ADVERTISEMENT

കേരള ഫോക‌‌്‌ലോർ അക്കാദമി ചെയർമാൻ ആയ സി ജെ കുട്ടപ്പൻ മാഷിന്റെ തായ്ചില്ലം നാടൻ പാട്ടു സംഘത്തിലെ ഗായകനാണ് മത്തായി സുനിൽ. ഇരുപതു വർഷക്കാലമായി നാടൻ പാട്ട് സംഘങ്ങളിൽ പ്രവർത്തിക്കുകയും ഒട്ടനവധി നാടക ഗാനങ്ങൾ പാടുകയും ചെയ്ത മത്തായി സുനിൽ ഒരുപിടി സിനിമാ ഗാനങ്ങൾക്കും ശബ്ദമായിട്ടുണ്ട്. ഗ്രാമത്തിന്റെ നന്മയും സുഹൃത്തുക്കളുടെ സ്നേഹവുമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നു കരുതുന്ന ഈ കലാകാരൻ കുട്ടപ്പൻ മാഷിന്റെ പ്രിയപ്പെട്ട ശിഷ്യനാണ്. നാടൻപാട്ടുകളെ പ്രാണനെപ്പോലെ കൊണ്ടു നടക്കുന്ന മത്തായി സുനിൽ തന്റെ ജീവിതത്തെയും സ്വപ്നങ്ങളെയും കുറിച്ച് മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു.

സംഗീതലോകത്തിലേയ്ക്ക്

സംഗീതം ഞാൻ ശാസ്ത്രീയമായി പഠിച്ചിട്ടില്ല. നാടൻ പാട്ടുകൾ പാടിയുള്ള പരിചയമാണ് ഉള്ളത്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പാടുമായിരുന്നു. അതൊരു പ്രൊഫഷൻ ആക്കിയത് ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ്. ഡി ബി കോളജിൽ ആണ് പഠിച്ചത്. അവിടെ കോളജിൽ നാടോടി പെർഫോമിങ് എന്ന പേരിൽ ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. എന്റെ ഒരു സുഹൃത്ത് പി എസ് ബാനർജി എന്ന ഒരു കലാകാരൻ വഴിയാണ് ഞാൻ ടീമിൽ എത്തിയത്. രണ്ടായിരത്തിമൂന്നോടു കൂടി കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ആയ സി ജെ കുട്ടപ്പൻ മാഷിന്റെ "തായ്ചില്ലം" എന്ന സംഘത്തിലേക്കു വരികയും  അദ്ദേഹത്തോടൊപ്പം 20 വർഷക്കാലമായി പരിപാടികൾ അവതരിപ്പിച്ചു വരികയും ചെയ്യുന്നു. 2012ൽ ആണ് ഞാൻ ആദ്യമായി സിനിമയിൽ പാടുന്നത്.

ഗുരുനാഥനും ഞാനും

എന്റെ ഗുരുസ്ഥാനത്ത് ഞാൻ കാണുന്നത് കുട്ടപ്പൻ മാഷിനെയാണ്. ഓരോ നാടൻ പാട്ടിന്റെ ചരിത്രവും കഥയും മനസ്സിലാക്കി അതിന്റെ ജീവൻ പോകാതെ കേഴ്‌വിക്കാരനിൽ എത്തിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തന്നത് അദ്ദേഹമാണ്. അദ്ദേഹത്തോടൊപ്പമാണ് ചാനൽ പരിപാടികളിലും ലോകം അറിയപ്പെടുന്ന കലാകാരന്മാരായ ദാസേട്ടൻ ചിത്രച്ചേച്ചി ശ്രീകുമാർ സാർ മുതലായവരോടൊപ്പമൊക്കെ സ്റ്റേജ് പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞത്. വലിയ നാഷണൽ ഫെസ്റ്റിവലിൽ ഒക്കെ പങ്കെടുത്തു, പുറം രാജ്യങ്ങളിൽ പോയി പരിപാടി അവതരിപ്പിക്കാൻ സാധിച്ചു. ഇതെല്ലം കുട്ടപ്പൻ മാഷിന്റെ സഹായത്തോടെയാണ് ചെയ്യാൻ കഴിഞ്ഞത്. നാടൻ പാട്ടുകൾ പാടുമ്പോൾ യഥാർഥത്തിൽ പുറകിൽ പാടുന്നവർ ആണ് മുന്നിൽ നിന്ന് പാടുന്നവരെ സഹായിക്കുന്നത്. പക്ഷെ പ്രശംസ കിട്ടുന്നത് മുന്നിൽ നിന്നു നയിക്കുന്നവർക്കാണ്. കോറസ് പാടുന്നവരും ഓർക്കസ്ട്രക്കാരുമാണ് മുഖ്യഗായകന്റെ എനർജി. അവർ തരുന്ന പിന്തുണ കൊണ്ടാണ് നന്നായി പാടാൻ കഴിയുന്നത്.  

പിന്നണിയില്‍ സ്വരമായപ്പോൾ

സിനിമ എന്നത് എന്റെ സ്വപ്നത്തിൽപ്പോലും ഇല്ലായിരുന്നു. നാടൻ പാട്ടുകൾ ആണ് മുഖ്യമായും പാടുക. അടിച്ചുപൊളി പാട്ടുകളും പാടാറുണ്ട്. ബാച്ചിലർ പാർട്ടിയിൽ ആണ് ആദ്യമായി സിനിമക്കു വേണ്ടി പാടിയത്. കുട്ടപ്പൻ മാഷ് പാടേണ്ട പാട്ടായിരുന്നു അത്. കോറസ് പാടാൻ ആണ് മാഷ് എന്നെ വിളിച്ചത്.  സംഗീതസംവിധായകന്‍ രാഹുൽ രാജ് പാടാൻ പറഞ്ഞപ്പോൾ അതിന്റെ ട്രാക്ക് ആദ്യം മത്തായി പാടട്ടെ എന്ന് കുട്ടപ്പൻ മാഷ് പറഞ്ഞു. പാടിക്കഴിഞ്ഞു ഞാൻ കൺസോളിൽ വന്നപ്പോൾ കുട്ടപ്പൻ മാഷ് രാഹുലിനോട് പറഞ്ഞു ഇത് ഇവൻ തന്നെ പാടിയാൽ പോരെ എന്ന്. അദ്ദേഹം പറഞ്ഞൂ ഞാൻ ഡയറക്ടറോട് ചോദിക്കട്ടെ. ബാച്ചിലർ പാർട്ടിയിലെ മറ്റൊരു പാട്ടുകൂടി ട്രാക്ക് പാടി. വോയ്സ് കേട്ടിട്ട് അമൽ നീരദ് സാറിന് ഇഷ്ടപ്പെടുകയും എന്നെ തന്നെ ഫിക്സ് ചെയ്യുകയുമായിരുന്നു. അങ്ങനെയാണ് സിനിമാരംഗത്തേക്കുള്ള കടന്നുവരവ്. പിന്നീടിങ്ങോട്ട് ഇയോബിന്റെ പുസ്തകം, ഒരുമുറൈ വന്നു പാർത്തായ, കളി, കമ്മട്ടിപ്പാടം എന്നീ സിനിമകളിൽ പാടി. ഒരു പിന്നണി ഗായകൻ എന്ന നിലയിൽ റീച്ച് തന്നത് കമ്മട്ടിപ്പാടത്തിലെ "പുഴുപുലികൾ" എന്ന പാട്ടായിരുന്നു. പിന്നീട് ബോൺസായ്, വിശുദ്ധ രാത്രികൾ അങ്ങനെ ഇരുപത്തിയഞ്ചോളം സിനിമകളിൽ ഇതുവരെ പാടി.

വളരെ പ്രഗത്ഭരായ ചില സംഗീതസംവിധായകരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇളയരാജ സാറിനോടൊപ്പം പഴശ്ശിരാജയിൽ വർക്ക് ചെയ്തു.  കുട്ടപ്പൻ ചേട്ടനോടൊപ്പമുള്ള ഗ്രൂപ്പ് സോങ് ആയിരുന്നു. എങ്കിലും രാജാ സാർ പാട്ടുപറഞ്ഞു തന്നു മദ്രാസിൽ പ്രസാദ് സ്റ്റുഡിയോയിൽ വച്ചു പാടിയത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നു. മോഹൻ സിത്താര സാറിന്റെ ഒപ്പവും ആർ സോമശേഖരൻ സാറിനോടൊപ്പവും കമ്മട്ടിപ്പാടം ചെയ്ത ജോൺ പി വർക്കിയോടൊപ്പവും പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ അഭിമാനമായി തോന്നുന്നു. വിനു തോമസ്, വിശ്വജിത്ത്, ബിജിബാൽ എന്നിവരുടെ പാട്ടുകളും പാടി. ബിജിബാൽ സാറിന്റെ പാട്ടുപാടിയത് ‘വെള്ളം’ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു. അതിലെ ‘സാഗര നീലിമകൾ’ എന്ന പാട്ടാണ് പാടിയത്. 

പുതിയ ചിത്രങ്ങൾ 

രാഹുൽ രാജിന്റെ ഹിഗ്വിറ്റ എന്ന സിനിമ ഇറങ്ങാനുണ്ട്. സിജു വിൽസൺ അഭിനയിക്കുന്ന വരയൻ, നിവിൻ പോളിയുടെ പടവെട്ട്, എന്നീ ചിത്രങ്ങളാണ് ഇനി മറ്റുള്ളവ. ഗോവിന്ദ് വസന്ത ആണ് പടവെട്ടിന്റെ സംഗീത സംവിധായകൻ. വരയനു വേണ്ടി സംഗീതം ഒരുക്കുന്നത് പ്രകാശ് അലക്സ്. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു നോക്കിയാൽ ഇതൊക്കെ എപ്പോൾ പുറത്തിറങ്ങുമെന്ന് പറയാൻ കഴിയില്ല. കോവിഡ് എല്ലാ മേഖലയെയും പോലെ സിനിമയെയും പിടിമുറുക്കിയിരിക്കുകയാണല്ലോ. തിയറ്ററുകളൊക്കെ വീണ്ടും അടഞ്ഞു. ഇനി എന്തെന്ന് ആർക്കും അറിയാത്ത അവസ്ഥയാണ്. ഒമ്പതോളം സിനിമകൾ ഇറങ്ങാനുണ്ട്. എല്ലാം റെക്കോർഡിങ് കഴിഞ്ഞിട്ടുണ്ട്. പക്ഷെ സിനിമയുടെ ആവശ്യം അനുസരിച്ചേ ഓരോന്നും അവസാനം ഉൾപ്പെടുത്താൻ കഴിയൂ.  ജോസഫ് എന്ന സിനിമയിൽ ഞാൻ പാടിയിരുന്നു. പക്ഷെ എന്റെ ശബ്ദം വരുന്ന സീനിൽ സുധി കോപ്പ ആയിരുന്നു അഭിനയിച്ചത്, എന്റെ ശബ്ദം അദ്ദേഹത്തിന് ചേരാത്തതുകൊണ്ടു എന്റെ പാട്ടു മാറ്റി. അതിൽ പരിഭവിച്ചിട്ടു കാര്യമില്ല സിനിമ ആവശ്യപ്പെടുന്നതാണല്ലോ അതിൽ ഉൾപ്പെടുത്തേണ്ടത്.  പാടിയ പാട്ടുകളെല്ലാം എനിക്കു പ്രിയപ്പെട്ടതാണ്, സംഗീത സംവിധായകർ എല്ലാം വളരെ ക്ഷമയോടെ എന്നോടു പെരുമാറിയിട്ടുണ്ട്. ഞാൻ ശാസ്ത്രീയമായി പഠിക്കാത്ത പാട്ടുകാരൻ ആയതുകൊണ്ട് അവർ വളരെ നന്നായി പറഞ്ഞു തന്നാണ് പാടിക്കുന്നത്.  

നാടക ഗാനങ്ങൾ 

നാൽപ്പതോളം പ്രൊഫഷനൽ നാടകങ്ങളിൽ പാടിയിട്ടുണ്ട്. രവീന്ദ്രൻ മാഷിന്റെ ശിഷ്യനായ അഞ്ചൽ ഉദയകുമാർ അദ്ദേഹത്തിന്റെ സഹോദരൻ വേണു അഞ്ചൽ, ആലപ്പി വിവേകാനന്ദൻ മുതലായവരുടെ പാട്ടുകളാണ് പാടിയത്. നിരവധി ഹിന്ദു ഭക്തി ഗാനങ്ങളും പാടിയിട്ടുണ്ട്. ശാസ്താംകോട്ട കേന്ദ്രമാക്കി പാട്ടുപുര എന്ന നാടൻപാട്ട് സംഘമുണ്ട് ഞങ്ങൾക്ക്. അതിൽ ഇരുപത്തിയഞ്ചോളം ആർട്ടിസ്റ്റുകളാണുള്ളത്. ഒരു ട്രസ്റ്റ് ആണ് പാട്ടുപുര. കിട്ടുന്ന തുക ചെറിയരീതിയിൽ പങ്കിട്ടെടുക്കുകയും ബാക്കി ഉള്ളത് കുട്ടികളുടെ വിദ്യാഭ്യാസത്തിനും പാവങ്ങളുടെ ചികിത്സക്കും സഹായധനമായി നൽകാറുണ്ട്. ഞങ്ങളെക്കൊണ്ട് ആകുന്നത് ഞങ്ങൾ പാവങ്ങൾക്ക് കൊടുക്കുന്നു. രാഹുൽ രാജ് ചേട്ടൻ വിളിക്കുമ്പോൾ അദ്ദേഹത്തിനോടൊപ്പം പാടാൻ പോകാറുണ്ട്. നാടകപ്രവർത്തകനായ സുഹൃത്ത് എഴുതിയ "നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ" എന്ന ഞാൻ പാടിയ ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പിന്നീട് ഈ അടുത്തിടെ കോൺഗ്രസാണ് ഭാരതത്തിൽ മർത്യകോടികൾ എന്നൊരു പാട്ടു വൈറലായി. എബി പാപ്പച്ചൻ എന്ന ഒരു അധ്യാപകൻ ആണ് അതിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. പാർലമെന്റ് ഇലക്ഷൻ സമയത്ത് ആ പാട്ട് വളരെ പ്രചാരം നേടിയിരുന്നു. പിന്നീട് ഇലക്ഷൻ സമയത്ത് എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിന്റെ പ്രചരണ പരിപാടിക്ക് മുൻപായി ഈ പാട്ട് ഉപയോഗിക്കാറുണ്ട്. പാപ്പച്ചൻ സർ അതിന്റെ പല ഭാഷയിലുള്ള രചനയിലാണ്. ഞാൻ സിനിമാഗാനങ്ങൾക്കു വേണ്ടി തേടിപ്പോകാറില്ല. പാടിയതെല്ലാം എന്റെ സുഹൃത്തുക്കളുടെ ശുപാർശ വഴി വരുന്നതാണ്. സുഹൃത്തുക്കളാണ് എനിക്ക് എല്ലാം. അവിചാരിതമായി ഷെർലക്ക് ടോം, പൂമരം, വിശുദ്ധ രാത്രികൾ എന്നിങ്ങനെ മൂന്നു സിനിമകളിൽ മുഖം കാണിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com