ADVERTISEMENT

മലയാള സംഗീതരംഗത്ത് ഒരു അടിപൊളി അമ്മ–മകള്‍ കോംബോ ഉണ്ടെങ്കിൽ അത് സുജാതയും ശ്വേതയുമാണ്. ഇരുവരും ഒരുമിച്ചെത്തുന്ന പാട്ടായാലും വർത്തമാനങ്ങളായാലും ഏറെ ഇഷ്ടത്തോടെ കേട്ടിരിക്കും മലയാളികള്‍. പ്രണയത്തിന്റെ സ്വരരാഗങ്ങൾ അനേകം പാടിത്തന്ന ഗായികയാണ് സുജാത. മകൾ പിറന്നതോടെ അവൾക്കായി മാത്രം ജീവിച്ച് വീട്ടമ്മയായി ഒതുങ്ങാൻ തീരുമാനിച്ചിരുന്നു ഒരു കാലത്ത് ഗായിക. പക്ഷേ പാട്ട് നിർത്താൻ ഭർത്താവ് കൃഷ്ണമോഹൻ വിസമ്മതിച്ചു. മലയാളത്തിലെ ഹിറ്റ് മേക്കേഴ്സിന്റെ പിന്തുണ കൂടി എത്തിയതോടെ വീണ്ടും കളം നിറഞ്ഞു. പാടിക്കയറുന്നതിനിടയിൽ ആ സ്വരഭംഗിക്കൊപ്പം മകൾ ശ്വേതയും ചേർന്നു. പിന്നീട് സുജാതയുടെ വേദികൾ ശ്വേതയുടേതു കൂടിയായി. അങ്ങനെ അമ്മയും മകളും ഒരുമിച്ച് മലയാളികളെ ഒന്നാകെ പാട്ട് പെരുമയിൽ മുക്കി. ശ്വേത ഇന്ന് ഒരു അമ്മയും സുജാത ഇന്ന് ഒരു അമ്മമ്മയുമാണ്. സുജാതയ്ക്ക് എല്ലാ സന്തോഷങ്ങളും പകരുന്ന ഇടമാണ് കൊച്ചുമകൾ ശ്രേഷ്ഠയ്ക്കൊപ്പമുള്ള ലോകം. കൊഞ്ചലും പ്രണയവും കുസൃതിയും ഇഴചേർന്ന ആ സ്വരഭംഗി ഇന്ന് കൊച്ചുമകളെ പാടിയുറക്കുന്നു, അവൾക്കൊപ്പം കളിക്കുന്നു, അവളെ താലോലിക്കുന്നു. അതെല്ലാം കണ്ടാസ്വദിച്ച് ശ്വേത അരികിൽ തന്നെയുണ്ട്. അമ്മയായപ്പോൾ സുജാതയും ശ്വേതയും കടന്നു പോയത് രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണ്. അമ്മയെക്കുറിച്ച് ശ്വേത മനോരമ ഓൺലൈനിനോടു മനസ്സ് തുറന്നപ്പോൾ.

എനിക്കു വേണ്ടി എന്റെ അമ്മ

ഞാൻ ജനിച്ചതിനു ശേഷം പാട്ടിൽ ഇടവേള എടുത്തത് അമ്മയുടെ സ്വന്തം തീരുമാനമായിരുന്നു. കുഞ്ഞിന് അമ്മയുടെ മുലപ്പാൽ കൊടുത്തു വളർത്തുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണല്ലോ. അത് അന്നും ഇന്നുമെല്ലാം അങ്ങനെ തന്നെ. ഞാൻ ജനിച്ച സമയത്ത് അമ്മ പാട്ട് റെക്കോർഡിങ്ങിനും മറ്റു സംഗീതപരിപാടികള്‍ക്കുമൊക്കെ പോയി ഒരുപാട് സമ്മർദ്ദങ്ങൾ നേരിട്ടാൽ മുലപ്പാൽ ഉണ്ടാകുമോ എന്നുപോലും പേടിച്ചിരുന്നു. കുഞ്ഞിന്റെ ആരോഗ്യം നന്നായി ശ്രദ്ധിക്കണം എന്നല്ലേ എല്ലാവരും പറയുക. അതുതന്നെയായിരുന്നു അമ്മയും തീരുമാനിച്ചത്. സ്വന്തം മകള്‍ക്ക് പ്രാധാന്യം കൊടുക്കണം, മൂന്ന് വയസ്സ് ആകുന്നതുവരെ എന്റെ കൂടെ തന്നെ ഉണ്ടാകണം എന്ന് അമ്മയ്ക്കു നിര്‍ബന്ധമായിരുന്നു. എപ്പോഴും അമ്മയുടെ ശ്രദ്ധ എന്റെ മേലുണ്ടായിരുന്നു. ഹിന്ദുസ്ഥാനി സംഗീതം അമ്മ പഠിച്ചതൊക്കെ ആ സമയത്താണ്. 

ഞാൻ അമ്മയായപ്പോൾ

ഞാൻ ജനിച്ചതിനു ശേഷം അമ്മ കരിയറിൽ ബ്രേക്ക് എടുത്തതു പോലെ ശ്രേഷ്ഠ ജനിച്ചതിനു ശേഷം എനിക്ക് എടുക്കേണ്ടി വന്നില്ല. രണ്ടു പേരുടേതും വ്യത്യസ്ത സാഹചര്യമായിരുന്നു. ഒരു വർഷത്തോളം ഞാൻ എന്റെ മകൾക്കു മുലപ്പാൽ കൊടുത്തു. ആ സമയത്തൊന്നും ഞാൻ യാത്ര ചെയ്തിരുന്നില്ല. സാഹചര്യത്തിനനുസരിച്ച് കൃത്യമായി പ്ലാൻ ചെയ്താണ് വർക്കുകൾ ഏറ്റെടുത്തിരുന്നത്. എന്നിരുന്നാൽപ്പോലും അതൊക്കെ കൈകാര്യം ചെയ്യാൻ കുറച്ചു പ്രയാസങ്ങൾ നേരിട്ടു. ഗർഭകാലത്ത് ഒൻപതാം മാസത്തിൽ പോലും ഞാൻ റെക്കോർഡിങ്ങിനു പോയിരുന്നു. ഗർഭിണിയായിരിക്കെ എനിക്കു മറ്റു പ്രയാസങ്ങളൊന്നും നേരിടേണ്ടി വന്നില്ല. അതൊക്കെ ശരിക്കും ഭാഗ്യവും ദൈവാനുഗ്രഹവുമായി കണക്കാക്കുന്നു. മകൾ ജനിച്ച് കൃത്യം ഒരു മാസം കഴിഞ്ഞപ്പോഴാണ് പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയുടെ വിധികർത്താവായി എന്നെ നിർണയിച്ചത്. ആ സമയത്തും ഞാൻ മകൾക്കു പാലു കൊടുക്കുമായിരുന്നു. ഷോയുടെ ഇടയിലും ഓരോ മണിക്കൂർ കൂടുമ്പോൾ മുലപ്പാൽ പമ്പ് ചെയ്തെടുത്ത് കുഞ്ഞിനു വേണ്ടി കൊടുത്തയക്കുമായിരുന്നു. പാൽ കുഞ്ഞിന്റെ അടുത്ത് എത്തിക്കാന്‍ വേണ്ടി പ്രത്യേകമായി ഒരു കാർ ഏർപ്പാടാക്കിയിരുന്നു. അത്തരത്തിലുള്ള സൗകര്യങ്ങളുണ്ടായിരുന്നതിനാൽത്തന്നെ എനിക്ക് എന്റെ മകളെ മുലപ്പാൽ കൊടുത്തു വളർത്താൻ സാധിച്ചു. ഇന്ന് ഇപ്പോൾ അതിനെക്കുറിച്ചൊക്കെ ആലോചിക്കുമ്പോൾ എനിക്കു വളരെ കൗതുകം തോന്നുന്നു. ഏഴു മാസത്തോളം നീണ്ട ആ റിയാലിറ്റി ഷോയിൽ പൂർണമായും ഭാഗമാകാൻ എനിക്കു സാധിച്ചു. ആ ചാനൽ ക്രൂ എനിക്കു വേണ്ടി ഒരുപാട് സഹകരിച്ചു. 

ഗർഭകാലം അമ്മയ്ക്കൊപ്പം

ഗർഭാവസ്ഥയിലെ ഏകദേശം ആറ് മാസവും ഞാൻ ഭർത്താവിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കുമൊപ്പമായിരുന്നു. അതിനുശേഷം വീട്ടിൽ ചില പണികൾ നടക്കുന്നതിനാൽ എനിക്ക് എന്റെ വീട്ടിലേയ്ക്കു താമസം മാറ്റേണ്ടി വന്നു. അങ്ങനെ ഏഴാം മാസം മുതൽ മുഴുവൻ സമയവും അമ്മ എന്റെ കൂടെ ഉണ്ടായിരുന്നു. പക്ഷേ അപ്പോഴും റെക്കോർഡിങ്ങുമായി ബന്ധപ്പെട്ട് ഞാൻ തിരക്കിലായിരുന്നു. ആ സമയത്താണ് വിജയ് ചിത്രം മെർസലിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ചടങ്ങിൽ പങ്കെടുക്കാൻ എന്നോട് വരണ്ട എന്ന് റഹ്മാന്‍ സർ പ്രത്യേകം പറഞ്ഞിരുന്നു. പക്ഷേ അത്ര വലിയൊരു ചടങ്ങിൽ നിന്നു മാറി നിൽക്കാൻ എനിക്കു തോന്നിയില്ല. ശ്രദ്ധിച്ചോളാം എന്ന് ഉറപ്പു കൊടുത്ത് ഞാൻ പോയി. ആ ചടങ്ങിനു പോയത് എനിക്ക് ഏറെ ഗുണം ചെയ്തു. റഹ്മാൻ സാറിന്റെയും വിജയ്‌യുടെയും മുന്നിൽ പാടാൻ സാധിച്ചു. അന്ന് പാടിയപ്പോള്‍ ഞാൻ പാട്ടിനൊപ്പം ചുവടുവച്ചു. അതു കണ്ട് എന്റെ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെ പലരും എന്നെ ചീത്ത പറഞ്ഞു. ഭാഗ്യവശാൽ വേറെ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല. എന്റെ കുഞ്ഞിന്റെ കാര്യത്തിൽ ഞാൻ വളരെ ശ്രദ്ധാലുവായിരുന്നു. ആ സമയത്തു തന്നെ ലത മങ്കേഷ്കറിനു വേണ്ടി ഞാൻ ഒരു സംഗീത ആദരം ഒരുക്കിയിരുന്നു. റഹ്മാൻ സാറിന്റെ സംഗീത സ്കൂളിൽ വച്ചായിരുന്നു അതിന്റെ ചിത്രീകരണം. രാവിലെ മുതൽ രാത്രി വരെ വർക്കുകൾ നീണ്ടു. ആ സമയത്തൊക്കെ അമ്മയായിരുന്നു എനിക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നത്. എനിക്ക് ആഹാരം നൽകിയും മടുക്കുമ്പോൾ വിശ്രമിക്കാൻ സൗകര്യം ഒരുക്കിയും എപ്പോഴും അമ്മ എന്നെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. അതൊന്നും എനിക്കു മറക്കാൻ സാധിക്കില്ല. അന്നത്തെ രാത്രികളിലൊക്കെ അമ്മ എനിക്കൊപ്പം കിടക്കുമായിരുന്നു. എല്ലാ കാര്യങ്ങളും നോക്കി കൂടെ തന്നെ നിന്നു. പ്രസവ ദിവസവും തുടർന്നും അമ്മ ഒപ്പം തന്നെ ഉണ്ടായിരുന്നു. 

അവൾ അമ്മയുടെ പ്രാണൻ 

അമ്മയുടെ ജീവനാണ് ശ്രേഷ്ഠ. ഇടയ്ക്കൊക്കെ അമ്മ എന്നോടു വന്നു പരിഭവം പറയും, ഇനി എനിക്ക് കുഞ്ഞിനെ നോക്കാൻ പറ്റില്ല, മടുത്തു എന്നൊക്കെ. പക്ഷേ അമ്മയ്ക്ക് ഒരു ദിവസം പോലും അവളെ കാണാതിരിക്കാൻ പറ്റില്ല. ശ്രേഷ്ഠയ്ക്കും അങ്ങനെ തന്നെ. അവൾ യഥാർഥത്തിൽ ഒരു അമ്മൂമ്മക്കുട്ടിയാണ്. അമ്മൂമ്മയെപ്പോലെയാണ് അവൾ സംസാരിക്കുന്നതും നടക്കുന്നതും എന്നൊക്കെ ഒരുപാട് പേർ പറയാറുണ്ട്. എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്. അമ്മയുടെ അതേ പ്രകൃതമാണ് ശ്രേഷ്ഠയ്ക്കും. അമ്മയുടെ ലോകം തന്നെ അവളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com