ADVERTISEMENT

ജീവിതത്തിൽ 63 പിന്നിടുകയാണ് പ്രിയഗായകൻ എം.ജി.ശ്രീകുമാർ. 40 വർഷത്തെ പാട്ടുജീവിതത്തിൽ ഇരുപതിനായിരത്തിൽപ്പരം ഗാനങ്ങൾ അദ്ദേഹം ആലപിച്ചുകഴിഞ്ഞു. പിറന്നാളുകൾ പലതും പലയിടങ്ങളിൽ വച്ച് പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തെ ആഘോഷം കൊച്ചിയിലെ വീട്ടില്‍ ഭാര്യ ലേഖയ്ക്കൊപ്പമാണ്. ഭാര്യ സ്നേഹപൂർവം വച്ചു വിളമ്പുന്ന ആഹാരം കഴിച്ച്, മധുരം നുകർന്ന് സന്തോഷത്തോടെയാണ് അദ്ദേഹത്തിന്റെ ഈ വർഷത്തെ ആഘോഷം. മഹാമാരി പിടിമുറുക്കിയതോടെ എല്ലാവരെയും പോലെ വീട്ടിൽ ലോക്ക് ആയിപ്പോയ ഗായകൻ ഇപ്പോഴും പരിമിതികൾക്കുള്ളിൽ നിന്നും സംഗീതത്തിൽ സജീവസാന്നിധ്യം അറിയിക്കുന്നുണ്ട്. വീട്ടിൽ തന്നെ ഒരുക്കിയ സ്റ്റുഡിയോയിൽ വച്ച് പാട്ടുകൾ പാടി റെക്കോർഡ് ചെയ്ത് അയച്ചുകൊടുക്കുന്നു. ഇനിയുള്ള കാലത്ത് ഇത്തരത്തിൽ ഓണ്‍ലൈൻ സംവിധാനങ്ങൾ മാത്രമേ ഉണ്ടാകൂ എന്നു പറയുമ്പോഴും പോയ കാലത്തിന്റെ നല്ല ഓർമകൾ എം.ജി.ശ്രീകുമാറിനെ വേദനിപ്പിക്കുന്നുണ്ട്. വിശേഷങ്ങളുമായി എം.ജി.ശ്രീകുമാർ മനോരമ ഓൺലൈനിനൊപ്പം. 

ആ ആഘോഷ രാവുകൾ

സാധാരണയായി പിറന്നാൾ വീട്ടിൽ ആഘോഷിക്കാൻ സാധിച്ചിരുന്നില്ല. സംഗീതപരിപാടികളും മറ്റുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലായിരിക്കും. കഴിഞ്ഞ കാലത്തെക്കുറിച്ചോർക്കുമ്പോൾ സങ്കടം തോന്നുന്നു. ആ നാളുകളൊക്കെ ഇപ്പോൾ വല്ലാതെ മിസ് ചെയ്യുകയാണ്. ഏകദേശം നാല് വർഷം മുൻപ് ബഹ്റൈനിൽ ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് പോയിരുന്നു. ആ വർഷത്തെ എന്റെ പിറന്നാൾ അവിടെയായിരുന്നു. ഞാനും ലാലും (മോഹൻലാലും) ഒരേ ജന്മനക്ഷത്രക്കാരാണ്. അന്ന് ഒപ്പമുണ്ടായിരുന്ന എല്ലാവരും ചേർന്ന് ഞങ്ങൾക്കായി ഒരു പിറന്നാൾ പാർട്ടി സംഘടിപ്പിച്ചു. അന്നത്തെ ആ ആഘോഷം എനിക്ക് ഒരിക്കലും മറക്കാനാകില്ല. മോഹൻലാലിനെ പോലെ ഒരു മഹാ നടന്റെ കൂടെ എനിക്കും ആഘോഷിക്കാൻ പറ്റിയല്ലോ എന്നോർത്ത് ഒരുപാട് സന്തോഷിക്കുന്നു. അന്നത്തെ ചിത്രങ്ങൾ കാണുമ്പോൾ ഇപ്പോഴും ഒരുപാട് സന്തോഷം തോന്നാറുണ്ട്. പലപ്പോഴും പിറന്നാളിനു സർപ്രൈസ് പാർട്ടികളൊക്കെ കിട്ടിയിട്ടുണ്ട്. അതൊക്കെ മറക്കാൻ പറ്റാത്ത ആഘോഷങ്ങൾ തന്നെ. 

ഇല്ലായ്മയിൽ നിന്നു നുകർന്ന മധുരം

ഞാൻ ഒരു സാധാരണ കുടുംബത്തിലാണു ജനിച്ചത്. അന്നത്തെ ജീവിതസാഹചര്യം അത്ര മെച്ചപ്പെട്ടതൊന്നുമായിരുന്നില്ല. അച്ഛനും അമ്മയും ചേട്ടനും (എം.ജി.രാധാകൃഷ്ണൻ), ചേച്ചി (കെ.ഓമനക്കുട്ടി)യും ഞാനും അടങ്ങുന്ന കുടുബം തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. അതുകൊണ്ടു തന്നെ ‌ആഘോഷങ്ങൾക്കായി ഒരുപാട് പണം ചിലവഴിക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും കിട്ടുന്ന വരുമാനത്തിൽ നിന്നും ചെറിയൊരു ഭാഗം അന്ന് പിറന്നാൾ ആഘോഷത്തിനായി മാറ്റി വച്ചിരുന്നു. എന്റെ അമ്മ കരമന സ്കൂളിൽ ആണ് പഠിപ്പിച്ചിരുന്നത്. സ്കൂളിൽ പോയി വരാനുള്ള ബസ്സ് കാശ് ലാഭിച്ച് അമ്മ അന്ന് എനിക്ക് കേക്കും മിഠായിയും ഒക്കെ വാങ്ങി കൊണ്ടു തരുമായിരുന്നു. അതൊക്കെയാണ് കുട്ടിക്കാലത്തെ പിറന്നാൾ ഓര്‍മകൾ. അവയൊന്നും ഒരിക്കലും മറക്കാനാകില്ല. 

നല്ല നാളുകൾ തിരികെ വരട്ടെ

എല്ലാവരെയും പോലെ ഞാനും ഇപ്പോൾ വീട്ടിൽ ലോക്ക് ആയിരിക്കുകയാണ്. കഴിഞ്ഞ വർഷം മാർച്ച് പത്തിനാണ് ഞാൻ അവസാനമായി ഗാനമേള പാടിയത്. അത് ഗുരുവായൂരിൽ വച്ചു നടന്ന ഭഗക്തിഗാനമേള ആയിരുന്നു. അന്ന് പാടാൻ തുടങ്ങുന്ന സമയത്താണ് കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നതും പരിപാടികൾ നടത്തുന്നതിനു വിലക്കേർപ്പെടുത്തുകയും ചെയ്തത്. പതിനൊന്നു മണിക്കു മുൻപ് പരിപാടി അവസാനിപ്പിക്കണം എന്നു കർശന നിർദ്ദേശവും ഉണ്ടായി. അന്നത്തെ ആ പരിപാടിക്കു ശേഷം ഗാനമേളയില്‍ പാടാൻ കഴിഞ്ഞിട്ടേയില്ല. ഇനിയും പാടാനുള്ള അവസരം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. സത്യത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ ഭാഗ്യവാനാണ്. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോകളിൽ വിധികർത്താവായി എത്താനുള്ള അവസരം എനിക്കു ലഭിച്ചു. യാതൊരു പ്രോഗ്രാമും കിട്ടാതെ എത്രയോ കലാകാരന്മാർ കഷ്ടപ്പെടുകയാണിപ്പോൾ. എനിക്ക് എം.ജി ശ്രീകുമാർ ചാരിറ്റബിൾ സൊസൈറ്റി എന്ന പേരില്‍ ഒരു ട്രസ്റ്റ് ഉണ്ട്. അതുവഴി ഒരുപാട് പേരിലേയ്ക്കു സഹായമെത്തിച്ചിരുന്നു. പക്ഷേ ഇപ്പോൾ പരിപാടികളൊന്നും ഇല്ലാത്തതുകൊണ്ട് അതിനുള്ള ധനസമാഹരണം നിലച്ചു.‌ ഞങ്ങൾ പിന്നണി ഗായകരുടെ കൂട്ടായ്മയായ ‘സമം’ കലാകാരന്മാരെ സഹായിക്കാനായി കഴിഞ്ഞ വർഷം ഫെയ്സ്ബുക്കിൽ ലൈവ് ചെയ്തിരുന്നു. മേള കർത്താ രാഗങ്ങള്‍ എഴുപത്തിരണ്ടാണ്. അതനുസരിച്ച് എഴുപത്തിരണ്ടു ഗായകരാണ് ലൈവിൽ പാടിയത്. അതിൽ നിന്നും പതിനെട്ടു ലക്ഷത്തോളം രൂപ ഞങ്ങൾ സമാഹരിച്ചു. അത് ദുരിതത്തിലായ എല്ലാ കലാകാരന്മാരിലേയ്ക്കും എത്തിക്കുകയും ചെയ്തു. 

വീട്ടിലെ പാട്ടുനേരം

ഇപ്പോൾ ചാനൽ പരിപാടികളുമായി ബന്ധപ്പെട്ടു ഞാൻ കൂടുതലും കൊച്ചിയിലാണ് താമസിക്കുന്നത്. ഇക്കൊല്ലത്തെ പിറന്നാളും കൊച്ചിയിൽത്തന്നെ. കഴിഞ്ഞ ലോക്ഡൗൺ‌ മുഴുവൻ ഞാൻ തിരുവനന്തപുരത്തെ വീട്ടിലായിരുന്നു. അവിടെ പുറത്ത് ഒരു സ്റ്റുഡിയോ പണിത് റെക്കോർഡിങ് ഒക്കെ അവിടെ നടത്തിയിരുന്നു. ഓൺലൈൻ വഴി ഒരുപാട് പേർ പാട്ടുകൾ അയച്ചു. അതൊക്കെ ഞാൻ പാടി റെക്കോർഡ് ചെയ്ത് തിരിച്ച് അയച്ചു കൊടുത്തു. അവർ എനിക്ക് അതിന്റെ പ്രതിഫലം അയച്ചു തരികയും ചെയ്തു. കൊച്ചിയിലെ വീട്ടില്‍ പ്രത്യേക സ്റ്റുഡിയോ ഇല്ലാത്തതിനാൽ നാലു മുറികളിൽ ഒന്ന് ഞാൻ സ്റ്റുഡിയോ ആക്കി മാറ്റി. അവിടുന്ന് ഇത്തരത്തിൽ പാട്ടുകൾ പാടി റെക്കോർഡ് ചെയ്ത് അയച്ചു കൊടുക്കും. ഇനിയിപ്പോൾ ഇതുപോലൊക്കെയേ റെക്കോർഡിങ് നടക്കുകയുള്ളു. പണ്ട് സ്റ്റുഡിയോയിൽ പാടുന്ന സമയത്ത് സംവിധായകനും നിർമാതാവും തുടങ്ങി കാണാൻ ഒരുപാട് പേർ വരുമായിരുന്നു. പക്ഷേ ഇപ്പോഴത്തെ അവസ്ഥയിൽ അതൊക്കെ ആഗ്രഹമുണ്ടങ്കിലും ഒന്നും നടക്കാത്ത അവസ്ഥയാണുള്ളത്. ‘ആറാട്ട്’ എന്ന മോഹൻലാൽ ചിത്രത്തിനു വേണ്ടിയാണ് ഞാൻ അടുത്തിടെ പാടിയത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ചു രാഹുൽ രാജ് ഈണം പകർന്ന ആ ഗാനം അതിമനോഹരമാണ്. അതും ഞാൻ പാടി റെക്കോർഡ് ചെയ്ത് ഓൺലൈനിൽ അയച്ചുകൊടുക്കുകയായിരുന്നു. 

ഭാര്യയ്ക്കു നന്ദി, സ്നേഹം

കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലത്ത് ഞാൻ പാചകപരീക്ഷണങ്ങള്‍ നടത്തുമായിരുന്നു. വിഡിയോകള്‍ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും പതിവായിരുന്നു. ആദ്യ ലോക്ഡൗൺ ഒരു പുതുമ നിറഞ്ഞ അനുഭവമായിരുന്നു. കാരണം, തിരക്കുകൾക്കിടയിൽക്കിട്ടിയ അപ്രതീക്ഷിത ഇടവേള ആയിരുന്നു. എന്നാൽ നിലവിലെ സാഹചര്യം അങ്ങനെയല്ലല്ലോ. കൊച്ചിയിലെ വീട്ടിൽ വന്നിട്ടു ഞാന്‍ പാചകപരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല. തിരുവനന്തപുരത്ത വീട്ടിൽ ജോലിക്കാരുണ്ട്. പക്ഷേ ഇവിടെ കൊച്ചിയിലെ വീട്ടിൽ എന്റെ ഭാര്യ ലേഖ തന്നെയാണ് മൂന്നു നേരവും ആഹാരം പാകം ചെയ്യുന്നത്. അതിന് അവളോടു ഞാൻ പ്രത്യേക നന്ദി അറിയിക്കുകയാണ്. കാരണം, ഒരു വീട്ടിലെ മുഴുവൻ പണിയും ഒറ്റയ്ക്കു ചെയ്യുക എന്നത് ഒട്ടും എളുപ്പമല്ല. വീട് വൃത്തിയാക്കലും പാചകവും എല്ലാം വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെ. എന്റെ ഭാര്യ മാത്രമല്ല എല്ലാം കുടുംബിനികളും അങ്ങനെയാണ്. ലോകമെമ്പാടുമുള്ള എല്ലാ മലയാളി വീട്ടമ്മമാർക്കും ഈയവസരത്തിൽ ഞാൻ പ്രത്യേകം നന്ദി പറയുന്നു. അവരെ നമസ്കരിക്കുന്നു. ഭാര്യ എല്ലാ ജോലികളും ചെയ്യുന്നതു കാണുമ്പോൾ എനിക്കു സങ്കടം തോന്നാറുണ്ട്. പക്ഷേ മറ്റു മാർഗങ്ങളില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പുറത്തു നിന്നും ആഹാരം കഴിക്കുന്നതും റിസ്ക് ആണ്.  

നമ്മുടെ നാടും രക്ഷപെടട്ടെ

കഴിഞ്ഞ വർഷത്തേക്കാളുപരിയായി ഈ കോവിഡ് കാലം വളരെ ഗുരുതരമാണ്. യഥാർഥത്തിൽ നാം എല്ലാവരും വീട്ടു തടങ്കലിലാണ്. മറ്റു രാജ്യങ്ങളിലുള്ള എന്റെ സുഹൃത്തുക്കളെ വിളിക്കുമ്പോൾ അവർ പറയുന്നത് അവിടെ ഒരാൾക്കു പോലും കോവിഡ് ഇല്ല എന്നാണ്. പല വിദേശ രാജ്യങ്ങളും കോവിഡ് മുക്തമായിക്കഴിഞ്ഞു. കേരളത്തിൽ നമ്മുടെ സർക്കാർ കോവിഡിനെ പിടിച്ചു കെട്ടാൻ ഒരുപാട് പരിശ്രമിക്കുന്നുണ്ട്. പക്ഷേ വാക്സീൻ കിട്ടിയാൽ അല്ലേ കാര്യമുള്ളു. നമ്മുടെ രാജ്യത്ത് ഉണ്ടാക്കിയ വാകിസീൻ മുഴുവൻ വിദേശത്തേയ്ക്കു കയറ്റിയയച്ചു. വാക്സീൻ ആദ്യം ചെറുപ്പക്കാർക്കായിരുന്നു കൊടുക്കേണ്ടിയിരുന്നത്. മറ്റു രാജ്യങ്ങളൊക്കെ കൊച്ചുകുട്ടികൾക്കു പോലും വാക്സീൻ കൊടുത്തു മാതൃക കാണിച്ചിരിക്കുകയാണ്. അത്തരത്തില്‍ നമ്മുടെ നാട്ടിലും എല്ലാവർക്കും വാക്സീൻ ലഭ്യമാക്കിയാൽ നമുക്കും ജീവിതം പഴയതുപോലെ തിരിച്ചു പിടിക്കാനാകും. 

അതിഥികളില്ല, അകലം മാത്രം

ഈ വർഷത്തെ എന്റെ പിറന്നാൾ ചെറിയ രീതിയിൽ വീട്ടിൽ ആഘോഷിക്കുകയാണ്. ആരെയും ക്ഷണിച്ചിട്ടില്ല. ഭാര്യവച്ചു തരുന്ന ആഹാരം കഴിച്ച് സന്തോഷത്തോടെ ഇത്തവണത്തെ എന്റെ പിറന്നാൾ കടന്നു പോകുന്നു. പഴയതുപോലെ ഒരു കാലം തിരികെ വരട്ടെ എന്നാഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുകയാണ്. പിൻതിരിഞ്ഞു നോക്കുമ്പോൾ ഞാനേറെ ഭാഗ്യവാനാണെന്നു തോന്നുന്നു. കാരണം, ഒരുപാട് രാജ്യങ്ങളിൽ പോകാനും പരിപാടികൾ അവതരിപ്പിക്കാനുമൊക്കെ സാധിച്ചു. ഇനിയും അങ്ങനെ സാധിക്കട്ടെ. എനിക്ക് എന്റെ സ്നേഹിതരോടു പറയാനുള്ളത് ഒരേയൊരു കാര്യം മാത്രമാണ്. ഭീതി നിറഞ്ഞ കാലമാണെങ്കിലും മനസ്സ് എപ്പോഴും സന്തോഷത്തോടെ വയ്ക്കാൻ ശ്രമിക്കണം. അതാണ് കോവിഡിനെതിരെയുള്ള ഏറ്റവും വലിയ മരുന്ന്. എല്ലാവരും ധൈര്യത്തോടും മനസമാധാനത്തോടെയുമിരിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com