യാൻ പറ്റും. പാട്ടുകളുടെ സംഗീതസംവിധാനം ചെയ്യുന്നത് മിക്കപ്പോഴും ചെന്നൈയിലെ ഫ്‌ളാറ്റിൽ തന്നെയാണ്. ഇപ്പോൾ വിഷ്ണു കുറച്ച് ദിവസമായി എറണാകുളത്ത് റെക്കോർഡിങ് തിരക്കിലാണ്. ‘അപ്പലാളെ’ ഗാനത്തിന്റെ റെക്കോർഡിങ് സമയത്ത് ഫോൺ വിളിച്ചാണ് തിരുത്തലുകൾ പറഞ്ഞു തന്നത്. ഗപ്പിയിലെയും അമ്പിളിയിലെയും ഗാനം ചെയ്യുമ്പോൾ എല്ലാവരും അറിയാവുന്നവരായിരുന്നു. സംവിധായകൻ ജോൺ പോൾ ജോർജും, കൂടെ പാടിയ സൂരജ് സന്തോഷിനെയുമൊക്കെ അടുത്ത് അറിയാമായിരുന്നു. അതുകൊണ്ട് രസകരമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സാധാരണ രീതിയിൽ  റെക്കോർഡിങ് സമയത്ത് അടുത്ത് നിൽക്കുക ബുദ്ധിമുട്ടാണ്. എല്ലാം  സാധാരണ രീതിയിലേക്കു മടങ്ങട്ടെ എന്നു പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാം.

അച്ഛനും മധുശ്രീയും എന്റെ പാട്ടും

പുതിയ രണ്ടു പാട്ടുകളും അച്ഛൻ കേട്ടു. അച്ഛന് ഒരുപാട് സന്തോഷമുണ്ട്. ഞങ്ങളെല്ലാവരും വീട്ടിൽ ഒത്തു ചേരുന്ന സമയങ്ങളിലെല്ലാം സംഗീതത്തെ കുറിച്ച് ഒരുപാട് സംസാരിക്കും. വിഷ്ണുവിന്റെ  സംഗീത രംഗത്തുണ്ടായ വളർച്ചയിൽ ഏറെ സന്തോഷിക്കുന്ന വ്യക്തിയാണ് അച്ഛൻ. മധുശ്രീയുടെ കാര്യത്തിലും ഇത് തന്നെയാണ്. അവൾ എന്നെ നന്നായി വിമർശിക്കും. ശരിയായ മാർഗനിർദ്ദേശം നൽകാനും അവൾക്ക് ഒരു കഴിവുണ്ട്. ‘അപ്പലാളെ’ ഗാനം തിരുവനന്തപുരം സ്റ്റുഡിയോയിൽ ചെയ്യുമ്പോൾ അവൾ എന്റെ കൂടെ ഉണ്ടായിരുന്നു. 

‘ആർക്കറിയാം’ സിനിമയുടെ പിന്നണിയിലേക്ക്

ആർക്കറിയാം എന്ന സിനിമയിലെ  ചിരമഭയമീ... എന്ന ഗാനത്തിന്റെ വരികൾ കേട്ടപ്പോഴേ എനിക്കു വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഈ ഗാനവും അൻവർ അലി തന്നെയാണ് രചിച്ചത്. പാട്ടിന് ഈണമൊരുക്കിയ നേഹ നായർക്കും യാക്‌സാൻ ഗാരി പെരേരയ്ക്കും ഒപ്പം ഒരു ഗാനം ചെയ്യണമെന്നത് വളരെ നാളായിട്ട് മനസ്സിലുണ്ടായിരുന്ന ആഗ്രഹമായിരുന്നു. നേഹയാണ് ഈ പാട്ട് പാടാൻ എന്നെ വിളിച്ചത്. ഈ ഗാനം നേഹ നേരത്തെ പാടിയിരുന്നു. എന്റെ ശബ്ദത്തിൽ ഈ പാട്ട് ചെയ്യാൻ വേണ്ടിയാണ് നേഹ വിളിച്ചത്. ട്രയൽ പാടിയ ശേഷം അയച്ചു കൊടുത്തു. സംവിധായകനെയും മറ്റുളളവരെയും കേൾപ്പിച്ചിട്ട്  ഉറപ്പ് പറയാമെന്നാണ് നേഹ അന്ന് പറഞ്ഞത്. പിന്നീട് ഈ ഗാനം സിനിമയിൽ ഉറപ്പായ ശേഷം ചെറിയ മാറ്റങ്ങൾ വരുത്തി പാടിയിരുന്നു. കോവിഡ് പ്രശ്‌നങ്ങളുളളതിനാൽ നേഹയെയും യാക്‌സനെയും നേരിട്ട് കാണാൻ കഴിഞ്ഞില്ല. അവർ ഈ ഗാനം പാടാൻ വിളിച്ചപ്പോൾ വരികൾ തന്നെയായിരുന്നു എന്നെ അതിലേക്ക് ആകർഷിച്ചത്. ഒരു വീടിനുളളിലെ രസകരമായ നിമിഷങ്ങൾ ഒപ്പിയെടുക്കുന്ന വ്യത്യസ്തമായ ഒരു ഗാനമായിരുന്നു. പാട്ട് നന്നായിട്ടുണ്ടെന്ന് ഗാനം കേട്ട ശേഷം നിരവധി പേർ വിളിച്ച് പറഞ്ഞിരുന്നു. 

വരാനിരിക്കുന്ന പ്രൊജക്ടുകൾ 

വരും നാളുകളിൽ പാട്ടിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഹിന്ദുസ്ഥാനി കച്ചേരികൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ഇതു കൂടാതെ യൂട്യൂബിൽ ഞാനൊരു മെലോ സീരിയസ് ചെയ്തിരുന്നു. അതിന്റെ രണ്ടാമത്തെ സീരിയസ് ചെയ്യാനുളള തയ്യാറെടുപ്പിലാണ്. ഭീമന്റെ വഴി, പട, തല്ലുമാല തുടങ്ങിയ ചിത്രങ്ങളാണ് വിഷ്ണുവിന്റേതായി വരാനിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com